Big stories

ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഒപ്പുവച്ചു; ഇത്തവണ അനുവദിച്ചത് 1.75 ലക്ഷം ഹജ്ജ് ക്വാട്ട

ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഒപ്പുവച്ചു; ഇത്തവണ അനുവദിച്ചത് 1.75 ലക്ഷം ഹജ്ജ് ക്വാട്ട
X

ജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലമാണ് ഇന്ത്യയ്ക്ക് വേണ്ടി കരാറില്‍ ഒപ്പുവച്ചത്. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. 1,75,025 പേരാണ് ഇക്കുറി ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയുമെത്താന്‍ മൊത്തം അനുവദിച്ച ക്വാട്ടയാണിത്.

കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ ഡോമില്‍ നടക്കുന്ന എക്‌സിബിഷനിലാണ് ഹജ്ജ് കരാര്‍ ഒപ്പിട്ടത്. ഹജ്ജ് ക്വാട്ടകള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുകയും രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്യേണ്ട അതിര്‍ത്തി പോസ്റ്റുകള്‍, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍ എന്നിവയെല്ലാം കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 19 രാജ്യങ്ങളുമായാണ് ഇതുവരെ കരാറുകള്‍ ഒപ്പിട്ടത്. ജോര്‍ദാന്‍, ഇന്തോനേസ്യ, ഇറാന്‍, തുര്‍ക്കി, കസാക്കിസ്താന്‍, സുദാന്‍, യെമന്‍, ഗിനി, ഐവറി കോസ്റ്റ്, ഉസ്‌ബെക്കിസ്താന്‍, ബഹ്‌റൈന്‍, മലേസ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമികകാര്യ മന്ത്രിമാരും ആഭ്യന്തര, സുരക്ഷാ വകുപ്പ് മന്ത്രിമാരും കരാറില്‍ ഒപ്പിട്ടു. സിറിയ, നൈജര്‍, എത്യോപ്യ, ഒമാന്‍, മാലി, ചൈന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളുമായി ഡെപ്യൂട്ടി ഹജ്ജ്, ഉംറ മന്ത്രിയും ഹജ്ജ് കരാറുകള്‍ ഒപ്പുവച്ചു.

ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ലോക രാജ്യങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സൗദി അറേബ്യ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ എന്നിവയെല്ലാം സൗദി ഹജ്ജ്, ഉംറ മന്ത്രിയും ഡെപ്യൂട്ടി ഹജ്ജ്, ഉംറ മന്ത്രിയും 19 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കിടെ വിശകലനം ചെയ്തു.കൊവിഡിനു മുന്‍പ്, 2019ല്‍ ഇന്ത്യയില്‍നിന്നുള്ള 1.4 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഉയര്‍ന്ന ക്വാട്ട. എന്നാല്‍, 2020ല്‍ 1.24 ലക്ഷമായി കുറഞ്ഞു. കോവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം 79,237 പേര്‍ക്കായിരുന്നു ഹജ്ജിന് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ക്വാട്ട. ഇതിനകം 19 രാജ്യങ്ങളുമായാണ് സൗദി അറേബ്യ ഇതുവരെ കരാറുകളില്‍ ഒപ്പിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളുമായി കരാറില്‍ ഒപ്പിടും.

Next Story

RELATED STORIES

Share it