Big stories

ഗസ:ഇസ്രായേലിന്റെ മിഥ്യാധാരണകളുടെ ശവക്കുഴി

ഗസ:ഇസ്രായേലിന്റെ മിഥ്യാധാരണകളുടെ ശവക്കുഴി
X

റംസി ബറൂദ്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്ലൊരു സെയില്‍സ്മാനാണ്, വില്‍ക്കുന്ന ഉല്‍പ്പന്നത്തിന് വലിയ പിഴവുകളുണ്ടെന്ന് മാത്രം. താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന വലിയ തിരിച്ചടികള്‍ക്കിടയിലും എതിരാളികള്‍ക്കെതിരായ തന്ത്രപരമായ യുദ്ധത്തില്‍ വിജയിക്കുന്നുണ്ടെന്ന് തന്നെ തന്നെയും ജൂതന്‍മാരെയും പശ്ചിമേഷ്യയെയും ലോകത്തെയും വിശ്വസിപ്പിക്കുക എന്നതാണ് അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി.

ഇസ്രായേലിലെ മുന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍, വ്യത്യസ്ത രീതിയില്‍ പറയുമ്പോഴും അടിസ്ഥാനപരമായി ഇതേ നിഗമനത്തില്‍ തന്നെയാണ് എത്തുന്നത്. നെതന്യാഹുവിനെ അവര്‍ മഹാനായ അടവുകാരന്‍ എന്നാണ് വിളിക്കുന്നത്, മഹാനായ തന്ത്രജ്ഞന്‍ എന്നല്ല.

പശ്ചിമേഷ്യയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നെതന്യാഹുവിന്റെ ഗംഭീരവും എന്നാല്‍ പൊള്ളയായതുമായി പ്രഖ്യാപനങ്ങളിലൊന്ന് വിശദീകരിക്കുന്ന ലേഖനത്തിന് സിഎന്‍എന്‍ നല്‍കിയ തലക്കെട്ട് ഇങ്ങനെയാണ്. ''അവസാന ഘട്ടം എന്നത്തേയും പോലെ വ്യക്തമല്ല''

നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര സഖ്യകക്ഷികളും യാഥാര്‍ത്ഥ്യത്തെ ധിക്കരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. പശ്ചിമേഷ്യയിലെ കളിയുടെ അവസാനഘട്ടം വ്യക്തമാണെന്ന് അവര്‍ വിശ്വസിക്കുന്നു, അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.

ഗംഭീരമായ ഒരു സൈനികതന്ത്രത്തിലാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് അഭിപ്രായപ്പെടുന്നത്. അതായത്, സിറിയയുടെ തകര്‍ച്ച, ലബ്‌നാനിലെ ഹിസ്ബുല്ലയുടെ പരാജയം, ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കല്‍, ഹമാസിനെ ഗസയില്‍ നിന്നും പുറത്താക്കല്‍, ഗസയിലെ ആയിരക്കണക്കിന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് നാടുകടത്തല്‍ എന്നിവ സംഭവിക്കുമെന്നാണ് സ്‌മോട്രിച്ച് പറയുന്നത്.

ഇസ്രായേല്‍ കൂടുതല്‍ ശക്തവും സമ്പന്നവുമായി മാറുമെന്നാണ് ഏപ്രില്‍ അവസാനം സ്‌മോട്രിച്ച് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ നെതന്യാഹു അവതരിപ്പിച്ച പട്ടികയുമായി അടുത്തുവരുന്നതാണ് സ്‌മോട്രിച്ചിന്റെ ആഗ്രഹ പട്ടികയും.

എന്നിരുന്നാലും അടിയന്തര രാഷ്ട്രീയ നേട്ടങ്ങള്‍ വേണ്ട നെതന്യാഹു, ഭാവി ലക്ഷ്യങ്ങളേക്കാള്‍ കൂടുതലായി നിലവിലെ 'നേട്ടങ്ങളെ' കുറിച്ചാണ് കൂടുതല്‍ സംസാരിച്ചത്. ശത്രുക്കളെ ഇതിനകം മുട്ടുകുത്തിച്ചെന്നും സിറിയന്‍ സൈന്യത്തിന്റെ ശേഷി നശിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഭ്യന്തര യുദ്ധത്തില്‍ വലഞ്ഞ, ഇസ്രായേലുമായി നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടാത്ത സിറിയക്കെതിരെ ഡിസംബറില്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ കുറിച്ചാണ് ഈ പറയുന്നത്. അതായത്, യഥാര്‍ത്ഥ യുദ്ധമില്ലെങ്കിലും ഒരു വലിയ യുദ്ധത്തില്‍ ജയിച്ചതായി സ്വയം പ്രഖ്യാപിച്ചു.

