Big stories

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ്; നടപടികളിലേക്ക് കടന്ന് ബിജെപി

ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ്; നടപടികളിലേക്ക് കടന്ന് ബിജെപി
X

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഏക സിവില്‍കോഡിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍വന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാന്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നല്‍കിയതായി ധാമി ശനിയാഴ്ച പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവില്‍ കോഡ് നടപ്പാക്കല്‍.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു യുപി ഉപ മുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവ പ്രസാദ് മൗര്യ പറഞ്ഞു.

ഇതിന്റെ ചുവടുപിടിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും തിങ്കളാഴ്ച പ്രസ്താവനയിറക്കി. ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു. ഹിമാചലില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യം തന്റെ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചു. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏക സിവില്‍ കോഡ് നടപ്പാക്കല്‍. ഇത് ഉടന്‍ തന്നെ നടപ്പിലാകുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു.

ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല.

Next Story

RELATED STORIES

Share it