Big stories

അവസാന ശ്വാസംവരെ മോദിക്കു വേണ്ടി; ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയുടെ കുപ്രസിദ്ധമായ ആ 'അവസാന ദിനം'

അവസാന ശ്വാസംവരെ മോദിക്കു വേണ്ടി; ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയുടെ കുപ്രസിദ്ധമായ ആ അവസാന ദിനം
X

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ ഏപ്രില്‍ 23ാം തിയ്യതി വിരമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേകിച്ച് നരേന്ദ്ര മോദിയുടെയും താല്‍പ്പര്യങ്ങള്‍ ഏതുവിധേനയും നടപ്പാക്കുന്ന ന്യായാധിപനെന്നാണ് അദ്ദേഹത്തിന് കുപ്രസിദ്ധി. കഴിഞ്ഞ ഏതാനും നാളുകള്‍ക്കുളളില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായി ഇരുന്ന എസ് എ ബോബ്ദെയുടെ ഭരണകാലം അവസാനിച്ചതും ഇതുപോലൊരു 'സ്വാമിഭക്തി'യുടെ പ്രകടനത്തോടെയാണ്.

വിരമിക്കുന്നതിനു തലേ ദിവസം സുപ്രിംകോടതി സ്വമേധയാ ഒരു കേസെടുത്തു. രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യത്തിലാണെന്നും ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരണത്തിന്റെ വക്കിലാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് വേണ്ട നടപടികള്‍ കൊക്കൊള്ളാന്‍ കോടതി ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ പരിഗണിക്കപ്പെടേണ്ട വിഷയങ്ങളും കോടതി പട്ടികപ്പെടുത്തി: ഓക്‌സിജന്‍ വിതരണം, അവശ്യമരുന്നുകള്‍, വാക്‌സിനേഷന്‍ രീതികളും മാര്‍ഗങ്ങളും, ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുളള അവകാശം തുടങ്ങിയവയാണ് പരിഗണിക്കേണ്ട വിഷയങ്ങള്‍. കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വെയെ നിയമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടക്കാരനും കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ അഭിഭാഷകനുമായ സാല്‍വെ ആ സമയം ഇന്ത്യയിലുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു തമാശ. സാല്‍വെയുടെ നിയമനം ബോബ്ദെയുമായുളള ബന്ധം പരിഗണിച്ചാണെന്ന വിവാദവും അതേസമയം പൊട്ടിപ്പുറപ്പെട്ടു.

കേസ് പരിഗണിക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്കു മുന്നില്‍ മറ്റൊരു ചോദ്യമുയര്‍ത്തി. ലോക്ക് ഡൗണ്‍, കൊവിഡ്, വാക്‌സിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നില്‍ക്കുന്ന കേസുകളില്‍ കേന്ദ്രം സത്യവാങ് മൂലം നല്‍കേണ്ടതുണ്ടോ എന്നതായിരുന്നു അത്. പരമോന്നത കോടതി ഇതേ വിഷയം പരിഗണിക്കുന്നുണ്ടല്ലോ എന്നും മേത്ത ചോദിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി വിവിധ കോടതികളുടെ ഇടപെടലുകള്‍ രാജ്യത്തെ കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ വേഗം കുറയ്ക്കുന്നുവെന്നും വിഷയത്തില്‍ പൊതു ഉത്തരവ് നല്‍കാതിരിക്കണമെങ്കില്‍ കാരണം പറയാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു.

ഹൈക്കോടതികളിലെ കേസുകള്‍ സുപ്രിംകോടതിയിലേക്ക് കൊണ്ടുവരികയാണ് ഫലത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് മനസ്സിലാക്കിയ സുപ്രിംകോടതി ബാര്‍ അസോസിയേഷനും മുതര്‍ന്ന അഭിഭാഷകരും കേസുകള്‍ മാറ്റുന്നതിനെതിരേ ഉറച്ചനിലപാടെടുത്തു. തങ്ങളങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുപ്രിംകോടതി പറഞ്ഞുനോക്കിയെങ്കിലും ബാര്‍ അസോസിയേഷന്‍ വാദത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് സാല്‍വെ അമിക്കസ്‌ക്യൂറി പദവി രാജി വയക്കുന്നതായി കോടതിയെ അറിയിച്ചതും കോടതി അതനുവദിച്ചതും.