വളരെ അപൂര്‍വ്വമായി മാത്രമേ ഇസ്രായേലിലെ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഇത്രയും തുറന്ന ഭാഷയില്‍ പറയാറുള്ളൂ. യുദ്ധം, കൊളോണിയല്‍ വ്യാപനം, വംശഹത്യ എന്നിവയെ പാശ്ചാത്യ രാജ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സ്വീകാര്യമായ പദപ്രയോഗങ്ങളിലൂടെയാണ് അവര്‍ അവതരിപ്പിക്കാറ്. അതായത്, ആക്രമണത്തെ ആത്മരക്ഷയായും അനധികൃത കോളനി നിര്‍മാണത്തെ സംരക്ഷണപദ്ധതിയായും അവതരിപ്പിക്കലാണ് പതിവ്.

എന്നാല്‍, അടുത്തിടെയായി ഇസ്രായേലില്‍ നിന്നും ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ വ്യത്യസ്തമായ സ്വരമാണുണ്ടാക്കുന്നത്. വിവിധ ലോകരാജ്യങ്ങള്‍ ബഹിഷ്‌കരിക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുകയും ചെയ്യുന്ന വ്യക്തികളാല്‍ നയിക്കപ്പെടുന്ന ഇസ്രായേല്‍ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മൂടിവയ്ക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതരാവുന്നില്ലെന്ന് പറയുന്നവരുണ്ട്. ഒറ്റനോട്ടത്തില്‍ ശരിയാണെന്നു തോന്നിയാലും അത് ശരിയല്ല, ഗസയിലെ ഫലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ ഇസ്രായേല്‍ ഇപ്പോള്‍ കൂടുതല്‍ യുക്തിസഹമായ എന്തെങ്കിലും ന്യായീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്, അത് എത്ര ദുര്‍ബലമായ ന്യായീകരണമാണെങ്കിലും.

തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തത്തെ കുറിച്ച് ആശങ്കാകുലരല്ലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസുകള്‍ വാദിക്കാനായി ഇസ്രായേല്‍ ഗണ്യമായ സമയവും വിഭവങ്ങളും ചെലവഴിക്കില്ലായിരുന്നു. ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത സൈനികരെ സംരക്ഷിക്കാനായി യാത്രാ മുന്നറിയിപ്പുകള്‍ നല്‍കിയതും അവരുടെ വിവരങ്ങള്‍ മറച്ചുവക്കുന്നതും ഓര്‍ക്കണം.

നേട്ടങ്ങളെ കുറിച്ചുള്ള അവരുടെ ഊതിപ്പെരുപ്പിച്ച രാഷ്ട്രീയ വാചാടോപങ്ങളും പ്രഖ്യാപനങ്ങളും പശ്ചിമേഷ്യയിലെ പ്രധാന കളിക്കാര്‍ തങ്ങളാണെന്ന പ്രതിഛായ നിലനിര്‍ത്താനുള്ള ഭ്രാന്തമായ പ്രചാരണത്തിന്റെ ഭാഗമാണ്.

ഭ്രാന്തമായ ഈ പ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യം ഗസയിലെ ജനങ്ങളുടെ പ്രതിരോധം തുറന്നുകാട്ടുന്നുണ്ട്. നിരന്തരമായി വംശഹത്യക്കിരയായ, പട്ടിണിക്കാരായ ജനങ്ങള്‍ ജീവിക്കുന്ന, പൂര്‍ണമായും തകര്‍ന്ന ചെറിയ ഗസയെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. റഫയിലേക്കോ ഖാന്‍ യൂനിസിലേക്കോ നൂറു മീറ്റര്‍ മുന്നോട്ടു പോവാന്‍ പോലും ഇസ്രായേല്‍ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ഗസ മുനമ്പില്‍ വലിയ തോതില്‍ ആക്രമണം നടത്താന്‍ ആളെ കിട്ടാന്‍ അവര്‍ പാടുപെടുകയാണ്.

