Big stories

നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ മിസൈല്‍ പദ്ധതികളുടെ ലക്ഷ്യം

നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ മിസൈല്‍ പദ്ധതികളുടെ ലക്ഷ്യം
X

യുഎസും ഇസ്രായേലും വ്യോമ, ഇന്റലിജന്‍സ് ആധിപത്യമുറപ്പിച്ച മേഖലയില്‍ പതിറ്റാണ്ടുകള്‍ മുമ്പ് ഇറാന്‍ ഒരു തീരുമാനമെടുത്തു. ശത്രുക്കളുടെ ടാങ്കുകള്‍ക്കും വിമാനങ്ങള്‍ക്കും പകരം ടാങ്കുകളും വിമാനങ്ങളും നിര്‍മിക്കില്ലെന്നതായിരുന്നു ആ തീരുമാനം. പക്ഷേ, അസമമായ പ്രതിരോധം രൂപീകരിക്കും.

പരമ്പരാഗത സൈനിക തുല്യതയുടെ മരീചിക പിന്തുടരുന്നതിന് പകരം അവര്‍ തദ്ദേശീയമായി ബാലിസ്റ്റിക് മിസൈല്‍ ശേഖരം വികസിപ്പിച്ചെടുത്തു. ഇപ്പോള്‍ അത് പശ്ചിമേഷ്യയിലെ ഏറ്റവും വലുതും ശക്തവുമായ മിസൈല്‍ ശേഖരമാണ്. ഇത് കേവലം ഹ്രസ്വ കാല താല്‍പര്യം സംരക്ഷിക്കാനുള്ള അടവായിരുന്നില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് അവര്‍ അത് വികസിപ്പിച്ചത്. യുദ്ധത്തിനും ഉപരോധത്തിനും ഇടയില്‍ അതിനെ അവര്‍ പരിഷ്‌കരിക്കുകയും ദേശീയ പ്രതിരോധ നയത്തിന്റെ മൂലക്കല്ലാക്കി മാറ്റുകയും ചെയ്തു.



നഗരങ്ങളുടെ യുദ്ധം (1980-1988)

ഇറാഖ്-ഇറാന്‍ യുദ്ധത്തിന്റെ അവസാനത്തിലാണ് ഇറാന്റെ മിസൈല്‍ യാത്രയുടെ ആദ്യംഘട്ടം. നഗരങ്ങളുടെ യുദ്ധം എന്ന ഘട്ടമായിരുന്നു ഇത്. സോവിയറ്റ് യൂണിയന്‍ നല്‍കിയ സ്‌കഡ് മിസൈലുകള്‍ ഇറാഖിലെ ബാത്തിസ്റ്റ് സര്‍ക്കാര്‍ ഇറാനിലെ ഉള്‍പ്പദേശങ്ങളിലേക്ക് അയച്ചു. അതേസമയം തന്നെ പാശ്ചാത്യരാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അറബ് ഭരണകൂടങ്ങളുടെയും സംരക്ഷണയിലും ഇറാഖ് ഒളിച്ചു. ആകാശത്ത് നിന്നുള്ള വ്യവസ്ഥാപിത ആക്രമണത്തിലൂടെ ഇറാനികളുടെ മനോവീര്യം തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം.

സ്വന്തമായി മിസൈല്‍ പ്രതിരോധ സംവിധാനമില്ലാത്ത, നയതന്ത്രപരമായി ഉപരോധിക്കപ്പെട്ട, പാശ്ചാത്യ സഖ്യസേനയാല്‍ വളയപ്പെട്ട ഇറാന്‍ ശേഖരിക്കാന്‍ കഴിയുന്ന വിഭവങ്ങളെല്ലാം ശേഖരിക്കാന്‍ ശ്രമിച്ചു. ലിബിയ, സിറിയ, ഉത്തരകൊറിയ എന്നിവിടങ്ങളില്‍ നിന്നും അവര്‍ അല്‍പ്പം സ്‌കഡ്-ബി മിസൈലുകള്‍ സ്വന്തമാക്കി. ഇത് പിന്നീട് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നേരിട്ടുള്ള കമാന്‍ഡിന് കീഴിലുള്ള ഒരു മിസൈല്‍ പ്രതിരോധ സേനയുടെ ഭ്രൂണ കേന്ദ്രമായി മാറി.

