Big stories

''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് '' ഇസ്രായേലിന്റെ സൈനിക പതനം

ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക്  ഇസ്രായേലിന്റെ സൈനിക പതനം
X

ജെറിമി സോള്‍ട്ട്

1967ലെ ആറ് ദിവസത്തെ യുദ്ധം മധ്യപൂര്‍വേഷ്യന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു. വളരെ വലിയ ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍ ഒരു ചെറിയ രാഷ്ട്രം യുദ്ധത്തിലേക്ക് പോയി. ഫലസ്തീന്‍ മുഴുവന്‍ അതിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. ശത്രുക്കള്‍ക്കെതിരായ 'മുന്‍കൂട്ടിയുള്ള ആക്രമണം' എന്ന ഇസ്രായേലിന്റെ അവകാശവാദം ഒരു നുണയായിരുന്നു. ഇസ്രായേല്‍ യുദ്ധത്തിലേക്ക് പോകാന്‍ ആഗ്രഹിച്ചു. ജനറല്‍മാരെ പിന്തിരിപ്പിക്കാന്‍ പ്രയാസമായിരുന്നു.

ഈജിപ്തിനെയും സിറിയയെയും മുന്നറിയിപ്പില്ലാതെ ആക്രമിച്ച ഇസ്രായേല്‍ ഇരു രാജ്യങ്ങളുടെയും വ്യോമശക്തി നശിപ്പിച്ചു. വിമാനത്താവളത്തില്‍ വെറുതെ കിടന്ന വിമാനങ്ങള്‍ എളുപ്പമുള്ള ലക്ഷ്യങ്ങളായി. ഈജിപ്ഷ്യന്‍ സൈന്യം സിനായിലും സിറിയന്‍ സൈന്യം ഗോലാനിലും ധീരമായി പോരാടിയെങ്കിലും വ്യോമ പിന്തുണയില്ലാത്തതിനാല്‍ നിരാശരായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം അവസാനിച്ചു.

1967ന് ശേഷം ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം ലബ്‌നാനിലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ താവളങ്ങളായിരുന്നു. 1967നും 2000നും ഇടയില്‍, ശിയാകള്‍ താമസിക്കുന്ന തെക്കന്‍ ലബ്‌നാനിലേക്ക് ഇസ്രായേല്‍ ആയിരക്കണക്കിന് ആക്രമണങ്ങള്‍ നടത്തി. 1982ലെ അധിനിവേശത്തിനുശേഷം ലിറ്റാനി നദി വരെ തെക്കന്‍ ലബ്‌നാന്‍ കൈവശപ്പെടുത്തിയ അവര്‍, നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി ദക്ഷിണ ലബ്‌നാന്‍ സൈന്യത്തെ (എസ്എല്‍എ) സൃഷ്ടിച്ചു. മാരോണൈറ്റ് ക്രിസ്ത്യാനികള്‍ അംഗമായ എസ്എല്‍എ ക്രൂരതയുടെ പര്യായമായി മാറി. 2000ല്‍ ഇസ്രായേല്‍ തെക്കന്‍ ലബ്‌നാനില്‍ നിന്ന് പിന്‍വാങ്ങുകയും എസ്എല്‍എ തകരുകയും ചെയ്തതോടെ ഖിയാമിലെ അതിന്റെ കുപ്രസിദ്ധമായ 'ജയില്‍ ക്യാമ്പ്' പീഡനത്തിന്റെ സ്മാരകമാക്കി മാറ്റി.

ഇസ്രായേല്‍ പലതവണ മറ്റ് രാജ്യങ്ങളെ ആക്രമിച്ചു, മിക്കപ്പോഴും സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, ടുണീഷ്യ എന്നിവയെയും ആക്രമിച്ചു. 1985 ഒക്ടോബര്‍ 1ന് ടുണീഷ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവര്‍ 100ഓളം ഫലസ്തീനികളെയും ടുണീഷ്യക്കാരെയും കൊന്നൊടുക്കി. 1988 ഒക്ടോബര്‍ 1ന് ഇസ്രായേലി കമാന്‍ഡോകള്‍ ടുണീഷ്യയില്‍ പോയി പിഎല്‍ഒ നേതാവ് അബു ജിഹാദിനെ (ഖലീല്‍ അല്‍-വാസിര്‍) കൊലപ്പെടുത്തി.

