Big stories

വംശഹത്യയുടെ കാലത്തെ ഹോളോകോസ്റ്റ് ഓര്‍മകള്‍

വംശഹത്യയുടെ കാലത്തെ ഹോളോകോസ്റ്റ് ഓര്‍മകള്‍
X

ആമോസ് ഗോള്‍ഡ്‌ബെര്‍ഗ്

ഈ ലേഖനത്തില്‍ ഞാന്‍ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്ന ചോദ്യം ഇതാണ്: നാസി ജര്‍മനി ജൂതന്‍മാര്‍ക്കെതിരേ നടത്തിയ ഹോളോകോസ്റ്റിന്റെ ഓര്‍മകളെ തങ്ങളുടെ സ്വത്വത്തിന്റെ കേന്ദ്രഭാഗമായും ലോകത്തിന്റെ ധാര്‍മിക അനിവാര്യതയായും മാറ്റിയ ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും, പ്രത്യേകിച്ച് യുഎസും ജര്‍മനിയും, ഗസയില്‍ വംശഹത്യ നടത്തുമ്പോള്‍ പഴയ ഹോളോകോസ്റ്റ് ഓര്‍മയുടെ അര്‍ത്ഥമെന്താണ് ?


ഹോളോകാസ്റ്റ് പാശ്ചാത്യര്‍ക്ക് ഒരു സ്ഥാപക ഭൂതകാലമായി വര്‍ത്തിക്കുന്നുവെന്നും ഒരുപക്ഷേ അതിന് അപ്പുറമാണെന്നും 2012ല്‍ പുറത്തിറങ്ങിയ ഫൗണ്ടേഷണല്‍ പാസ്റ്റ്‌സ് എന്ന പുസ്തകത്തില്‍ ഇസ്രായേലി ചരിത്രകാരന്‍ അലോണ്‍ കോണ്‍ഫിനോ വാദിച്ചു. ചരിത്രം, ധാര്‍മിക മൂല്യങ്ങള്‍, പൊതുവായ മനുഷ്യസ്വഭാവം എന്നിവയെ വിലയിരുത്താനുള്ള ഭൂതകാലസംഭവം എന്ന നിലയിലാണ് അദ്ദേഹം സ്ഥാപക ഭൂതകാലത്തെ വിശദീകരിച്ചത്.

1980കള്‍ മുതല്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയുന്ന ലിബറല്‍ ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെ സേവിക്കാന്‍ ഹോളോകോസ്റ്റിനെ അവര്‍ ശക്തമായ ധാര്‍മിക, ചരിത്ര പ്രതീകമായി ഉപയോഗിച്ചു. ഹോളോകോസ്റ്റില്‍ നിന്ന് പഠിച്ച പാഠമായി ഈ മൂല്യങ്ങള്‍ പാലിക്കുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.

1985നും 2005നും ഇടയിലുള്ള രണ്ട് ദശകങ്ങളാണ് ഹോളോകോസ്റ്റ് ഓര്‍മകളുടെ രൂപീകരണത്തിലെയും ഏകീകരണത്തിലെയും പ്രത്യേകിച്ച് സ്ഥാപനവല്‍ക്കരണത്തിലെയും ഏറ്റവും പ്രധാനപ്പെട്ട വര്‍ഷങ്ങള്‍. ഈ വര്‍ഷങ്ങളില്‍, ഹോളോകോസ്റ്റ് വിഷയത്തിലെ മിക്ക പ്രധാന സ്ഥാപനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സ്ഥാപിക്കപ്പെട്ടു.

1985ല്‍ പുറത്തിറങ്ങിയ ക്ലോഡ് ലാന്‍സ്മാന്റെ 'ഷോഹ്' എന്ന സിനിമയുടെ റിലീസ്; 1986ലെ 'ഹോളോകോസ്റ്റ് ആന്‍ഡ് ജെനോസൈഡ് സ്റ്റഡീസ്' എന്ന ജേണലിന്റെ പ്രകാശനം; 1993ലെ വാഷിംഗ്ടണിലെ യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം, 1993ലെ 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്' സിനിമയുടെ റിലീസ്, 1998ലെ ഹോളോകോസ്റ്റ് വിദ്യാഭ്യാസം, അനുസ്മരണം, ഗവേഷണം എന്നിവയെക്കുറിച്ചുള്ള സഹകരണത്തിനായുള്ള അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ് (ഐടിഎഫ്) സ്ഥാപിക്കല്‍, ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ട ജൂതന്‍മാര്‍ക്ക് ബെര്‍ലിനില്‍ സ്മാരകം സ്ഥാപിക്കല്‍, ഇസ്രായേലില്‍ പുതിയ യാദ് വാഷെം മ്യൂസിയത്തിന്റെ ഉദ്ഘാടനം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമാണെന്ന് 2005ല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.

ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്

'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്'


യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍

യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍

യൂറോപ്യന്‍, പാശ്ചാത്യ സ്വത്വത്തിലെ ഒരു പ്രധാന ഘടകമായി ഹോളോകോസ്റ്റ് ഓര്‍മ കടന്നു വരുന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായിരുന്നു. ജൂതന്‍മാരെ പ്രത്യേകമായും യൂറോപിലെ മറ്റുള്ളവരെ വ്യത്യസ്ത രീതികളിലും ആ സംഭവങ്ങളുടെ ആഘാതങ്ങളും ഭാരവും ബാധിച്ചിരുന്നു. ശീതയുദ്ധത്തിന്റെ അവസാനം, ജര്‍മനിയുടെ ഏകീകരണം, യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളുമായും അത് ബന്ധപ്പെട്ടിരിക്കുന്നു.

