Big stories

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ കോടികളുടെ അഴിമതി; പ്രതിക്കൂട്ടില്‍ സംഘപരിവാര സംഘടന

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ കോടികളുടെ അഴിമതി; പ്രതിക്കൂട്ടില്‍ സംഘപരിവാര സംഘടന
X

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ കോടികളുടെ അഴിമതി; സംഘപരിവാര സംഘടന പ്രതിക്കൂട്ടില്‍

ആയുഷ് തിവാരി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ കാലാവധിയുടെ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍, രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട ഒരു സംഘടനയിലെ നിരവധി അംഗങ്ങളെ ഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലി(ICHR)ല്‍ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു.

അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന (ABISY)യിലെ അംഗങ്ങളെ നിയമിച്ചത്, ഇന്ത്യന്‍ ചരിത്രം 'തിരുത്തിയെഴുതുക' എന്ന സംഘപരിവാരത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആസ്ഥാനം തന്നെ ആര്‍എസ്എസിന്റെ ഡല്‍ഹി ഓഫിസിലാണ് സ്ഥിതി ചെയ്യുന്നത്.

ആര്‍എസ്എസിലെ തിരഞ്ഞെടുത്ത അംഗങ്ങള്‍ നയിക്കുന്ന ഐസിഎച്ച്ആറിന്റെ പ്രത്യയശാസ്ത്ര പരിവര്‍ത്തനത്തെക്കുറിച്ച് സംശയമൊന്നുമില്ലെങ്കിലും, അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും സംബന്ധിച്ച ആരോപണങ്ങളാണ് ഒന്നിച്ചു കൈകോര്‍ത്തിരിക്കുന്നത്.അവഗണിക്കാനാവാത്ത വിധമുള്ള ഗുരുതരമായ കുറ്റങ്ങള്‍ക്കെതിരേ ശ്രദ്ധതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഈ മാസം ആദ്യം, ഐസിഎച്ച്ആറിലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയിലെ നാല് അംഗങ്ങള്‍ക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) കുറ്റപത്രം സമര്‍പ്പിച്ചു.

ഈ നാലുപേര്‍ക്കു പുറമേ, നിലവിലെയും മുമ്പത്തെയും 11 ഉദ്യോഗസ്ഥര്‍ക്കുമെതിരേ ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.

2022ലും 2023ലും സ്ഥാപനത്തിന്റെ സാമ്പത്തികം, നിയമനം, സ്ഥാനക്കയറ്റം എന്നിവയിലെ ക്രമക്കേടുകള്‍ ആരോപിച്ച് രണ്ട് പരാതികള്‍ ലോക്പാല്‍ ഓഫ് ഇന്ത്യയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍ പുറത്തുവന്നതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു .

ഐസിഎച്ച്ആറിന്റെ പുസ്തകങ്ങളുടെ ആഭ്യന്തര ഓഡിറ്റ് ഉള്‍പ്പെടെ ഇതുസംബന്ധമായി സിവിസിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സമാന്തരമായി അന്വേഷണങ്ങള്‍ നടത്തുകയാണ്. ഓഡിറ്റില്‍ 14.03 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി. അതില്‍, സമിതിക്ക് മുമ്പാകെ കൃതികള്‍ സമര്‍പ്പിക്കാത്ത ഗവേഷകര്‍ക്ക് നല്‍കിയ 7.4 കോടി രൂപയുടെ തിരിച്ചുപിടിക്കാത്ത സഹായധനവും ഉള്‍പ്പെടുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ 'അശ്രദ്ധമായ ചെലവുകള്‍' ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐസിഎച്ച്ആര്‍ ഉദ്യോഗസ്ഥര്‍ എഡിറ്റ് ചെയ്ത ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനായി 30 ലക്ഷം രൂപ ചെലവഴിക്കാനുള്ള കൗണ്‍സിലിന്റെ തീരുമാനം ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്.

'തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സുതാര്യതയില്ല. കൂടാതെ പൊതു സാമ്പത്തിക നിയമങ്ങളു(ജനറല്‍ ഫൈനാന്‍ഷ്യല്‍ റൂള്‍സ്-ജിഎഫ്ആര്‍)ടെയും മറ്റ് നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വലിയ തോതിലുള്ള ലംഘനവുമുണ്ട്.'-ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിക്കൂട്ടിലുള്ള ഉദ്യോഗസ്ഥര്‍

മെയ് 2ന്, ഐസിഎച്ച്ആറിലെ നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായവരില്‍ പെടുന്ന 15 ഉദ്യോഗസ്ഥര്‍ക്കെതിരേ പിഴ നടപടികള്‍ ആരംഭിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.