1967ല്‍ ഈജിപ്തിനും സിറിയയ്ക്കും നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ 2025ല്‍ ഇറാനെ ആക്രമിച്ചു. ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ഈ സംഭവങ്ങള്‍ക്കിടയിലുള്ള യുദ്ധങ്ങളുടെയും പ്രധാന ഇസ്രായേലി ആക്രമണങ്ങളുടെയും മറ്റു സംഭവങ്ങളുടെയും സംഗ്രഹം താഴെക്കൊടുക്കുന്നു.

1968 മാര്‍ച്ച് 2: കരാമെ യുദ്ധം

1968 മാര്‍ച്ച് രണ്ടിന് ജോര്‍ദാനിയന്‍ പട്ടണമായ കരാമെയിലെ ഫലസ്തീന്‍ താവളത്തില്‍ ഹെലികോപ്റ്ററുകളുടെയും യുദ്ധവിമാനങ്ങളുടെയും പിന്തുണയോടെ ഇസ്രായേലി കരസേന ആക്രമണം നടത്തി. ജോര്‍ദാന്‍ സൈന്യത്തിന്റെ പീരങ്കി യൂണിറ്റുകളും ശക്തമായ പ്രത്യാക്രമണം നടത്തി. തങ്ങളുടെ 33 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രായേലി സൈന്യം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി. അജയ്യരെന്ന് അറിയപ്പെടുന്ന ഇസ്രായേലി സൈന്യത്തെ പ്രതിരോധിച്ചതിനാല്‍ ഈ സംഭവം വിജയമായി അറബ് ലോകം കണക്കാക്കി.

ഡിസംബര്‍ 28ന്, ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട 12 യാത്രാ വിമാനങ്ങളും രണ്ട് ചരക്ക് വിമാനങ്ങളും ഇസ്രായേലി സൈന്യം തകര്‍ത്തു. ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു.

1969: 'കെയ്റോ ഉടമ്പടികള്‍'

1969 നവംബറില്‍, ലബ്‌നാനിലെ ഫലസ്തീന്‍ സാന്നിധ്യം നിയന്ത്രിക്കുന്നതിനായി പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്ത് ലബ്‌നാന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫുമായി ഒരു കരാറില്‍ ഒപ്പുവച്ചു.

ഈ കരാര്‍ പ്രകാരം 16 ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളുടെ നിയന്ത്രണം സൈന്യത്തിന്റെ ഡ്യൂക്‌സിം ബ്യൂറോയില്‍ നിന്ന് ഫലസ്തീന്‍ സായുധ പോരാട്ട കമാന്‍ഡിലേക്ക് മാറ്റി. തെക്കന്‍ ലബ്‌നാനില്‍ നിന്ന് ഇസ്രായേലിനെതിരെ സായുധ സമരത്തില്‍ ഏര്‍പ്പെടാനുള്ള ഫലസ്തീനികളുടെ അവകാശം ഈ കരാര്‍ ഉയര്‍ത്തിപ്പിടിച്ചു.

1972: മ്യൂണിക്ക് ഒളിമ്പിക്‌സ്

1972 സെപ്റ്റംബര്‍ 5ന്, ബ്ലാക്ക് സെപ്റ്റംബര്‍ പോരാളികള്‍ ഇസ്രായേലി ഒളിമ്പിക് ടീമിനെ തടങ്കലിലാക്കി. തടവുകാരെയും ബ്ലാക്ക് സെപ്റ്റംബര്‍ പ്രവര്‍ത്തകരെയും സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് പോവാന്‍ അനുവദിക്കാമെന്ന ധാരണ തെറ്റിച്ച് ജര്‍മന്‍ സര്‍ക്കാരും ഇസ്രായേലി സര്‍ക്കാരും സൈനിക നടപടി ആരംഭിച്ചു. പരാജയപ്പെട്ട സൈനിക നടപടിയില്‍ പതിനൊന്ന് ജൂത തടവുകാരും അഞ്ച് ഫലസ്തീനികളും കൊല്ലപ്പെട്ടു.

