- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
ഹ്രസ്വകാല തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്കപ്പുറം, ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും ഘടനാപരമായ സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്

ക്രിസ്റ്റോഫ് ജാഫ്രലോട്ട്
ഏപ്രില്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി (സിസിപിഎ) വരാനിരിക്കുന്ന സെന്‍സസിന്റെ ഭാഗമായി ജാതി കണക്കെടുപ്പ് നടത്തുമെന്ന് തീരുമാനിച്ചിരുന്നു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതാണ് ജാതി സെന്‍സസ് എന്ന സംഘപരിവാരത്തിന്റെ പരമ്പരാഗത സമീപനത്തിനു വിരുദ്ധമായിരുന്നു ഈ തീരുമാനം.
2023ല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചതിനുശേഷം, ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ ജാതി സെന്‍സസ് പ്രചാരണത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞത് ഇതാണ്:
'തിരഞ്ഞെടുപ്പുകളില്‍ ആളുകള്‍ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചു. എനിക്ക്, നാല് ജാതികള്‍ മാത്രമേയുള്ളൂ: സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, ദരിദ്രര്‍.' ഈ പ്രഖ്യാപനത്തിന് രണ്ട് വര്‍ഷം മുമ്പ്, ലോക്സഭയില്‍ നല്കിയ മറുപടിയില്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കപ്പുറം ജാതി തിരിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തരുതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
മോദിയുടെ പിന്മാറ്റത്തെ എങ്ങനെ വിശദീകരിക്കാം?
പരിഗണിക്കേണ്ട ഏറ്റവും സ്പഷ്ടമായ മാറ്റം തീര്‍ച്ചയായും ബിഹാര്‍ തിരഞ്ഞെടുപ്പാണ്. ഈ സംസ്ഥാനത്ത്, കൊളോണിയല്‍ കാലഘട്ടം മുതല്‍ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2022ല്‍ നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ ഒരു ജാതി സര്‍വേ നടത്തുന്നിടത്തോളം നീണ്ടുചെല്ലുന്നു അതിന്റെ പ്രാധാന്യം. വെറും ഒരു സര്വേയ്ക്കപ്പുറം ശരിയായ ജാതി സെന്‍സസിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍, പാര്‍ലമെന്റില്‍ ബിജെപിക്ക് നിര്‍ണായക പിന്തുണ നല്കുന്ന നിതീഷിന്റെ പാര്‍ട്ടിയായ ജനതാദളിന്റെ (യുണൈറ്റഡ്)നിലപാട് ആ പാര്‍ട്ടിയുടെതന്നെ നിലപാടിന് വിരുദ്ധമാവുമായിരുന്നു. മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് അംഗീകരിച്ചിരുന്നില്ലെങ്കില്‍, വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ സഖ്യം ആ വിഷയം വളരെ ഫലപ്രദമായി ഉപയോഗിക്കുമായിരുന്നു. ആകസ്മികമായി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇപ്പോള്‍ മോദി ഒരു മികച്ച നീക്കം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ഇതിനു വിപരീതമായി, സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് നയിക്കുന്ന ഒരു സര്‍ക്കാരും ഒരു സെന്‍സസിലും ജാതി കണക്കാക്കിയിട്ടില്ലെന്നും അവര്‍ വാദിക്കുന്നു. 2011ലെ സെന്‍സസില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ ഡാറ്റ പരസ്യമാക്കിയിട്ടില്ലെന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം അവഗണിക്കുകയായിരുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പും സാമൂഹിക നീതി അടിസ്ഥാനമാക്കിയുള്ള ജാതി സെന്‍സസിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ചെലുത്തിയ സമ്മര്‍ദ്ദവും മറ്റ് ഘടകങ്ങളും മോദിയുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ടാവും.
