Big stories

കുഞ്ഞാലിക്കുട്ടിയും ജിഫ്രി തങ്ങളും സമരപ്പന്തലില്‍; ചെമ്പരിക്ക ഖാസി വിവാദത്തില്‍ പുതിയ വഴിത്തിരിവ്

പി സി അബ്ദുല്ല

കുഞ്ഞാലിക്കുട്ടിയും ജിഫ്രി തങ്ങളും സമരപ്പന്തലില്‍;   ചെമ്പരിക്ക ഖാസി വിവാദത്തില്‍ പുതിയ വഴിത്തിരിവ്
X

കാസര്‍കോട്: മുസ് ലിം ലീഗും ഇകെ സമസ്ത നേതൃത്വവും പ്രതിക്കൂട്ടിലുള്ള ചെമ്പരിക്ക ഖാസി സി എം അഭബ്ദുല്ല മുസ്‌ല്യാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിര്‍ണായക ചലനങള്‍. മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ഇന്നലെ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ കേസന്വേഷണത്തില്‍ വഴിത്തിരിവാവുമെന്നാണു പ്രതീക്ഷ. അതേസമയം, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണ് ഇന്നലെ അരങ്ങേറിയതെന്ന ആക്ഷേപവും ശക്തമാണ്.


ചെമ്പരിക്ക ഖാസിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ 366ാം ദിവസമാണ് ലീഗ്, സമസ്ത നേതാക്കള്‍ അപ്രതീക്ഷിതമായി സമരപ്പന്തലിലെത്തിയത്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട സമരത്തോട് കഴിഞ്ഞ ഒമ്പതു വര്‍ഷമായി മുസ് ലിം ലീഗ് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. മാത്രമല്ല, കേസില്‍ സിബിഐ അന്വേഷണം അട്ടിമറിച്ചത് ലീഗ് നേതൃത്വമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സമസ്തയാവട്ടെ ചെമ്പരിക്ക വിഷയത്തില്‍ തീരുമാനിച്ച പ്രക്ഷോഭ പരിപാടികളില്‍ നിന്ന് ഉള്‍വലിയുകയും ആരോപണ വിധേയരെ നേതൃതലത്തില്‍ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടുമാണ് ഖാസി മരണപ്പെട്ട 2010 മുതല്‍ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ത്തിയ എസ്‌കെഎസ്എസ്എസ് നേതാക്കളടക്കമുള്ളവരെ സമസ്ത പുറത്താക്കുകയും ചെയ്തിരുന്നു.

കാസര്‍കോട് ജില്ലയില്‍ ഇകെ സുന്നിയിലും ലീഗ് അണികളിലും ചെമ്പരിക്ക വിഷയത്തെ ചൊല്ലിയുള്ള ശൈഥില്യം രൂക്ഷമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ കുഞ്ഞാലിക്കുട്ടിയും ജിഫ്രി തങ്ങളും സമരപ്പന്തലിലെത്തി പൂര്‍ണ പിന്തുണ അറിയിച്ചത്. സിഎം ഉസ്താദിന്റെ മരണം ഏറെ ദുരൂഹത ഉയര്‍ത്തുന്നതു തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാത്വികനായ ഒരു മത പണ്ഡിതന്‍ ആത്മഹത്യ ചെയ്തതാണ് എന്ന ഇതുവരെയുള്ള കണ്ടെത്തല്‍ ഒട്ടും അംഗീകരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ ഈ മരണത്തിലെ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. സിബിഐയുടെ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉസ്താദിന്റെ കുടുംബവും ആക്്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു.


ചെമ്പരിക്ക ഖാസി വിഷയത്തില്‍ കാസര്‍കോടിന്റെ പൊതുവികാരം ഉള്‍ക്കൊണ്ടാണ് സമസ്ത അധ്യക്ഷന്റെ പ്രസംഗം. സിഎം അബ്ദുല്ല മുസ് ല്യാരുടേത് ആത്മഹത്യയല്ലെന്നും ബാഹ്യശക്തികളുടെ ആസൂത്രിത ഗൂഢാലോചനയുടെ ഇരയാണ് ഖാസിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കേസ് തെളിയിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും അദ്ധേഹം പറഞ്ഞു. അതിനിടെ, സമസ്ത അധ്യക്ഷനൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്ത പണ്ഡിതരും നേതാക്കളും എത്തിയിട്ടും കാസര്‍കോട്ടുകാരനായ ആരോപണ വിധേയനായ സമസ്ത സംസ്ഥാന നേതാവ് സമരപ്പന്തലില്‍ വന്നില്ല.



Next Story

RELATED STORIES

Share it