'യൂബര്‍ ഈറ്റ്‌സ്' ന്റെ മറവിലും ലഹരി കടത്ത്; നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്

'യൂബര്‍ ഈറ്റ്‌സ്' സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിശദമായ രജിസ്റ്റര്‍ എക്‌സൈസ് സര്‍ക്കിള്‍, റെയ്ഞ്ച് ഓഫിസുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശിച്ച് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. യൂബര്‍ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പേര്, മൊബൈല്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

യൂബര്‍ ഈറ്റ്‌സ് ന്റെ മറവിലും ലഹരി കടത്ത്; നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്

കോഴിക്കോട്: ഹോട്ടലില്‍നിന്ന് ഭക്ഷണം വീടുകളിലെത്തിക്കുന്ന മൊബൈല്‍ ആപ്പ് സംവിധാനമായ 'യൂബര്‍ ഈറ്റ്‌സ്' ന്റെ മറവിലും ലഹരി കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. 'യൂബര്‍ ഈറ്റ്‌സ്' സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിശദമായ രജിസ്റ്റര്‍ എക്‌സൈസ് സര്‍ക്കിള്‍, റെയ്ഞ്ച് ഓഫിസുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശിച്ച് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. യൂബര്‍ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പേര്, മൊബൈല്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് വീടുകളിലും ഫഌറ്റുകളിലും ബൈക്കുകളിലും മറ്റും 'യൂബര്‍ ഈറ്റ്‌സ്' മുഖേന ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. സംസ്ഥാനത്ത് അടുത്ത കാലത്തായി ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നുവെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയാണ് ലഹരി മാഫിയകളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്‌റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസ് മരുന്നുകളുള്‍പ്പടെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുക്കള്‍ കൊച്ചിയില്‍ ലഭ്യമാണ്. കഞ്ചാവും ഗുളികകളും ഏറ്റവുമെളുപ്പം ലഭിക്കുമെന്നതിനാലാണ് ഇതിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ട്രെയിനുകള്‍, ബസ്സുകള്‍ ചരക്കുവാഹനങ്ങള്‍ വഴിയാണ് ലഹരി വസ്തുക്കള്‍ ഏറ്റവുമധികം കേരളത്തിലേക്ക് എത്തുന്നത്. വലിയ സംഘബലമുള്ള ലോബികളാണ് ലഹരിവസ്തുക്കളുടെ വിതരണം അടക്കം നിയന്ത്രിക്കുന്നത്.

ട്രെയിനുകളിലും ബസ്സുകളിലും എക്‌സൈസ് വകുപ്പ് റെയ്ഡുകള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മാഫിയകള്‍ ലഹരി കടത്തിന് പുതിയ വഴികള്‍ തേടിയത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്തെ 'യൂബര്‍ ഈറ്റ്‌സ്' നെ ലഹരി കടത്തിന് ഉപയോഗിച്ചാല്‍ എക്‌സൈസിനെ വെട്ടിക്കാന്‍ കഴിയുമെന്നായിരുന്നു മാഫിയകളുടെ കണക്കുകൂട്ടല്‍. എന്നാല്‍, കൊച്ചിയില്‍നിന്ന് ഇത്തരത്തില്‍ യൂബര്‍ ഈറ്റ്‌സിന്റെ മറവില്‍ ലഹരി കടത്തുന്നതായി നിരവധി കേസുകള്‍ പിടിക്കപ്പെട്ടതായി എക്‌സൈസ് വകുപ്പ് പറയുന്നു.

എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. ഓരോ ജില്ലകളിലും യൂബര്‍ ഈറ്റ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് നിര്‍ദേശം. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനോടും പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് യൂബര്‍ സജീവമായതിന് പിന്നാലെയാണ് ഭക്ഷണ വിതരണ കമ്പനികളുമായും കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ 10 പ്രമുഖനഗരങ്ങളില്‍ വിജയകരമായി നടപ്പാക്കിയ 'യൂബര്‍ ഈറ്റ്‌സ്' പദ്ധതിയനുസരിച്ച് തിരഞ്ഞെടുത്ത ഹോട്ടലില്‍നിന്നുള്ള വ്യത്യസ്ത ഭക്ഷണം യൂബര്‍ കൊറിയര്‍ പാര്‍ട്ണര്‍മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലെത്തിക്കുമെന്നതാണ് വാഗ്ദാനം. എറണാകുളത്തെ 200ഓളം ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ ആപ്പ് വഴി തിരഞ്ഞെടുക്കുന്ന ഭക്ഷണം യൂബര്‍ ഈറ്റ്‌സ്‌ന്റെ സ്വന്തം ഡെലിവറി ബോയ്‌സ് ഉപഭോക്താക്കള്‍ പറയുന്ന സ്ഥലത്തെത്തിക്കും. യൂബര്‍ ഈറ്റ്‌സിന്റെ വിതരണക്കാരായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും പ്രവര്‍ത്തിക്കുന്നുണ്ട്.

RELATED STORIES

Share it
Top