Big stories

ബീമാ പള്ളിയില്‍ ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്‍ഷം

ബീമാ പള്ളിയില്‍ ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്‍ഷം
X

കെ പി ഒ റഹ്മത്തുല്ല

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന ഇടതുപക്ഷ ഭരണകാലത്താണ് കേരളത്തിലെ ഏറ്റവും വലിയ പോലിസ് വെടിവെപ്പ് നടന്നത്. നീണ്ട 16 വര്‍ഷം കഴിഞ്ഞിട്ടും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ ഇത് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടാനോ കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മരണപ്പെട്ടവരും പരിക്കേറ്റവരും എല്ലാം മുസ്‌ലിംകള്‍ ആയിരുന്നു എന്നതാണ് ഇതിന്റെ പിന്നാമ്പുറം. മുസ്‌ലിം-ക്രിസ്ത്യന്‍ വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവച്ചു എന്ന പോലിസിന്റെ കള്ളഭാഷത്തിന് കൂട്ടുനില്‍ക്കുകയാണ് ഭരണകൂടം ചെയ്തത്. ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും ഇത് പ്രധാന വിഷയമായി ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടു. കൊല്ലപ്പെടുന്നവര്‍ മുസ്‌ലിംകള്‍ ആകുമ്പോള്‍ ഭരണകൂടവും പ്രതിപക്ഷവും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ മൗനം പാലിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പിന്നാമ്പുറം ആണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

വെടിവയ്പ്പ് നടക്കുന്നതിന് 10 ദിവസം മുമ്പ് കൊമ്പ് ഷിബു എന്ന പേരുള്ള ഗുണ്ട ബീമാപള്ളിയിലെ മുഹമ്മദിന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നു. പണം നല്‍കാതെ ഇയാള്‍ തര്‍ക്കമുണ്ടാക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തന്നോട് കളിച്ചാല്‍ അടുത്ത ബീമാപള്ളി ഉറൂസ് മുടക്കുമെന്നും ഇയാള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബീമാപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് അസീസ് പോലിസില്‍ പരാതി നല്‍കിയിരുന്നു.

അതിനുമുമ്പും കൊമ്പ് ഷിബുവും സംഘവും ബീമാ പള്ളിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമായിരുന്നു. ഇതിനെതിരെയും പ്രദേശവാസികള്‍ നിരന്തരമായി പൂന്തുറ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് സ്ഥലത്ത് വിളിച്ച സമാധാന സമിതി യോഗത്തില്‍ സ്ഥലം എംഎല്‍എ വി സുരേന്ദ്രന്‍ പിള്ളയും കലക്ടര്‍ സഞ്ജീവ് കൗറും പങ്കെടുത്തിരുന്നു. കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് അനുകൂലമായ മറുപടിയാണ് അവരില്‍ നിന്നുണ്ടായത്. അടുത്ത് ദിവസംതന്നെ കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യാമെന്ന് നാട്ടുകാര്‍ക്ക് അധികാരികള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

സംഭവദിവസം രാവിലെ കൊമ്പ് ഷിബുവും സംഘവും ബീമാപള്ളിയില്‍ വന്ന് ബസ്സുകള്‍ തടയുകയും നാട്ടുകാരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്ന് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവിട്ടിട്ടും പോലിസ് അതിന് തയ്യാറായില്ല. അതാണ് സംഘര്‍ഷത്തിന് കാരണം. ഷിബുവിനെ തടയുന്നതിന് പകരം ഉച്ചയോടെ പോലിസ് നിരപരാധികളായ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. 70 റൗണ്ട് വെടിവെക്കുകയും 40 ഗ്രനേഡുകള്‍ ഉപയോഗിക്കുകയും ചെയ്തു. വെടിവയ്പ്പിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലിസ് പാലിച്ചില്ലെന്ന ഗുരുതരമായ വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു.

മേലുദ്യോഗസ്ഥരുടെ അനുമതി തേടാതെ സ്വന്തം ഇഷ്ടപ്രകാരം പോലിസ് വെടിവയ്ക്കുകയായിരുന്നു എന്നാണ് വിമര്‍ശനം. വെടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറോട് സംസാരിക്കുകയോ സുരക്ഷാ നടപടികള്‍ പാലിക്കുകയോ ചെയ്തില്ല. ബീമാപള്ളിയിലേക്ക് ഇരച്ചു കയറിയ പോലിസ് കണ്ണില്‍ കണ്ടവരെയൊക്കെ വെടിവെക്കുകയായിരുന്നു. ഭയന്ന് ഓടിയവരെ പിന്തുടര്‍ന്നും വെടിവച്ചു. ചിലരെ ബയണറ്റ് കൊണ്ട് കുത്തുകയും ചെയ്തു. ഇക്കാര്യങ്ങളിലെല്ലാം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ തെളിവ് നല്‍കിയിരുന്നു. കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്ത് സമാധാനം ഉറപ്പാക്കുന്നതിന് പകരം ബീമാപള്ളിയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ പോലിസ് യാതൊരു പ്രകോപനവുമില്ലാതെ തന്നിഷ്ടപ്രകാരം വെടിവെക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശേഷം സ്വയം ന്യായീകരിക്കാന്‍ നുണകള്‍ പടച്ചുവിട്ട പോലിസ് പൊതുസമൂഹത്തില്‍ പരിഹാസ്യരായി. മുസ്‌ലിം-ക്രിസ്ത്യന്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ വെടിവയ്പ്പ് നടത്തേണ്ടി വന്നുവെന്നാണ് പോലിസ് പ്രചരിപ്പിച്ചത്. ലാറ്റിന്‍,കത്തോലിക്ക്-മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷം ഇല്ലാതാക്കാന്‍ വെടിവയ്ക്കാന്‍ പോലിസ് നിര്‍ബന്ധിതരായി എന്നാണ് ഡിജിപി റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍, പോലിസ് വാദം തള്ളുന്ന റിപോര്‍ട്ടാണ് കലക്ടര്‍ സഞ്ജീവ് കൗര്‍ നല്‍കിയത്. കൊമ്പ് ഷിബുവാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്ന തന്റെ ഉത്തരവ് പോലിസ് പാലിച്ചില്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.