അതിലൊരാളാണ് ഐസിഎച്ച്ആറിലെ ഡെപ്യൂട്ടി ഡയറക്ടറും അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ പ്രചാരണ വിഭാഗം തലവന്‍ കൂടിയായ സൗരഭ് കുമാര്‍ മിശ്ര. ആര്‍എസ്എസ് സംഘടനാ മേധാവി ബാല്‍മുകുന്ദ് പാണ്ഡെയുടെ അനന്തരവനാണ് മിശ്ര എന്നതും ശ്രദ്ധേയമാണ്.

സിവിസി കുറ്റം ചുമത്തിയ മറ്റൊരു വ്യക്തിയായ ഓം ജീ ഉപാധ്യായ ഗവേഷണഭരണ ഡയറക്ടര്‍ എന്നതോടൊപ്പം, ഐസിഎച്ച്ആറിലെ ഏറ്റവും ശക്തമായ പദവിയായ മെമ്പര്‍ സെക്രട്ടറി എന്ന സ്ഥാനവും കൂടി വഹിക്കുന്നു. അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയിലെ ഒരു 'മുതിര്‍ന്ന എഴുത്തുകാരന്‍' ആണ് ഉപാധ്യായ എന്ന് അതിന്റെ വെബ്‌സൈറ്റില്‍നിന്ന് വ്യക്തമാവുന്നു .

ഉപാധ്യായ പലപ്പോഴും ടിവി വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സര്‍ക്കാരിന്റെ നിലപാടുകളെ ന്യായീകരിക്കുകയും ചെയ്യാറുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ ജഗദീഷ് സിങ്, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലെ ഗവേഷണ, പ്രസിദ്ധീകരണ വിഭാഗം മേധാവി നരേന്ദ്ര ശുക്ല എന്നിവര്‍ക്കെതിരേ പിഴ ചുമത്താനും സിവിസി ശുപാര്‍ശ ചെയ്തു.

ഐസിഎച്ച്ആറിലെ തീരുമാനാധികാരമുള്ള പ്രധാന സമിതിയില്‍ സിങും ശുക്ലയും അംഗങ്ങളായിരുന്നു. 2022 വരെ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ജേണലായ 'ഇതിഹാസ് ദര്‍പ്പണ്‍' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന ശുക്ല സംഘടനയുടെ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

2018ലെ ഒരു പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ മേധാവി ബാല്‍മുകുന്ദ് പാണ്ഡെ (ഇടത്), അദ്ദേഹത്തിന്റെ അനന്തരവനും ഐസിഎച്ച്ആര്‍ ഡെപ്യൂട്ടി ഡയറക്ടറുമായ സൗരഭ് കുമാര്‍ മിശ്ര (മധ്യത്തില്‍). ട്വിറ്റര്‍/എക്‌സില്‍ നിന്നുള്ള ചിത്രം.

ഐസിഎച്ച്ആറിന്റെ മുന്‍ മെംബര്‍ സെക്രട്ടറിമാരായ ഉമേഷ് അശോക് കദം, കുമാര്‍ രത്‌നം എന്നിവര്‍ക്കെതിരേ അവരുടെ കാലയളവിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിവിസി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഇപ്പോള്‍ ജെഎന്‍യുവില്‍ പഠിപ്പിക്കുന്ന കദം ഇപ്പോള്‍ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ അംഗവുമാണ്. 2022ല്‍ ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറിയായ വര്‍ഷത്തിലാണ് അദ്ദേഹം സംഘടനയില്‍ ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ ജെഎന്‍യു പ്രൊഫൈല്‍ വ്യക്തമാക്കുന്നു.

പിഴ നടപടികള്‍ ആരംഭിക്കാനുള്ള സിവിസിയുടെ നിര്‍ദേശം ഒരു ശുപാര്‍ശ മാത്രമാണ്. പക്ഷേ സര്‍ക്കാര്‍ അത് നടപ്പാക്കിക്കൊള്ളണമെന്നില്ല. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍, ഐസിഎച്ച്ആറിലെ അച്ചടക്ക അധികാരികള്‍ സിവിസി നാമനിര്‍ദേശം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കും.

