Big stories

വിദ്യാലയങ്ങള്‍ക്ക് അവധി, ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം, ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ സമാന സാഹചര്യം

വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 15 വരെ അവധി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ഓഫിസുകളിലടക്കം വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനുവരി 10 മുതല്‍ പകല്‍ സമയങ്ങളില്‍ അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടംചേരുന്നത് നിരോധിച്ച് ഉത്തരവിറക്കി.

വിദ്യാലയങ്ങള്‍ക്ക് അവധി, ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം, ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ സമാന സാഹചര്യം
X

മുംബൈ: രാജ്യത്തെ ഭീതിയിലാഴ്ത്തി വീണ്ടും വർധിച്ചു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി മഹാരാഷ്ട്ര. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 15 വരെ അവധി പ്രഖ്യാപിക്കുകയും സർക്കാർ ഓഫിസുകളിലടക്കം വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്ന് നിർദേശിക്കുകയും ചെയ്ത സർക്കാർ ജനുവരി 10 മുതൽ പകൽ സമയങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ കൂട്ടംചേരുന്നത് നിരോധിച്ച് ഉത്തരവിറക്കി. കൂടാതെ, അവശ്യ സേവനങ്ങൾ ഒഴികെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ പൊതുസ്ഥലങ്ങളിൽ ഒരു ചലനവും അനുവദിക്കില്ലെന്നും സർക്കാർ സർക്കുലറിൽ അറിയിച്ചു.

രണ്ടുവർഷം മുമ്പ് കൊറോണ വൈറസ് ഇന്ത്യയിൽ കണ്ടെത്തിയതു മുതൽ ഏറ്റവും കൂടുതൽ കേസുകൾ റിപോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയാണ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കുന്ന ആദ്യ സംസ്ഥാനം. മഹാരാഷ്ട്രയിലെ നിയന്ത്രണങ്ങൾക്കു പിന്നാലെയാണ് നേരത്തെ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈ വർഷവും മഹാരാഷ്ട്രയിലെ നിയന്ത്രണങ്ങൾ വീണ്ടുമൊരു രാജ്യവ്യാപക ലോക്ഡൗണിലേക്കുള്ള സൂചനയാണോ എന്ന ആശങ്കയിലാണ് പൊതുജനം.

സംസ്ഥാനത്ത് 40,000ത്തിലധികം പുതിയ കൊറോണ വൈറസ് കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും അധ്യാപകരുടെ ഭരണപരമായ പ്രവർത്തനങ്ങളും ഒഴികെയുള്ള സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടാൻ കഴിഞ്ഞ ദിവസം തന്നെ ഉത്തരവായിട്ടുണ്ട്. ഓഫിസ് മേധാവികളുടെ രേഖാമൂലമുള്ള അനുമതിയോടെയല്ലാതെ സർക്കാർ ഓഫിസുകളിൽ സന്ദർശകരെ അനുവദിക്കില്ല. സർക്കാർ ഓഫിസുകളടക്കം വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കണമെന്നും ഓഫിസ് ജോലി ആവശ്യമാണെങ്കിൽ ജോലി സമയം ക്രമീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

വിവാഹങ്ങളിലും സാമൂഹിക, മത, സാംസ്‌കാരിക, രാഷ്ട്രീയ സമ്മേളനങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. മരണാനുബന്ധ ചടങ്ങുകളിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. ഇതു കൂടാതെ നീന്തൽ കുളങ്ങൾ, ജിമ്മുകൾ, സ്പാകൾ, വെൽനെസ് സെന്റർ- ബ്യൂട്ടി സലൂണുകൾ എന്നിവ അടച്ചിടണം. ഹെയർ കട്ടിങ് സലൂണുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. നിലവിൽ ഷെഡ്യൂൽ ചെയ്യപ്പെട്ട ദേശീയ, അന്തർ ദേശീയ മൽസരങ്ങൾ ഒഴികെയുള്ള എല്ലാ കായിക മൽസരങ്ങളും മാറ്റിവെക്കും.അതേസമയം, ബയോ ബബിൾ ക്രമീകരണത്തോടെ കാണികളില്ലാതെ നടത്താൻ കഴിയുന്ന പരിപാടികൾ അങ്ങനെ നടത്താൻ അനുമതിയുണ്ട്.

വിനോദ പാർക്കുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ, കോട്ടകൾ, പൊതുജനങ്ങൾക്കായി ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുള്ള മറ്റ് സ്ഥലങ്ങൾ എന്നിവ അടച്ചിടും. ഷോപ്പിങ് മാളുകൾക്കും മാർക്കറ്റ് കോംപ്ലക്‌സുകൾക്കും 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കാം. പൂർണ്ണമായും വാക്‌സിനെടുത്ത ആളുകളെ മാത്രമേ മാളുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും പ്രവേശിക്കാൻ അനുവദിക്കൂ. ഈ സ്ഥാപനങ്ങൾ രാത്രി 10 മണിക്ക് ശേഷം അടച്ചിടും. റെസ്‌റ്റോറന്റുകളും ഭക്ഷണശാലകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. അവയും രാത്രി 10 മണി വരെ മാത്രമേ തുറന്നിരിക്കാൻ കഴിയൂ. സിനിമാ തിയേറ്ററുകളും നാടകശാലകളും അടച്ചിടുന്നില്ലെങ്കിലും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. രണ്ട് ഡോസ് വാക്‌സിനേഷനും പൂർത്തീകരിച്ചവരെ മാത്രമേ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂ. ഹാൾ ടിക്കറ്റ് നൽകിയിട്ടുള്ള മത്സര പരീക്ഷകൾ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും നടക്കുക.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച നിർദേശം നൽകി. 'കൊറോണ സന്ദേശവാഹകർ' ആകരുതെന്നും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു.

Next Story

RELATED STORIES

Share it