Big stories

യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി വരും

യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി വരും
X

മവാദ ഇസ്‌കന്തര്‍

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളെ ഭൗമരാഷ്ട്രീയ അപകടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇസ്രായേലിനൊപ്പം യുഎസ് ചേരുന്നത് തങ്ങളുടെ ദുര്‍ബലമായ നിഷ്പക്ഷതയെ ഇല്ലാതാക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കറിയാം. യുഎസിന്റെ സൈനിക കേന്ദ്രങ്ങളുടെ ഇടതൂര്‍ന്ന ശൃംഖലയുള്ള, തന്ത്രപ്രധാന ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധത്തില്‍ മുന്‍നിര ലക്ഷ്യങ്ങളായി മാറും.

യുഎസ് പിന്തുണയോടെ ഇസ്രായേല്‍ ഇറാനെതിരേ നടത്തുന്ന യുദ്ധം രൂക്ഷമാവുമ്പോള്‍ ഗള്‍ഫിലെ രാജവാഴ്ചകള്‍ സൂക്ഷ്മമായ സന്തുലിത നടപടികള്‍ക്ക് ശ്രമിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുക, ഊര്‍ജ കയറ്റുമതി സംരക്ഷിക്കുക, വ്യോമയാന മേഖലയെ സംരക്ഷിക്കുക, കുടിവെള്ളം ഉറപ്പാക്കുക എന്നിവയാണ് അവരുടെ ലക്ഷ്യങ്ങള്‍. എന്നിരുന്നാലും അവര്‍ പ്രാദേശിക പക്ഷങ്ങളുടെയും തന്ത്രപരമായ ആശ്രിതത്വങ്ങളുടെയും വലയില്‍ കുടുങ്ങിക്കിടക്കുന്നു.

ജൂണ്‍ 13ന് ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കണമെന്ന നിലപാട് സ്വീകരിച്ചു. അതിനായി സൗദി അറേബ്യ യൂറോപ്യന്‍ രാജ്യങ്ങളുമായും പ്രദേശത്തെ രാജ്യങ്ങളുമായും നയതന്ത്ര ഇടപെടലുകള്‍ നടത്തി. സംയമനം ഉറപ്പുവരുത്തലായിരുന്നു അവരുടെ ആവശ്യം.

തുര്‍ക്കി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളുമായി തുര്‍ക്കി ചര്‍ച്ച നടത്തി. ഫ്രാന്‍സ്, പാകിസ്താന്‍, ഹംഗറി എന്നീ രാജ്യങ്ങളുമായി യുഎഇ സംസാരിച്ചു. പരമ്പരാഗതമായി നിഷ്‌ക്രിയരായ കുവൈത്തും നിഷ്പക്ഷ ഒമാനും സംഘര്‍ഷം തണുപ്പിക്കാന്‍ തുര്‍ക്കിയുടെ സഹായം തേടി.

ഇറാന്റെ ആണവകേന്ദ്രങ്ങളെ ഇസ്രായേല്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗങ്ങള്‍ ഉള്‍പ്പെടെ 20 അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. ഇറാന്‍കാര്‍ക്കുള്ള വിസ പിഴ യുഎഇ ഒഴിവാക്കി. ഹജ്ജിനെത്തിയ ഇറാന്‍കാരെ അതിവേഗം തിരികെ എത്തിക്കാന്‍ സൗദിയും നടപടിയെടുത്തു.

എന്നിരുന്നാലും, ഏറ്റവും ശക്തമായ ശബ്ദം ഖത്തറിന്റെ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിമില്‍നിന്നാണ് വന്നത്. ഇറാന്റെ തകര്‍ച്ച അനിയന്ത്രിതമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രായേലി ഭ്രാന്ത് ഉടനടി നിര്‍ത്താനും പ്രദേശം പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് വീഴുന്നത് തടയാനും വാഷിങ്ടണില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം പേര്‍ഷ്യന്‍ ഗള്‍ഫ് ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

പേര്‍ഷ്യന്‍ ഗള്‍ഫിലുടനീളമുള്ള യുഎസ് സൈനിക സാന്നിധ്യം പ്രതിരോധവും പ്രകോപനവുമാണ്. യുഎസിന്റെ നാറ്റോക്ക് പുറത്തുള്ള ഏക ഗള്‍ഫ് സഖ്യകക്ഷിയായ ഖത്തറിലെ അല്‍ ഉദൈദിലും അല്‍ സൈലിയയിലും യുഎസിന് ഔട്ട് പോസ്റ്റുകളുണ്ട്. ഇറാന്റെ പഴയ മിസൈലുകളുടെ പരിധിയില്‍ ആണ് അവയുള്ളത്. കുവൈത്തില്‍ നാലും യുഎഇയില്‍ മൂന്നും യുഎസ് സൈനികത്താവളങ്ങളുണ്ട്. സൗദിയും ബഹ്‌റയ്‌നും ഒമാനും യുഎസിന് ലോജിസ്റ്റിക് സഹായവും വ്യോമപ്രതിരോധ സഹായവും നല്‍കുന്നു.

