Big stories

ഹാഥ്‌റസ്: സ്വന്തം മകളാണെങ്കില്‍ ഇങ്ങിനെ ചെയ്യുമായിരുന്നോ? എഡിജിപിയോട് അലഹബാദ് ഹൈക്കോടതി

കുടുംബാംഗങ്ങളെ വീട്ടില്‍ പൂട്ടിയിടുകയും മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത പോലീസ് നടപടി മാനുഷികവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.

ഹാഥ്‌റസ്: സ്വന്തം മകളാണെങ്കില്‍ ഇങ്ങിനെ ചെയ്യുമായിരുന്നോ? എഡിജിപിയോട് അലഹബാദ് ഹൈക്കോടതി
X

ലഖ്നൗ: ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പോലീസ് സംസ്‌കരിച്ചത് ചോദ്യം ചെയ്ത അലഹബാദ് ഹൈക്കോടതി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടവും പോലീസും ഇതേമാര്‍ഗമാകുമോ അവലംബിക്കുക എന്ന് ചോദിച്ച കോടതി ജില്ലാ മജിസ്‌ട്രേറ്റിനെയും എഡിജിപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പ്രദേശത്തെ ക്രമസമാധാന പ്രശ്നം പരിഗണിച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം അന്നുതന്നെ സംസ്‌കരിച്ചതെന്ന് ജില്ലാ ഭരണകൂടവും പോലീസും പറഞ്ഞതാണ് കോടതിയെ പ്രകോപിപ്പിച്ചത്. 'നിങ്ങളുടെ സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംസ്‌കരിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കുമായിരുന്നോ ? എന്നാണ് എഡിജിപി പ്രശാന്ത് കുമാറിനോട് കോടതി ചോദിച്ചത്. 'പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബാംഗമാണെങ്കില്‍ എന്തുചെയ്യും? ശവസംസ്‌കാരം ഇതേ രീതിയില്‍ തന്നെയാണോ നിങ്ങള്‍ നടത്തുക?' എന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാറിനോടും ആരാഞ്ഞു. മൃതദേഹം പുലര്‍ച്ചെ സംസ്‌കരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞപ്പോഴാണ് കോടതി അദ്ദേഹത്തോട് സ്വന്തം മകളാണെങ്കില്‍ ഇങ്ങിനെ ചെയ്യുമോ എന്ന് ചോദിച്ചത്.

ഹാഥ്റസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമ്പോള്‍ തന്നെ വിഷയം അതീവഗൗരവമുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. കുടുംബാംഗങ്ങളെ വീട്ടില്‍ പൂട്ടിയിടുകയും മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത പോലീസ് നടപടി മാനുഷികവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെ 1995-ലെ ഉത്തരവ് പരാമര്‍ശിച്ച കോടതി ഭരണഘടന അനുച്ഛേദം 21 പ്രകാരം ജീവിക്കാനുളള അവകാശത്തിനൊപ്പം തന്നെ അന്തസ്സോടെയിരിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. മൃതദേഹത്തോട് ആദരവോടെ പെരുമാറണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട് - കോടതി പറഞ്ഞു. കേസ് നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it