Big stories

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ്: ഐടി വകുപ്പ് സെക്രട്ടറിയെ മാറ്റിയേക്കും

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസ്: ഐടി വകുപ്പ് സെക്രട്ടറിയെ മാറ്റിയേക്കും
X

തിരുവനന്തപുരം: വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കരന്‍ ഐഎഎസിനെ തദ്സ്ഥാനത്തു നിന്ന് മാറ്റിയേക്കും. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് ആരോപണമുയര്‍ന്നിട്ടുള്ള ഐടി വകുപ്പിലെ ജീവനക്കാരി സ്വപ്‌ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വിഷയത്തില്‍ എം ശിവശങ്കരനില്‍ നിന്നു കസ്റ്റംസും ചോദ്യം ചെയ്‌തേക്കും. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വപ്ന സുരേഷിനു ഐടി വകുപ്പില്‍ താല്‍ക്കാലിക നിയമനം നല്‍കിയതില്‍ ശിവശങ്കരനു പങ്കുണ്ടെന്നാണു സൂചന. സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

കെഎസ്‌ഐടിഎല്ലിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫിസറായിരുന്ന സ്വപ്‌നയെ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ഐടി വകുപ്പ് സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമാണെന്ന് ഇവര്‍ താമസിച്ചിരുന്ന ഫഌറ്റിലെ സഹതാമസക്കാര്‍ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മുടവന്‍മുഗളില്‍ സ്വപ്ന താമസിച്ചിരുന്ന ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു ഇദ്ദേഹമെന്നും റിപോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ഗുരുതര ആരോപണം ഉയര്‍ന്നതോടെ പിണറായി വിജയനും കടുത്ത അമര്‍ഷത്തിലാണ്.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ഐടി വകുപ്പില്‍ ജോലി ചെയ്യുന്ന സ്വപ്‌ന സുരേഷിലേക്ക് അന്വേഷണം നീണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖന്‍ വിഷയത്തില്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ പുറത്തുവന്നത്. ജൂണ്‍ 30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേസമയം, സ്വപ്നയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്.

Diplomatic gold smuggling case: IT department secretary may be replaced


Next Story

RELATED STORIES

Share it