Big stories

തുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള്‍ ബിജെപി

തുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള്‍ ബിജെപി
X

ജോയ്ദീപ് സര്‍ക്കാര്‍

പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ തുളസി ചെടി രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്ര ചിഹ്നമായി മാറി. വീട്ടുമുറ്റങ്ങളിലെ തറകളില്‍ ഇരുന്ന തുളസിച്ചെടി ഇപ്പോള്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ബിജെപിയുടെ വിഭജന തന്ത്രത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ മത സ്വത്വരാഷ്ട്രീയത്തെയും ഭിന്നിപ്പിനെയും മുന്നിലേക്ക് കൊണ്ടുവന്നു. മധ്യ ബംഗാളിലെ മൊത്തബാരി (മാള്‍ഡ ജില്ല), സംഷേര്‍ഗഞ്ച് (മുര്‍ഷിദാബാദ് ജില്ല) മുതല്‍ വടക്കന്‍ ബംഗാളിലെ മതിഗര (ഡാര്‍ജിലിംഗ് ജില്ല), ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കടുത്തുള്ള മഹേഷ്തല (സൗത്ത് 24 പര്‍ഗാനാസ്) വരെ വ്യക്തമായ ക്രമത്തിലാണ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായിരിക്കുന്നത്.

എല്ലാ സംഘര്‍ഷങ്ങള്‍ക്കും മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ സ്വഭാവമുണ്ട്. മഹേഷ്തല സംഭവത്തിനുശേഷം ബിജെപി തുളസി ചെടിയെ തന്ത്രപരമായ പ്രതിഷേധ ചിഹ്നമാക്കി മാറ്റി. അതിന്റെ തൈകള്‍ രാഷ്ട്രീയ പ്രചാരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുര്‍ഷിദാബാദില്‍ സംഘര്‍ഷമുണ്ടായത്. പക്ഷേ, മഹേഷ്തലയിലെ പ്രകോപനം വളരെ നിസാരമായിരുന്നു. പഴക്കച്ചവടക്കാരനായ ശെയ്ഖ് ജുലേദ് ഈദ് ആഘോഷം കഴിഞ്ഞ് ജൂണ്‍ പതിനൊന്നിന് തന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വണ്ടിക്കട തുറക്കാന്‍ സ്ഥലത്തെത്തി. കടയ്ക്ക് മുന്നില്‍ ഒരു തുളസിത്തറയാണ് ജുലേദ് കണ്ടത്. ഇത് മാറ്റണമെന്ന് ജുലേദ് ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിന് കാരണമായി. വാക്കുതര്‍ക്കം അക്രമത്തിലേക്ക് വഴിമാറി. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കടകള്‍ക്ക് തീയിടുകയുമുണ്ടായി. പലതവണ പോലിസിനെ സമീപിച്ചെങ്കിലും നിയമപാലകരുടെ പ്രതികരണം മന്ദഗതിയിലും അപര്യാപ്തവുമായിരുന്നുവെന്ന് കടയുടമകളും പ്രദേശവാസികളും ആരോപിക്കുന്നു.


''രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ അക്രമം നടന്നു. കല്ലേറുണ്ടായി. സന്തോഷ്പൂര്‍ റോഡിലെ വീടുകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പോലിസ് സ്റ്റേഷന് തൊട്ടുമുന്നിലായിരുന്നു അക്രമങ്ങള്‍ നടന്നതെങ്കിലും വൈകുന്നേരം 4 മണിക്ക് ശേഷമാണ് പോലിസ് പുറത്തിറങ്ങിയത്.''-പ്രദേശത്തെ കടയുടമയായ അബ്ദുള്‍ മജീദ് പറഞ്ഞു.

'തുളസിത്തറ നശിപ്പിക്കുമ്പോള്‍ പോലും പോലീസ് മൗനം പാലിച്ചു. പഴക്കച്ചവടക്കാരനെ മുന്‍കൂട്ടി സ്ഥലം മാറ്റാമായിരുന്നു. നടപ്പാതകളില്‍ മതപരമായ കേന്ദ്രങ്ങള്‍ പണിയുന്നതും ശരിയല്ല.''-പ്രദേശത്തെ മറ്റൊരു കച്ചവടക്കാരനായ ബിനോയ് ധര്‍ പറഞ്ഞു.

നടപ്പാത കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള തര്‍ക്കം അക്രമികളായ നൂറുകണക്കിന് പേരെ അവിടെ കൂട്ടുമെങ്കില്‍ അത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാള്‍ഡയിലും മുര്‍ഷിദാബാദിലും നടന്ന അക്രമങ്ങളിലെ പോലെ മഹേഷ്തലയിലും പോലിസ് നിഷ്‌ക്രിയരായിരുന്നു. അക്രമം തടയാന്‍ കഴിവുള്ള പോലിസുകാര്‍ മണിക്കൂറുകള്‍ അക്രമങ്ങള്‍ നോക്കി നിന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയായ ഹരിമോഹന്‍ സിങ് എന്നയാളാണ് തുളസിത്തറ നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബ്രിജ് മോഹനാണ് അതിന് കാവല്‍ നിന്നത്. തൊട്ടടുത്തുണ്ടായിരുന്ന പോലിസ് എന്തുകൊണ്ട് ഇത് അനുവദിച്ചു എന്നും വ്യക്തമല്ല.

