Big stories

അയര്‍ലാന്‍ഡില്‍ ക്ഷാമം അടിച്ചേല്‍പ്പിച്ച ബ്രിട്ടന്‍ ഗസ വംശഹത്യയിലും പങ്കാളി

അയര്‍ലാന്‍ഡില്‍ ക്ഷാമം അടിച്ചേല്‍പ്പിച്ച ബ്രിട്ടന്‍ ഗസ വംശഹത്യയിലും പങ്കാളി
X

ഡേവിഡ് ക്രോണിന്‍

അയര്‍ലാന്‍ഡിലെ വെക്‌സ്‌ഫോര്‍ഡിലെ പോപ്പേഴ്‌സ് ശ്മശാനത്തില്‍ അടക്കം ചെയ്ത ആളുകളെ കുറിച്ച് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ചരിത്രത്തില്‍ പരാമര്‍ശിക്കുന്നില്ല. പോപ്പേഴ്‌സ് ശ്മശാനം സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടെ ആരെയൊക്കെ അടക്കം ചെയ്തുവെന്ന് അറിയാന്‍ കഴിയില്ല. കാരണം അവരെല്ലാം വെക്‌സ്‌ഫോര്‍ഡിലെ ദരിദ്രരും നിരാലംബരും ഭിന്നശേഷിക്കാരുമായിരുന്നു.


ദരിദ്രര്‍ക്ക് ആശ്വാസം നല്‍കാനെന്ന പേരില്‍ 1838ലെ ഐറിഷ് ദരിദ്ര നിയമപ്രകാരം 1845ല്‍ രൂപീകരിച്ച പ്രത്യേക വര്‍ക്ക് ഹൗസുകളില്‍ ജീവിച്ചു മരിച്ചവരാണ് അതില്‍ ഭൂരിപക്ഷം പേരും. അയര്‍ലാന്‍ഡില്‍ മഹാക്ഷാമം ആരംഭിച്ച വര്‍ഷമായിരുന്നു 1845.

വര്‍ക്ക് ഹൗസ് എന്നു കേള്‍ക്കുമ്പോള്‍ തൊഴിലുമായി ബന്ധപ്പെട്ട സംവിധാനമായി തോന്നാമെങ്കിലും ഫലത്തില്‍ അവ ദരിദ്രര്‍ക്കുള്ള തടവറകളായിരുന്നു. വര്‍ക്ക് ഹൗസുകളില്‍ എത്തിയ ദരിദ്രര്‍ കുടുംബങ്ങളില്‍നിന്നു വേര്‍പെട്ട് ദിവസം 11 മണിക്കൂര്‍ കഠിനമായ ജോലികള്‍ ചെയ്യണമായിരുന്നു. കടുത്ത ദാരിദ്ര്യം നേരിടുന്നവര്‍ക്കു മാത്രമേ സഹായം നല്‍കാനാവൂ എന്ന ബ്രിട്ടിഷ് സാമ്രാജ്യ കാഴ്ചപ്പാടായിരുന്നു കര്‍ശന വ്യവസ്ഥയുടെ കാരണം. സഹായം എന്ന വാക്ക് ഇവിടെ ഉപയോഗിക്കാനാവുമോ ?


ഈ ആഴ്ച ആദ്യം ഞാന്‍ പോപ്പേഴ്‌സ് ശ്മശാനത്തില്‍ പോയിരുന്നു. അവിടെ ചുറ്റിനടക്കുമ്പോള്‍ 2023 ഡിസംബറില്‍ ഇസ്രായേല്‍ വധിച്ച വാഗ്മിയും ധീരനുമായ ഫലസ്തീനി പണ്ഡിതന്‍ റഫ്അത് അൽ അർഈറിനെ കുറിച്ച് ഞാന്‍ ആലോചിച്ചു.