ഐസിഎച്ച്ആറിലെ അച്ചടക്ക അതോറിറ്റി കുറ്റപത്രം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, 'വിഷയം എല്ലാ ഗൗരവത്തോടെയും കൈകാര്യം ചെയ്യുന്നുണ്ട്' എന്നാണിത് കാണിക്കുന്നതെന്നും ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ രഘുവേന്ദ്ര തന്‍വാര്‍ പറഞ്ഞു.

നിയമനങ്ങളില്‍ സ്വജനപക്ഷപാതം

1972ല്‍ സ്ഥാപിതമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്, 'ചരിത്രത്തിന്റെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ രചന' വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചരിത്ര ഗവേഷണത്തിന് ധനസഹായം നല്‍കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്. സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് ഐസിഎച്ച്ആര്‍ വരുന്നത്.

'മഹാഭാരത കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ചരിത്രം ഇന്ത്യന്‍ കാലഗണനയുടെ അടിസ്ഥാനത്തില്‍ പുനസ്സമാഹരണം ചെയ്യുക' എന്നതാണ് അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ദൗത്യം. 2017 മുതല്‍ നിരവധി അംഗങ്ങളെ കൗണ്‍സിലിലേക്ക് നിയമിച്ചിട്ടുണ്ട്.

മതിയായ യോഗ്യതകളില്ലാത്ത അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ പ്രവര്‍ത്തകരെ 2018ല്‍ ഐസിഎച്ച്ആറില്‍ നിയമിച്ചതിനെക്കുറിച്ചും തുടര്‍ന്ന് അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ഈ ലേഖകന്‍ 2022 ജനുവരിയില്‍ ന്യൂസ് ലോണ്‍ഡ്രിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

2022 ജൂണിലും 2023 ജൂലൈയിലും ഐസിഎച്ച്ആര്‍ ഉദ്യോാഗസ്ഥര്‍ക്കെതിരേ രണ്ട് അജ്ഞാത പരാതികള്‍ ലോക്പാലിന് ലഭിച്ചു. 2022ലെ പരാതിയില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ 14 ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്ഥാപനത്തിലെ തെറ്റായതും നിയമവിരുദ്ധവുമായ നിയമനങ്ങള്‍, സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിലെ നിയമങ്ങളുടെ ലംഘനം, കൃത്യമായ പരിശോധന കൂടാതെ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഗവേഷണം, സംഭരണം എന്നിവയായിരുന്നു ആരോപണങ്ങളില്‍ ചിലത്.

സ്ഥാപനത്തില്‍, പ്രത്യേകിച്ച് അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജനയില്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ സ്വജനപക്ഷപാതമുണ്ടെന്നും രക്തബന്ധുക്കളെ നിയമിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

'ശക്തരായ വ്യക്തികളുടെ' പിന്തുണയോടെ 'സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പണം ആസൂത്രിതമായി കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെ' അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജനയുടെ 'പ്രത്യേക പ്രത്യയശാസ്ത്രം' ഐസിഎച്ച്ആറിനെ നിയന്ത്രിക്കുന്നുവെന്ന് 2023 ലെ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

ലോക്പാലിനെതിരായ പരാതികള്‍ സിവിസി വഴി വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എത്തി. 2023 മാര്‍ച്ചില്‍, ചില ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി മന്ത്രാലയം ഐസിഎച്ച്ആറിന്റെ പുസ്തകങ്ങളുടെ പ്രത്യേക ഓഡിറ്റ് നടത്തി.

ഗുരുതരമായ ക്രമക്കേട്

2021-22നും 2022-23 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ ഐസിഎച്ച്ആറില്‍ 14.03 കോടി രൂപയുടെ ക്രമക്കേടുകള്‍ പ്രത്യേക ഓഡിറ്റില്‍ കണ്ടെത്തി. 18 കേസുകളാണ് കണ്ടെത്തിയത്. അവയില്‍ 16 എണ്ണം സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളുമായി ബന്ധപ്പെട്ടതുമാണ്.

2022 ആഗസ്റ്റ് മുതല്‍ 2023 മെയ് വരെ മെംബര്‍ സെക്രട്ടറിയായിരുന്ന ഉമേഷ് അശോക് കദമിന്റെ കാലത്ത് 'നിയമങ്ങളും ചട്ടങ്ങളും അവഗണിച്ചുകൊണ്ട് അശ്രദ്ധമായ ചെലവുകള്‍' നടന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു.

ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറിയും അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജന അംഗവുമായ ഓം ജീ ഉപാധ്യായ ഒരു ടിവി വാര്‍ത്താ ചര്‍ച്ചയില്‍. ട്വിറ്റര്‍/എക്‌സില്‍ നിന്നുള്ള ചിത്രം.

ഐസിഎച്ച്ആറിന് അന്തിമ പഠനങ്ങള്‍ സമര്‍പ്പിക്കാത്ത 397 ഗവേഷണ പണ്ഡിതര്‍ക്ക് 6.26 കോടി രൂപ നല്‍കിയതാണ് ഏറ്റവും പ്രധാനപ്പെട്ട ക്രമക്കേട്. സമിതിയുടെ ഗവേഷണ ഫണ്ടിങ് നിയമങ്ങള്‍ അനുസരിച്ച്, ഈ പണ്ഡിതന്മാര്‍ ഐസിഎച്ച്ആറിന് ഗ്രാന്റ് തിരികെ നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു.

'ഐസിഎച്ച്ആര്‍ അധികാരികള്‍ മുകളില്‍ പറഞ്ഞ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ 397 വിദ്യാര്‍ഥികളില്‍ നിന്ന് 6,26,19,288 രൂപയുടെ തിരിച്ചു പിടിക്കല്‍ നടത്തിയിട്ടില്ല.' ഓഡിറ്റ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

അതുപോലെ, ഐസിഎച്ച്ആര്‍ നിയമങ്ങള്‍ ലംഘിച്ച്, ജോലി അപൂര്‍ണമായി തുടരുന്ന 85 പ്രോജക്ട് ഡയറക്ടര്‍മാരില്‍നിന്ന് 1.09 കോടി രൂപയുടെ കൂടി പ്രോജക്ട് ഗ്രാന്റുകള്‍ തിരിച്ചുപിടിച്ചിട്ടില്ല.

മുന്‍ ഐസിഎച്ച്ആര്‍ മെംബര്‍ സെക്രട്ടറിയും അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജന അംഗവുമായ ഉമേഷ് അശോക് കദം. ട്വിറ്റര്‍/എക്‌സില്‍ നിന്നുള്ള ചിത്രം.

'യോഗ്യതയുള്ള അധികാരിയുടെ അനുമതിയില്ലാതെ' നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഐസിഎച്ച്ആര്‍ കെട്ടിടത്തില്‍ 2.55 കോടി രൂപയുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കദം ഉത്തരവിട്ടതായി ഓഡിറ്റ് കണ്ടെത്തി. ഇത് 'ഗുരുതരമായ ക്രമക്കേടാണ്' എന്ന് വിലയിരുത്തപ്പെട്ടു.

ഡെപ്യൂട്ടി ഡയറക്ടര്‍ സൗരഭ് കുമാര്‍ മിശ്രയും ഓഡിറ്റില്‍ പരാമര്‍ശിക്കപ്പെടുന്നു. കദമിനൊപ്പം, ഐസിഎച്ച്ആറിനുള്ള ഇഓഫിസ് ആപ്ലിക്കേഷന്‍ സൃഷ്ടിക്കുന്നതിനുള്ള ചുമതല അദ്ദേഹം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന് (ബിഇസിഐഎല്‍) നല്‍കി.

ബിഇസിഐഎല്ലിനെ സമീപിക്കാനുള്ള തീരുമാനം, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍ഐസി) ഈ ജോലി നല്‍കണമെന്ന ഐസിഎച്ച്ആര്‍ ജനറല്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമാണെന്ന് ഓഡിറ്റ് പറയുന്നു.

എന്‍ഐസിയുമായി നടത്തിയ ചര്‍ച്ചകളുടെ രേഖാമൂലമുള്ള ഒരു തെളിവും ഫയലില്‍ ലഭ്യമല്ലെങ്കിലും, ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ എന്‍ഐസി സമയം തേടിയതായി മിശ്ര അവകാശപ്പെട്ടതായി ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

100 ശതമാനം മുന്‍കൂര്‍ പേയ്‌മെന്റോടെ ബിഇസിഐഎല്‍ന് പ്രവൃത്തി ക്രമരഹിതമായി നല്‍കിയതാണെന്നും ഇത് നിശ്ചിത സാമ്പത്തിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഓഡിറ്റില്‍ കണ്ടെത്തി.