തുടക്കം മുതല്‍ പ്രത്യേകിച്ച് 1990കളില്‍ ഉടനീളം പാശ്ചാത്യ രാജ്യങ്ങളിലെ ഹോളോകോസ്റ്റ് മെമ്മറി രണ്ട് വ്യത്യസ്ത വികാരങ്ങളാല്‍ നിറഞ്ഞിരുന്നു. 'ജനാധിപത്യപരം' അല്ലെങ്കില്‍ 'മനുഷ്യാവകാശാധിഷ്ഠിതം' എന്ന് ഞാന്‍ വിളിക്കുന്ന ഒരു വികാരമാണ് ആദ്യത്തേത്. ഹോളോകോസ്റ്റ് 'ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല' എന്ന മുദ്രാവാക്യത്തില്‍ ഈ വികാരം കാണാം. മനുഷ്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുക, ദേശീയതയെ നിയന്ത്രിക്കുക, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നിവയെയാണ് ഹോളോകോസ്റ്റില്‍ നിന്നുള്ള പാഠമായി ആദ്യ ധാര സ്വീകരിച്ചത്.

രണ്ടാമത്തെ വികാരം നാസിസത്തിന്റെ പ്രാഥമിക ഇരകളായ ജൂതന്മാരോടുള്ള സഹാനുഭൂതിയും അവരെ ആത്യന്തികമായ അന്യരായി കണ്ടുവെന്ന ധാരണയുമായിരുന്നു. ഈ രണ്ട് വികാരങ്ങളും ഹോളോകോസ്റ്റ് ഓര്‍മയിലും 'ഹോളോകോസ്റ്റ് പഠനങ്ങള്‍' എന്ന അക്കാദമിക് മേഖലയിലും ധാര്‍മിക ഊര്‍ജമായി നിറഞ്ഞു. അത് പ്രതിജ്ഞാബദ്ധരായ പ്രവര്‍ത്തകരെയും മികച്ച പണ്ഡിതന്മാരെയും ആകര്‍ഷിച്ചു.

എന്നിരുന്നാലും, തുടക്കം മുതല്‍ തന്നെ ഈ രണ്ട് വികാരങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ആദ്യ വികാരം സാര്‍വത്രികമായി കാണപ്പെട്ടു. രണ്ടാമത്തേത് ജൂതന്‍മാരില്‍ കേന്ദ്രീകരിച്ചു. ഈ രണ്ടു വികാരങ്ങളെയും അനുരഞ്ജിപ്പിക്കാന്‍ ഹോളോകോസ്റ്റ് ഓര്‍മ അനിവാര്യമായിരുന്നു, പ്രത്യേകിച്ച് ഇസ്രായേലിന്റെ പശ്ചാത്തലത്തില്‍. പ്രത്യേക സഹാനുഭൂതിയും പരിഗണനയും വേണ്ട ഹോളോകോസ്റ്റ് ഇരകളുടെ രാജ്യമായാണ് ഇസ്രായേലിനെ കണക്കാക്കിയത്. ഹോളോകോസ്റ്റില്‍ കലാശിച്ച യൂറോപ്യന്‍ ജൂതവിരുദ്ധതയോടുള്ള ആത്യന്തിക ധാര്‍മിക പ്രതികരണമായും അവര്‍ ഇസ്രായേലിനെ കണ്ടു.

എന്നിരുന്നാലും, ജനാധിപത്യ മനുഷ്യാവകാശ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ ഇസ്രായേലിന്റെ അധിനിവേശം കൂടുതല്‍ ആഴത്തിലായപ്പോള്‍, അത് ഒരു വര്‍ണവിവേചനമായി മാറിയപ്പോള്‍, ഫലസ്തീനികളുടെ നഖ്ബയുടെ ഓര്‍മ വീണ്ടും ഉയര്‍ന്നുവരുകയും ചെയ്തപ്പോള്‍, ഇസ്രായേല്‍ ജനാധിപത്യ വിരുദ്ധ രാഷ്ട്രമാണെന്നും അത് ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ഗുരുതരമായി ലംഘിക്കുന്നതായും കാണാനായി.

