Big stories

ആറുമാസത്തോളമായി കടലില്‍ അലഞ്ഞ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

മ്യാന്‍മറില്‍ നിന്നും രക്ഷ തേടി ആറു മാസം മുന്‍പ് ചെറിയ ബോട്ടില്‍ പാലായനമാരംഭിച്ച റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ 30തോളം പേര്‍ ഇക്കാലയളവില്‍ കടലില്‍വെച്ച് മരിച്ചിരുന്നു

ആറുമാസത്തോളമായി കടലില്‍ അലഞ്ഞ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
X

ആഷെ (ഇന്തൊനേഷ്യ) : ആറുമാസത്തിലേറെയായി കടലില്‍ അലഞ്ഞ നൂറുകണക്കിന് റോഹിംഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികളെ ആഷെയിലെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ആഷെയിലെ ഉജോംഗ് ബ്ലാങ് ബീച്ചിന് സമീപം മത്സ്യത്തൊഴിലാളികള്‍ അഭയാര്‍ഥികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. മുന്നൂറോളം യാത്രക്കാരില്‍ 14 കുട്ടികളടക്കം രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്യാന്‍മറില്‍ നിന്നും രക്ഷ തേടി ആറു മാസം മുന്‍പ് ചെറിയ ബോട്ടില്‍ പാലായനമാരംഭിച്ച റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ 30തോളം പേര്‍ ഇക്കാലയളവില്‍ കടലില്‍വെച്ച് മരിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളുള്ള മറ്റൊരു ബോട്ടും ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.

2017ല്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ വംശഹത്യ ലക്ഷ്യമിട്ട് മ്യാന്‍മര്‍ ഭരണകൂടവും തീവ്ര ബുദ്ധ ഭൂരിപക്ഷ സൈന്യവും അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് പതിനായിരക്കണക്കിനു റോഹിന്‍ഗ്യരാണ് അഭയം തേടി പലയിടങ്ങളിലേക്കായി രക്ഷപ്പെട്ടത്. ബംഗ്ലാദേശില്‍ അഭയം തേടിയവര്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടങ്ങള്‍ തേടി ഇപ്പോഴും അലയുകയാണ്. കൊവിഡിന്റെ പശ്ചാതലത്തില്‍ മിക്ക രാജ്യങ്ങളും അഭയാര്‍ഥികളുടെ ബോട്ട് കരക്കടുപ്പിക്കാന്‍ അനുമതി നല്‍കുന്നില്ല.

'സുരക്ഷ തേടി റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇപ്പോഴും എല്ലാം അപകടപ്പെടുത്താന്‍ തയ്യാറാണ്. അവരെ രക്ഷപ്പെടുത്താന്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ മുന്‍കൈയെടുക്കുന്നതു വരെ ഇന്തോനേഷ്യന്‍ അധികൃതര്‍ കാത്തിരുന്നത് ആശങ്കാജനകമാണ്. സര്‍ക്കാര്‍ ഈ ജീവനുകള്‍ നേരത്തെ രക്ഷിക്കേണ്ടതായിരുന്നു. -ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്തോനേഷ്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, തിങ്കളാഴ്ച രക്ഷപ്പെടുത്തിയ മുന്നൂറോളം അഭയാര്‍ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അഭയം നല്‍കുന്നതിനും ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it