എന്നാല്‍ അവ വെറും മിസൈലുകളല്ലായിരുന്നു. പുതിയ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അതിജീവനത്തിനായുള്ള യുദ്ധത്തില്‍ അവ ദേശീയ അന്തസ്സിന്റെ ആയുധങ്ങളായിരുന്നു. ഇറാന്‍ നേതൃത്വം മിസൈല്‍ ശേഷിയെ വെറും അടവുപരമായ ആസ്തിയായിട്ടല്ല, മറിച്ച് ഒരു മാനസികവും രാഷ്ട്രീയവുമായ ആവശ്യകതയായി കണ്ടു.

മിസൈല്‍ ശക്തിയില്ലാതെ, മാനസികമോ തന്ത്രപരമോ ആയ പ്രതിരോധം സാധ്യമല്ല എന്ന ഉറച്ച നിഗമനത്തില്‍ ഇറാന്‍ എത്തിയത് ഈ ഘട്ടത്തിലാണെന്ന് സൈനിക ചരിത്രകാരനായ പിയറി റസൂക്‌സ് രേഖപ്പെടുത്തുന്നുണ്ട്.

ഇറാന്റെ പ്രതികരണം താല്‍ക്കാലികമോ നിഷ്‌ക്രിയമോ ആയിരുന്നില്ല. മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്നതിനൊപ്പം ഇറാനി എഞ്ചിനീയര്‍മാര്‍ അവ അഴിച്ച് പഠിക്കാന്‍ തുടങ്ങി. ഉപരോധങ്ങളെ മറികടന്ന് മിസൈലുകള്‍ എത്തിക്കാനുള്ള ശൃംഖലകള്‍ വികസിപ്പിച്ച അവര്‍ റിവേഴ്‌സ് എഞ്ചിനീയറിങും വികസിപ്പിച്ചു.

സോവിയറ്റ് യൂണിയന്റെ മിസൈല്‍ സാങ്കേതിക വിദ്യ അറിയാവുന്ന ഉത്തര കൊറിയ ഇറാന്റെ നിര്‍ണായക പങ്കാളിയായി മാറി. സ്വതന്ത്രമായി മിസൈല്‍ സാങ്കേതികവിദ്യ പുനര്‍നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഇറാന്‍ പ്രാപ്തമായി എന്ന് 2010ല്‍ റാണ്ട് കോര്‍പറേഷന്‍ റിപോര്‍ട്ട് ചെയ്തു.

2000നും 2010നും ഇടയില്‍, ഇറാന്‍ വന്‍തോതിലുള്ള ഉല്‍പാദനത്തില്‍ നിന്ന് നവീകരണത്തിലേക്ക് മാറി. കൃത്യത, പരിധി എന്നിവയ്ക്ക് മുന്‍ഗണന നല്‍കി.അങ്ങനെ ഇറാന്റെ ബാലിസ്റ്റിക് സിദ്ധാന്തത്തിന്റെ അടിത്തറ പാകി: സ്വതന്ത്ര സാങ്കേതിക വിദ്യയിലൂടെ പരമാധികാരം, തടുക്കലിലൂടെ പ്രതിരോധം.

അനുകരണത്തില്‍ നിന്ന് നവീകരണത്തിലേക്ക് (1989-2009)

തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചതോടെ, ഐര്‍ജിസി നേതൃത്വം നല്‍കിയ ഇറാന്റെ സൈനിക സ്ഥാപനങ്ങള്‍ പ്രതിരോധ മുന്‍ഗണനകള്‍ പുനഃക്രമീകരിക്കാന്‍ തുടങ്ങി. വെറുതെ മിസൈലുകള്‍ സ്വന്തമാക്കല്‍ മാത്രമല്ല, സ്വതന്ത്രമായും വന്‍തോതിലും ഉല്‍പ്പാദിപ്പിക്കലായിരുന്നു ലക്ഷ്യം.