'ആഗോള' ഹോളോകോസ്റ്റ് ഓര്‍മ്മയുടെ സ്ഥാപനങ്ങളും കാഴ്ചപാടുകളും ഏകീകരിക്കപ്പെട്ടപ്പോള്‍ തന്നെ 1990കള്‍ ഓസ്‌ലോ കരാറുകളുടെ വര്‍ഷങ്ങളുമായിരുന്നു. ഫലസ്തീനികളുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമിക്കുന്ന, സമാധാനം തേടുന്ന രാജ്യമായി ഇക്കാലത്ത് ഇസ്രായേല്‍ കണക്കാക്കപ്പെട്ടു. അതിനാല്‍ തന്നെ വികാരങ്ങളിലെ വൈരുധ്യം സഹിക്കാവുന്നതായി തുടര്‍ന്നു. നോബെല്‍ സമ്മാനജേതാവും ഹോളോകോസ്റ്റ് അതിജീവിച്ചയാളുമായ എലീ വീസെലിന്റെ നിലപാടുകള്‍ അത് വെളിപ്പെടുത്തുന്നു. ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തില്‍, ലോകത്ത് മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനീതി തടയാന്‍ സൈനിക നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, ഇസ്രായേലിന്റെ കാര്യത്തില്‍ എലീ വീസെല്‍ വ്യത്യസ്തമായ നിലപാട് എടുത്തു. ഫലസ്തീനികളോട് ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങളോടുള്ള വിമര്‍ശനങ്ങളെ അദ്ദേഹം എതിര്‍ത്തു. എലി വീസെലിന്റെ ധാര്‍മിക ഭാവന ഫലസ്തീനില്‍ എത്തിയില്ലെന്നാണ് ഗവേഷകനായ ഹുസൈന്‍ ഇബിഷ് ചൂണ്ടിക്കാട്ടിയത്. '' എലീ വീസെലിന്റെ മാനവികതയ്ക്ക് അതിരുകളില്ലായിരുന്നു; സ്വന്തം ദേശീയതയെ കണ്ടുമുട്ടുന്നതു വരെ.''

2000ലെ മാറ്റങ്ങള്‍

ശക്തമായ ഹോളോകോസ്റ്റ് വ്യവഹാരങ്ങളുള്ള പാശ്ചാത്യ രാജ്യങ്ങളിലെ അക്കാദമിക് മേഖലയിലേക്കും പാശ്ചാത്യ സംസ്‌കാരത്തിലേക്കും ഒരു പുതിയ വ്യവഹാരം 2000ത്തില്‍ കടന്നുവരാന്‍ തുടങ്ങി. ഗ്ലോബല്‍ സൗത്തില്‍ നിന്ന് ഉയര്‍ന്നുവന്നതും യുഎസ് സര്‍വകലാശാലകളിലേക്ക് കടന്നുവന്നതുമായ പോസ്റ്റ് കൊളോണിയല്‍ വ്യവഹാരമാണത്. ഇത് തങ്ങളുടെ സംസ്‌കാരത്തെയും ചരിത്രത്തെയും കൂടുതല്‍ വിമര്‍ശനാത്മകമായി നോക്കിക്കാണാന്‍ പാശ്ചാത്യരെ പ്രേരിപ്പിച്ചു. അതിനാല്‍ ഈ വ്യവഹാരം ഒരു വിപ്ലവത്തിന് കാരണമായി.

ഹോളോകോസ്റ്റ് ചര്‍ച്ചയ്ക്കും പോസ്റ്റ് കൊളോണിയല്‍ ചര്‍ച്ചയ്ക്കുമിടയില്‍ പരിഹരിക്കപ്പെടാത്ത ഒരു പിരിമുറുക്കം വികസിച്ചു വന്നു. ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഈ പിരിമുറുക്കം ഒരു ഏറ്റുമുട്ടലിലേക്ക് എത്തി. യൂറോപ്പിലെ ആത്യന്തിക അന്യരുടെയും ഹോളോകോസ്റ്റ് ഇരകളുടെയും വാസസ്ഥലമായ ഇസ്രായേല്‍ ഹോളോകോസ്റ്റ് ചര്‍ച്ചകളില്‍ ഒരുതരം ധാര്‍മികവും അര്‍ധദൈവികപരവുമായ പദവി നിലനിര്‍ത്തി. എന്നാല്‍, പോസ്റ്റ് കോളോണിയല്‍ ചര്‍ച്ച സയണിസത്തിന്റെയും ഇസ്രായേല്‍ രാഷ്ട്രത്തിന്റെയും ക്രിമിനല്‍ കൊളോണിയല്‍ ഘടകങ്ങളെ ഉയര്‍ത്തിക്കാണിച്ചു, പ്രത്യേകിച്ചും സെറ്റ്‌ലര്‍ കൊളോണിയലിസത്തെ. ആദ്യം ബ്രിട്ടന്‍, പിന്നീട് യുഎസ് എന്നിവരുടെ പിന്തുണയോടെ യൂറോപ്യന്‍ ജൂതന്മാര്‍ ഫലസ്തീനിലെത്തി 1948 മുതല്‍ 1967 വരെയും ഇന്നുവരെയും തദ്ദേശീയ ഫലസ്തീന്‍ ജനതയെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്തുവെന്ന് അത് ചൂണ്ടിക്കാട്ടി. യൂറോപ്പിലെ ജൂതവിരുദ്ധതയുടെയും ഹോളോകോസ്റ്റിന്റെയും പ്രശ്‌നത്തിനുള്ള ധാര്‍മ്മിക പരിഹാരമായിട്ടല്ല, മറിച്ച് യൂറോപ്പിന്റെ കൊലപാതകപരവും നാടുകടത്തുന്നതുമായ വംശീയതയുടെ മൂര്‍ച്ചയുള്ള ലക്ഷണമായിട്ടാണ് ഇസ്രായേലിനെ അതുകണ്ടത്.

