Big stories

വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുത്, പോലിസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുത്, പോലിസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി
X

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസ്സപ്പെടാതിരിക്കാന്‍ പോലിസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാമെന്നല്ലാതെ, അതിന്റെ മറവില്‍, പദ്ധതി തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രോജക്ട് സൈറ്റില്‍ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പോലിസിന് സംരക്ഷണം കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിര്‍മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാര്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പോലിസ് കാഴ്ചക്കാരായി നിന്നെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സമരത്തിന്റെ പേരില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

അതേസമയം ഗര്‍ഭിണികളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മാണം അനുവദിക്കില്ലെന്നുമാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികര്‍ വാദിച്ചത്.

ഇതിനിടെ, വിഴിഞ്ഞത്ത് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5,500 രൂപ വീട്ടുവാടക നല്‍കാന്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ലാറ്റ് നിര്‍മിക്കും. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 5,500 രൂപ സര്‍ക്കാര്‍ നല്‍കും. മുട്ടത്തറയില്‍ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയില്‍ സമയബന്ധിതമായി ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിധി മാനിക്കുന്നുവെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര പ്രതികരിച്ചു. ഇത് അന്തിമ വിധിയല്ലെന്നും പോരാട്ടം തുടരുമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.

Next Story

RELATED STORIES

Share it