ഇറാന്റെ മിസൈല്‍ പദ്ധതിയുടെ പിതാവ് എന്ന് അറിയപ്പെട്ട ജനറല്‍ ഹസ്സന്‍ തെഹ്റാനി മൊഗദ്ദാം ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ആക്രമണങ്ങളെ തടുക്കല്‍ എന്നത് മിസൈലുകള്‍ വിക്ഷേപിക്കുന്നത് മാത്രമല്ല, ഉത്പാദനം, ഒളിച്ചുവയ്ക്കല്‍, വിന്യാസം, കൃത്യത എന്നിവയില്‍ പ്രാവീണ്യം നേടുന്നതിനെക്കുറിച്ചാണെന്ന് അദ്ദേഹം മനസ്സിലാക്കി.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഇറാന്‍ ഒരു മിസൈല്‍ ഉപയോക്താവില്‍ നിന്ന് ഒരു നിര്‍മ്മാതാവിലേക്ക് മാറി. ഷഹാബ്-1 ഉം ഷഹാബ്-2 ഉം സ്‌കഡ്-ബിയുടെയും സ്‌കഡ്-സിയുടെയും മെച്ചപ്പെടുത്തിയ വകഭേദങ്ങളായിരുന്നു. 2003ല്‍ ഷഹാബ്-3 വന്നപ്പോള്‍ യഥാര്‍ത്ഥ വഴിത്തിരിവുണ്ടായി. 1,300 കിലോമീറ്റര്‍ റെയ്ഞ്ചുള്ള ഷഹാബ്-3 പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് താവളങ്ങളെയും അധിനിവേശ പാലസ്തീനെയും ആക്രമണ പരിധിയിലാക്കി. ഷഹാബ് ക്ലാസ് പിന്നീട് കൂടുതല്‍ റെയ്ഞ്ചും ഒന്നിലധികം പോര്‍മുനകളുമുള്ള ഗദ്ദര്‍ ക്ലാസിലേക്ക് വഴിമാറി.


ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈല്‍ എഞ്ചിന്‍ നിര്‍മിച്ചതായിരുന്നു പ്രധാന കുതിച്ചുചാട്ടം. 2000-2500 കിലോമീറ്റര്‍ റെയ്ഞ്ചുള്ള സെജ്ജില്‍ മിസൈല്‍ 2003ല്‍ പുറത്തിറങ്ങി. സ്‌കഡ് മിസൈല്‍ സാങ്കേതിക വിദ്യയില്‍ നിന്നും വ്യത്യസ്തമായ മീഡിയം ലോങ് റെയ്ഞ്ച് മിസൈലാണ് ഇത്. മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇറാന്റെ സ്വയംപര്യാപ്തതയും ദ്രുത വിക്ഷേപണ ശേഷിയുടെയും പുതുയുഗമായിരുന്നു അക്കാലം.

ആ ഘട്ടത്തില്‍, ഇറാന്‍ തന്ത്രപരമായ നിരവധി നടപടികള്‍ സ്വീകരിച്ചു: എളുപ്പം സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയുന്ന ഖര ഇന്ധന നിര്‍മാണം, മിസൈലുകളും ലോഞ്ചറുകളും ഒളിപ്പിക്കാന്‍ ഭൂഗര്‍ഭ താവള നിര്‍മാണം, ശത്രുക്കളുടെ ആക്രമണങ്ങളില്‍ നാശം ഒഴിവാക്കാനുള്ള വികേന്ദ്രീകൃത നിര്‍മാണ കേന്ദ്രങ്ങളുടെ രൂപീകരണം, മിസൈല്‍ സാങ്കേതിക വിദ്യ സര്‍വകലാശാലകളില്‍ പഠിപ്പിക്കല്‍ എന്നിവ ഇക്കാലത്താണ് നടക്കുന്നത്.

വിദേശ മിസൈലുകളെ പകര്‍ത്തുന്നതിന് അപ്പുറം ഇറാന്‍ മുന്നോട്ടുപോയെന്നും തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ ഭൂമിയ്ക്ക് അടിയിലെ കേന്ദ്രങ്ങളില്‍ മിസൈലുകള്‍ നിര്‍മിക്കുന്നതായും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് 2010ല്‍ റിപോര്‍ട്ട് ചെയ്തു. 2000 മുതല്‍ 2010 വരെ, ഇറാന്റെ മിസൈല്‍ പദ്ധതി മിസൈലുകളുടെ എണ്ണത്തില്‍ നിന്ന് ഗുണനിലവാരത്തിലേക്ക് വഴിമാറി. പരിധി, കൃത്യത, വിക്ഷേപണ സ്പീഡ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം.