മോദിയും മധ്യവര്‍ഗവും തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധം അതിലൊന്നാണ്. 1990കള്‍ മുതല്‍ മണ്ഡല് റിപോര്‍ട്ട് നടപ്പിലാക്കിയതിനോട് പ്രതികരിച്ചുകൊണ്ട് ഉന്നത ജാതി, മധ്യവര്‍ഗ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് തിരിഞ്ഞു. കാരണം ഒരു ബിജെപി സര്‍ക്കാരില്‍നിന്ന് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണങ്ങളില്‍ വെള്ളം ചേര്‍ക്കല്‍ (അല്ലെങ്കില്‍ അതിലും കൂടുതല്‍) അവര്‍ പ്രതീക്ഷിച്ചിരുന്നു. അവര്‍ പറഞ്ഞത് ശരിയാണ്: മോദി സര്‍ക്കാര്‍ പൊതുമേഖലയെ വളരെയധികം ചുരുക്കിയതിനാല്‍ ക്വാട്ടയ്ക്ക് കീഴിലുള്ള ജോലികളുടെ എണ്ണം കുറഞ്ഞു. സാമ്പത്തികമായി ദുര്‍ബല വിഭാഗത്തിന് അനുകൂലമായ വിവേചനത്തിന്റെ മറവില്‍
'ഉയര്‍ന്ന' ജാതികള്‍ക്കായി ബിജെപി 10 ശതമാനം ക്വാട്ടയും അവതരിപ്പിച്ചു. കൂടാതെ, ഉയര്‍ന്ന തസ്തികകളില്‍ പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗ പ്രാതിനിധ്യം അനുവദിച്ച ക്വാട്ടയേക്കാള്‍ കുറവായിരുന്നു.
ഇതിനര്‍ഥം, സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മധ്യവര്‍ഗത്തിന് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞു എന്നാണ്. ഇത് ഈ ഗ്രൂപ്പിനെ പ്രതികൂലമായി ബാധിച്ചു. കൂടുതല്‍ കൂടുതലായി മധ്യവര്‍ഗത്തെ സൃഷ്ടിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഒരു നവ മധ്യവര്‍ഗത്തിന്റെ രൂപീകരണം ആഘോഷിക്കുകയെന്ന, 2014ലെ മോദിയുടെ മുദ്രാവാക്യത്തിന് വിരുദ്ധമായി ഈ വര്‍ഗം ചുരുങ്ങുകയാണ്. അതിസമ്പന്നരായ 10 ശതമാനം പേര്‍ക്ക് ഗുണമുണ്ട്. പക്ഷേ, താഴെയുള്ള വിഭാഗങ്ങള്‍ക്കൊന്നും ഗുണമില്ല.
2024ല്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് ഇനീക്വാലിറ്റി ലാബിന്റെ ഒരു റിപോര്‍ട്ടില്‍, ഏറ്റവും സമ്പന്നരായ 10 ശതമാനം പേര് കൈവശം വച്ചിരിക്കുന്ന ദേശീയ വരുമാനത്തിന്റെ വിഹിതം, 1947ല്‍ മൊത്തം വരുമാനത്തിന്റെ 37 ശതമാനം ആയിരുന്നത് 1982ല്‍ 30 ശതമാനമായി കുറഞ്ഞു. പിന്നീട് 1990ല്‍ 33.5 ശതമാനമായി ഉയര്‍ന്നു. പിന്നീട് കുതിച്ചുയര്‍ന്ന് 2022-23ല്‍ 57.7 ശതമാനമായി. മറ്റ് സൂചകങ്ങളും ഇതേ നിഗമനങ്ങളിലേക്ക് നയിക്കുന്നു. ഉപഭോഗ അളവുകളുടെ കാര്യത്തിലും ഇത് ശരിയാണ്. നഗരവാസികളില്‍ ഏറ്റവും ദരിദ്രരായ 50 ശതമാനം പേര് പ്രതിമാസം ശരാശരി 5,000 രൂപയില്‍ താഴെ ഉപഭോഗം ചെയ്യുന്നു, ഏറ്റവും സമ്പന്നരായ 5 ശതമാനം പേര് 20,824 രൂപ, അടുത്ത 5 ശതമാനം പേര് 12,399 രൂപ, അടുത്ത 10 ശതമാനം പേര് 9,582 രൂപ, ബാക്കിയുള്ളവര്‍, ഏറ്റവും ദരിദ്രരായ 50 ശതമാനത്തിനും ഇന്ത്യയിലെ മറ്റിടങ്ങളില്‍ ചിലപ്പോള്‍ 'മധ്യവര്‍ഗം' എന്ന് വിളിക്കപ്പെടുന്ന 20 ശതമാനത്തിനും ഇടയിലുള്ളവര്‍, പ്രതിമാസം 5,662 രൂപ മുതല്‍ 7,673 രൂപ വരെ ഉപയോഗിക്കുന്നു.
