Big stories

ഗ്യാന്‍വാപിക്ക് പിന്നാലെ മീനാ മസ്ജിദിലും അവകാശവാദം ഉന്നയിച്ച് ഹിന്ദു മഹാസഭ

കൃഷ്ണ ജന്മ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും,അതിനാല്‍ പള്ളി പൊളിച്ച് നീക്കണമെന്ന ആവശ്യവുമായി മഥുര സിവില്‍ കോടതിയില്‍ ഹരജി നല്‍കി.

ഗ്യാന്‍വാപിക്ക് പിന്നാലെ മീനാ മസ്ജിദിലും അവകാശവാദം ഉന്നയിച്ച് ഹിന്ദു മഹാസഭ
X

മഥുര:ഗ്യാന്‍വാപിക്ക് പിന്നാലെ മഥുരയിലെ മീനാ മസ്ജിദിലും അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ.കൃഷ്ണ ജന്മ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും,അതിനാല്‍ പള്ളി പൊളിച്ച് നീക്കണമെന്ന ആവശ്യവുമായി മഥുര സിവില്‍ കോടതിയില്‍ ഹരജി നല്‍കി.ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.ഹരജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.

ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദു മഹാസഭ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. മീനാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് അവകാശവാദം.മുഗള്‍ ഭരണാധികാരി ഔറംഗ്‌സീബ് കൃഷ്ണ ജന്മക്ഷേത്രം പൊളിക്കുകയായിരുന്നുവെന്നും അവിടെയാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നുമാണ് ദിനേശ് ശര്‍മയുടെ ആരോപണം.പിന്നീട്, ഔറംഗസേബിന്റെ പിന്‍ഗാമികള്‍ ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ മീന മസ്ജിദ് നിര്‍മ്മിക്കുകയായിരുന്നെന്നും ശര്‍മ ആരോപിച്ചു.കൃഷ്ണ ക്ഷേത്രത്തിന് ചുറ്റും കൈയ്യേറിയാണ് വടക്ക് ഭാഗത്ത് ഷാഹി ഈദ്ഗാഹും കീഴക്കന്‍ ഭാഗത്ത് മീനാ മസ്ജിദും നിര്‍മിച്ചതെന്നും,അവര്‍ ക്രമേണ ക്ഷേത്രഭൂമി മുഴുവന്‍ കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ശര്‍മ ആരോപിക്കുന്നു.

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് കോമ്പൗണ്ടില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് പരിപാലന കമ്മിറ്റി സമര്‍പ്പിച്ച ഹരജി വാരാണസി കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ഹരജിയുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്.


Next Story

RELATED STORIES

Share it