ഫലസ്തീനും അയര്‍ലാന്‍ഡും തമ്മിലുള്ള സമാനതകള്‍ റഫ്അത് ചൂണ്ടിക്കാട്ടിയിരുന്നു. 170 വര്‍ഷങ്ങള്‍ക്കു മുമ്പ് അയര്‍ലാന്‍ഡില്‍ ബ്രിട്ടിഷുകാര്‍ ക്ഷാമമുണ്ടാക്കിയതിനെ കുറിച്ച് താന്‍ വിദ്യാര്‍ഥികളോട് പറയാറുണ്ടെന്ന് 2023 ഒക്ടോബറില്‍ റഫ്അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഗസയിലെ ഫലസ്തീനികളെ പട്ടിണിയിലാക്കാന്‍ ഇസ്രായേലിനെ യുഎസും യുകെയും സഹായിക്കുന്നതിന് മുമ്പായിരുന്നു അത്.

ആധുനിക കാലത്ത് ക്ഷാമം ശുദ്ധമായ ഒരു യൂറോപ്യന്‍ ആയുധമാണെന്ന് അയര്‍ലാന്‍ഡിനെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബംഗാളിനെയും(1943) ഉദ്ധരിച്ച് റഫ്അത് അടുത്തമാസം എഴുതി.

bengal 1943
bengal 1943

ഡോണള്‍ഡ് ട്രംപിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട് - ചിന്തിക്കാതിരിക്കാന്‍ പ്രയാസമാണെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. ഗസയില്‍ യുഎസ് ചെയ്യുന്ന സഹായത്തെ ആരും വിലമതിക്കുന്നില്ലെന്ന് കഴിഞ്ഞ വാരാന്ത്യത്തിലെ ഗോള്‍ഫ് മല്‍സരങ്ങള്‍ക്കിടയില്‍ ട്രംപ് പരാതിപ്പെടുകയുണ്ടായി.

മനപ്പൂര്‍വമോ അല്ലാതെയോ 'മാനുഷികത' എന്ന വാക്കിന് ട്രംപ് നെഗറ്റീവ് അര്‍ഥങ്ങള്‍ നല്‍കിയിട്ടുണ്ട്. പരോപകാരം, കാരുണ്യം എന്നീ പദങ്ങളോടാണ് മുമ്പ് മാനുഷികത എന്ന പദം ബന്ധപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഫലസ്തീനികള്‍ക്ക് അവര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, വാങ്ങാനെത്തുമ്പോള്‍ കൂട്ടക്കൊല ചെയ്യുന്നു.

യുഎസ് ധനസഹായത്തോടെയുള്ള ഈ മാനുഷിക സഹായത്തോട് ആരും നന്ദി പറയുന്നില്ലെന്നാണ് ട്രംപ് പരാതിപ്പെടുന്നത്.

അപ്പക്കഷ്ണങ്ങള്‍ക്ക് നന്ദിയുള്ളവരാണോ ?

പട്ടിണി കിടക്കുന്നവര്‍ക്ക് നേരെ, പട്ടിണി അടിച്ചേല്‍പ്പിച്ചവര്‍ അപ്പക്കഷ്ണങ്ങള്‍ വലിച്ചെറിയുന്നതും നന്ദി ആവശ്യപ്പെടുന്നതും പുതിയ ആശയമല്ല.

അയര്‍ലാന്‍ഡിലെ ക്ഷാമകാലത്ത്, ബ്രിട്ടന്‍ നല്‍കിയ ചില സഹായങ്ങളെ 'അയര്‍ലാന്‍ഡിലെ അസഹിഷ്ണുക്കളായ ദുരിതബാധിതര്‍ക്ക്' ബ്രിട്ടന്‍ നല്‍കിയ സുവര്‍ണ സമ്മാനങ്ങള്‍ എന്നാണ് 1848ല്‍ യോര്‍ക്ക്‌ഷെയര്‍മാന്‍ പത്രം വിശേഷിപ്പിച്ചത്. ബ്രിട്ടന്‍ ഉദാരസമീപനം സ്വീകരിച്ചെങ്കിലും അയര്‍ലാന്‍ഡുകാരില്‍നിന്ന് അഗാധമായ നന്ദികേട് നേരിടേണ്ടി വന്നുവെന്നും പത്രം വിലപിച്ചു.

അയര്‍ലാന്‍ഡിലെ ക്ഷാമം ബ്രിട്ടന്‍ രൂക്ഷമാക്കിയെന്ന് ശരിയായി തന്നെ റഫ്അത് ചൂണ്ടിക്കാട്ടുകയുണ്ടായി.