ഈ സൈനികതാവളങ്ങളില്‍നിന്നുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടെങ്കിലും യുദ്ധം തീവ്രമാക്കാന്‍ യുഎസ് തീരുമാനിച്ചാല്‍ അത് വെറും സൈദ്ധാന്തികമായ അധികാരമാണ്. തങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന ഏതു താവളവും നിയമാനുസൃത പ്രതികാര ലക്ഷ്യമാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫ് മണ്ണില്‍നിന്ന് യുഎസ് വ്യോമാക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് ആ രാജവാഴ്ചകളൊന്നും രക്ഷപ്പെടില്ല.

സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ മേഖലയിലെ വ്യോമ ഇടനാഴികള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ഇറാന്‍, ഇറാഖ്, ലെബ്‌നാന്‍, സിറിയ എന്നിവിടങ്ങളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ പൂര്‍ണമായും റദ്ദാക്കുകയോ ചെയ്തു. എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേയ്‌സും ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ദുബൈ വിമാനത്താവളത്തില്‍ സര്‍വീസില്‍ കാലതാമസങ്ങളുണ്ടായി.

റൂട്ട് മാറ്റുന്നതിനുള്ള ചെലവും ഇന്ധനച്ചെലവും കുതിച്ചുയര്‍ന്നു. അതേസമയം, യാത്രക്കാരുടെ എണ്ണം കുറഞ്ഞു. അവയുടെ സാമ്പത്തിക ആഘാതം ഉടനടി സംഭവിച്ചു: എയര്‍ അറേബ്യയുടെ ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു അത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരവും മൂന്നാമത്തെ പെട്രോളിയം ശേഖരവും ഇറാനിലാണുള്ളത്. ഖത്തറിന്റെ സുപ്രധാനമായ നോര്‍ത്ത് ഫീല്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന സൗത്ത് പാര്‍സ് ഗ്യാസ് പ്ലാറ്റ്‌ഫോമില്‍ ഇസ്രായേല്‍ നടത്തിയ ഒറ്റ ആക്രമണം മൂലം എണ്ണവില 10 ശതമാനത്തിലധികം ഉയര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ വില ബാരലിന് 100 ഡോളര്‍ കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ഖത്തറിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ഇസ്രായേല്‍ ഒഴിവാക്കിയിട്ടും ആ ആക്രമണം ആഗോള ഊര്‍ജ വിപണികളെ പിടിച്ചുലച്ചു. ഇത് ഊര്‍ജ കയറ്റുമതിയില്‍ ഗള്‍ഫിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തി. ജിസിസി ഒരു വിഷമഘട്ടത്തിലാണ്: ഉയര്‍ന്ന എണ്ണവില താല്‍ക്കാലികമായി വരുമാനം വര്‍ധിപ്പിക്കുമ്പോളും വിതരണശൃംഖലകളും അടിസ്ഥാനസൗകര്യങ്ങളും തടസപ്പെടുന്നത് അവരുടെ ഊര്‍ജ അധിഷ്ഠിത സമ്പദ്വ്യവസ്ഥകളുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ഷിപ്പിങ് പാതകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതും റിഫൈനറികളിലെ തടസ്സങ്ങളും വിനാശകരമായ സാമ്പത്തിക തിരിച്ചടിക്ക് കാരണമാകും.

ഹോര്‍മുസ് കടലിടുക്ക് ഈ മേഖലയുടെ കൊരവള്ളിയാണ്: ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ 20 ശതമാനവും അതിലൂടെയാണ് കടന്നുപോകുന്നത്. തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായാല്‍ കടലിടുക്ക് പൂട്ടുമെന്ന ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയുണ്ടായാല്‍ അത് ബദല്‍ മാര്‍ഗങ്ങളില്ലാത്ത കുവൈത്ത്, ഖത്തര്‍, ബഹ്‌റയ്ന്‍ എന്നിവയുടെ കയറ്റുമതിയെ തളര്‍ത്തും.

ചെങ്കടലിലേക്കും അറേബ്യന്‍ കടലിലേക്കും ബദല്‍ പൈപ്പ്‌ലൈനുകള്‍ ഉള്ള സൗദി അറേബ്യക്കും യുഎഇക്കും പോലും ഹോര്‍മുസ് അടച്ചുപൂട്ടുന്നതുണ്ടാക്കുന്ന പ്രതിസന്ധി നേരിടാന്‍ കഴിയില്ല. ഇനി തെക്കോട്ട് നോക്കിയാല്‍ ബാബ് അല്‍ മന്ദെബ് കടലിടുക്കുണ്ട്. യെമനിലെ ഹൂത്തികളുടെ സൈനിക നടപടികള്‍ മൂലം അതിലൂടെയുള്ള ഷിപ്പിങ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. 2023ല്‍ 8.7 ദശലക്ഷം ബാരല്‍ എണ്ണയാണ് ബാബ് അല്‍ മന്ദെബിലൂടെ കടന്നുപോയത്. ഇത് 2024 ല്‍ നാല് ദശലക്ഷമായി കുറഞ്ഞു.