'ആക്‌സസിബിലിറ്റി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍' നല്‍കുന്നതിനായി ബിഇസിഐഎല്‍ 12 ലക്ഷം രൂപയ്ക്ക് ഇഫോറ െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ടു.

കമ്പനി രജിസ്ട്രാറിനു മുന്നില്‍ സമര്‍പ്പിച്ച സ്പഷ്ടമായ രേഖകള്‍ കാണിക്കുന്നത് ഇഫോറയുടെ ഡയറക്ടര്‍മാര്‍ ആര്‍എസ്എസുമായി ബന്ധമുള്ള ബിസിനസുകാരനായ കിരം ഡിഎമ്മിന്റെ ബിസിനസ്സ് അസോഷ്യേറ്റുകളാണെന്നാണ്.

സംഘത്തിന്റെ വിദേശ സംഘടനയായ സേവാ ഇന്റര്‍നാഷണലിന്റെ സെക്രട്ടറി കേശവ് ഗോവിന്ദ് പരാണ്ടെയ്‌ക്കൊപ്പം സേവാ ബ്രിഡ്ജ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് കിരണ്‍. ആര്‍എസ്എസുമായി ബന്ധപ്പെട്ട ഹിന്ദു സേവാ പ്രതിഷ്ഠാന, യൂത്ത് ഫോര്‍ സേവ എന്നിവയില്‍ മുമ്പ് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

അതുമാത്രമല്ല, 2021 ജനുവരിയില്‍ കമ്പനി ആരംഭിച്ചതിനുശേഷം, ഐസിഎച്ച്ആര്‍ നല്‍കിയ പ്രവൃത്തി മാത്രമാണ് കമ്പനിയുടെ ഏക ബിസിനസ് ഇടപാട് എന്ന് ഇഫോറയുടെ ബാലന്‍സ് ഷീറ്റുകള്‍ കാണിക്കുന്നു. 2020-21നും 2023-24നും ഇടയില്‍, സ്ഥാപനം പ്രവര്‍ത്തന വരുമാനത്തില്‍ 12 ലക്ഷം രൂപ മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ.

'ജനാധിപത്യത്തിന്റെ മാതാവ്'

ഐസിഎച്ചിആറിലെ സാമ്പത്തിക നിയമങ്ങളുടെയും കൃത്യസമയത്തുള്ള നടപടിക്രമങ്ങളുടെയും ലംഘനം ഓഡിറ്റിലുടനീളം ചര്‍ച്ചാവിഷയമാണ്.അതിലൊന്നാണ് കദമും ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ രഘുവേന്ദ്ര തന്‍വാറും ചേര്‍ന്ന് എഡിറ്റ് ചെയ്ത 'ഇന്ത്യ, ദ മദര്‍ ഓഫ് ഡെമോക്രസി' എന്ന പുസ്തകവുമായി ബന്ധപ്പെട്ടത്.

2022 ജൂലൈയില്‍ സ്ഥാപനത്തിലെ ഗവേഷണ പദ്ധതി സമിതി പുസ്തകത്തിന് 20 ലക്ഷം രൂപ അനുവദിക്കുകയും നാല് പ്രസാധകരെ നാമനിര്‍ദേശം ചെയ്യുകയും ചെയ്തതായി ഓഡിറ്റില്‍ കണ്ടെത്തി.

അന്നത്തെ ഐസിഎച്ച്ആറിന്റെ ഗവേഷണ പദ്ധതി സമിതിയില്‍ നാല് അംഗങ്ങളുണ്ടായിരുന്നു-ചെയര്‍മാന്‍ തന്‍വാര്‍, അംഗങ്ങളായ സി ഐ ഐസക്, ഹിമാന്‍ഷു ചതുര്‍വേദി, ശ്രീധര്‍ മധുകര്‍.ഇവിടെയും അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജനയുടെ സ്വാധീനം പ്രകടമായിരുന്നു. ഐസക് അന്ന് അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജനയില്‍ അംഗമായിരുന്നു. ചതുര്‍വേദി അഖില ഭാരതീയ ഇതിഹാസ്! സങ്കലന്‍ യോജനയുടെ ഗോരഖ്പൂര്‍ ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റുമാണ്.