1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിനുശേഷം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ, സയണിസം ഒരു സാമ്രാജ്യത്വ, കൊളോണിയല്‍ പ്രതിഭാസമാണെന്ന് ഫലസ്തീനി ബുദ്ധിജീവികള്‍ മനസിലാക്കാന്‍ തുടങ്ങിയിരുന്നു. 2000ത്തിന്റെ തുടക്കത്തില്‍ രണ്ടാം ഇന്‍തിഫാദ തുടങ്ങിയപ്പോള്‍ ഈ കാഴ്ച്ചപ്പാട് യുഎസിലെ അക്കാദമിക് ലോകത്തിന്റെ ഹൃദയത്തിലും പാശ്ചാത്യ അക്കാദമിക് ലോകത്തിലും കൂടുതല്‍ വിശാലമായി പ്രവേശിച്ചു.


പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര വേദികളിലും ഇത് വേരൂന്നാന്‍ തുടങ്ങി. 2001 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ ഐക്യരാഷ്ട്രസഭ നടത്തിയ വംശീയതയ്‌ക്കെതിരായ ലോക സമ്മേളനം അതിലെ നിര്‍ണായക വഴിത്തിരിവായിരുന്നു.


രണ്ടാം ഇന്‍തിഫാദ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയ ആ സമ്മേളനം തങ്ങള്‍ക്കെതിരേ പാസാക്കാനിരുന്ന രൂക്ഷമായ ഔദ്യോഗിക പ്രമേയങ്ങള്‍ യുഎസിന്റെയും മറ്റു നിരവധി പാശ്ചാത്യരാജ്യങ്ങളുടെയും സഹായത്തോടെ ഇസ്രായേല്‍ തടഞ്ഞു. എന്നിരുന്നാലും, സമ്മേളനത്തിന്റെ ഭാഗമായി, സമാന്തരമായി നടന്ന മനുഷ്യാവകാശ സംഘടനകളുടെ സമ്മേളനത്തില്‍ ഇസ്രായേല്‍ അഭൂതപൂര്‍വവും രൂക്ഷവുമായ വിമര്‍ശനങ്ങള്‍ നേരിട്ടു. ഇസ്രായേല്‍ ഒരു ക്രിമിനല്‍ വര്‍ണവിവേചന രാഷ്ട്രമാണെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും കവരുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഗണത്തിലാണ് അത് ഉള്‍പ്പെടുന്നതെന്നും സമ്മേളനം അന്തിമമായി പ്രഖ്യാപിച്ചു. വംശീയ ഉന്മൂലനം, വംശഹത്യ, മനുഷ്യരാശിക്കെതിരായ വംശീയ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അത് ചെയ്യുന്നുണ്ടെന്നും സ്ഥാപിച്ചു. 1948 മുതല്‍ അഭയാര്‍ത്ഥികളായ ഫലസ്തീനികളെ തിരികെ കൊണ്ടുവരാനും അവരുടെ സ്വത്ത് പുനസ്ഥാപിക്കാനും നഷ്ടപരിഹാരം നല്‍കാനും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ണ്ണവിവേചന സൗത്ത് ആഫ്രിക്കക്കെതിരെ മുമ്പ് ഏര്‍പ്പെടുത്തിയ പോലെ സമഗ്രവും സമ്പൂര്‍ണവുമായ ബഹിഷ്‌കരണം ഇസ്രായേലിനെതിരെ പ്രഖ്യാപിക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.


ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍(9-11) ആക്രമിക്കപ്പെട്ടു. അതോടെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഭീകരതക്കെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ചു. അത് ചരിത്രത്തിന്റെ ഗതിയെ നാടകീയമായി മാറ്റിമറിച്ചു.


മനുഷ്യാവകാശങ്ങളുമായി അപ്പോഴും ബന്ധപ്പെട്ടിരുന്ന, ഹോളോകോസ്റ്റ് ചര്‍ച്ചകളെ കൂടുതല്‍ തീവ്രമാക്കുക എന്നതായിരുന്നു ഈ സംഭവവികാസങ്ങളോടുള്ള ഇസ്രായേലിന്റെ പ്രതികരണം. ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമായി ആചരിക്കുന്നതിനുള്ള 2005ലെ ഐക്യരാഷ്ട്രസഭ പ്രഖ്യാപനം ഒരു ഉദാഹരണമാണ്. ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമായ ലക്ഷ്യത്തോടെയാണ് അതിനുള്ള പ്രമേയം കൊണ്ടുവന്നത്. അന്ന് ഇസ്രായേലിന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി സംഘത്തിലെ അംഗവും പ്രമേയത്തിന്റെ ശില്‍പ്പിയുമായ റോണ്‍ ആദം പിന്നീട് അത് വെളിപ്പെടുത്തി: ഐക്യരാഷ്ട്രസഭയില്‍ പ്രബലമായി മാറിയ ഫലസ്തീന്‍ ആഖ്യാനത്തിന് ബദല്‍ കൊണ്ടുവരുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമത്രെ.