1845ല്‍ ഉരുളക്കിഴങ്ങ് കൃഷി പരാജയപ്പെട്ടപ്പോള്‍ യുഎസില്‍നിന്ന് അയര്‍ലാന്‍ഡിലേക്ക് ധാന്യം ഇറക്കുമതി ചെയ്യാന്‍ ബ്രിട്ടന്‍ ആദ്യം തീരുമാനിച്ചു. എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ റോബര്‍ട്ട് പീലിനെ മാറ്റി ലിബറല്‍ പാര്‍ട്ടിയിലെ ജോണ്‍ റസലിനെ പ്രധാനമന്ത്രിയാക്കിയതോടെ ഇറക്കുമതി പദ്ധതി നിര്‍ത്തിവച്ചു.

അയര്‍ലാന്‍ഡിലേക്ക് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ അളവ് വിപണിയാല്‍ നിയന്ത്രിക്കപ്പെടണമെന്ന നിലപാടാണ് ലിബറല്‍ പാര്‍ട്ടി സ്വീകരിച്ചത്. വ്യാപാരികളുടെയും ധാന്യ ഉല്‍പ്പാദകരുടെയും സാമ്പത്തിക നേട്ടം ലിബറലുകളുടെ രാഷ്ട്രീയ അനിവാര്യതയായിരുന്നു. ഇതോടെ അയര്‍ലാന്‍ഡുകാരുടെ പട്ടിണി വര്‍ധിച്ചു.

ഗസയിലെ പട്ടിണിയും വളരെ ബോധപൂര്‍വമായ നയത്തിന്റെ ഫലമാണ്.

ഇസ്രായേല്‍ നിയന്ത്രണം പിടിച്ച ഗസയുടെ അതിര്‍ത്തികള്‍ക്ക് സമീപം ഭക്ഷണവുമായി അന്താരാഷ്ട്ര ഏജന്‍സികള്‍ കാത്തുനില്‍പ്പുണ്ട്. ഗസയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മാസങ്ങളായി ഇസ്രായേല്‍ അവരെ അനുവദിക്കുന്നില്ല. ഭക്ഷണം വിതരണം ചെയ്യാന്‍ ഗസയിലെ ചില പ്രദേശങ്ങളില്‍ ദിവസം പത്തുമണിക്കൂര്‍ വീതം സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന ഇസ്രായേലിന്റെ പുതിയ പ്രഖ്യാപനം അവരെ കുറ്റവിമുക്തരാക്കുന്നില്ല. പട്ടിണിയെ യുദ്ധായുധമായി ഉപയോഗിച്ചതിന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം നടത്തുന്നുണ്ട്.

1840കളില്‍ ഐറിഷ് ജനതയെ ബ്രിട്ടിഷുകാര്‍ ബോധപൂര്‍വം പട്ടിണിക്കിട്ടിരുന്നു. അയര്‍ലാന്‍ഡുകാര്‍ക്ക് ലഭിക്കേണ്ട ധാന്യങ്ങളും വെണ്ണയും മല്‍സ്യവും കന്നുകാലികളുമെല്ലാം ബ്രിട്ടിഷുകാര്‍ ബലം പ്രയോഗിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്തു. സായുധ പോലിസിനെ വിന്യസിച്ചാണ് അവയെല്ലാം കയറ്റുമതി ചെയ്തത്.

അഅയര്‍ലാന്‍ഡിലെ 'മഹാക്ഷാമത്തിന്' ശേഷം കദേശം ഒരു നൂറ്റാണ്ടുകഴിഞ്ഞാണ് ഐക്യരാഷ്ട്രസഭയുടെ വംശഹത്യാ ഉടമ്പടി പ്രാബല്യത്തില്‍ വന്നത്. ഒരു ദേശീയ, വംശീയ, മതപരമായ വിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യമുള്ള വംശഹത്യ അയര്‍ലാന്‍ഡില്‍ നടന്നുവെന്ന് ഇന്നത്തെ കാഴ്ചപ്പാടില്‍ മനസ്സിലാക്കാം. പക്ഷേ, അയര്‍ലാന്‍ഡുകാരുടെ ദുഷ്ടതയും മണ്ടത്തരവും മൂലമാണ് അയര്‍ലാന്‍ഡുകാര്‍ക്ക് കഷ്ടപ്പാടുകളുണ്ടായതെന്ന് 1846ല്‍ ദി ഇക്കണോമിസ്റ്റ് തറപ്പിച്ച് പറഞ്ഞു.

