Big stories

കൊവിഡ് 19: ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു -മസ്‌കത്ത് ലോക്ക് ഡൗണിലേക്ക്

പ്രവാസികള്‍ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒമാനിലെ മത്ര, സൗദിയില്‍ റിയാദ് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് കൂടുതലാണ്.

കൊവിഡ് 19: ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു  -മസ്‌കത്ത് ലോക്ക് ഡൗണിലേക്ക്
X

ദുബയ്: ഗള്‍ഫ് മേഖലയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. സൗദിയിലും കുവൈത്തിലും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു.

ഖത്തറില്‍ 153 ഉം കുവൈത്തില്‍ 112 ഉം ഒമാനില്‍ 48 പേരും ഉള്‍പ്പെടെ 313 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ ഇന്ന് പുതുതായി 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2932 ആയി. കൊവിഡ് മരണ നിരക്കും രോഗികളുടെ എണ്ണവും ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണ നടപടികള്‍ ദീര്‍ഘിപ്പിക്കാനുറച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍.

ഗള്‍ഫില്‍ കൊവിഡ് മരണം 67 ല്‍ എത്തി. സൗദിയിലാണ് ഏറ്റവും കൂടുതല്‍ മരണം. 41. വിവിധ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. മൂവായിരത്തോളം കൊവിഡ് ബാധിതരുള്ള സൗദി തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്നില്‍. വരും ദിവസങ്ങളില്‍ രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന സൗദി ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ് കൂടുതല്‍ കടുത്ത നടപടികള്‍ക്കാണ് ഗള്‍ഫ് രാജ്യങ്ങളെ ഒന്നാകെ പ്രേരിപ്പിക്കുന്നത്. അടുത്ത രണ്ടാഴ്ചകളില്‍ രോഗവ്യാപനം മുന്‍നിര്‍ത്തി കൂടുതല്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്.

സൗദിയില്‍ 2260 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 16 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 631 ആയി.

ഇന്ന് മദീനയില്‍ 41, റിയാദില്‍ 37, മക്കയില്‍ 19, ജിദ്ദ 8, ദമ്മാം 6, ഖതീഫ് 5 എന്നിങ്ങിനെയാണ് പ്രധാന നഗരങ്ങളിലെ രോഗബാധിതരുടെ എണ്ണം. ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. നിലവില്‍ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 41 ആണ്.

കൊവിഡിന്റെ സാമൂഹിക വ്യാപനം പക്ഷെ, ഗള്‍ഫില്‍ എവിടെയും ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം, പ്രവാസികള്‍ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒമാനിലെ മത്ര, സൗദിയില്‍ റിയാദ് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് കൂടുതലാണ്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര ഇടപെടല്‍ തേടി കഴിഞ്ഞ ദിവസം നോര്‍ക്ക ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്ത് നല്‍കിയിരുന്നു.

സൗദിയിലും കുവൈത്തിലും ദീര്‍ഘിപ്പിച്ച കര്‍ഫ്യു മാറ്റമില്ലാതെ തുകരുകയാണ്. ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. ദുബൈയിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ഏപ്രില്‍ 10 മുതല്‍ 12 ദിവസത്തേക്ക് അടച്ചിടാന്‍ ഇന്ന് ചേര്‍ന്ന സുപ്രിംകമ്മിറ്റിയാണ് തീരുമാനിച്ചത്. മസ്‌കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷര്‍, മസ്‌കത്ത്, മത്‌റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകള്‍ ഉള്‍പ്പെട്ടതാണ് മസ്‌കത്ത് ഗവര്‍ണറേറ്റ്.

Next Story

RELATED STORIES

Share it