ഇതിന് പ്രതികാരമായി, തെക്കന്‍ ലബ്‌നാനിലെയും സിറിയയിലെയും ഫലസ്തീന്‍ താവളങ്ങളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. 15 ലബ്‌നാന്‍ പട്ടണങ്ങളോ ഗ്രാമങ്ങളോ ബോംബിട്ട് തകര്‍ക്കപ്പെട്ടു. നിരവധി പാലങ്ങളും റോഡുകളും തകര്‍ത്തു. മൊത്തം 61 ലബ്‌നാന്‍ സൈനികരും 12 ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി ഏകദേശം 200 പേര്‍ കൊല്ലപ്പെട്ടു.

1973: ലിബിയന്‍ വിമാനം വെടിവച്ചിട്ടു

1973 ഫെബ്രുവരി 21ന്, മോശം കാലാവസ്ഥയില്‍ പറന്നുകൊണ്ടിരുന്ന ഒരു ലിബിയന്‍ പാസഞ്ചര്‍ ജെറ്റ് അബദ്ധത്തില്‍ ഇസ്രായേല്‍ അധിനിവേശ ഈജിപ്ഷ്യന്‍ സിനായിലേക്ക് കടന്നു. യാത്രാ വിമാനമായിരുന്നെങ്കിലും ഇസ്രായേലി യുദ്ധവിമാനങ്ങള്‍ അത് വെടിവച്ചു വീഴ്ത്തി: 108 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.

ഏപ്രില്‍ 10ന്, കടല്‍ വഴിയെത്തിയ ഇസ്രായേലി സൈനിക യൂണിറ്റ് വെസ്റ്റ് ബെയ്‌റൂത്തിലെ റൗച്ചെ ജില്ലയിലേക്ക് ഇരച്ചുകയറി മൂന്ന് മുതിര്‍ന്ന പിഎല്‍ഒ നേതാക്കളെ കൊലപ്പെടുത്തി. യൂസഫ് അല്‍ നജ്ജാര്‍, കവിയും പിഎല്‍ഒ വക്താവുമായ കമാല്‍ നാസര്‍, കമാല്‍ അദ്വാന്‍, ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ വാതില്‍ തുറന്ന ഒരു വൃദ്ധ ഇറ്റാലിയന്‍ സ്ത്രീ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.

1973: റമദാന്‍ യുദ്ധം

1973 ഒക്ടോബര്‍ 6ന്, 1,00,000 ഈജിപ്ഷ്യന്‍ സൈനികരും 35,000 സിറിയന്‍ സൈനികരും അധിനിവേശ സിനായിലും ഗോലാന്‍ കുന്നുകളിലും സംയുക്ത ആക്രമണം നടത്തി. സൈനിക ആസൂത്രണത്തിന്റെ ഒരു മാസ്റ്റര്‍പീസ് ആയിരുന്നു ഈ ഈജിപ്ഷ്യന്‍ ആക്രമണം. താല്‍ക്കാലികമായി നിര്‍മിച്ച പാലങ്ങളിലൂടടെ ഈജിപ്ഷ്യന്‍ സൈന്യം സൂയസ് കനാല്‍ മുറിച്ചുകടന്നു. സൂയസ് കനാലില്‍ തീയിടാന്‍ എണ്ണ പരത്താന്‍ ഇസ്രായേലികള്‍ സ്ഥാപിച്ച പൈപ്പുകളുടെ നോസിലുകള്‍ മുങ്ങല്‍ക്കാര്‍ അടച്ചിരുന്നു.

