Big stories

പ്രവാസികളുടെ മടക്കയാത്ര ഉടന്‍; ദുബയ്, അബൂദബി വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ എത്തി (വീഡിയോ)

പ്രവേശനകവാട ഭാഗത്ത് തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരുടെ രക്തം ശേഖരിക്കുന്നുണ്ട്.

പ്രവാസികളുടെ മടക്കയാത്ര ഉടന്‍;  ദുബയ്, അബൂദബി വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ എത്തി (വീഡിയോ)
X

ദുബയ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ മലയാളികളുടെ മടക്കയാത്ര ഉടന്‍ ആരംഭിക്കും. ഓപറേഷന്‍ വന്ദേ ഭാരത് ദൗത്യം നടക്കുന്ന ദുബയ്, അബൂദബി വിമാനത്താവളങ്ങളിലേക്ക് ആദ്യഘട്ട യാത്രക്കാരെല്ലാം ഇതിനകം എത്തിക്കഴിഞ്ഞു. ചെക്ക് ഇന്‍ നടപടികള്‍ പുരോഗമിക്കുന്നു. യാത്രയയക്കാന്‍ പലരുടെയും യുഎഇയിലെ അടുത്ത ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനം.

കൂടെ വരുന്നവരെ സാധാരണ പോലെ അകത്തേക്ക് കടത്തിവിടുന്നില്ല. പ്രവേശനകവാട ഭാഗത്ത് തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരുടെ രക്തം ശേഖരിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് പരിശോധയാണോയെന്ന് വ്യക്തമാക്കുന്നില്ല. പരിശോധന കഴിഞ്ഞ് പാസായവര്‍ക്ക് യുഎഇ ആരോഗ്യ മന്ത്രാലയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ലഭിക്കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡിങ് പാസ് കൊടുക്കുന്നുള്ളൂ.

നെടുമ്പാശേരിയില്‍നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബിയിലെത്തി. വൈകിട്ട് അഞ്ചരയോടെയാകും മടക്കയാത്ര. രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി ഈ വിമാനം തിരിച്ചെത്തും. 177 പേരാണ് ഈ വിമാനത്തില്‍ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. ദുബായിയില്‍ എത്തിയശേഷം 189 പേരുമായി രാത്രി 10.30ന് കോഴിക്കോട് എത്തും.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് 4.15നും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വൈകിട്ട് അഞ്ചിനുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ പുറപ്പെടുക.

ആദ്യം ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടാനായിരുന്നു എയര്‍ ഇന്ത്യാ അധികൃതര്‍ തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പിന്നീട് സമയം മാറ്റുകയായിരുന്നു.

അന്‍വര്‍ നഹ, അഡ്വ. ടി കെ ഹാഷിക്, ചാള്‍സ് പോള്‍, ബി എ നാസര്‍, ഷൈജു അമ്മാനപ്പാറ, ആദില്‍ ചാലാട്, ഷൈജു ഡാനിയേല്‍, അജിത്കുമാര്‍, ദുബയ് ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ വിപുല്‍, കാണ്‍സുലേറ്റിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it