അതുകൊണ്ടാണ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചെയര്മാന് ആര് സി ഭാര്‍ഗവ, ഇന്ത്യന്‍ കുടുംബങ്ങളില്‍ 12 ശതമാനം പേര്‍ക്ക് മാത്രമേ കാറുകള്‍ വാങ്ങാന്‍ കഴിയൂ എന്നു പറഞ്ഞത്. ഈ അവസ്ഥ, നവമധ്യവര്ഗത്തിലെ എല്ലാവരെയും നിരാശപ്പെടുത്തുന്നു. ഇപ്പോള്‍, അവരില്‍ പലരും 'താഴ്ന്ന' ജാതി ഗ്രൂപ്പുകളില്‍ നിന്നുള്ളവരാണ്. തങ്ങള്‍ക്ക് പ്രയോജനകരമാംവിധം ജാതി രാഷ്ട്രീയം തിരിച്ചുവരുന്നതിനെ അവര്‍ അഭിനന്ദിച്ചേക്കാം.
ഇതിനു വിപരീതമായി, ജാതി രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ് ഉന്നത ജാതി, മധ്യവര്‍ഗത്തെ പ്രകോപിപ്പിച്ചേക്കാം. പക്ഷേ, ഹിന്ദുത്വത്തിന്റെ പ്രോല്‍സാഹനം ഉള്‍പ്പെടെയുള്ള മോദിയുടെ രാഷ്ട്രീയത്തിന്റെ മറ്റ് വശങ്ങളെ അവര്‍ വിലമതിക്കുന്നു. അവര്‍ക്ക് മറ്റാരെയാണ് പിന്തുണയ്ക്കാന്‍ കഴിയുക? അവസാനമായി പക്ഷേ, ഏറ്റവും പ്രധാനമായി, അവര്‍ വോട്ടര്‍മാരുടെ എത്ര ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്?
ഇത് മോദിയുടെ പിന്മാറ്റത്തിന്റെ രണ്ടാമത്തെ വിശദീകരണത്തിലേക്ക് നമ്മെ നയിക്കുന്നു: സാധാരണക്കാരായ വോട്ടര്‍മാരിലുള്ള അദ്ദേഹത്തിന്റെ വര്‍ധിച്ചുവരുന്ന ആശ്രയം. സിഎസ്ഡിഎസ്ലോക്നിതിയുടെ കണക്കനുസരിച്ച്, ബിജെപിയെ തിരഞ്ഞെടുത്ത ദരിദ്ര വോട്ടര്‍മാര്‍ 2009ല്‍ 16 ശതമാനത്തില്‍നിന്ന് 2014ല്‍ 24 ശതമാനം, 2019ല്‍ 36 ശതമാനം, 2024ല്‍ 37 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. തദ്ഫലമായി, ബിജെപി വോട്ടര്‍മാരിലെ രണ്ട് തീവ്ര ഗ്രൂപ്പുകള്‍ തമ്മിലുള്ള അന്തരം നാല് ശതമാനം പോയിന്റുകളായി കുറഞ്ഞു. സമ്പന്നരില്‍ 41 ശതമാനം പേര് ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനമാണ് ബിജെപിയെ പിന്തുണയ്ക്കുന്ന ഇടനില ഗ്രൂപ്പുകള്‍. ബഹുഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ദരിദ്രര്‍ തനിക്കു പിന്നിലുള്ളപ്പോള്‍, ഉന്നത ജാതി മധ്യവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ മോദി എന്തിന് നിറവേറ്റണം?
