Big stories

തെലങ്കാന 'ഓപറേഷന്‍ താമര': കൊച്ചി അമൃത ആശുപത്രി അഡീ. ജനറല്‍ മാനേജര്‍ ജഗ്ഗു സ്വാമിക്ക് സമന്‍സ്

തെലങ്കാന ഓപറേഷന്‍ താമര: കൊച്ചി അമൃത ആശുപത്രി അഡീ. ജനറല്‍ മാനേജര്‍ ജഗ്ഗു സ്വാമിക്ക് സമന്‍സ്
X

കൊച്ചി: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ആസൂത്രണം ചെയ്ത 'ഓപറേഷന്‍ താമര'യുമായി ബന്ധപ്പെട്ട് തെലങ്കാന പോലിസ് തിരയുന്ന മാതാ അമൃതാനന്ദമയിയുടെ അടുത്തയാളും എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അഡീഷനല്‍ ജനറല്‍ മാനേജരുമായ ഡോ. ജഗ്ഗു ജഗന്നാഥന്‍ (ജഗ്ഗു കൊട്ടിലില്‍) എന്ന ജഗ്ഗു സ്വാമിക്ക് സമന്‍സ്. നവംബര്‍ 21 ന് ഹൈദരാബാദില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം സമന്‍സ് അയച്ചത്. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നാല് ഭരണകക്ഷി എംഎല്‍എമാരെ ഓപറേഷന്‍ താമരയിലൂടെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി നടത്തിയ ആസൂത്രണത്തിലെ കേരള ബന്ധം ഇതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

കേസിലെ മുഖ്യ സൂത്രധാരനെന്ന് പോലിസ് സംശയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) കേരള ഘടകം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കൊപ്പമാവും ജഗ്ഗു സ്വാമിയെയും ചോദ്യം ചെയ്യുക. മാതാ അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള മഠമാണ് ആശുപത്രി ഭരണം നടത്തുന്നത്. കൊച്ചിയില്‍ തെലങ്കാന പോലിസെത്തിയപ്പോള്‍ ഡോ. ജഗ്ഗു അമൃത ആശുപത്രി ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഡോ. ജഗ്ഗു ക്വാര്‍ട്ടേഴ്‌സിലാണെന്ന് അറിയിച്ചത്.

പോലിസ് ക്വാര്‍ട്ടേഴ്‌സിലെത്തിയെങ്കിലും ജീവനക്കാരന്‍ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഡോ. ജഗ്ഗു തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്ന തെലങ്കാന എസ്‌ഐടി ഉദ്യോഗസ്ഥര്‍ ജഗ്ഗു സ്വാമിയുടെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പും നാല് മൊബൈല്‍ ഫോണുകളും ചില നിര്‍ണായക രേഖകളും പിടിച്ചെടുത്തതായി കേരള പോലിസിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദി സൗത്ത് ഫസ്റ്റ് ഡോട്ട്.കോം റിപോര്‍ട്ട് ചെയ്തു. ഇത് വിശദമായ പരിശോധനക്കായി തെലങ്കാനയിലേക്ക് കൊണ്ടുപോയി. മലയാളിയായ മുഈനാബാദ് എസ്പി രമയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാളെക്കുറിച്ച് അറിയാന്‍ എസ്‌ഐടി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ആശുപത്രിയിലും കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠത്തിലുമെത്തി.

സെര്‍ച്ച് വാറന്റുമായി എസ്‌ഐടി ഉദ്യോഗസ്ഥരെത്തുമ്പോള്‍ ചേരാനെല്ലൂരിലുള്ള ഓഫിസിലോ വസതിയിലോ ജഗ്ഗു സ്വാമിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഹൈദരാബാദില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ചേരാനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയുടെ ചുമരിലാണ് എസ്എടി പതിച്ചിരിക്കുന്നത്. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. നാല് ടിആര്‍എസ് എംഎല്‍എമാരെ സമീപിച്ച ബിജെപി ദൂതന്‍മാരില്‍ ഒരാളായ ഫരീദാബാദില്‍ നിന്നുള്ള പ്രതിയായ രാമചന്ദ്രഭാരതിയെന്ന സതീഷ് ശര്‍മയുമായും മുഖ്യസൂത്രധാരന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ജഗ്ഗു സ്വാമിക്ക് ബന്ധമുണ്ടെന്നാണ് എസ്എടിയുടെ കണ്ടെത്തല്‍.

എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ഫണ്ടും കൈകാര്യം ചെയ്തിരുന്നത് ജഗ്ഗു സ്വാമിയാണെന്നാണ് പോലിസ് സംശയിക്കുന്നത്. എംബിബിഎസ് ഡോക്ടറായ ജഗ്ഗു ആശുപത്രിയില്‍ ചികില്‍സാ സേവനം നടത്തുന്നില്ല. മാതാ അമൃതാനന്ദമയിയുടെ അടുത്ത ആളായ ഇദ്ദേഹം ജഗ്ഗു സ്വാമി എന്ന പേരില്‍ ആത്മീയമേലങ്കിയണിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ അമൃതാനന്ദമയീ മഠത്തിന്റെ പേരിലുള്ള ആതുരസേവന പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ജഗ്ഗു സ്വാമി ഒരിക്കലും തന്റെ രാഷ്ട്രീയ ബന്ധം പരസ്യമാക്കിയിരുന്നില്ല.

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നല്‍കിയതുപോലെ സിആര്‍പിസി സെക്ഷന്‍ 41 എ പ്രകാരമാണ് ജഗ്ഗു സ്വാമിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍മായി സഹകരിച്ചെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെലങ്കാന എസ്‌ഐടിയെ സഹായിച്ചതേയുള്ളൂവെന്ന് കേരള പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. കേസിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കേരള പോലിസ് പറയുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം എസ്‌ഐടി ഉദ്യോഗസ്ഥര്‍ ഹൈദരാബാദിലേക്ക് മടങ്ങി.

Next Story

RELATED STORIES

Share it