Big stories

ഗ്യാന്‍വാപി മസ്ജിദ് കേസ്: ഹിന്ദു സ്ത്രീകളുടെ ഹരജി നിലനില്‍ക്കുമെന്ന് വാരാണസി കോടതി

ഗ്യാന്‍വാപി മസ്ജിദ് കേസ്: ഹിന്ദു സ്ത്രീകളുടെ ഹരജി നിലനില്‍ക്കുമെന്ന് വാരാണസി കോടതി
X

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ ആരാധനാനുമതി ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് വാരാണസി കോടതി. ഹരജി തള്ളണമെന്നാവശ്യപ്പെട്ട് അഞ്ജുമാന്‍ ഇസ് ലാമിയ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ അപേക്ഷ കോടതി തള്ളി. അഞ്ച് സ്ത്രീകള്‍ നല്‍കിയ കേസ് ആരാധനാലയ നിയമമോ വഖഫ് നിയമമോ ലംഘിക്കുന്നതല്ലെന്ന് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിട്ടു.

ഹിന്ദു വിശ്വാസികളുടെ ഹരജിയില്‍ വാരണാസി കോടതി വിശദമായ വാദംകേള്‍ക്കും.

ഹിന്ദു സമുദായത്തിന്റെ വിജയമാണെന്ന് ഹിന്ദു സ്ത്രീകളുടെ ട അഭിഭാഷകന്‍ സോഹന്‍ ലാല്‍ പ്രതികരിച്ചു.

ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കും. വിധിക്കെതിരേ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിക്കും.

കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭിത്തിയില്‍ മാ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശമാണ് ഹരജിക്കാര്‍പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു ആരാധകരുടെ ആവശ്യം ആരാധനാലയ നിയമം, 1991ന് എതിരാണെന്നായിരുന്നു ഗ്യാന്‍വാപി മസ്ജിദ് ഭരണസമിതിയായ അഞ്ജുമാന്‍ കമ്മിറ്റിയുടെ വാദം. ഇരുകക്ഷികളുടെയും വാദം കഴിഞ്ഞ മാസം തന്നെ കോടതി കേട്ടിരുന്നു.

ഇപ്പോഴത്തെ മസ്ജിദ് പരിസരം ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നെന്നും മുഗള്‍ ഭരണാധികാരി ഔറംഗസേബ് അത് പൊളിച്ചുമാറ്റി മസ്ജിദ് പണിയുകയായിരുന്നെന്നാണ് ഹരജിക്കാരുടെ വാദം.

ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജികള്‍ നിലനില്‍ക്കുമോയെന്ന തര്‍ക്കത്തിനാണ് ഇന്ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. മസ്ജിദ് കമ്മിറ്റിയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. വാദം കേള്‍ക്കുന്നത് വരെ മേഖലയില്‍ തല്‍സ്ഥിതി തുടരാനായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. സര്‍വേ റിപ്പോര്‍ട്ടില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, വാരണാസി ജില്ലാ കോടതി വിധി പറയുന്നതിനെത്തുടര്‍ന്ന് ഇന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലിസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ പോലിസ് പട്രോളിങ് തുടരുകയാണ്. വാരണാസി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ ഹോട്ടലുകളും അതിഥി മന്ദിരങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍, ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്താണെന്ന് വാദിച്ച അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റി ഹരജിയെ ചോദ്യം ചെയ്തു. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു പക്ഷത്തെ അഭിഭാഷകന്‍ വാദിച്ചു. സുപ്രിംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജില്ലാ കോടതി കേസ് പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it