'അന്തസ്സിന്റെ രാഷ്ട്രീയം' അവലംബിച്ചുകൊണ്ട് മോദി ദരിദ്രരെ ഫലപ്രദമായി ആകര്‍ഷിച്ചു. ആയിരക്കണക്കിന് പ്രസംഗങ്ങളിലും പ്രത്യേകിച്ച് മാന്‍ കി ബാത്ത് പരിപാടിയിലും ഇത് പ്രകടമായി. സമൂഹത്തില്‍ സാധാരണക്കാരുടെ പ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദരിദ്രര്‍ക്കിടയിലെ അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തിന്റെ 'ക്ഷേമ ജനകീയത'യില്‍നിന്നാണ് വരുന്നത്. അത് പ്രധാനമന്ത്രിയുടെ പേരിലുള്ള നിരവധി സാമൂഹിക പരിപാടികളായി മാറുന്നു. മിക്കപ്പോഴും പ്രധാനമന്ത്രിയുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്, ഉദാഹരണത്തിന് പ്രധാന് മന്ത്രി ആവാസ് യോജന, പ്രധാന് മന്ത്രി ഉജ്ജ്വല യോജന, അല്ലെങ്കില്‍ പ്രധാന് മന്ത്രി ജന്‍ ധന് യോജന എന്നിവ.
ഈ പരിപാടികളില്‍നിന്ന് പ്രയോജനം നേടുന്ന ദരിദ്രരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതില്‍ കൂടുതലുള്ളതെന്നാണ് സിഎസ്ഡിഎസ് സര്‍വേകള്‍ കാണിക്കുന്നത്. നിലവിലെ സാമ്പത്തിക മാന്ദ്യം ദരിദ്രര്‍ക്കിടയില്‍ മോദിക്കുള്ള പിന്തുണയുടെ അടിത്തറയെ ബാധിച്ചേക്കില്ല എന്നാണ് ഈ പരസ്പരബന്ധം സൂചിപ്പിക്കുന്നത്. കാരണം, മോദിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും കൂടുതല്‍ ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. വാസ്തവത്തില്‍, പൂര്‍ണമായും അധികാരത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു ഭരണാധികാരി ജനങ്ങളുടെ ദാരിദ്ര്യത്തില്‍ ഖേദിക്കില്ല. കാരണം ഈ പുതിയ 'കക്ഷി പട്ടിക യുക്തി'യില്‍ അവര്‍ അദ്ദേഹത്തെ കൂടുതല്‍ ആശ്രയിക്കും.
ജാതിയുടെ കാര്യത്തിലും ഇതേ ന്യായവാദം തന്നെ പ്രയോഗിക്കാവുന്നതാണ്. ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഹിന്ദു സവര്‍ണരും താഴ്ന്ന ജാതിയിലെ ഹിന്ദു പിന്നാക്ക സമുദായങ്ങളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ തന്നെ വളരെ കുറവാണ്. ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ സ്വാധീനം ആദ്യം ഈ ശ്രദ്ധേയമായ ഒത്തുചേരലിനെ വിശദീകരിക്കും. 1990കള്‍ മുതല്‍, രാമജന്മഭൂമി പ്രസ്ഥാനത്തോടെ, ജാതി സ്വത്വങ്ങളെ മുക്കിക്കളയാന്‍ സംഘപരിവാരം ഒരു കാവി തരംഗത്തെ പ്രോല്‍സാഹിപ്പിച്ചു. ജാതി രാഷ്ട്രീയത്തിന്റെ ചെലവില്‍ സമൂഹത്തെ മതപരമായി ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിംകളെ നിരന്തരം വിമര്‍ശിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ തന്ത്രം. 'താഴ്ന്ന' ജാതി ഹിന്ദുക്കള്‍ക്കിടയിലും 'ഉയര്‍ന്ന' ജാതി ഹിന്ദുക്കള്‍ക്കിടയിലും മുസ്ലിം വിരുദ്ധ മുന്‍വിധി വ്യാപകമായതിനാല്‍ ഈ തന്ത്രം ഫലം കണ്ടതായാണ്, 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിഎസ്ഡിഎസ് നടത്തിയ ഒരു സര്‍വേ കാണിക്കുന്നത്. ഉദാഹരണത്തിന്, അഭിമുഖത്തില്‍ പങ്കെടുത്ത ഹിന്ദുക്കളില്‍ 27 ശതമാനം പേര് 'പൂര്‍ണമായും' അല്ലെങ്കില്‍ 'ഒരു പരിധിവരെ' മുസ്ലിംകള് മറ്റാരെയും പോലെ 'വിശ്വസനീയരല്ല' എന്ന് സമ്മതിക്കുന്നു. അപ്പോള്‍ പോലും, അവരില്‍, മുസ്ലിംകളെക്കുറിച്ച് ഏറ്റവും നിഷേധാത്മകമായ വീക്ഷണങ്ങള്‍ വളര്‍ത്തുന്നത് ദലിതരാണ്; 28.7 ശതമാനം.