ഇസ്രായേലികള്‍ വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത് സിറിയന്‍ പ്രസിഡന്റായിരുന്ന ഹാഫിസ് അല്‍ അസദിനെ വഞ്ചിച്ചു. യുദ്ധത്തില്‍ ജയിക്കുക എന്നതല്ല, മറിച്ച് 'സമാധാന' ചര്‍ച്ചകള്‍ സ്ഥാപിക്കുന്നതില്‍ യുഎസിനെ സമ്മര്‍ദ്ദപ്പെടുത്തുക എന്നതായിരുന്നു സാദത്തിന്റെ ലക്ഷ്യം. അന്‍വര്‍ സാദത്ത് യുദ്ധത്തിന് താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചതിനാല്‍ ഇസ്രായേലികള്‍ ഗോലാന്‍ കുന്നുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സൂയസ് കനാല്‍ കടക്കുകയും ചെയ്തു.

ഇസ്രായേല്‍ ഈ യുദ്ധം 'ജയിച്ച'പ്പോള്‍, അറബ് വിജയങ്ങള്‍ ഇസ്രായേലിന്റെ അജയ്യതയെക്കുറിച്ചുള്ള മിഥ്യയെ തകര്‍ത്തു. ഇസ്രായേലിന് ഒക്ടോബര്‍ പതിനഞ്ചിന് മാത്രം 17 വിമാനങ്ങളിലായി 25,000 ടണ്‍ സൈനിക സാമഗ്രികളാണ് യുഎസ് നല്‍കിയത്. ചിലത് സിനായിലേക്ക് ആകാശത്ത് നിന്ന് ഇട്ട് നല്‍കേണ്ട മോശമായ അവസ്ഥയുമുണ്ടായി.

സിനായില്‍ 400 ടാങ്കുകളും ഗോലാന്‍ കുന്നുകളില്‍ 400 ടാങ്കുകളും ഇസ്രായേലിന് നഷ്ടപ്പെട്ടു. എങ്ങനെയാണ് 400 ടാങ്കുകള്‍ ഈജിപ്തുകാര്‍ തകര്‍ത്തതെന്ന് വിശദീകരിക്കൂയെന്നാണ് യുഎസ് പ്രസിഡന്റ് ഹെന്റി കിസ്സിഞ്ചര്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. പരാജയം മുന്നില്‍ കണ്ട ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ ജെറിക്കോ മിസൈലുകളില്‍ ആണവപോര്‍മുന സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. സഹായം നല്‍കാന്‍ യുഎസിനെ പ്രേരിപ്പിക്കാനായിരുന്നു ഇത്.

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഒഎപിഇസി (അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ഉപരോധം ഏര്‍പ്പെടുത്താന്‍ യുദ്ധം കാരണമായി. 1974 മാര്‍ച്ചില്‍ ഒഎപിഇസി ഉപരോധം അവസാനിപ്പിച്ചതോടെ ആഗോള പ്രതിസന്ധി അവസാനിച്ചു, അപ്പോഴേക്കും എണ്ണവില 300 ശതമാനം ഉയര്‍ന്നിരുന്നു.

1974: അഭയാര്‍ത്ഥി ക്യാമ്പ് ആക്രമണങ്ങള്‍

മെയ് 16ന്, തെക്കന്‍ ലബ്‌നാനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സിഡോണിലെ ഐന്‍ അല്‍ ഹെല്‍വെയിലെ രണ്ട് ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും നബാതിയയിലെ ക്യാമ്പിലും ഇസ്രായേലികള്‍ ബോംബിട്ടു. 40ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു.