ഈ പ്രമേയത്തിന് സാര്‍വത്രികമായ സ്വഭാവമുണ്ടായിരുന്നു. ജൂതന്‍മാര്‍ എന്ന് ഒരിക്കല്‍ മാത്രമേ അത് പറയുന്നുള്ളൂ. ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ കുറിച്ച് പരാമര്‍ശമേയില്ല. എന്നാല്‍, അവകാശങ്ങള്‍, അവകാശം എന്നീ വാക്കുകള്‍ ഒമ്പതുതവണ ഉപയോഗിച്ചു. 1948ലെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം, വംശഹത്യ തടയല്‍ ഉടമ്പടി എന്നിവയെയാണ് പ്രമേയം കൂടുതല്‍ പരാമര്‍ശിച്ചത്. ഇസ്രായേലിനെ കുറിച്ച് പരാമര്‍ശിക്കാത്ത ഒരു സാര്‍വത്രിക പ്രഖ്യാപനമായിരുന്നു അത്. യുഎന്‍ അംഗരാജ്യങ്ങളുടെ വിശാല പിന്തുണ നേടുന്നതിനായാണ് അവര്‍ ചില വാക്കുകള്‍ ഉപയോഗിക്കാതിരുന്നത്. അന്തിമമായി നോക്കുകയാണെങ്കില്‍, സൂക്ഷ്മമായ വിശദാംശങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. വ്യക്തമായി പറഞ്ഞില്ലെങ്കില്‍ തന്നെയും അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തെ ആഗോള സമൂഹം സ്വാഭാവികമായി തന്നെ ജൂതന്‍മാരുമായും ഇസ്രായേലുമായും ബന്ധപ്പെടുത്തുമെന്നും അവര്‍ക്ക് അറിയാമായിരുന്നു, ആ ധാരണയില്‍ അവര്‍ ശരിയായി.

ഇസ്രായേലിനെതിരായ കടുത്ത വിമര്‍ശനങ്ങളെയും സയണിസത്തിനോടുള്ള എതിര്‍പ്പിനെയും ജൂതവിരുദ്ധത ആയി ചിത്രീകരിക്കാന്‍ ഈ പ്രക്രിയകള്‍ ഇസ്രായേലിനെയും അതിനെ പിന്തുണക്കുന്നവരെയും സഹായിച്ചു. 2016ല്‍ ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബറന്‍സ് അലയന്‍സ് (ഐഎച്ച്ആര്‍എ) ജൂതവിരുദ്ധതയെ നിര്‍വചിച്ചതോടെ ഈ പ്രക്രിയ അതിന്റെ ഉഛസ്ഥായിയില്‍ എത്തി. പല പാശ്ചാത്യരാജ്യങ്ങളും ആ നിര്‍വചനം സ്വീകരിച്ചു. ഈ നിര്‍വചനം, ഫലസ്തീനികളുടെ കൊളോണിയല്‍ വിരുദ്ധ വ്യവഹാരങ്ങളെ ജൂതവിരുദ്ധതയുടെ പ്രകടനമാക്കി ചിത്രീകരിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേല്‍ ഒരു വംശീയ രാഷ്ട്രമാണെന്ന അവകാശവാദം തന്നെ സെമിറ്റിക് വിരുദ്ധമായി കണക്കാക്കപ്പെടുന്നു. ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം ഔദ്യോഗികമായി നിഷേധിക്കുന്ന രാജ്യമാണ് ഇസ്രായേലെങ്കിലും ജൂതന്‍മാരുടെ സ്വയംനിര്‍ണയാവകാശത്തെ കുറിച്ച് പറയുന്നത് സെമിറ്റിക് വിരുദ്ധമാണ്.

ഈ നിര്‍വചനം അനുസരിച്ച് ഇസ്രായേലി നയങ്ങളെ നാസി നയങ്ങളുമായി താരതമ്യം ചെയ്യുന്നത് സെമിറ്റിക് വിരുദ്ധതയാണ്. എന്നാല്‍, ഇസ്രായേലി രാഷ്ട്രം സ്ഥാപിതമായതുമുതല്‍ ഫലസ്തീനികളെയോ അവരുടെ നേതാക്കളെയോ നാസികളുമായി താരതമ്യം ചെയ്യുന്നത് വളരെ സാധാരണമാണ്.

ഈ ആന്റി സെമിറ്റിക് നിര്‍വചനത്തെ വ്യവഹാരാത്മകമായ അയണ്‍ ഡോമെന്നാണ് ഇസ്രായേലി തത്വചിന്തകനായ ആദി ഓഫിര്‍ വിശേഷിപ്പിച്ചത്. ശക്തമായ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും രൂപപ്പെടുത്തി സ്ഥാപനവല്‍ക്കരിച്ച ഹോളോകോസ്റ്റ് ഓര്‍മ, ഇസ്രായേലിനെയും സയണിസത്തെയും വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അവരെ അധിനിവേശത്തിനും വര്‍ണ്ണവിവേചനത്തെയും പ്രാപ്തമാക്കുന്നതിനും ഫലസ്തീനികളുടെ നഖ്ബയെ കുറിച്ചുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ തടയുന്നതിനുമുള്ള സംവിധാനമായി മാറി. ഫലസ്തീന്‍ പ്രശ്‌നത്തിലെ ഭാവിയിലെ രാഷ്ട്രീയ പരിഹാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയെ ഇത് ചുരുക്കി. അങ്ങനെ ഹോളോകോസ്റ്റ് ഓര്‍മയുടെ സാര്‍വത്രികമായ മാനം ക്രമാനുഗതമായി ഇല്ലാതായി.