ഒരു വര്‍ഷം മുമ്പ് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്ത് നിരവധി പൊതുതാല്‍പ്പര്യ ഹരജികള്‍ സുപ്രിംകോടതിയിലേക്ക് പ്രവഹിച്ചപ്പോഴും കേന്ദ്രത്തിന്റെ അഭിഭാഷകനായ തുഷാര്‍ മേത്ത നല്‍കുന്ന റിപോര്‍ട്ടുകള്‍ സത്യമാണെന്നായിരുന്നു സുപ്രിം കോടതി നിലപാടെടുത്തത്. നിരവധി കുടിയേറ്റത്തൊഴിലാളികള്‍ ലോക്ക് ഡൗണില്‍ വലഞ്ഞ് നടന്നും തളര്‍ന്നും നാടുപിടിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടപ്പോള്‍ അതെല്ലാം മാധ്യമ പ്രചാരണം മാത്രമാണെന്ന കേന്ദ്ര വിശദീകരണം കോടതി മുഖവിലക്കെടുത്തു. ഒടുവില്‍ ഏറെ കാലത്തിനു ശേഷമാണ് സ്വമേധയാ കേസെടുക്കാന്‍ തയ്യാറായത്.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കോടതി ചാടിക്കേറി കേസെടുത്തിരിക്കുകയാണ്. എന്നിട്ട് കോടതിയെ സഹായിക്കാന്‍ വേദാന്തയുടെ അഭിഭാഷകനെയും നിയമിച്ചു. കോടതി പരിഗണിക്കുന്ന ഒരു പ്രധാന ചോദ്യങ്ങളിലൊന്ന് ഓക്‌സിജന്‍ വിതരണത്തിലെ പ്രശ്‌നമായിരുന്നെന്നതും കൂട്ടിവായിക്കാം. ഓക്‌സിജന്‍ നിര്‍മാണ കമ്പനിയായ തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് ഈ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിച്ചുകൂടെയെന്നും അന്നുതന്നെ മറ്റൊരു കേസില്‍ കോടതി ചോദിച്ചിരുന്നു. കോപ്പര്‍ സ്‌മെല്‍ട്ടര്‍ പ്ലാന്റായ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് തുറന്ന് അവിടെ ഓക്‌സിജന്‍ ഉദ്പാദിപ്പിച്ചുകൂടെയെന്നാണ് വേദാന്ത കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചോദിച്ചത്. അത് ദേശീയ താലര്‍പ്പര്യമാണെന്നുകൂടി കമ്പനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ ചോദ്യമാണ് ഓക്‌സിജന്‍ ക്ഷാമത്തെ മുന്‍നിര്‍ത്തി കൊവിഡ് കേസില്‍ ബോബ്ദെയും ഉയര്‍ത്തുന്നത്. കോടതിയെ സഹായിക്കാന്‍ വേദാന്തയുടെ അഭിഭാഷകനെയും നിയമിച്ചു. ഈ നീക്കത്തെ തമിഴ്‌നാട് എതിര്‍ക്കുകയുണ്ടായി. വേദാന്ത തുറക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നായിരുന്നു തമിഴ്‌നാട് നല്‍കിയ വിശദീകരണം.

കൊവിഡ് കേസുകള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്ന ഇതേ ബോബ്ദെയാണ് സിഎഎ സമരകാലത്തും പിന്നീട് സിദ്ദിഖ് കാപ്പന്റെ കേസിലും അനുച്ഛേദം 32 പ്രകാരം പൗരന്മാര്‍ എന്തിനാണ് സുപ്രിംകോടതിയിലേക്ക് വരുന്നതെന്ന് ചോദിച്ചത്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ പൗരന് ഭരണഘടന നല്‍കുന്ന അവകാശമാണ് അനുച്ഛേദം 32. ഇതനുസരിച്ച് മൗലികാവകാശം ലംഘിക്കപ്പെടുന്ന കേസുകളില്‍ ആര്‍ക്കും സുപ്രിംകോടതിയെ നേരിട്ട് സമീപിക്കാം. എന്നാല്‍ എല്ലാവരോടും ഹൈക്കോടതിയെ സമീപിക്കാനാണ് ബോബ്ദെ ആവശ്യപ്പെടുന്നത്. അനുച്ഛേദം 32 ഉപയോഗിക്കുന്നത് നിരുല്‍സാഹപ്പെടുത്തണമെന്ന അഭിപ്രായമുള്ള അതേ ബോബ്ദെയാണ് ഇപ്പോള്‍ എല്ലാ കൊവിഡ് കേസുകളും സുപ്രിംകോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പറയുന്നത്. അതേസമയം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് വാദിക്കുകയു ചെയ്യുന്നു. ഇതുസംബന്ധിച്ച് കോടതിയില്‍ തര്‍ക്കുണ്ടായപ്പോള്‍ താന്‍ മൈക്ക് ഓഫ് ചെയ്യുമെന്നാണത്രെ ബോബ്ദെ ഭീഷണി മുഴക്കിയത്.

അനുച്ഛേദം 32 തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി കണക്കിലെടുക്കാനും ബോബ്ദെയ്ക്ക് മടിയില്ല. റിപബ്ലിക് ടിവിയിലെ വിവാദ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ ആത്മഹത്യപ്രേരണക്കേസില്‍ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കാന്‍ അനുവദിക്കുക മാത്രമല്ല, ഇത്തരം കേസുകള്‍ എന്തിനാണ് സുപ്രിംകോടതി പരിഗണിക്കുന്നതെന്നു ചോദിച്ച മഹാരാഷ്ട്ര നിയമസഭയിലെ അസിസ്റ്റന്റ് സെക്രട്ടറിക്ക് കോടതി അലക്ഷ്യ നോട്ടിസ് അയക്കുകയും ചെയ്തു.

സാധാരണ ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കല്‍ ദിനങ്ങള്‍ ചടങ്ങുകളും ആശംസാപ്രകടനങ്ങളും കൊണ്ട് വികാരനിര്‍ഭരമാവുകയാണ് പതിവ്. പക്ഷേ, ഇത്തവണ അതല്ല, കാര്യം മാറി. വിവാദങ്ങളാണ് ആ ദിനത്തെ ശ്രദ്ധേയമാക്കിയത്. ഒപ്പം ബോബ്ദെയുടെ സ്വാമിഭക്തിയും.

Next Story

RELATED STORIES

Share it