Big stories

ഇരിട്ടി സൈനുദ്ദീന്‍ വധക്കേസ്: പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

സിപിഐഎം പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു(34), പുതിയ പുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ്(32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍(45) എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്.

ഇരിട്ടി സൈനുദ്ദീന്‍ വധക്കേസ്: പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു
X

കൊച്ചി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ ഇരിട്ടിയില്‍ സൈനുദ്ദീനെ(26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് സിബിഐ കോടതി നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിപിഐഎം പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു(34), പുതിയ പുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ്(32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍(45) എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. ജസ്റ്റിസ് എ എം ശഫീഖ്, ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

2014 മാര്‍ച്ചില്‍ എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരേ 2014ല്‍ തന്നെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികള്‍ക്ക് 50,000 രൂപ വീതം പിഴയുമുണ്ട്.

11 പ്രതികളില്‍ അഞ്ച് പേരെ സിബിഐ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതക കാരണം വ്യക്തിവൈരാഗ്യമല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണെന്നും കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഐഎം ഓഫിസില്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കോടതി ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേരെ വെറുതെവിട്ടത്.

2008 ജൂണ്‍ 23നാണ് ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ സലില ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകനായ സൈനുദ്ദീന്‍ കൊല്ലപ്പെടുന്നത്. അതിന് തൊട്ടു മുമ്പ് പ്രദേശത്ത് എസ്എഫ്‌ഐ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it