Football

ഐഎസ്എല്‍: പ്രീ സീസണ്‍ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലേക്ക്

ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീ-സീസണ്‍ പരിശീലനം ആരംഭിക്കുന്ന ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യുഎഇ) പറക്കും. ഇവിടെ യുഎഇ പ്രൊ- ലീഗില്‍ കളിക്കുന്ന അല്‍ നാസ്ര്‍ എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മല്‍സരങ്ങള്‍ കളിക്കും

ഐഎസ്എല്‍: പ്രീ സീസണ്‍ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലേക്ക്
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2022-2023 സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രീ-സീസണ്‍ തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു. ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീ-സീസണ്‍ പരിശീലനം ആരംഭിക്കുന്ന ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യുഎഇ) പറക്കും. ഇവിടെ യുഎഇ പ്രൊ- ലീഗില്‍ കളിക്കുന്ന അല്‍ നാസ്ര്‍ എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മല്‍സരങ്ങള്‍ കളിക്കും.

മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ അല്‍ നാസ്ര്‍ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. എച്ച്16 സ്‌പോര്‍ട്‌സാണ് പ്രീ-സീസണ്‍ ടൂര്‍ ഒരുക്കുന്നത്.ആഗസ്റ്റ് 20 ന് ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തില്‍ അല്‍ നാസ്ര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീ-സീസണ്‍ സൗഹൃദ മല്‍സരം. ആഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തില്‍ ദിബ എഫ്‌സിയെയും, 28ന് അവസാന മല്‍സരത്തില്‍ ഹംദാന്‍ ബിന്‍ റാഷിദ് സ്‌റ്റേഡിയത്തില്‍ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മൂന്ന് മല്‍സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.

പ്രീ-സീസണിനായി വിദേശത്ത് വ്യത്യസ്ത വേദികളുണ്ടായിരുന്നെങ്കിലും, വിവിധ കാരണങ്ങളാല്‍ തങ്ങള്‍ യുഎഇ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.ഈ പ്രീ-സീസണിന്റെ ഭാഗമായി വിദേശത്ത് രണ്ടാഴ്ചയില്‍ താഴെ ദൈര്‍ഘ്യമുള്ള മൂന്ന് സൗഹൃദ മല്‍സരങ്ങള്‍ അടങ്ങിയ ഒരു ക്യാംപായിരുന്നു തുടക്കം മുതല്‍ ക്ലബ് പദ്ധതിയിട്ടിരുന്നത്. അത് തന്നെ നടപ്പിലാക്കും.

യുഎഇയിലെ തങ്ങളുടെ എല്ലാ ആരാധകര്‍ക്കും സ്‌റ്റേഡിയത്തില്‍ വന്ന് ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. ഈ പ്രീ-സീസണ്‍ മല്‍സരങ്ങള്‍ ക്ലബ്ബിനും തങ്ങളുടെ എല്ലാ ആരാധകര്‍ക്കും നിര്‍ണായകമാണ്, തങ്ങളുടെ സ്‌ക്വാഡിന്റെ പരിധികള്‍ പരിശോധിക്കാനും ഇത് തങ്ങളെ സഹായിക്കുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എച്ച്16 സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹസന്‍ അലി ഇബ്രാഹിം അല്‍ ബലൂഷി പറഞ്ഞു.

Next Story

RELATED STORIES

Share it