1975: കഫാര്‍ ഷൗബ ആക്രമണം

1975 ജനുവരിയില്‍, ലബ്‌നാനിലെ കഫാര്‍ ഷൗബ ഗ്രാമത്തിലെ 90ല്‍ അധികം വീടുകള്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു. റോഡുകള്‍, പാലങ്ങള്‍, ഒരു ജലസേചന കനാല്‍ എന്നിവയും നശിപ്പിക്കപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്ന് 1,300 മീറ്റര്‍ ഉയരത്തില്‍, ഗോലാന്‍ കുന്നുകള്‍ക്കും ഇസ്രായേലുമായുള്ള 'അതിര്‍ത്തി'ക്കും സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ബിക്ക താഴ്വരയെ അഭിമുഖീകരിക്കുന്നു. അതിനാല്‍ തന്നെ തന്ത്രപ്രധാനമായ പ്രദേശമാണ്. ജൂണ്‍ 15 നും ആഗസ്റ്റ് 31 നും അവിടെ ഇസ്രായേല്‍ ബോംബിട്ടു.

1978: ലബ്‌നാന്‍ അധിനിവേശം

1978 മാര്‍ച്ച് 11ന്, പതിനെട്ട് വയസ് മാത്രം പ്രായമുള്ള ദലാല്‍ മുഗ്രാബിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ പോരാളികള്‍ അധിനിവേശ പലസ്തീന്‍ തീരത്ത് വന്നിറങ്ങി ഒരു ബസ് ആക്രമിച്ചു. ഏറ്റുമുട്ടലില്‍ 38 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ബസ് പൊട്ടിത്തെറിക്കുകയും ചെയ്തു. ദലാലും എട്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു. തുടര്‍ന്ന്, തെക്കന്‍ ലബ്‌നാനില്‍ (മാര്‍ച്ച്14-21) ഇസ്രായേല്‍ വ്യാപകമായ നാവിക, വ്യോമ, പീരങ്കി ആക്രമണം നടത്തി. ഏകദേശം 1100-2000 ഫലസ്തീന്‍ ലബ്‌നാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു.

ലിറ്റാനി നദിയുടെ തെക്ക് ഭാഗം ഇസ്രായേല്‍ കൈവശപ്പെടുത്തി, എന്നാല്‍ വര്‍ഷാവസാനത്തോടെ പിന്‍വാങ്ങി. ഈ പ്രദേശത്തിന്റെ നിയന്ത്രണം എസ്എല്‍എ വിഭാഗമായ അയണ്‍ ഗാര്‍ഡിന് കൈമാറി.ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ ലബ്‌നാനില്‍ നിന്നും രണ്ടരലക്ഷത്തോളം പേര്‍ വടക്കന്‍ ലബ്‌നാനിലേക്ക് പലായനം ചെയ്തു.

1982: വീണ്ടും ലബ്‌നാനില്‍ അധിനിവേശം

ജൂണ്‍ 6ന്, പിഎല്‍ഒയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് 60,000 ഇസ്രായേലി സൈനികരും 800 ടാങ്കുകളും ലബ്‌നാനില്‍ എത്തി. ജൂണ്‍ 14 ഓടെ ബെയ്റൂത്തില്‍ എത്തിയ ഇസ്രായേലി വിമാനങ്ങള്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ച് കൂട്ടക്കൊല നടത്തി. ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്ന കരാറിന്റെ ഭാഗമായി പിഎല്‍ഒ നേതൃത്വവും മുന്‍നിര കേഡറുകളും ടുണീഷ്യയിലേക്ക് പോകാന്‍ സമ്മതിച്ചു. എന്നാല്‍, ഉടന്‍ തന്നെ ഇസ്രായേല്‍ പടിഞ്ഞാറന്‍ ബെയ്റൂത്തില്‍ ആക്രമണം നടത്തി. ഇസ്രായേലിന്റെ കൂലിപ്പട്ടാളക്കാര്‍ സാബ്ര, ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളിലെ 3,500 ഫലസ്തീനികളെ കൊന്നു. അതിന് ഇസ്രായേലി സൈനിക കമാന്‍ഡ് മേല്‍നോട്ടം വഹിച്ചു.