'താഴ്ന്ന' ജാതി ഹിന്ദുക്കളെ ഇതിനകം കീഴടക്കിയിട്ടുണ്ടെങ്കില്‍, ജാതി സെന്‍സസ് കാര്‍ഡ് ഉപയോഗിച്ച് ബിജെപി ഈ നേട്ടങ്ങള്‍ ഏകീകരിക്കാന്‍ സാധ്യതയുണ്ട്. വീണ്ടും, രണ്ട് കാരണങ്ങളാല്‍ ഇത് അത്ര ലളിതമായിരിക്കില്ല. ഒന്നാമതായി, ബിജെപിയില്‍ ഇപ്പോഴും 'ഉയര്‍ന്ന' ജാതിക്കാര്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. പാര്‍ട്ടി കേഡറിന്റെ സാമൂഹികശാസ്ത്രത്തില്‍നിന്ന് ഇത് വ്യക്തമാണ്. അവര്‍ കൂടുതലും ആര്‍എസ്എസില്‍ നിന്നുള്ളവരാണ്. അതിന്റെ എംപിമാരുടെ പ്രൊഫൈലില്‍നിന്ന് ഇത് വ്യക്തമാണ്. ഗില്ലസ് വെര്നിയേഴ്സ്, 'ജേണല്‍ ഓഫ് ഇന്ത്യന്‍ പൊളിറ്റിക്സ് ആന്‍ഡ് പോളിസി'യില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഒരു ലേഖനത്തില്‍ കാണിക്കുന്നത് പോലെ എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ 31 ശതമാനത്തിലധികം പേര് 'ഉയര്‍ന്ന' ജാതികളില്‍നിന്നുള്ളവരാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്ഥികളിലാവട്ടെ 19 ശതമാനം പേര് മാത്രമാണ് 'ഉയര്‍ന്ന' ജാതികളില്‍ നിന്നുള്ളവര്‍. 'താഴ്ന്ന' ജാതി അനുകൂല അജണ്ടയിലേക്കുള്ള മാറ്റത്തോട് ഈ നേതാക്കള്‍ എങ്ങനെ പ്രതികരിക്കും; പ്രത്യേകിച്ചും പാര്‍ട്ടിക്ക് 'താഴ്ന്ന' ജാതി സ്ഥാനാര്‍ഥികളെ കൂടുതലായി നാമനിര്‍ദേശം ചെയ്യേണ്ടിവരുമ്പോള്‍?
രണ്ടാമതായി, പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ജാതി ഗ്രൂപ്പുകളെ അവഗണിച്ചതിനാല്‍ 2024 ല്‍ ബിജെപിക്ക് നിരവധി 'താഴ്ന്ന' ഒബിസികളെ ആകര്‍ഷിക്കാന്‍ കഴിയും. കാരണം അവര്‍ 'ഉയര്‍ന്ന' ഒബിസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രവണത കാണിച്ചു. അതിന്റെ ഫലമായി ഈ ഗ്രൂപ്പുകള്‍ 2024 ല്‍ ബിജെപിക്ക് വളരെ കുറച്ചാണ് വോട്ട് ചെയ്തത്;39 ശതമാനം. ഇവിടെ രസകരമായ ഒരു അപവാദമുണ്ട്: യുപിയില്‍, 'താഴ്ന്ന' ഒബിസികള്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ നല്കി അവരെ ആകര്‍ഷിക്കാന്‍ സമാജ്വാദി പാര്‍ട്ടി ഒരു ചെറിയ എണ്ണം യാദവരെ ('ഉയര്‍ന്ന' ഒബിസികള്‍) നാമനിര്‍ദേശം ചെയ്തു. അത് ഫലം കാണുകയും ചെയ്തു.