'നാല് പ്രസാധകരില്‍ ആരെയെങ്കിലും മെംബര്‍ സെക്രട്ടറിക്ക് കൊണ്ടുപോകാന്‍ കമ്മിറ്റി സ്വതന്ത്രമായി അനുമതി നല്‍കി. മറ്റ് മൂന്നുപേര്‍ക്ക് മല്‍സര ക്വട്ടേഷനുകള്‍ നല്‍കാന്‍ പോലും അവസരം നല്‍കിയില്ല.' ഓഡിറ്റ് പറയുന്നു.

കിതാബ്‌വാലെ എന്ന പ്രസാധകരെയാണ് കദം തിരഞ്ഞെടുത്തതെന്നും പുസ്തക പ്രസിദ്ധീകരണത്തിനായി 30.1 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഓഡിറ്റില്‍ കണ്ടെത്തി. ബജറ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10.1 ലക്ഷം രൂപ കൂടുതലാണിത്.

കിതാബ്‌വാലെയുടെ കമ്പനി പ്രൊഫൈലില്‍ പ്രധാനമായും അതിന്റെ മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് ജെയിനിന്റെയും ആര്‍എസ്എസിലെ മുതിര്‍ന്ന പ്രവര്‍ത്തകരുടെയും ഫോട്ടോകളാണ് ഉള്ളത്. താന്‍ സംഘപരിവാരത്തില്‍ അംഗമല്ലെന്നും പ്രത്യയശാസ്ത്രപരമായി അതിന്റെ ഭാഗമാണെന്നും ജെയിന്‍ പറഞ്ഞു .

'പുസ്തക പ്രസിദ്ധീകരണത്തിന് തീരുമാനമെടുത്ത ഐസിഎച്ച്ആറിലെ ആളുകളുടെ കാര്യമാണ് ഈ ക്രമക്കേടുകള്‍.'-അദ്ദേഹം പറഞ്ഞു.

'ഞങ്ങളോട് പറഞ്ഞതുപോലെ ഞങ്ങള്‍ പുസ്തകം പ്രസിദ്ധീകരിച്ചു.'

പുസ്തകത്തിന്റെ വില ഐസിഎച്ച്ആറും കിതാബ്‌വാലെയും 5,000 രൂപയായി നിശ്ചയിച്ചതായി ഓഡിറ്റ് രേഖപ്പെടുത്തുന്നു. 'പുസ്തകത്തിന്റെ വില്‍പ്പന വില എങ്ങനെ നിശ്ചയിച്ചുവെന്ന് കരാറിലോ ഫയലിലോ എവിടെയും പരാമര്‍ശിച്ചിട്ടില്ല' എന്ന് അത് കൂട്ടിച്ചേര്‍ക്കുന്നു.

കിതാബ്‌വാലെ പ്രസിദ്ധീകരിച്ച ഇന്ത്യ: ദി മദര്‍ ഓഫ് ഡെമോക്രസി. www.ichr.ac.inല്‍ നിന്ന്. വില 5,000 രൂപ

പുസ്തകത്തിന്റെ 1,000 കോപ്പികള്‍ 50 ശതമാനം കിഴിവില്‍ വാങ്ങാന്‍ സ്ഥാപനം 25 ലക്ഷം രൂപ ചെലവഴിച്ചു. 26 കോപ്പികള്‍ വിറ്റു. 94 കോപ്പികള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് സൗജന്യമായി നല്‍കി. ഓഡിറ്റ് സമയത്ത് 880 കോപ്പികള്‍ വില്‍ക്കാതെ കെട്ടിക്കിടന്നിരുന്നു.എഴുത്തുകാര്‍ക്കും പ്രൂഫ് റീഡര്‍മാര്‍ക്കും ശമ്പളം നല്‍കുന്നതിനായി 5.1 ലക്ഷം രൂപ ചെലവഴിച്ചു.'നിയമങ്ങളും സുതാര്യതയും പാലിക്കാതെ പുസ്തകം പ്രസിദ്ധീകരിച്ചത് ഗുരുതരമായ ക്രമക്കേടാണ്' എന്ന് ഓഡിറ്റ് കണ്ടെത്തി.

2023 മെയ് മാസത്തില്‍, ഓഡിറ്റ് ഫലങ്ങള്‍ ഐസിഎച്ച്ആറിന് പങ്കുവച്ചതിന് തൊട്ടുപിന്നാലെ, മെംബര്‍ സെക്രട്ടറി എന്ന നിലയില്‍ മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാതെ കദം സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ കാലാവധി ഒമ്പത് മാസം നീണ്ടുനിന്നു.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നിര്‍ദേശപ്രകാരമാണ് കദം രാജിവച്ചതെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.അഭിപ്രായത്തിനായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കദം മറുപടി നല്‍കിയില്ല.