എന്നിരുന്നാലും, ഇസ്രായേലിന്റെ ഉദ്ദേശ്യങ്ങളും അവ സാക്ഷാത്കരിക്കുന്നതിലെ പരാജയവും തമ്മില്‍ വേര്‍തിരിച്ചറിയണം. പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കണം എന്ന ആഗ്രഹം ഇസ്രായേലിന്റെ പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാം. അവരുടെ പ്രാദേശിക അഭിലാഷങ്ങള്‍ വിശദീകരിക്കുന്ന ഒരു രേഖ തന്നെയുണ്ട്. '' ക്ലീന്‍ ബ്രേക്ക്; സാമ്രാജ്യം സുരക്ഷിതമാക്കാനുള്ള പുതിയ തന്ത്രം'' എന്നാണ് ഈ രേഖയുടെ പേര്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്ത അനുയായിയും നവ യാഥാസ്ഥിതികനുമായ റിച്ചാര്‍ഡ് പെര്‍ലെ 1996ല്‍ തയ്യാറാക്കിയ രേഖയാണിത്. ക്രി.ശേ 2000 മുതല്‍ നടപ്പാക്കാനുള്ള പദ്ധതികളാണ് ഇതില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

'സമഗ്ര സമാധാനം' എന്ന ആശയത്തെ തള്ളിക്കളയുകയും കടുത്ത നയങ്ങളിലേക്ക് ഇസ്രായേലിനെ എത്തിക്കലുമായിരുന്നു ഈ രേഖയുടെ ലക്ഷ്യം. സിറിയ, ലബ്‌നാന്‍, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഭീഷണികളെ പിന്തള്ളുക എന്ന പേരില്‍ ഇത് ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.

യുഎസ് ഭരണകൂടം 2003ല്‍ ഇറാഖില്‍ നടത്തിയ അധിനിവേശം ഈ ലക്ഷ്യങ്ങളില്‍ ചിലത് നേടാനുള്ള സുവര്‍ണാവസരം ഇസ്രായേലിന് നല്‍കി. എന്നിരുന്നാലും ലക്ഷ്യമിട്ടതായിരുന്നില്ല ആത്യന്തിക ഫലം.

ഇതുവരെയുള്ള എല്ലാ ഇസ്രായേലി നേതാക്കളേക്കാളും മികച്ച നേതാവായി മാറണമെന്ന ആഗ്രഹമുള്ള നെതന്യാഹു ഗസയില്‍ സൈന്യവും ഇന്റലിജന്‍സും നേരിട്ട പരാജയങ്ങളില്‍ അപമാനിതനായിട്ടുണ്ട്. ഇതും അസംതൃപ്തരായ ഇസ്രായേലി പൊതുജനങ്ങളുടെ പ്രതികരണവും തന്റെ പാരമ്പര്യം നശിപ്പിക്കുമെന്ന് അദ്ദേഹത്തിന് അറിയാം.

അങ്ങനെ, വ്യത്യസ്ത സാഹചര്യമായിട്ടു കൂടിയും റിച്ചാര്‍ഡ് പെര്‍ലെയുടെ പഴയതന്ത്രം നെതന്യാഹു വീണ്ടും പ്രയോഗിക്കുകയാണ്. 'രാജ്യം സുരക്ഷിതമാക്കുക'' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ഇസ്രായേല്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അതിന് വലിയ സൈനിക ശക്തിയുണ്ടെന്നും നെതന്യാഹു രൂപീകരിച്ചെടുത്ത പശ്ചിമേഷ്യയിലെ കുറഞ്ഞ പങ്ക് അംഗീകരിക്കാന്‍ ഇസ്രായേലിന്റെ എതിരാളികള്‍ തയ്യാറാണെന്നുമാണ്.

എന്നാല്‍, മിടുക്കനായ സെയില്‍സ്മാനോ മഹാനായ അടവുകാരനോ ദുഷ്‌പേരുള്ള സൈന്യത്തിനോ വംശഹത്യയെ വിജയമായി വില്‍ക്കാനോ തന്ത്രപരമായ വിജയം നേടാനോ കഴിയില്ല.

യഥാര്‍ത്ഥവും ശാശ്വതവുമായ വിജയം നേടുന്നതില്‍ ഇസ്രായേല്‍ വ്യക്തമായി പരാജയപ്പെട്ടു. ഫലസ്തീനില്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കുക എന്നത് മാത്രമാണ് ഇനി അവര്‍ക്ക് മുന്നിലുള്ള വ്യക്തമായ മാര്‍ഗം. ഇസ്രായേലിന്റ തന്ത്രങ്ങളില്‍ നിന്നും അവരുടെ കൂടുതല്‍ യുദ്ധമുന്നണികളില്‍ നിന്നും സാങ്കല്‍പ്പിക യുദ്ധ വിജയങ്ങളില്‍ നിന്നും പശ്ചിമേഷ്യ മുക്തമായാല്‍ യഥാര്‍ത്ഥ സ്ഥിരതയും സമാധാനവും സമൃദ്ധിയും ഉണ്ടാവും.


Next Story

RELATED STORIES

Share it