പാര്‍ട്ടിയുടെ 'താഴ്ന്ന' ഒബിസി സ്ഥാനാര്‍ഥികള്‍ അവരുടെ സമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതിനായി അവരോടൊപ്പം ചേര്‍ന്നപ്പോള്‍ യാദവര്‍ പ്രധാനമായും എസ്പിക്ക് വോട്ട് ചെയ്യുന്നത് തുടര്‍ന്നു.
ഈ പരീക്ഷണം ബിഹാറില്‍ ആവര്‍ത്തിക്കാന്‍ കഴിയുമോ? പന്ത് പ്രതിപക്ഷത്തിന്റെ കോര്‍ട്ടിലാണ്. ആര്‍ജെഡിയും കോണ്‍ഗ്രസും എസ്പിയുടെ തന്ത്രം അനുകരിച്ചാല്‍, മോദി കളിക്കാന്‍ ശ്രമിക്കുന്ന ജാതി സെന്‍സസ് കാര്‍ഡ് മുതലെടുക്കുന്നതില്നിന്ന് ബിജെപി-ജെഡിയു സഖ്യത്തെ തടയാന്‍ അവര്‍ക്ക് കഴിയും.
ഈ ഹ്രസ്വകാല സാധ്യതകള്‍ക്കപ്പുറം, ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും ഘടനാപരമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. ജാതി സെന്‍സസ് സ്വയംതന്നെ ഒരു ലക്ഷ്യമല്ല. ബ്യൂറോക്രസിയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യത്യസ്ത ജാതി ഗ്രൂപ്പുകളുടെ പ്രാതിനിധ്യം കുറവോ അമിതമോ ആണെന്ന് അളക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് ഉപകരണമാണിത്. ഇത് സാമൂഹിക നീതിക്കായി വിവിധ ഗ്രൂപ്പുകളില്‍നിന്ന് പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് കാരണമാകും. ഈ പ്രക്രിയ മണ്ഡല് കാലത്തേക്കാള്‍ പ്രബല ഗ്രൂപ്പുകളില്‍നിന്ന് അതേ പ്രതിരോധം വളര്‍ത്തിയെടുക്കാന്‍ സാധ്യതയുണ്ട്. അതിനെയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ 'ശൂദ്ര വിപ്ലവം' എന്ന് വിശേഷിപ്പിക്കുന്നത്. അതിനാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം വംശീയ-മത രജിസ്റ്ററില്‍നിന്ന് സാമൂഹികസാമ്പത്തിക ജാതി അടിസ്ഥാനമാക്കിയുള്ള ഡാറ്റയിലേക്ക് മടങ്ങും. നരേന്ദ്ര മോദി ഈ ദീര്‍ഘകാല ഫലം പ്രതീക്ഷിച്ചിരിക്കില്ല. തന്ത്രപരമായ നീക്കങ്ങള്‍ക്ക് ചിലപ്പോള്‍ ഗണ്യമായ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.
RELATED STORIES
കടൽക്ഷോഭം രൂക്ഷം; തീരദേശവാസികളുടെ പുനരധിവാസം ഉറപ്പാക്കും: കലക്ടർ
20 July 2025 11:54 AM GMTവിദേശസഹായങ്ങൾ വെട്ടികുറയ്ക്കാനുള്ള ട്രംപിൻ്റെ തീരുമാനം സ്തംഭിപ്പിച്ചത് ...
20 July 2025 11:34 AM GMTബസുകളുടെ മൽസരയോട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
20 July 2025 10:58 AM GMTനിപയിൽ ആശ്വാസം; 15 വയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്
20 July 2025 10:32 AM GMT'വായ്പയെടുത്ത് ഓട്ടോ വാങ്ങി, ഇഎംഐ അടയ്ക്കാൻ പണമില്ല'; മക്കളെ കൊന്ന്...
20 July 2025 10:22 AM GMTപ്രതീകാത്മകമാണെങ്കിലും ആയുധ പ്രദർശനം അനുവദിക്കില്ല; കനവാർ യാത്രികർ...
20 July 2025 10:04 AM GMT