News

ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; മെഡല്‍ നേട്ടം 40 വര്‍ഷത്തിനു ശേഷം

ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ മുന്നേറ്റം നടത്തിയത്

ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; മെഡല്‍ നേട്ടം 40 വര്‍ഷത്തിനു ശേഷം
X

ടോക്യോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മെഡല്‍ നേടിയത്. 5- 4 ആണ് സ്‌കോര്‍.40 വര്‍ഷം നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980 മോസ്‌ക്കോ ഒളിംപിക്‌സിലായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം അവസാനമായി മെഡല്‍ നേടിയത്.


ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ മുന്നേറ്റം നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തിയാണ് നേട്ടം ഉറപ്പിച്ചത്.


ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.




Next Story

RELATED STORIES

Share it