Big stories

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം

ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയപദ്ധതിയെന്ന് വിലയിരുത്തല്‍. ഖാര്‍ഗെ, സോണിയ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ല

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം
X

ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനും ഭിന്നാഭിപ്രായങ്ങള്‍ക്കും വിരാമം കുറിച്ച് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും 'രാഷ്ട്രീയ പദ്ധതി'യാണെന്ന് വിലയിരുത്തിയാണ് ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ച പാര്‍ട്ടി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ വിസമ്മതം അറിയിച്ചു. 'മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍എസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്രം രാഷ്ട്രീയ പദ്ധതിയായി ഉണ്ടാക്കിയതാണ്. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണെന്നു മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവിച്ചു. 2019 ലെ സുപ്രീം കോടതി വിധിയെ അനുസരിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്പോള്‍ തന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ആര്‍എസ്എസ്, ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഏറ്റവും പുതിയ പോരായി രാമക്ഷേത്രം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പതിവ് ആരോപണവുമായി ബിജെപിക്ക് ഇതിനെ ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്.

Here is the statement of Shri @Jairam_Ramesh, General Secretary (Communications), Indian National Congress. pic.twitter.com/JcKIEk3afy

നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ഒഴിവാക്കുമെന്ന് സൂചിപ്പിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം തള്ളിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടെ ഭിന്നതയുണ്ടായിരുന്നു. സോണിയാ ഗാന്ധി ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചെന്ന മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിന്റെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കളും വ്യവസായികളും അഭിനേതാക്കളും മറ്റ് പ്രമുഖരും പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it