''പോലിസിന്റെ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ പങ്കും സ്ഥിതിഗതികളെ അങ്ങേയറ്റം വഷളാക്കി. സ്റ്റേഷന് മുന്നില്‍ ഇത്രയും ഗുരുതരമായ ഒരു പ്രവൃത്തി നടന്നിട്ടും പോലിസ് മൗനം പാലിച്ചു. അത് അംഗീകരിക്കാനാവില്ല. ഹരിമോഹന്‍ ഇത്രയും കാലം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം എങ്ങനെയാണ് അവര്‍ക്കൊപ്പം ചേര്‍ന്നതെന്ന് അറിയില്ല.''-തൃണമൂല്‍ കോണ്‍ഗ്രസിന്റെ മെതിയബ്രസ് എംഎല്‍എയായ അബ്ദുല്‍ ഖലീഖ് മൊല്ല പറഞ്ഞു.

ഇപ്പോള്‍ നേപ്പാളിലുള്ള ഹരിമോഹന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഘര്‍ഷ സാധ്യതയെക്കുറിച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഹരിമോഹന്‍ അവകാശപ്പെട്ടു.

''സംഘര്‍ഷം നടക്കുന്നതിന് ഒരു ദിവസം മുമ്പ്, ഞാന്‍ കുടുംബത്തോടൊപ്പം നേപ്പാളിലേക്ക് പോയി. എന്റെ വീടും കടയും നശിപ്പിക്കപ്പെട്ടതായി കേള്‍ക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഏകാദശി ദിനത്തില്‍ അവിടെ തുളസിത്തറ സ്ഥാപിക്കുമെന്ന് അറിയാമായിരുന്നു. പഴക്കച്ചവടക്കാരന്റെ വണ്ടി നീക്കം ചെയ്യുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. അവിടെ സംഘര്‍ഷമുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇക്കാര്യം പോലിസിനെയും പാര്‍ട്ടി നേതാക്കളെയും അറിയിച്ചു. ഇപ്പോള്‍ ഞാന്‍ കേസില്‍ കുടുങ്ങി.''-ഹരിമോഹന്‍ അവകാശപ്പെട്ടു.

വസ്ത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശമായ രബീന്ദ്രനഗറിലാണ് ആക്രമണങ്ങള്‍ നടന്നത്. മെതിയബ്രസ്-മഹേഷ് തല ബെല്‍റ്റിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ ന്യൂനപക്ഷങ്ങള്‍ ധാരാളമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവുമാണ് പ്രദേശം.

അക്രമങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലിസ് അന്വേഷണത്തില്‍ വെളിപ്പെട്ടു. ആര്‍എസ്എസ് നേതാവ് നബിന്‍ ചന്ദ്ര റോയും നാല് ആര്‍എസ്എസ് നേതാക്കളും അടക്കം 42 പേര്‍ അറസ്റ്റിലായി. രാമ നവമി അക്രമങ്ങളിലെ പ്രതിയാണ് നബിന്‍ ചന്ദ്ര റോയ്. ജൂണ്‍ 12ന് ബഡ്ജ് ബഡ്ജ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ സൂക്ഷിച്ചിരുന്ന സോഡിയം, അലുമിനിയം, ഫോസ്ഫറസ് പൗഡര്‍ കണ്ടെത്തി.

പോലിസിന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനപരമായ വീഴ്ചകള്‍ സംഭവിച്ചതായി ഡയമണ്ട് ഹാര്‍ബര്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് മിഥുന്‍ ദെ പറഞ്ഞു. ഒരു തീവ്ര മത സംഘടനയാണ് ഈ സംഭവം സൂക്ഷ്മമായി ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തുളസി ചെടികള്‍ വഹിച്ചുകൊണ്ട് ബിജെപി പ്രതീകാത്മക പ്രതിഷേധം നടത്തി. അതിനോട് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇങ്ങനെ പ്രതികരിച്ചു: ''ഒരു പഴക്കച്ചവടക്കാരന്‍ ഉത്സവം ആഘോഷിക്കാന്‍ വീട്ടില്‍ പോയി. അപ്പോള്‍ നിങ്ങള്‍ അവിടെ തുളസി ചെടി നട്ടു, നിങ്ങള്‍ അതിനെ അപമാനിച്ചോ? ഞങ്ങള്‍ ജഗന്നാഥ ഭഗവാനും കൃഷ്ണനും തുളസി അര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് തുളസി നടണമെങ്കില്‍, എന്തുകൊണ്ടാണ് സ്വന്തം വീട്ടില്‍ നടാത്തത്?''

മഹേഷ്തല സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്നിട്ടും പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ പോയ മജുംദാര്‍ ഒരു ചന്തയിലെ തുളസി ചെടി പരിശോധിച്ചു.

''മഹേഷ്തല, മുര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ജിഹാദികള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നു, ഭരണകക്ഷിയുടെ നിര്‍ദ്ദേശപ്രകാരം പോലിസ് നിശബ്ദ കാഴ്ചക്കാരായി തുടരുന്നു. ഹിന്ദുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ പോവുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ റൗഡികള്‍ ഞങ്ങളെ ആക്രമിക്കുന്നു,''-മജുംദാര്‍ ആരോപിച്ചു.

ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ ഉപകരണമായി ഹിന്ദുത്വ ഐഡന്റിറ്റി സൃഷ്ടിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് 2026ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് രൂപപ്പെടുന്നത്. 'ബിജെപി ഇപ്പോള്‍ തുളസി ചെടിയെ ചുറ്റിപ്പറ്റി നേരിട്ടുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമായതിനാലാണ് അതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് നരേന്ദ്ര മോദി മുതല്‍ സുവേന്ദു അധികാരി വരെയുള്ള ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തിന്റെ ഫലമാണ്.''- രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ബിശ്വനാഥ് ചക്രവര്‍ത്തി പറഞ്ഞു.

Next Story

RELATED STORIES

Share it