സെപ്റ്റംബര്‍ 28 ന് ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചു. അപ്പോഴേക്കും ഏകദേശം 20,000 ലബ്‌നാന്‍, ഫലസ്തീന്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ശക്തമായ ഫലസ്തീന്‍, സിറിയന്‍, ലെബനീസ് പ്രതിരോധമാണ് ഇസ്രായേലികള്‍ അക്കാലത്ത് നേരിട്ടത്. അവരുടെ സൈനിക നടപടി പരാജയമായിരുന്നു. വ്യോമശക്തി മൂലം മാത്രമാണ് അവര്‍ പിടിച്ചുനിന്നത്.

1982-2000: ഹിസ്ബുല്ലയുടെ ഉദയം

ഒക്ടോബര്‍ 23ന് ബെയ്‌റൂത്ത് നഗരത്തിന് പുറത്തുള്ള യുഎസ്, ഫ്രഞ്ച് സൈന്യത്തിന്റെ ബാരക്കുകള്‍ രക്തസാക്ഷ്യ ബോംബാക്രമണത്തില്‍ തകര്‍ന്നു. സമാധാനം സ്ഥാപിക്കാനെന്ന പേരില്‍ ലബ്‌നാനില്‍ എത്തിയ 241 അമേരിക്കന്‍ സൈനികരും 58 ഫ്രഞ്ച് സൈനികരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവര്‍മാരുടെയോ അവരുടെ പിന്നിലുള്ള സംഘടനയുടെയോ ഐഡന്റിറ്റികള്‍ ഒരിക്കലും വെളിപ്പെട്ടില്ല.

1982 നവംബര്‍ 11ന് തീരദേശ നഗരമായ ടയറിലെ ഇസ്രായേല്‍ 'കമാന്‍ഡ് പോസ്റ്റില്‍' നടന്ന രക്തസാക്ഷ്യ കാര്‍ ബോംബാക്രമണത്തില്‍ 75 ഇസ്രായേലി സൈനികരും അതിര്‍ത്തി പോലീസും ഷിന്‍ബെറ്റ് (ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം) ഏജന്റുമാരും കൊല്ലപ്പെട്ടു. 1983 നവംബര്‍ 4ന് ടയറിലെ പുതിയ ആര്‍മി ബേസില്‍ ബോംബാക്രമണം നടത്തി 28 ഇസ്രായേലികളെ ഹിസ്ബുല്ല ഇല്ലാതാക്കി.

1983 ഏപ്രില്‍ 18ന് ബെയ്‌റൂത്തിലെ യുഎസ് എംബസി കോമ്പൗണ്ടിലേക്ക് ഒരു കാര്‍ ഇടിച്ചുകയറി സ്‌ഫോടനം നടത്തി. മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 60 ലധികം പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് ആരോപിച്ചെങ്കിലും അവര്‍ നിഷേധിച്ചു.

പിഎല്‍ഒയെ ലബ്‌നാനില്‍ നിന്നും പുറത്താക്കുന്നതില്‍ 'വിജയിച്ച' ഇസ്രായേല്‍ കൂടുതല്‍ അപകടകാരിയായ ശത്രുവിനെ, ഹിസ്ബുല്ലയെയാണ് നേരിട്ടത്. ലബ്‌നാനിലെ ഇറാനികള്‍ യുവ ശിയാ പോരാളികള്‍ക്ക് പരിശീലനം നല്‍കി. 1985ല്‍ ഹിസ്ബുല്ല പരസ്യമായി തങ്ങളുടെ സാന്നിധ്യം പ്രഖ്യാപിച്ചു. 1992ല്‍ ഹിസ്ബുല്ല മേധാവി സയ്യിദ് അബ്ബാസ് അല്‍-മുസാവിയെ ഇസ്രായേല്‍ വധിച്ചതിനുശേഷം സയ്യിദ് ഹസന്‍ നസ്റല്ല സെക്രട്ടറി ജനറല്‍ പദവിയില്‍ എത്തി.