ഒക്ടോബര്‍ ഏഴും വംശഹത്യയും


ഫലസ്തീനികള്‍ 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണങ്ങള്‍ ഇസ്രായേലികളിലും മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി പേരിലും ഞെട്ടലും ആഘാതവും ഉളവാക്കി. ഈ ഘട്ടത്തില്‍, ഹോളോകോസ്റ്റ് ഓര്‍മയുടെ 'സാര്‍വത്രിക', 'പ്രത്യേക ജൂത' ഘടകങ്ങള്‍ തമ്മിലുള്ള വിള്ളല്‍ പരിഹരിക്കാനാവാത്ത ഒരു വിടവായി മാറി: ഒക്ടോബര്‍ 7ന് ശേഷം ഇസ്രായേലിനും അതിന്റെ കൊലപാതക യുദ്ധത്തിനും നിരുപാധിക പിന്തുണയായി രൂപാന്തരപ്പെട്ട 'ജൂത അനുകൂല' വികാരം, മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക വികാരത്തില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.

ഹോളോകോസ്റ്റ് ഓര്‍മ ഇസ്രായേലിനെതിരെ വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ഗസയിലെ വംശഹത്യയെ ന്യായീകരിക്കാനും അതില്‍ ഇസ്രായേലിനെ സജീവമായി സഹായിക്കാനും ഇസ്രായേലിനെതിരായ വിമര്‍ശനങ്ങളെ തടയാനും കാരണമായി.

സിബാംബ്‌വേ-അമേരിക്കന്‍ എഴുത്തുകാരിയായ സോ സമുദ്‌സി ചൂണ്ടിക്കാട്ടിയത് പോലെ, ഒക്ടോബര്‍ ഏഴിനെ ഇസ്രായേലും പാശ്ചാത്യരും രണ്ടാം ഹോളോകോസ്റ്റായി കണക്കാക്കി, ലോകത്തിലെ ശക്തമായ സൈന്യങ്ങളില്‍ ഒന്നുള്ള ഇസ്രായേലിനെ വീണ്ടും ആത്യന്തിക ഇരയായി കണ്ടു. ഒരു പുതിയ നാസി ഭീഷണിക്ക് മുന്നില്‍ ജൂതന്മാര്‍ നിസ്സഹായരായി നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഹോളോകോസ്റ്റിന് ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസമായിരുന്നു ഒക്ടോബര്‍ ഏഴെന്ന വ്യാപകമായി ആവര്‍ത്തിക്കപ്പെടുന്ന പ്രസ്താവന വസ്തുതാപരമായി ശരിയാണെങ്കിലും തെറ്റായ ഒരു സാമ്യം കെട്ടിപ്പടുക്കുന്നുണ്ട്. അതായത് ആ രണ്ട് സംഭവങ്ങള്‍ തുടര്‍ച്ചയാണെന്നും പരസ്പരം ബന്ധമുണ്ടെന്നുമുള്ള തെറ്റായ സാമ്യമാണ് അത് രൂപപ്പെടുത്തുന്നത്.

നാസികള്‍ക്കെതിരെയാണ് യുദ്ധം നടക്കുന്നതെന്ന് കരുതപ്പെടുന്നതിനാലും രണ്ടാം ഹോളോകോസ്റ്റ് തടയുന്നതിനായും ഒരിക്കല്‍ നിഷ്‌കളങ്കമായിരുന്ന (ഏകദേശം കപടമായ) ഹോളോകോസ്റ്റ് 'ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല' എന്ന വികാരം ക്രൂരവും അതില്‍ ആനന്ദം അനുഭവിക്കുന്നതും ആയിരിക്കുന്നു. ഫലത്തില്‍ അത് വീണ്ടും ഹോളോകോസ്റ്റ് നിര്‍ബന്ധമാക്കുന്നു. ഹോളോകോസ്റ്റ് ഓര്‍മ 'കൊല്ലരുത്' എന്ന കല്‍പ്പനയെ 'കൊല്ലണം!' എന്നതാക്കി മാറ്റുന്നു.

വംശഹത്യ, വംശീയ ഉന്മൂലനം, അമാനവവല്‍ക്കരണം, വംശീയത എന്നിവ ഇപ്പോള്‍ ഹോളോകോസ്റ്റിന്റെ പ്രാഥമിക പാഠമായി ന്യായീകരിക്കപ്പെടുകയും സാധാരണവല്‍ക്കരിക്കപ്പെടുകയും ചെയ്തു, പ്രത്യേകിച്ച് ഇസ്രായേല്‍, ജര്‍മ്മനി, യുഎസ് എന്നിവിടങ്ങളില്‍.

