Big stories

ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്

ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഓഫിസറുമായ മേഘാലിന, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എസ് പ്രഭാകരന്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.

ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്
X

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് ജീവനൊടുക്കാനിടയായ സംഭവം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഓഫിസറുമായ മേഘാലിന, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എസ് പ്രഭാകരന്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. നിലവില്‍ കോട്ടൂര്‍പുരം പോലിസാണ് കേസ് അന്വേഷിച്ചിരുന്നത്. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തിനെതിരേ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

കേസില്‍ സമഗ്രാന്വേഷണമാവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ കുടുബം ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഫാത്തിമയുടെ കുടുംബം കേരള മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. കൂടാതെ ഫാത്തിമയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലും വലിയ പ്രതിഷേധങ്ങളുമുണ്ടായി. ഇതിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്നൈ ഐഐടിയില്‍ സന്ദര്‍ശനം നടത്തിയതായും നിരവധി ആളുകളില്‍നിന്ന് മൊഴിയെടുത്തതായും ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇത് ഗൗരവമായൊരു കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്.

അഡീഷനല്‍ പോലിസ് കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം മരണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് സത്യം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. തന്റെ മരണത്തിനു കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ആത്മഹത്യാ കുറിപ്പില്‍ ഫാത്തിമ വ്യക്തമാക്കിയിരുന്നു. ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസികപീഡനമുണ്ടായതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവിലാണ്. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലിസ് നല്‍കാന്‍ തയാറായിയില്ല. പിന്നീട് മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയപ്പോഴാണു സുദര്‍ശന്‍ പത്മനാഭനെതിരേയുള്ള പരാമര്‍ശം കണ്ടത്. സുദര്‍ശന്‍ പത്മനാഭന്‍ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതില്‍ 13 മാര്‍ക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ചു മാര്‍ക്കിനു കൂടി യോഗ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഈ ദിവസം വൈകീട്ടാണു ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ 13 പേരെയാണ് പോലിസ് ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it