Big stories

സേനകളുടെ ഏകോപനം: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര അംഗീകാരം

മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതല നിര്‍വഹിക്കുകയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സേനകളുടെ ഏകോപനം: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര അംഗീകാരം
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പുതുതായി രൂപീകരിക്കുന്ന സൈനിക വകുപ്പിന്റെ മേധാവിയായിരിക്കും 4 സ്റ്റാര്‍ ജനറല്‍ പദവിയുള്ള സിഡിഎസ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ആണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തിരുമാനം കൈകൊണ്ടത്. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതല നിര്‍വഹിക്കുകയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായും സിഡിഎസ് പ്രവര്‍ത്തിക്കും. സിഡിഎസിന്റെ കാലാവധി എത്ര വര്‍ഷമായിരിക്കുമെന്ന് പിന്നിട് തിരുമാനിക്കും. കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരില്‍ ഏറ്റവും മുതിര്‍ന്നയാളെയാകും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചേക്കുക. മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതും സര്‍ക്കാരിന് സൈനിക ഉപദേശങ്ങള്‍ നല്‍കുകയുമാണ് സിഡിഎസിന്റെ പ്രധാന ചുമതല.

കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവി വേണമെന്ന നിര്‍ദേശമുയര്‍ന്നത്. വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കാനും അതിന്റെയെല്ലാം തലവനായി പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു നിര്‍ദേശം. മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു.വിരമിക്കുന്ന കരസേന മേധാവി ബിപിന്‍ റാവത്തിനെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിക്കുമെന്നാണ് സൂചന.

അതേസമയം, ഇന്ത്യന്‍ റെയില്‍വേയുടെ പുനസ്സംഘടന നടപടികള്‍ക്ക് ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗികാരം നല്‍കി. റെയില്‍വേയുടെ നിലവിലുള്ള എട്ട് ഗ്രൂപ്പ് എ സേവനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ്് സര്‍വീസ് എന്ന പേരില്‍ പുനസ്സംഘടിപ്പിക്കും.

Next Story

RELATED STORIES

Share it