മറുവശത്ത്, ഹോളോകോസ്റ്റില്‍ നിന്ന് പഠിച്ചതായി കരുതപ്പെടുന്ന കേന്ദ്ര പാഠമായ 'ജൂതവിരുദ്ധതയ്‌ക്കെതിരായ പോരാട്ടം' ഇപ്പോള്‍ വംശഹത്യക്കെതിരായ വിമര്‍ശനം ഇല്ലാതാക്കുന്നതിനുള്ള കാരണമായും ജനാധിപത്യ സംവിധാനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായും മാറി. യുഎസിലെ സര്‍വകലാശാലകളില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഇത് മറ്റുപലസ്ഥലങ്ങളിലും വികസിച്ചുവരുന്നുണ്ട്. വംശഹത്യക്കെതിരായ പ്രതിഷേധങ്ങളെ ജൂതവിരുദ്ധമാക്കി ചിത്രീകരിച്ചാണ് ജര്‍മന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേക്കുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ലളിതമായ പ്രവര്‍ത്തനങ്ങള്‍ പോലും ജൂതവിരുദ്ധതയാണെന്ന് യൂറോപ്യന്‍ യൂണിയന്റെ ജൂതവിരുദ്ധതയെ ചെറുക്കുന്നതിനുള്ള കമ്മീഷണര്‍ കാതറീന വോണ്‍ ഷ്‌നര്‍ബെയിന്‍ അടുത്തിടെ അവകാശപ്പെട്ടു. അതേസമയം, ബുച്ചന്‍വാള്‍ഡ് പോലുള്ള ജര്‍മനിയിലെ മുന്‍ നാസി തടങ്കല്‍ പാളയങ്ങളിലെ സ്മാരക കേന്ദ്രങ്ങള്‍ കഫിയ, ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നത് തുടങ്ങിയവ സെമിറ്റിക് വിരുദ്ധമാണെന്ന് പറയുന്ന ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ആന്റണി ബ്ലിങ്കന്‍ 2022 ഫെബ്രുവരിയില്‍ വാഷിങ്ടണിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ പോയി മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്ത് രോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ വംശഹത്യയാണെന്ന് പ്രഖ്യാപിച്ചു. ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ ഹോളോകോസ്റ്റ് ഓര്‍മ ധാര്‍മിക ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതായി ബ്ലിങ്കന്‍ പറഞ്ഞു. അതിനാല്‍ ആണത്രെ അദ്ദേഹം മ്യൂസിയത്തില്‍ എത്തിയത്. ഹോളോകോസ്റ്റുമായുള്ള തന്റെ വ്യക്തിപരമായ ബന്ധവും ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി. ബ്ലിങ്കന്റെ മുത്തഛന്‍ ഹോളോകോസ്റ്റിന് ഇരയായി അതിജീവിച്ചയാളാണ്.

മ്യാന്‍മറിലെ വംശഹത്യയും അവിടെയുണ്ടായ നാശങ്ങളുടെയും കൊലപാതകങ്ങളുടെയും വ്യാപ്തിയും ഭയാനകമാണ്. എന്നാല്‍ ഗസയില്‍ നടക്കുന്നത് അതിലും മോശമാണെന്ന് തോന്നുന്നു, വംശഹത്യയുടെ തെളിവുകള്‍ വളരെ വ്യക്തമാണ്. എന്നിരുന്നാലും, ഹോളോകോസ്റ്റ് ഓര്‍മയോടുള്ള പ്രതിബദ്ധതയില്‍ നിന്ന്, ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്ന് പ്രഖ്യാപിക്കാന്‍ ബ്ലിങ്കന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ പ്രത്യക്ഷപ്പെടുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?. നേര്‍ വിപരീതമാണ് സത്യം. ലോകമെമ്പാടുമുള്ള നൂറുകണക്കിന്, ഒരുപക്ഷേ ആയിരക്കണക്കിന് ഹോളോകോസ്റ്റ് സ്മാരക സ്ഥാപനങ്ങളില്‍ ഏതാണ്ട് എല്ലാം ഗസയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് മൗനം പാലിച്ചു. മിക്ക ഹോളോകോസ്റ്റ് പണ്ഡിതന്മാരും അങ്ങനെ തന്നെ. ചില സ്ഥാപനങ്ങളും പണ്ഡിതന്മാരും ഇസ്രായേലിന്റെ പക്ഷം ചേര്‍ന്നിട്ടുണ്ട്.

മ്യാന്‍മറിനെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്യുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെങ്കിലും ഇസ്രായേലിനെയും ഹോളോകോസ്റ്റിനെയും താരതമ്യം ചെയ്യുന്നത് സെമിറ്റിക് വിരുദ്ധമായി കണക്കാക്കപ്പെടുന്നു. അമേരിക്കന്‍ ജൂത കമ്മിറ്റിയുടെ (എജെസി) നിലപാട് നോക്കാം:

''ഈ താരതമ്യങ്ങള്‍ കേവലം വഴിതെറ്റിയതോ അതിശയോക്തിപരമോ അല്ല... ഒരു വശത്ത്, അവര്‍ നാസി ക്രൂരതകളെ നിസാരവല്‍ക്കരിക്കുന്നു... മറുവശത്ത്, അവര്‍ ചരിത്രപരമായ റോളുകളെ മാറ്റിമറിക്കുന്നു, സമാനതകളില്ലാത്ത വംശഹത്യയുടെ ഇരകളായ ജൂതന്മാരെ ഇന്നത്തെ അടിച്ചമര്‍ത്തലുകാരായി ചിത്രീകരിക്കുന്നു... ഇത് ഫലത്തില്‍ ഓര്‍മയ്ക്കു നേരെയുള്ള ആക്രമണമാണ്...ഇത് ജൂതവിരുദ്ധതയുടെ വളര്‍ച്ചയാണ്....''

അങ്ങനെ, മുഖ്യധാരാ ഹോളോകോസ്റ്റ് ഓര്‍മ, വംശഹത്യാ പരിഹാരത്തിന്റെ ഭാഗമാകുന്നതിനുപകരം വംശഹത്യയുടെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. വംശഹത്യയ്ക്കും കൂട്ട അക്രമത്തിനും എതിരെ പോരാടാന്‍ സഹായിക്കുന്നതിന് പകരം അത് വംശഹത്യ നടപ്പാക്കുന്ന ഘടകമായി മാറിയിരിക്കുന്നു.