2011 നവംബറില്‍ 'ഡിഫന്‍ഡേഴ്സ് ഓഫ് ദി സ്‌കൈ' ബേസില്‍ നടന്ന ഒരു സ്‌ഫോടനത്തില്‍ മൊഗദ്ദാം കൊല്ലപ്പെട്ടപ്പോള്‍ ഇറാന്‍ അത് ദേശീയ നഷ്ടമായി പ്രഖ്യാപിച്ചു. കൊലപാതകത്തില്‍ തങ്ങളുടെ പങ്ക് ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഇന്റലിജന്‍സ് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സൈനിക നടപടിയുടെ ഫലമായിരുന്നു സ്‌ഫോടനം എന്ന് ചില വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതായി ഇസ്രായേലിലെ യെദിയോത്ത് അഹരോനോട്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, മൊഗദ്ദാമിന്റെ പാരമ്പര്യം നിലനിന്നു. അദ്ദേഹം ഒരു ആയുധ സംവിധാനം നിര്‍മ്മിക്കുക മാത്രമല്ല ചെയ്തത്; സ്വതന്ത്ര സാങ്കേതികവിദ്യയിലും പ്രാദേശിക വൈദഗ്ധ്യത്തിലും വേരൂന്നിയ ഒരു സുസ്ഥിര മിസൈല്‍ സിദ്ധാന്തം അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മരണം ഒരു യുഗത്തിന്റെ അവസാനത്തെ കുറിച്ചു, പക്ഷേ അത് ഇറാന്റെ അടുത്ത മിസൈല്‍ തലമുറയുടെ ജനനത്തിനും ഉത്തേജനം നല്‍കി.

സ്മാര്‍ട്ട് മിസൈലുകള്‍ (2010-2020)

2010കളോടെ, ഇറാന്റെ ലക്ഷ്യം വലിയ തോതിലുള്ള ആക്രമണങ്ങളില്‍ നിന്നും കൃത്യമായ ആക്രമണങ്ങളിലേക്ക് മാറി. സ്വന്തമായി വികസിപ്പിച്ച ജിപിഎസും ആന്റി-ജാമിംഗ് സാങ്കേതികവിദ്യകളും ഒരുമിപ്പിക്കുന്ന മിസൈല്‍ ഗൈഡന്‍സ് സംവിധാനങ്ങളില്‍ എഞ്ചിനീയര്‍മാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. തന്ത്രപരമായ ഉപയോഗക്ഷമതയുള്ള ഹ്രസ്വ, ഇടത്തരം റേഞ്ച് ഗൈഡഡ് മിസൈലുകളായിരുന്നു അതിന്റെ ഫലം.

750 കിലോമീറ്റര്‍ റെയ്ഞ്ചുള്ള ദുള്‍ഫിക്കര്‍, പ്രീഎംറ്റീവ് സ്‌ട്രൈക്കുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വളരെ കൃത്യവും ഒതുക്കമുള്ളതുമായ ഫത്തഹ്-313, ഇറാന്റെ ആദ്യത്തെ ചിറകില്ലാത്ത, സ്‌റ്റെല്‍ത്ത് ശേഷിയുള്ള ഖിയാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പരമ്പരാഗത റഡാറുകളെയും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ ശേഷിയുള്ള, 2,000 കിലോമീറ്റര്‍ റെയ്ഞ്ചുള്ള സൗമര്‍, 1,350 കിലോമീറ്റര്‍ റെയ്ഞ്ചുള്ള ഹോവൈസെ എന്നീ ക്രൂയ്‌സ് മിസൈലുകളും വികസിപ്പിച്ചു. ഇവ അന്തരീക്ഷത്തില്‍ താഴ്ന്ന ഉയരത്തിലൂടെയാണ് സഞ്ചരിക്കുക.

