രണ്ടു ലക്ഷം ജീവനക്കാര്‍ പെരുവഴിയിലേക്ക്; ബിഎസ്എന്‍എലും എംടിഎന്‍എലും അടച്ചുപൂട്ടുന്നു?

ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ 74,000 കോടി രൂപ വകയിരുത്തണമെന്ന ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ശുപാര്‍ശ തള്ളിയതിനു പിന്നാലെയാണ് ഇവ അടച്ചുപൂട്ടാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചത്.

രണ്ടു ലക്ഷം ജീവനക്കാര്‍ പെരുവഴിയിലേക്ക്;  ബിഎസ്എന്‍എലും എംടിഎന്‍എലും അടച്ചുപൂട്ടുന്നു?

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) എന്നിവ അടച്ചുപൂട്ടാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്.

ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ 74,000 കോടി രൂപ വകയിരുത്തണമെന്ന ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ശുപാര്‍ശ തള്ളിയതിനു പിന്നാലെയാണ് ഇവ അടച്ചുപൂട്ടാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചത്.നഷ്ടത്തിലുള്ള കമ്പനികള്‍ വിറ്റഴിക്കാനും കേന്ദ്രത്തിന്റെ ഭാരം കുറയ്ക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി പല കമ്പനികളുടെയും ഓഹരികള്‍ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തുവരികയാണ്.

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടിയാല്‍ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ പെരുവഴിയിലാവും. ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചില സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുമെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

74000 കോടി രൂപയാണ് ഉത്തേജക പാക്കേജായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും തുക മുടക്കി കമ്പനികളെ പിടിച്ചുനിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. രണ്ട് ടെലികോം കമ്പനികള്‍ അടച്ചുപൂട്ടിയാല്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെ സര്‍ക്കാരിന് 95,000 കോടി രൂപയാണ് നഷ്ടംവരുന്നത്. തുടര്‍ന്നാണ് ഈ വഴിക്ക് ആലോചന നീങ്ങിയത്.

മൂന്ന് തരം ജീവനക്കാരാണ് ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിലും പ്രവര്‍ത്തിക്കുന്നത്. കമ്പനികളിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്തത്. മറ്റു സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് എത്തിയവര്‍. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ് (ഐടിഎസ്) ഓഫിസര്‍മാര്‍. എല്ലാവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

ഐടിഎസ് ഓഫീസര്‍മാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റാം. അതുകൊണ്ടുതന്നെ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. മറ്റു വകുപ്പുകളില്‍ നിന്ന് മാറ്റം ലഭിച്ച് എത്തിയവര്‍ക്ക് വിആര്‍എസ് വേണ്ടിവരും. നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാണ്. ജൂനിയര്‍ സ്റ്റാഫും സാങ്കേതിക വിദഗ്ധരുമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെയും കണക്കുകള്‍ തരംതിരിച്ച് ടെലികോം വകുപ്പ് ശേഖരിച്ചുവരികയാണ്. അടച്ചുപൂട്ടുമ്പോള്‍ വരുന്ന ചെലവ് 95000 കോടിയാണെന്നത് എകദേശ കണക്കാണ്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിച്ച് ചെലവ് കണക്കാക്കിയാലും ഈ തുകയേക്കാള്‍ കൂടില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.


RELATED STORIES

Share it
Top