Big stories

ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസ്;ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

വിട്ടയച്ച പ്രതികളെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും

ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസ്;ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
X

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ 11 പ്രതികളുടെ ശിക്ഷയിളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്.വിട്ടയച്ച പ്രതികളെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി,തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വര്‍മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.പ്രതികളെ ജയില്‍ മോചിതരാക്കിയതില്‍ ചട്ടലംഘനമുണ്ടായെന്ന് പറയുന്നില്ലെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു,എന്നാല്‍ ക്രൂരകൃത്യം ചെയ്തവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്നും കോടതിയില്‍ വാദിച്ചു.

കൂട്ട ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടുന്ന കേസായതിനാല്‍ പ്രതികളെ വിട്ടയക്കരുതെന്നാണ് ഹരജിയില്‍ പറയുന്നത്.കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.

2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടത്. കുടുംബത്തിലെ 7 പേരെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it