ഇവ വെറും സൈദ്ധാന്തിക ആയുധങ്ങളായിരുന്നില്ല. 2017 ജൂണില്‍, സിറിയയിലെ ദൈര്‍ ഇസ്സോറിലെ ഐഎസ് കമാന്‍ഡ് സെന്ററുകളെ ലക്ഷ്യമാക്കി ഇറാന്‍ ആറ് മധ്യദൂര മിസൈലുകള്‍ വിക്ഷേപിച്ചു. 1980കള്‍ക്ക് ശേഷം ആദ്യമായാണ് ഇറാന്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് ആയുധം പ്രയോഗിച്ചത്. 2020 ജനുവരിയില്‍, ഐആര്‍ജിസി ഖുദ്സ് ഫോഴ്സ് ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് മറുപടിയായി ഇറാഖിലെ ഐന്‍ അല്‍-അസാദ് താവളത്തില്‍ ഖിയാം, ഫത്തേ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഈ മിസൈലുകള്‍ ലക്ഷ്യത്തില്‍ നിന്നും പരമാവധി അഞ്ച് മീറ്റര്‍ വരെ മാത്രമേ മാറിയുള്ളൂ എന്നാണ് ഉപഗ്രഹചിത്രങ്ങള്‍ കാണിച്ചത്. യുഎസ് സൈന്യത്തിന്റെ വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഹാങറുകള്‍ സൈനികരുടെ മുറികളും തകര്‍ന്നു. ആധുനിക ചരിത്രത്തില്‍ ഒരു യുഎസ് കേന്ദ്രത്തില്‍ നടന്ന ഏറ്റവും കൃത്യമായ മിസൈല്‍ ആക്രമണങ്ങളിലൊന്നാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഇതിനെ വിശേഷിപ്പിച്ചു.

'പ്രതിരോധ' മിസൈലുകളില്‍ നിന്ന് 'എക്‌സിക്യൂട്ടീവ്' മിസൈലുകളിലേക്കുള്ള ഇറാന്റെ മാറ്റത്തെ ഈ ദശകം അടയാളപ്പെടുത്തി. കൃത്യമായ ആക്രമണങ്ങളിലൂടെ അവര്‍ രാഷ്ട്രീയ ശക്തി പ്രകടിപ്പിച്ചു. ഇനി മുതല്‍ ദൂരമല്ല, കൃത്യതയാണ്, ഫലമാണ് പ്രധാനമെന്ന് ഇറാന്‍ അതിലൂടെ പ്രഖ്യാപിച്ചു. മിസൈലുകള്‍ ചുറ്റികയ്ക്ക് പകരം ശസ്ത്രക്രിയാ കത്തികളായി മാറി. അത് ഇറാന്റെ അതുവരെയുള്ള ഏറ്റവും നൂതനമായ പ്രതിരോധ സിദ്ധാന്തത്തിന് വഴിയൊരുക്കി.

പ്രതിരോധത്തിന്റെ നെറ്റ്‌വര്‍ക്കുകള്‍ (2021-2023)

2020കളോടെ, ഇറാനിയന്‍ മിസൈലുകള്‍ ഒറ്റപ്പെട്ട ആസ്തികളായിരുന്നില്ല. അവ വിശാലവും സംയോജിതവുമായ ഒരു ആക്രമണ സംവിധാനത്തിന്റെ ഭാഗമായി. മിസൈലുകള്‍ കമിക്കാസെ ഡ്രോണുകള്‍, ഇലക്ട്രോണിക് യുദ്ധ യൂണിറ്റുകള്‍, സൈബര്‍ നിരീക്ഷണം, വികേന്ദ്രീകൃത കമാന്‍ഡ് ഘടനകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയറാനും തളര്‍ത്താനുമുള്ള ബഹുമുഖ സൈനിക സിദ്ധാന്തമാണ് ഇതില്‍ വെളിപ്പെട്ടത്.

ഈ സിദ്ധാന്തത്തിന് കീഴില്‍, ഇറാന്‍ ലെയേര്‍ഡ് ഓപ്പറേഷനുകള്‍ക്കായി പുതിയ മിസൈലുകള്‍ വികസിപ്പിച്ചെടുത്തു. അടുത്തിടെ ഓപ്പറേഷന്‍ ട്രൂപ്രോമിസ് മൂന്നില്‍ ഇസ്രായേലിന് എതിരെ വിക്ഷേപിച്ച 1,450 കിലോമീറ്റര്‍ റെയ്ഞ്ചും 500 കിലോഗ്രാം പോര്‍മുനയുമുള്ള ഖൈബര്‍ ഷെക്കാന്‍ മിസൈല്‍ ഇതിന്റെ ഭാഗമാണ്.

