Big stories

ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

ബസ് നിരക്ക് 8 രൂപയില്‍ നിന്ന് പത്തായാണ് വര്‍ധിപ്പിക്കാനും, ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയില്‍ നിന്ന് 30 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം

ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍.ഗതാഗത മന്ത്രി ആന്റണി രാജുമാണ് ഈ കാര്യം അറിയിച്ചത്.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം കൈക്കൊള്ളും.കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാനിരക്ക് വര്‍ധനവ് പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി.

നിരക്കു വര്‍ധനവ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ബസ് നിരക്ക് 8 രൂപയില്‍ നിന്ന് പത്തായാണ് വര്‍ധിപ്പിക്കാനും, ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയില്‍ നിന്ന് 30 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. ബസുകളുടെ മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വര്‍ധിക്കും. നേരത്തെ ഇത് 90 പൈസ ആയിരുന്നു. ഓട്ടോയുടെ മിനിമം നിരക്ക് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇത് രണ്ട് കിലോമീറ്ററിനു 30 രൂപയായാണ് വര്‍ധിപ്പിച്ചത്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാക്കി. നേരത്തെ 12 രൂപയായിരുന്നു.

ടാക്‌സി മിനിമം നിരക്ക് 200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തേ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധന പരിശോധിക്കാന്‍ സമിതിയെ നിയമിക്കുമെന്നും,സൂക്ഷ പരിശോധനയിലൂടെ മാത്രമേ നിരക്ക് വര്‍ധിപ്പിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും,യാത്രാനിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.

Next Story

RELATED STORIES

Share it