Big stories

ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ നിതീഷ് കുമാര്‍

പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരേ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ നിതീഷ് കുമാര്‍
X

പട്‌ന: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ നിയമ ഭേദഗതിയില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും എന്നാല്‍ പൗരത്വ പട്ടിക ഒരിക്കലും സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു നിതീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരേ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്. പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച വേണം. എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കില്‍ സഭയില്‍ തന്നെ ചര്‍ച്ചയാകാം.

എന്നാല്‍ പൗരത്വ പട്ടികയിൽ ഒരു ചോദ്യവും വേണ്ട. പൗരത്വ പട്ടികയ്ക്ക് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. പൗരത്വ പട്ടികയ്ക്കെതിരേ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും നിതീഷ് കുമാറും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി നയം നിയമസഭയിലും വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it