2,000 കിലോമീറ്ററില്‍ കൂടുതല്‍ റെയിഞ്ചുള്ള ഖോറാംഷഹര്‍-4, അതിവേഗം വിക്ഷേപിക്കാന്‍ കഴിയുന്ന ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന റാഡ്-500, ആയിരം കിലോമീറ്റര്‍ റെയ്ഞ്ചുള്ള ക്യാമറ വഴി ഗൈഡ് ചെയ്യപ്പെടുന്ന ദുള്‍ഫിക്കര്‍ ബാസിര്‍, 1400 കിലോമീറ്റര്‍ റെയ്ഞ്ചുള്ള 500 കിലോഗ്രാം പോര്‍മുന വഹിക്കുന്ന ഹജ്ജ് കാസെം എന്നിവയാണ് മറ്റ് പ്രധാന മിസൈലുകള്‍. 2023 ആയപ്പോഴേക്കും, 200 മുതല്‍ 2,500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള 30 മിസൈല്‍ സംവിധാനങ്ങള്‍ ഇറാന്‍ വിന്യസിച്ചു.

ബ്ലൂപ്രിന്റില്‍ നിന്ന് യുദ്ധക്കളത്തിലേക്ക്: ഓപ്പറേഷന്‍ ട്രൂപ്രോമിസ്-3(2024-2025)

ഇസ്രായേലിനും സഖ്യകക്ഷിയായ യുഎസിനും എതിരെയുള്ള ട്രൂ പ്രോമിസ് മൂന്നില്‍ ഇറാന്‍ പൂര്‍ണ്ണ പ്രതിരോധം ആരംഭിച്ചു. ഇസ്രായേല്‍ അഴിച്ചുവിട്ട ആക്രമണത്തിന് മറുപടിയായി നടത്തിയ ഈ സൈനിക ആക്രമണം ഒരു വഴിത്തിരിവാണ്. നാല് പതിറ്റാണ്ടുകളായുള്ള ഇറാനിയന്‍ മിസൈല്‍ സിദ്ധാന്തത്തിന്റെ യുദ്ധക്കളത്തിലെ പരിസമാപ്തി ഇത് അടയാളപ്പെടുത്തി.

വെറും ആയുധശേഷി മാത്രമല്ല ട്രൂ പ്രോമിസ് മൂന്നിനെ വ്യത്യസ്തമാക്കിയത്. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് ആക്രമണങ്ങള്‍ എന്നിവയെ ഇറാന്‍ ഒരൊറ്റ പ്രവര്‍ത്തന ചട്ടക്കൂടിലേക്ക് ഏകോപിപ്പിച്ചു. അങ്ങനെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ശേഷി ഒരു യഥാര്‍ത്ഥ യുദ്ധത്തില്‍ ലോകം കണ്ടു.

അതിന്റെ ഫലം യുഎസിന്റെയും ഇസ്രായേലിന്റെയും അനുമാനങ്ങളെ തകിടം മറിച്ചു. ഇസ്രായേലിന്റ ഉള്‍പ്രദേശങ്ങളില്‍ പതിച്ച മിസൈലുകള്‍ വെറും പ്രതികാര ഉപകരണങ്ങളല്ലായിരുന്നു. ശത്രുക്കളുടെ സൈനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അവയെ നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ശത്രുക്കളുടെ മുന്‍കരുതലുകളോടുള്ള മുന്‍കരുതലായിരുന്നു അത്.

ആണവ കാര്യത്തിലുള്ള ഇറാന്റെ നിലപാടിനെ ഇതില്‍ നിന്നും വേര്‍പെടുത്താന്‍ കഴിയില്ല. ബാലിസ്റ്റിക്, ന്യൂക്ലിയര്‍ പ്രോഗ്രാമുകള്‍ വ്യത്യസ്തമായി തോന്നാമെങ്കിലും അവ ഒരേ സൈദ്ധാന്തിക അച്ചുതണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഇറാന്റെ ആണവപദ്ധതി അവരുടെ പരമാധികാരത്തെ സാക്ഷ്യപ്പെടുത്തുന്നു, മിസൈല്‍ പദ്ധതി അത് നടപ്പാക്കുന്നു. ഇറാന്റെ പ്രതിരോധ ശേഷിയെ ഇസ്രായേലിന് ഒറ്റയടിക്ക് നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന പാശ്ചാത്യ ഫാന്റസിയെ അവ പൊളിച്ചു.

ആ യുഗം കഴിഞ്ഞു. ഇറാന്റെ മിസൈല്‍ കവചം ഇനി അവര്‍ക്ക് ഒരു ഭീഷണി മാത്രമല്ല. അത് ചലിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

അബ്ബാസ് അല്‍ സെയ്ന്‍

Next Story

RELATED STORIES

Share it