നിയമനങ്ങളും പ്രമോഷനുകളും

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമേ, നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും ഐസിഎച്ച്ആറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായി. മന്ത്രാലയത്തിന്റെ ഓഡിറ്റില്‍ രണ്ട് ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയത്. അവരില്‍ ഒരാള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ധര്‍മേന്ദ്ര സിങ് ആണ്. 2017 ല്‍ ഒരു സെക്ഷന്‍ ഓഫിസറില്‍നിന്ന് 'അസിസ്റ്റന്റ് ഡയറക്ടര്‍' ആയി സ്ഥാനക്കയറ്റം ലഭിച്ചു. ആ സ്ഥാനം നിലവിലില്ലായിരുന്നു. മാത്രമല്ല, ധര്‍മേന്ദ്രയ്ക്ക് 2022ല്‍ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. അതിന് അദ്ദേഹത്തിന് ആവശ്യമായ പരിചയം ഇല്ലായിരുന്നുവെന്ന് ഓഡിറ്റ് പറയുന്നു.

മറ്റേ ഉദ്യോഗസ്ഥന്‍ സെക്ഷന്‍ ഓഫിസര്‍ സച്ചിന്‍ കുമാര്‍ ഝാ ആണ്. ഝാ 2018ല്‍ അസിസ്റ്റന്റായി നിയമിക്കപ്പെടുകയും 2021 ല്‍ സെക്ഷന്‍ ഓഫിസറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പ്രായപരിധി പാലിക്കാത്തതോ ആവശ്യമായ പരിചയം ഇല്ലാത്തതോ ആണെങ്കിലും ഇത് ചെയ്തതായി ഓഡിറ്റ് കൂട്ടിച്ചേര്‍ക്കുന്നു.ധര്‍മേന്ദ്രയ്ക്കും ഝായ്ക്കും ഐസിഎച്ച്ആറിലെ അസിസ്റ്റന്റ് ആയ ദേവീന്ദര്‍ സിങിനും എതിരേ സിവിസി വലിയ പിഴ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഐസിഎച്ച്ആറിന്റെ മുതിര്‍ന്ന മാനേജ്‌മെന്റിന്, പ്രത്യേകിച്ച് അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന സംഘത്തിന്, സ്ഥാപനത്തിന്റെ പണം യാതൊരു പരിശോധനയും കൂടാതെ ചെലവഴിക്കുന്നത് എളുപ്പമാക്കിയതിനാലാണ് ധര്‍മേന്ദ്ര, ദേവീന്ദര്‍, ഝാ എന്നിവരെ അവരുടെ സ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതെന്ന് ഐസിഎച്ച്ആറിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞു.

'പണം അനുവദിക്കുന്നതിന് ധര്‍മേന്ദ്രയും ദേവീന്ദറും പ്രധാന ഭരണപരമായ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആളുകള്‍ വേഗത്തില്‍ നീക്കാന്‍ ആഗ്രഹിക്കുന്ന ഫയലുകള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കിയത്.'

ഐസിഎച്ച്ആറില്‍ ഝായുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അംഗീകാരം നല്‍കിയതിന് ഡയറക്ടര്‍ ഉപാധ്യായയും മുന്‍ മെംബര്‍ സെക്രട്ടറി കുമാര്‍ രത്‌നവും പരിശോധനയ്ക്ക് വിധേയരായതായി സിവിസി അന്വേഷണത്തെക്കുറിച്ച് പരിചയമുള്ള ആദ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉപാധ്യായയ്‌ക്കെതിരേ ചെറിയ പിഴ നടപടികള്‍ സ്വീകരിക്കാനും ഝായുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും രത്‌നത്തിന്റെ 'പ്രതികൂല പങ്ക്' അന്വേഷിക്കാനും സിവിസി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

റിക്രൂട്ട്‌മെന്റ് സ്ഥാപനം

2018 അവസാനത്തോടെ, റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്താന്‍ ഐസിഎച്ച്ആര്‍ ഒരു സ്വകാര്യ സ്ഥാപനത്തെ നിയമിച്ചു. 2022ലെ ലോക്പാല്‍ പരാതിയില്‍, 'ഇ-ടെന്‍ഡര്‍ പ്രക്രിയയും ജിഎഫ്ആറും (പൊതു സാമ്പത്തിക നിയമങ്ങള്‍)പാലിക്കാതെ' ഈ സ്ഥാപനത്തെ തിരഞ്ഞെടുത്തുവെന്നും, അത് രക്തബന്ധുക്കളെ നിയമിക്കുന്നതിനും 'സ്വജനപക്ഷപാതത്തിനും' കാരണമായെന്നും ആരോപിക്കുന്നു.

