Big stories

ഫുട്‌ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി

ഫുട്‌ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി
X

സാവോപോളോ:ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. വന്‍കുടലിലെ അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലം ചികില്‍സയിലായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 29ന് ശ്വാസകോശ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കീമോതെറാപ്പിയോട് പ്രതികരിക്കാതായതോടെ സാന്ത്വന പരിചരണത്തിലേക്ക് മാറ്റുകയായിരുന്നു. 2021ല്‍ പെലെ തന്റെ വന്‍കുടലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്യുകയും അന്നുമുതല്‍ കീമോതെറാപ്പിക്കു വിധേയനാവുകയും ചെയ്തിരുന്നു. ഫിഫ 'ദ ഗ്രേറ്റസ്റ്റ്' എന്നു വിളിക്കുന്ന പെലെ മൂന്ന് തവണ വിവാഹിതനായിരുന്നു. ആകെ ഏഴ് മക്കളുണ്ട്.

കാല്‍പ്പന്ത് ലോകത്തെ ലാറ്റിന്‍ അമേരിക്കന്‍ ശൈലി കൊണ്ട് വിസ്മയിപ്പിച്ച പെലെ 3 തവണ ഫിഫ ലോകകപ്പ് നേടിയിട്ടുണ്ട്. ഇത് ഇപ്പോഴും തകര്‍ക്കപ്പെടാത്ത വ്യക്തിഗത റെക്കോര്‍ഡാണ്. എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെ നിറഞ്ഞുനില്‍ക്കെ ബ്രസീല്‍ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ല്‍, പിന്നെ 1962ല്‍, ഒടുവില്‍ 1970ല്‍. എന്നാല്‍ 1962ല്‍ പരുക്കിനെത്തുടര്‍ന്ന് പെലെ ലോകകപ്പിനിടയില്‍ പിന്‍മാറി. ആകെ നാലു ലോകകപ്പുകളില്‍ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരുപിടി റെക്കോര്‍ഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it