Big stories

ഡല്‍ഹി കലാപ കള്ളക്കേസ്: ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകരും ജയില്‍ മോചിതരായി

ഡല്‍ഹി കലാപ കള്ളക്കേസ്: ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകരും ജയില്‍ മോചിതരായി
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ച മൂന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകരും ജയില്‍ മോചിതരായി. ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ച വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് ഇന്ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായത്. ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കി രണ്ടു ദിവസത്തിനു ശേഷമാണ് ഇവര്‍ ജയില്‍മോചിതരായത്. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും പ്രതിഷേധം തീവ്രവാദമല്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ശേഷമാണ് മൂവര്‍ക്കും ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരേ പോലിസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി പോലിസ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും.

'ഇത് സര്‍ക്കാരിനു നിരാശയുണ്ടാക്കുമെന്നും ഞങ്ങള്‍ അവരെ ഭയപ്പെടാത്ത സ്ത്രീകളാണെന്നും ജയില്‍ കവാടത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദേവാംഗന കലിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചതിനാലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം, കേസ് ഇപ്പോഴും കോടതിയില്‍ ഉള്ളതിനാല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നതാഷ നര്‍വാള്‍ പറഞ്ഞു. 'എന്നിരുന്നാലും, ഞങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് ഡല്‍ഹി ഹൈക്കോടതിക്ക് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത്തരം പ്രതിഷേധം തീവ്രവാദമല്ല. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രതിഷേധമായിരുന്നുവെന്നും നതാഷ നര്‍വാള്‍ പറഞ്ഞു.


'അവര്‍ക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താം. ഞങ്ങളെ തടവിലിട്ട് ഭീഷണിപ്പെടുത്താന്‍ കഴിയും. പക്ഷേ ഇത് ഞങ്ങളുടെ പോരാട്ടം തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയാണെന്നും നര്‍വാള്‍ പറഞ്ഞു. നടാഷ നര്‍വാള്‍ ജയിലില്‍ കഴിയുന്നതിനിടെ പിതാവ് മഹാവീര്‍ നര്‍വാള്‍ മെയ് മാസം കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അവര്‍ക്ക് അവരുടെ പിതാവിനെ നഷ്ടമായി. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജയിലില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ അവളെ അഭിവാദ്യം ചെയ്യാന്‍ വരുമായിരുന്നുവെന്ന് സ്വീകരിക്കാനെത്തിയ സഹോദരന്‍ പറഞ്ഞു.

പിഞ്ച്‌റ തോഡ് പ്രവര്‍ത്തകരും ജെഎന്‍യു വിദ്യാര്‍ഥികളുമായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം(യുഎപിഎ) പ്രകാരം കഴിഞ്ഞ മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേര്‍ക്കും ചൊവ്വാഴ്ചയാണ് 50000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകള്‍ക്കും സമാനമായ തുകയുടെ രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Delhi riots: Student activists released from prison on bail





Next Story

RELATED STORIES

Share it