അക്കാലത്തെ ഐസിഎച്ച്ആര്‍ രേഖകള്‍ കാണിക്കുന്നത് പരീക്ഷകള്‍ക്ക് ശേഷം സ്ഥാപനം ഝാ, ദേവീന്ദര്‍ എന്നിവരുള്‍പ്പെടെ 28 പേരെ നിയമിച്ചു എന്നാണ്.

ഝാ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന മേധാവി പാണ്ഡെയുടെ അടുത്ത സഹകാരിയാണെന്ന് ഐസിഎച്ച്ആറിലെ രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ആരോപിച്ചു. നിയമനത്തിനു മുമ്പ് ഝായുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഇരുവരുടെയും നിരവധി ചിത്രങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

'പലരെയും അറിയാവുന്നതുപോലെ' ബാല്‍മുകുന്ദ് പാണ്ഡെയെയും തനിക്ക് അറിയാമെന്ന് ഝാ പറഞ്ഞു. 'നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കരുത്, എന്നെ ജോലിക്കെടുത്തവരോടാണ് ചോദിക്കേണ്ടത്' എന്നും കൂട്ടിച്ചേര്‍ത്തു.

2023 ഏപ്രിലില്‍, ഐസിഎച്ച്ആര്‍ സ്വകാര്യ സ്ഥാപനത്തെ എങ്ങനെ നിയമിച്ചുവെന്ന് സിവിസി അന്വേഷിക്കുകയും ലോക്പാല്‍ പരാതിയിലെ ആരോപണം ഭാഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കാര്യക്ഷമവും സുതാര്യവും മല്‍സരാധിഷ്ഠിതവുമായ ബിഡ്ഡിംഗ് ഉറപ്പാക്കുന്ന സര്‍ക്കാരിന്റെ ഇമാര്‍ക്കറ്റ്‌പ്ലേസ് പോര്‍ട്ടലായ ജിഇഎമ്മില്‍ ലേലം വിളിക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് സ്ഥാപനത്തിന് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തി.റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കായി സ്വകാര്യ സ്ഥാപനത്തിന് ഐസിഎച്ച്ആര്‍ 89.18 ലക്ഷം രൂപ നല്‍കിയതായി വിവരാവകാശ മറുപടിയില്‍ പറയുന്നു.

2024 മെയ് മാസത്തില്‍, സ്ഥാപനത്തിലെ തട്ടിപ്പിന് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ വിജിലന്‍സ് തിരിച്ചറിഞ്ഞു: ധര്‍മേന്ദ്ര സിങ്, ഓം ജീ ഉപാധ്യായ, അന്നത്തെ മെംബര്‍ സെക്രട്ടറിയും ഇപ്പോള്‍ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ വൈസ് പ്രസിഡന്റുമായ രജനീഷ് കുമാര്‍ ശുക്ല.

സിവിസി കേസ് അവസാനിപ്പിച്ചതായി ഉപാധ്യായ പറഞ്ഞു. രേഖാമൂലമുള്ള ഒരു പ്രതികരണത്തില്‍, ഐസിഎച്ച്ആര്‍ സീനിയര്‍ മാനേജ്‌മെന്റിന് ജിഇഎം പോര്‍ട്ടലിനെക്കുറിച്ച് 'അവബോധത്തിന്റെ അഭാവം' മൂലമാണ് ഈ വീഴ്ച സംഭവിച്ചതെന്ന് ഉപാധ്യായ പറഞ്ഞു. 2024 സെപ്തംബറില്‍ ഉപാധ്യായ, ശുക്ല, ധര്‍മേന്ദ്ര എന്നിവരെ ശിക്ഷയില്ലാതെ വിട്ടയച്ചു.

കടപ്പാട്: സ്‌ക്രോള്‍

Next Story

RELATED STORIES

Share it