Big stories

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കൊണ്ട് ഒമിക്രോണ്‍ വൈറസ് ബാധ തടയാനാവില്ല: ഐസിഎംആര്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഡോ. ജയപ്രകാശ് മുളിയില്‍

ലോകമെമ്പാടും ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയിലും സംഭവിക്കും. ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല- അദ്ദേഹം പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കൊണ്ട് ഒമിക്രോണ്‍ വൈറസ് ബാധ തടയാനാവില്ല: ഐസിഎംആര്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഡോ. ജയപ്രകാശ് മുളിയില്‍
X

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് എല്ലാവരെയും ബാധിക്കുമെന്നും ഇതു തടയാന്‍ സാധിക്കാത്ത കാര്യമാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ജയപ്രകാശ് മുളിയില്‍. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കൊണ്ട് സാധിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടും ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയിലും സംഭവിക്കും. ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല- അദ്ദേഹം പറഞ്ഞു. 'ഒരു ഭയപ്പെടുത്തുന്ന രോഗമല്ല കൊവിഡ് എന്നു നാം ഇതിനകം മനസ്സിലാക്കേണ്ടതുണ്ട്. പുതിയ സ്‌ട്രെയിനാവട്ടെ വളരെ അപകടം കുറഞ്ഞ ഒന്നാണ്. ആശുപത്രിവാസം കുറഞ്ഞ തോതിലായിരിക്കും. ഇത് നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്. ഡെല്‍റ്റയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇത്. വ്യാപനം തടയാന്‍ മാത്രമാണ് ബുദ്ധിമുട്ടുള്ളത്'- ഐസിഎംആര്‍-നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജിയുടെ സയന്റിഫിക് അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ജയപ്രകാശ് വിശദീകരിച്ചു.

ഒരു പനി പോലെ ബാധിക്കുന്ന രോഗമായിരിക്കും ഒമിക്രോണ്‍ ബാധ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 'അണുബാധയിലൂടെ കൈവരിക്കുന്ന സ്വാഭാവിക പ്രതിരോധ ശേഷി ആജീവനാന്തം നിലനില്‍ക്കും'. അതുകൊണ്ടാണ് മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയില്‍ കൊവിഡ് മോശമാവാതിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

'വാക്‌സിന്‍ രംഗത്തെത്തുന്നതിനു മുമ്പു തന്നെ ഇന്ത്യയില്‍ 85 ശതമാനം ജനങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചിരുന്നു. അപ്പോള്‍ വാക്‌സിന്റെ ആദ്യ ഡോസ് തന്നെ ഒരുതരത്തില്‍ ബൂസ്റ്റര്‍ ഡോസ് ആയിരുന്നു. സ്വാഭാവിക പ്രതിരോധ ശേഷി കൈവരിച്ചതു കൊണ്ട് മരണ സംഖ്യ കുറയുന്നില്ല എന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ആ ചിന്താഗതി തെറ്റാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു മെഡിക്കല്‍ സ്ഥാപനങ്ങളും ഒമിക്രോണ്‍ ബാധയ്‌ക്കെതിരേ ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിട്ടില്ല. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുന്നത് ഫലത്തില്‍ പ്രയോജനം ചെയ്യില്ല. വെറും രണ്ടു ദിവസം കൊണ്ട് വൈറസ് ബാധ ഇരട്ടിക്കുകയാണ്. അതിനാല്‍ പരിശോധനയില്‍ അതിന്റെ സാന്നിധ്യം കണ്ടെത്തുന്നുണ്ടെങ്കിലും നമ്മള്‍ വളരെ പിന്നാലാണ്. ഇത് പകര്‍ച്ചവ്യാധിയുടെ പരിണാമത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല'.

'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചത് മുന്‍കരുതല്‍ ഡോസ് ആണ്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഇത് നിര്‍ദേശിച്ചിട്ടുള്ളത്. കാരണം, രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും ചിലരില്‍ ഫലമൊന്നുമുണ്ടായില്ല എന്നതു കൊണ്ടാണ്'- അദ്ദേഹം വ്യക്തമാക്കി. 'ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ വൈറസ് ബാധയേറ്റ കാര്യം മനസ്സിലാവുന്നില്ല. ഒരുപക്ഷേ, 80 ശതമാനത്തോളം പേരെങ്കിലും വൈറസ് ബാധയേറ്റത് എപ്പോള്‍ എന്നു പോലും അറിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it