കരയുദ്ധത്തിലും ഇലക്ട്രോണിക് യുദ്ധത്തിലും വൈദഗ്ധ്യമുള്ള ഗറില്ലാ സേനയായി ഹിസ്ബുല്ല വികസിച്ചു. ഇത് ഇസ്രായേലിന്റെ സ്‌പെഷ്യല്‍ യൂണിറ്റായ സയറെത് മത്കലിന്റെ യൂണിറ്റിനെ നശിപ്പിക്കാന്‍ വരെ സഹായിച്ചു. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ വലിയനാശം നേരിട്ട ഇസ്രായേല്‍ 2000ല്‍ തെക്കന്‍ ലബ്‌നാനില്‍ നിന്നും പിന്‍വാങ്ങി.

എന്നാല്‍, 2006ല്‍ ഇസ്രായേല്‍ വീണ്ടും ഒരു ആക്രമണം നടത്തി. 34 ദിവസം യുദ്ധം ചെയ്തിട്ടും അവരുടെ സൈന്യത്തിന് യുദ്ധവിരാമ രേഖയില്‍ നിന്ന് ഏതാനും കിലോമീറ്ററിലധികം നീങ്ങാന്‍ കഴിഞ്ഞില്ല. നിരവധി മെര്‍ക്കാവ ടാങ്കുകള്‍ ഹിസ്ബുല്ല കുഴി ബോംബുകള്‍ ഉപയോഗിച്ച് നശിപ്പിച്ചു.

ഇസ്രായേല്‍ ഇറാനെതിരെ യുദ്ധം ആരംഭിച്ചിട്ട് അവസാനം അത് നിര്‍ത്താന്‍ യുഎസിന്റെ സഹായം തേടേണ്ടി വന്നത് യുദ്ധശക്തിയിലെ മാറ്റങ്ങള്‍ വ്യക്തമാക്കുന്നു.

1973ലെ യുദ്ധം ഇസ്രായേല്‍ അജയ്യരാണെന്ന മിഥ്യ തുറന്നുകാട്ടി. ഇസ്രായേലിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഈജിപ്ഷ്യന്‍, സിറിയന്‍ സൈന്യങ്ങള്‍ അന്ന് തെളിയിച്ചു. അറബ് സൈനിക കമാന്‍ഡുകള്‍ക്ക് വിജയകരവും നൂതനവുമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിവുണ്ടെന്ന് യുദ്ധം കാണിച്ചു. അറബികള്‍ക്ക് അത്തരമൊരു കഴിവുണ്ടെന്ന് ഇസ്രായേലും യുഎസും വിശ്വസിച്ചിരുന്നില്ല എന്നത് അറബികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു.

1982ല്‍ ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധം കേബിള്‍ ടിവിയിലൂടെ ലോകം കണ്ടു. സാബ്ര, ഷാറ്റില കൂട്ടക്കൊലകള്‍ ടിവിയിലൂടെ കണ്ട ലോകജനത ഇതാണോ ഞങ്ങളെ പറഞ്ഞുപഠിപ്പിച്ച ധാര്‍മിക ഇസ്രായേലെന്ന് രാഷ്ട്രീയ നേതൃത്വത്തോട് ചോദിച്ചു.

ഹിസ്ബുല്ലയുടെ ഉദയം യുഎസിന്റെയും ഇസ്രായേലിന്റെയും സംയുക്ത ശക്തിക്കെതിരായ ഒരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന് തുടക്കമിട്ടു. 2000ല്‍ ഹിസ്ബുല്ല ഇസ്രായേലിനെ തെക്കന്‍ ലബ്‌നാനില്‍ നിന്ന് പുറത്താക്കുകയും 2006ലെ യുദ്ധത്തില്‍ ഇസ്രായേലിനെ പരാജയപ്പെടുത്തുകയും ചെയ്തു.

2024ല്‍ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും സംഘടന കേടുകൂടാതെയും ജാഗ്രതയോടെയും തുടര്‍ന്നു. അതിന്റെ മിസൈല്‍ ശേഖരം ഇന്നും ശക്തമായി തുടരുന്നു.

