Big stories

എ എന്‍ ഷംസീറിനും പി ജയരാജനുമെതിരേ കൊലവിളിയുമായി ബിജെപി പ്രകടനം

എ എന്‍ ഷംസീറിനും പി ജയരാജനുമെതിരേ കൊലവിളിയുമായി ബിജെപി പ്രകടനം
X

കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനുമെതിരേ പരസ്യമായ കൊലവിളിയുമായി ബിജെപി പ്രകടനം. തലശ്ശേരിയിലും മാഹിക്കു സമീപം പള്ളൂരിലും നടത്തിയ പ്രകടനത്തിലാണ് കൊലവിളി നടത്തിയത്. 'മോര്‍ച്ചറി ഞങ്ങളൊരുക്കുന്നുണ്ട്...നിനക്കു വേണ്ടി ജയരാജാ...' എന്നും '...കൈയും കൊത്തി തലയും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍...ഓര്‍ത്തുകളിച്ചോ ഷംസീറേ...' എന്നും മറ്റുമാണ് മുദ്രാവാക്യം വിളിച്ചത്. 'ഞങ്ങളൊന്ന് തിരിച്ചടിച്ചാല്‍ മോര്‍ച്ചറിയൊന്നും തികയില്ല. ഹിന്ദുക്കളുടെ നേരെ വന്നാല്‍ കൈയും കൊത്തും തലയും കൊത്തും ഒറ്റക്കൈയ്യാ ജയരാജാ ഓര്‍ത്തുകളിച്ചോ സുക്ഷിച്ചോ ' എന്നു തുടങ്ങി അത്യന്തം പ്രകോപനവും ഭീഷണി മുഴക്കുന്നതുമാ കൊലവിളി മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ സ്പീക്കര്‍ എ എന്‍ ശംസീല്‍ നടത്തിയ ചില പരാമര്‍ശങ്ങളെ വിവാദമാക്കി മുതലെടുപ്പിന് ശ്രമിച്ച ബിജെപി, അദ്ദേഹത്തിനെതിരേ ഭീഷണി പ്രസംഗം നടത്തിയതോടെയാണ് പോര്‍വിളി തുടങ്ങിയത്.ടവിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാരത്തിന്റെയും ശ്രമങ്ങളെ വിമര്‍ശിച്ചതിനാണ് എ എന്‍ ശംസീറിനെതിരേ യുവമോര്‍ച്ച ആദ്യം രംഗത്തെത്തിയത്. എഎല്‍എയുടെ ക്യാംപ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ശംസീറിനെതിരേ കടുത്ത വംശീയ-വര്‍ഗീയ പരാമര്‍ശങ്ങളാണ് നടത്തിയത്. ശംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാവില്ലെന്ന് കരുതിയാണ് തുടര്‍ച്ചയായി ഹൈന്ദവ മതത്തെ അവഹേളിക്കുന്നതെങ്കില്‍ എല്ലാകാലവും അതുണ്ടാവില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ, സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ ശംസീറിനെ പിന്തുണച്ച് രംഗത്തെത്തുകയും ശംസീറിനെതിരേ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നും പ്രസംഗത്തിനിടെ വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ആര്‍എസ്എസ്, ബിജെപി, യുവമോര്‍ച്ച നേതാക്കളും പ്രവര്‍ത്തകരും പലയിടത്തും പ്രകടനം നടത്തുകയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് തലശ്ശേരിയിലും മാഹി പള്ളൂരിലും ബിജെപിയുടെ കൊലവിളി മുദ്രാവാക്യമുണ്ടായത്. ഇതോടെ കുറച്ചുകാലമായി സംഘര്‍ഷം ഒഴിഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ വീണ്ടും അശാന്തിയിലേക്ക് തള്ളപ്പെടുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it