ദശലക്ഷക്കണക്കിന് ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലുന്നത് 'ശരിയും ധാര്‍മികവുമാകാം' എന്നാണ് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് 2024 ആഗസ്റ്റില്‍ പറഞ്ഞത്. അത് ചെയ്യാന്‍ ലോകം നമ്മെ അനുവദിക്കില്ലെന്നും അദ്ദേഹം വിലപിച്ചു.

സ്‌മോട്രിച്ചിന്റെ വിലാപം അനാവശ്യമായിരുന്നുവെന്ന് പിന്നീട് നടന്ന സംഭവവികാസങ്ങള്‍ തെളിയിച്ചു. ഗസയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്ത് കൂട്ടക്കൊലകള്‍ നടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇസ്രായേലിനെ രക്ഷിച്ചതുപോലെ തന്നെ പട്ടിണിക്കൊലകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഇസ്രായേലിനെ ലോകത്തെ ശക്തരായ രാജ്യങ്ങള്‍ സംരക്ഷിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ബ്രിട്ടനുമുണ്ട്.

1840കളിലെയും 1850കളുടെ തുടക്കത്തിലെയും മഹാക്ഷാമം അയര്‍ലാൻഡിലെ അവസാനത്തെ പട്ടിണി പ്രതിസന്ധിയായിരുന്നില്ല. ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ അയര്‍ലാൻഡിലെ ബ്രിട്ടന്റെ കൊളോണിയല്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കിയ 1870കളിലും 1890കളിലും അയര്‍ലാന്‍ഡില്‍ പട്ടിണി വ്യാപകമായി.


പിന്നീട് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം നടത്തി. അതിലൂടെ ഫലസ്തീനിലെ സയണിസ്റ്റ് കോളനിവല്‍ക്കരണത്തിന്റെ സാമ്രാജ്യത്വ സ്‌പോണ്‍സറായി ബ്രിട്ടന്‍ മാറി.


ആ ബ്രിട്ടന്‍ ഇന്ന് ഗസയിലെ വംശഹത്യയില്‍ നേരിട്ട് പങ്കാളിയാണ്.

സൈപ്രസിലെ ബ്രിട്ടിഷ് 'പരമാധികാര' സൈനികതാവളത്തില്‍നിന്നു പറന്നുയരുന്ന യുദ്ധവിമാനങ്ങള്‍ ഗസയ്ക്കു മുകളിലൂടെ പറന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇസ്രായേലിനു നല്‍കുന്നു. ആ വിവരങ്ങള്‍ ഉപയോഗിച്ച് ഇസ്രായേലി സൈന്യം പട്ടിണികിടക്കുന്ന ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നു.

അയര്‍ലാന്‍ഡുകാര്‍ക്ക് ബ്രിട്ടിഷ് ഭരണകൂടത്തോട് ഇപ്പോഴും ദേഷ്യമുണ്ട്-സാധാരണ ബ്രിട്ടിഷുകാരെയെന്ന് ഞാന്‍ പറയുന്നില്ല.

ദേഷ്യപ്പെടാന്‍ ഞങ്ങള്‍ അയര്‍ലാന്‍ഡുകാര്‍ക്ക് അവകാശമുണ്ട്.-ബ്രിട്ടന്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുപിടിക്കുന്നത് പൂര്‍വികരെ അപമാനിക്കുന്നതാണ്.

അയര്‍ലാന്‍ഡിനെ പോലെ ഫലസ്തീനും ബ്രിട്ടന്റെ വഞ്ചനയുടെ ഇരയാണ്. നമ്മുടെ കോപം വഴി തിരിച്ചുവിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഫലസ്തീന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുക എന്നതാണ്.

Next Story

RELATED STORIES

Share it