ഇന്ന്, ഇസ്രായേലിലും പാശ്ചാത്യ ലോകത്തുമുള്ള 'Never again' എന്ന പ്രയോഗത്തിന്റെ പ്രബലമായ രാഷ്ട്രീയ വ്യാഖ്യാനത്തിന് 1971ല്‍ പുറത്തിറങ്ങിയ റബ്ബി മെയര്‍ കഹാനെയുടെ 'Never again' എന്ന പുസ്തകത്തോടാണ് കൂടുതല്‍ സാമ്യം. നിലവിലെ ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ ആത്മീയ ഗുരുവാണ് റബ്ബി മെയര്‍ കഹാനെ.

ഇത്രയും പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കുകയാണ്. അമേരിക്കന്‍ ജൂതചരിത്രകാരിയായ ഷിറ ക്ലൈന്‍ ചൂണ്ടിക്കാട്ടിയത് പോലെ ഹോളോകോസ്റ്റ് ഗവേഷണത്തിലെയും സ്മാരക സ്ഥാപനങ്ങളിലെയും മുഖ്യധാര ഗസയിലെ വംശഹത്യയുമായി സഹകരിക്കുകയും അത് നടപ്പാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നത് സത്യമാണെങ്കിലും ഹോളോകോസ്റ്റ് പഠന മേഖല തന്നെ വളരെയധികം വികേന്ദ്രീകൃതമാണ്. ഗസയിലെ ഇസ്രായേലിന്റെ നടപടികളെക്കുറിച്ചുള്ള കൃത്യവും മൂര്‍ച്ചയുള്ളതുമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച റാസ് സെഗാള്‍, ഒമര്‍ ബാര്‍ട്ടോവ് തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ ഈ മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്, ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ അവര്‍ തിരിച്ചറിഞ്ഞു.

56 ഇസ്രായേലി പണ്ഡിതരുടെ ഒരു സംഘം 2024 ജനുവരിയില്‍ ഇസ്രായേലിന്റെ ഔദ്യോഗിക ഹോളോകോസ്റ്റ് അനുസ്മരണ അതോറിറ്റിയായ യാദ് വാഷെമിന് ഒരു കത്തയച്ചിരുന്നു. ഫലസ്തീനികളെ വംശഹത്യ നടത്തണമെന്ന ഇസ്രായേലി സമൂഹത്തിലെ ആഹ്വാനങ്ങളെ അപലപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. യാദ് വാഷെം അതിന് വിസമ്മതിച്ചു. ''വംശഹത്യക്കുള്ള വ്യക്തമായ ആഹ്വാനങ്ങളെ അപലപിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് യാദ് വാഷെം നിലനില്‍ക്കണം?'' എന്ന് അവസാനിക്കുന്ന ഒരു ലേഖനം അതിന് ശേഷം ഞാന്‍ ഹാരെറ്റ്‌സ് പത്രത്തില്‍ എഴുതി.

2024 ജനുവരിയില്‍ ഉന്നയിച്ച ഈ ചോദ്യം 2025 ജൂലൈയില്‍ 10 മടങ്ങ് കൂടുതല്‍ അടിയന്തിരവും പ്രധാനവുമാണ്. ലോകത്തിലെ എല്ലാ ഹോളോകോസ്റ്റ് ഓര്‍മ്മ സ്ഥാപനങ്ങളുടെയും വാതില്‍പ്പടിയില്‍ ഈ ചോദ്യം സ്ഥാപിക്കണം.

ഒരു സംയുക്ത ഫലസ്തീന്‍-ഇസ്രായേല്‍ ഓര്‍മ ബദലിനെ കുറിച്ച് ബഷീര്‍ ബഷീറും ഞാനും 2018ല്‍ സംയുക്തമായി എഡിറ്റ് ചെയ്ത ദി ഹോളോകോസ്റ്റ് ആന്‍ഡ് ദി നഖ്ബ: എ ന്യൂ ഗ്രാമര്‍ ഓഫ് ട്രോമ ആന്‍ഡ് ഹിസ്റ്ററി എന്ന പുസ്തകത്തില്‍ നിര്‍ദേശിച്ചു. പാശ്ചാത്യ, ഇസ്രായേലി മുഖ്യധാരാ ഹോളോകോസ്റ്റ് ഓര്‍മയെ 'സമത്വ ദ്വിരാഷ്ട്രവാദത്തിലേക്ക്' മാറ്റി നയിക്കുന്നതാണ് അത്. ഗസയില്‍ നടക്കുന്ന വംശഹത്യയും ഉള്‍പ്പെടുന്ന ഓര്‍മ ഇന്ന് എക്കാലത്തേക്കാളും അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ജര്‍മ്മനിയിലെ ജറുസലേം ഹീബ്രു സര്‍വകലാശാലയിലെ ഹോളോകോസ്റ്റ് ചരിത്ര വിഭാഗം പ്രൊഫസറാണ് ആമോസ് ഗോള്‍ഡ്‌ബെര്‍ഗ്.

Next Story

RELATED STORIES

Share it