1967 മുതല്‍ ഇസ്രായേലിന്റെ ശത്രുക്കള്‍, ഇപ്പോള്‍ യെമന്‍ ഉള്‍പ്പെടെ, ക്രമാനുഗതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് യുദ്ധം, നൂതന മിസൈല്‍ വികസനം എന്നിവയുള്‍പ്പെടെ എല്ലാ തലങ്ങളിലുമുള്ള പോരാട്ടങ്ങളിലും അവര്‍ കഴിവുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

2024ല്‍ ഇസ്രായേലിന് ഹിസ്ബുല്ല നേതാക്കളെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും നേതൃത്വത്തിലെ വിടവുകള്‍ ഹിസ്ബുല്ല അതിവേഗത്തില്‍ നികത്തി, പ്രതിരോധം തുടര്‍ന്നു. 1967 മുതല്‍ എല്ലാ 'വിജയങ്ങളുടെയും' താക്കോലായ ഇസ്രായേലിന്റെ നിര്‍ണായകമായ വ്യോമ ആധിപത്യം ഇപ്പോള്‍ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളിലൂടെ നിരപ്പാക്കപ്പെട്ടു.

ഹിസ്ബുല്ലയ്ക്കും ഗസ പ്രതിരോധ സേനയ്ക്കുമെതിരായ യുദ്ധങ്ങളില്‍ ഇസ്രായേലിന്റെ കരസേന നിരന്തരം പരാജയപ്പെട്ടു. പ്രതിരോധപ്രസ്ഥാനങ്ങള്‍ എക്കാലത്തെയും പോലെ ശക്തമായി പോരാടുകയും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നു. എല്ലാ സായുധ ശക്തിയും ഉപയോഗിച്ച്, ഗറില്ലാ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതില്‍ ഇസ്രായേല്‍ സൈന്യം പരാജയപ്പെട്ടു. ഇത് അവരുടെ പതനത്തിന്റെ മറ്റൊരു അടയാളമാണ്. ആഗോളതലത്തില്‍, ലോകം ഇസ്രായേലിനെ വെറുപ്പോടെയാണ് കാണുന്നത്.

രാഷ്ട്രീയവും തന്ത്രപരവുമായ സ്വഭാവമുള്ള മുന്നറിയിപ്പുകളും പാഠങ്ങളും ഇവിടെയുണ്ട്, പക്ഷേ അവ പഠിക്കാനും പ്രയോഗിക്കാനും ഇസ്രായേലിന് കഴിവില്ല. സമാധാനം പ്രാവര്‍ത്തികമാകണമെങ്കില്‍, അവര്‍ ഭൂമി ഫലസ്തീനികള്‍ക്ക് തിരികെ നല്‍കേണ്ടിവരും, പക്ഷേ അവര്‍ അത് ചെയ്യാന്‍ പോകുന്നില്ല.

1967 മുതല്‍ തുടര്‍ച്ചയായ തന്ത്രപരമായ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും, നിയമലംഘനത്തിലൂടെയും ക്രൂരതയിലൂടെയും അവര്‍ സ്വയം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി യുദ്ധത്തില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുകയാണ്.

ഈ 'പരിഹാരം' ഫലപ്രദമല്ല. ഏകദേശം 80 വര്‍ഷത്തിനുശേഷവും, നിയമത്തോടും ആഗോള പൊതുജനാഭിപ്രായത്തോടും നിസ്സംഗത പുലര്‍ത്തുന്ന ഇസ്രായേല്‍ ഇപ്പോഴും ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുകയാണ്. അവസാനം വെളിച്ചമില്ലാത്ത ഒരു നീണ്ട, ഇരുണ്ട തുരങ്കത്തിലേക്ക് അവര്‍ സ്വയം പ്രവേശിച്ചിരിക്കുന്നു.

Next Story

RELATED STORIES

Share it