രണ്ട് കടലിടുക്കുകളും ഒരേസമയം അടച്ചുപൂട്ടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും: അതായത്, ആഗോള വിപണിയിലേക്കുള്ള ഗള്‍ഫ് എണ്ണ 60 ശതമാനം കുറയും. ഇത് ബാരല്‍ വില 200 ഡോളറിന് മുകളില്‍ എത്താനും കാരണമാവും.

മറ്റൊരു നിശ്ശബ്ദ അപകടം കൂടി വരാനിരിക്കുന്നു: ആണവ വികിരണത്തിന്റെ പ്രശ്നമാണത്. പേര്‍ഷ്യന്‍ ഗള്‍ഫ് ജലാശയങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഗണ്യമായ പാരിസ്ഥിതിക അപകടസാധ്യത ഉയര്‍ത്തുന്നു. ഇസ്രായേലി ആക്രമണങ്ങളോ അട്ടിമറികളോ മൂലമുണ്ടാകുന്ന ചോര്‍ച്ച സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപ്പുവെള്ളം കുടിക്കാന്‍ അനുയോജ്യമല്ലാത്തതാക്കുകയും ചെയ്യും. ഖത്തര്‍, കുവൈത്ത്, യുഎഇ എന്നിവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രതിസന്ധിയാണത്. അവര്‍ കുടിവെള്ളത്തിനായി കടല്‍വെള്ളത്തെ ആശ്രയിക്കുന്നവരാണ്.

ഒരു ഇറാനിയന്‍ ആണവ റിയാക്ടറില്‍നിന്ന് 250 കിലോമീറ്റര്‍ മാത്രം അകലെയാണ് കുവൈത്ത് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, സമഗ്രമായ പ്രാദേശിക അടിയന്തര പദ്ധതി നിലവിലില്ല. ഒരു ചെറിയ ചോര്‍ച്ച പോലും ദിവസങ്ങള്‍ക്കുള്ളില്‍ ശുദ്ധജല വിതരണത്തെ ഇല്ലാതാക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൈബര്‍ മേഖലയിലെ നിഴല്‍യുദ്ധം അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ജിപിഎസ് ജാമിങ് മൂലം ആയിരത്തോളം കപ്പലുകള്‍ അനലോഗ് നാവിഗേഷനിലേക്ക് മാറിയിട്ടുണ്ട്. അതിര്‍ത്തികളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റല്‍ പരമാധികാരവും സംരക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്നത്.

2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്സ പ്രദേശത്തെ രാഷ്ട്രീയ ജ്യാമിതിയെ പുനര്‍നിര്‍മിച്ചു. വളരെക്കാലമായി യുഎസ് സംരക്ഷണത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ്: ഇസ്രായേലുമായി സാധാരണ ബന്ധമുണ്ടാക്കുക, ഇറാനുമായി സമാധാനത്തിന് ശ്രമിക്കുക, തന്ത്രപരമായ സംയമനത്തിന് യുഎസിനോട് അപേക്ഷിക്കുക എന്നിവയാണ് നടക്കുന്നത്.

എന്നാല്‍, ഇസ്രായേലിനെ പ്രീണിപ്പിക്കുക, ഇറാനെ പ്രീണിപ്പിക്കുക, യുഎസിനെ ആശ്രയിക്കുക എന്നീ പരസ്പരവിരുദ്ധമായ നീക്കങ്ങള്‍ പ്രാദേശികമായ യാഥാര്‍ഥ്യവുമായി കൂട്ടിയിടിക്കുകയാണ്.

മൂന്ന് തൂണുകളില്‍ അധിഷ്ഠിതമായ ഒരു പശ്ചിമേഷ്യന്‍ നയമാണ് ഉയര്‍ന്നുവരുന്നത്.: ഇറാനുമായുള്ള അനുരഞ്ജനം, അധിനിവേശ രാഷ്ട്രവുമായി സോപാധികമായ സാധാരണവല്‍ക്കരണം, യുഎസിന്റെ സംരക്ഷണത്തെ തുടര്‍ച്ചയായി ആശ്രയിക്കല്‍ എന്നിവയാണ് ഇവ.

വികസിച്ചു കൊണ്ടിരിക്കുന്ന യുദ്ധത്തിന് മുന്നില്‍ ഈ ദുര്‍ബലമായ തന്ത്രത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. തീപടരുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിരതയായിരിക്കും ആദ്യം കത്തുക.

ഗള്‍ഫ് കാര്യ വിദഗ്ധയും മാധ്യമപ്രവര്‍ത്തകയുമാണ് മവാദ ഇസ്‌കന്തര്‍. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it