കൂട്ടക്കൊല വലിയ ചര്‍ച്ചയായതോടെ ഇതിനെ 'ചെറിയതുറ വെടിവയ്പ്പ്' എന്നാണ് മാധ്യമങ്ങളും പോലിസും വിളിച്ചത്. എന്നാല്‍, ചെറിയതുറയില്‍ അല്ല പോലിസ് വെടിവെച്ചതെന്നും ബീമാപള്ളിയിലാണ് വെടിവയ്പ്പുണ്ടായതെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ബീമാ പള്ളിക്കാര്‍ ആയുധങ്ങളുമായി ചെറിയതുറയിലേക്ക് പോയെന്ന നുണയും അപ്പോള്‍ തന്നെ പൊളിഞ്ഞു. ചെറിയതുറയിലാണ് സംഭവമെങ്കില്‍ ചെറിയതുറയില്‍ ഒരാള്‍ക്ക് പോലും പരിക്കേല്‍ക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലിസിന് മറുപടിയൊന്നുമുണ്ടായില്ല.

മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ചില ചെപ്പടി വിദ്യകളും പ്രയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ സിജി സുരേഷ്, ഡിവൈഎസ്പി ഇ ഷറഫുദ്ദീന്‍ എന്നിവരടക്കം നാലു പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് തിരുവനന്തപുരം ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇതുവരെ അത് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപോര്‍ട്ടില്‍ പോലീസിനെതിരെ വലിയ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ട് എന്നാണ് അറിയുന്നത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലിസുകാരാവട്ടെ പ്രമോഷനോടു കൂടെ സര്‍വീസില്‍ തിരികെയെത്തുകയും ചെയ്തു.

സബ് കലക്ടര്‍ കെ ബിജുവിന്റെ അനുമതിയോടെയാണ് വെടിവച്ചതെന്നും പോലിസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, സബ് കലക്ടര്‍ അത് നിഷേധിച്ചു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് വെടിവച്ചത് എന്ന നുണ പോലിസ് പലവട്ടം ആവര്‍ത്തിച്ചെങ്കിലും ജനങ്ങള്‍ക്കോ ജുഡീഷ്യല്‍ കമ്മീഷനോ അത് ബോധ്യമായില്ല. കൂട്ടക്കൊല കഴിഞ്ഞ് പതിനാറ് വര്‍ഷമായിട്ടും വെടിവയ്പ്പിന് ഉത്തരവാദികളായവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ അധികാരികളെ സമ്മര്‍ദ്ദപ്പെടുത്താന്‍ മനുഷ്യാവകാശ-പൗരാവകാശ-സാമൂഹിക-സാംസ്‌കാരിക സംഘടനകളൊന്നും കാര്യമായൊന്നും ചെയ്തില്ല. പോലിസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ ഇന്ന് ദയനീയമായ അവസ്ഥകളിലൂടെയാണ് കടന്നുപോവുന്നത്.

നിരവധി ദുരൂഹതകളും ബീമാപ്പള്ളി വെടിവയ്പ്പിലുണ്ട്. അന്നത്തെ പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് രഹസ്യമായി പൂന്തുറയില്‍ എന്തിനെത്തി എന്ന ചോദ്യത്തിന് ഇതുവരെ ആരും മറുപടി നല്‍കിയിട്ടില്ല. കൊമ്പ് ഷിബു എന്ന പ്രാദേശിക ഗുണ്ടയെ സംരക്ഷിക്കാന്‍ പോലിസിന്റെ താല്‍പര്യം എന്തായിരുന്നു ?, കുറ്റവാളികളെ പോലിസുകാരെ സംരക്ഷിക്കാന്‍ സിപിഎമ്മും ഇടതുസര്‍ക്കാരും എന്തുകൊണ്ട് ശ്രമിച്ചു ?, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുക പോലുമുണ്ടായില്ല. ബീമാപള്ളിക്കാര്‍ക്ക് ഇത്രയൊക്കെ മതിയെന്നാണ് ധാരണയെങ്കില്‍ ഇത് ഇസ്‌ലാമോഫോബിയ തന്നെയാണ്. ബീമാപള്ളിയിലെ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നീതി ലഭിക്കുന്നത് വരെ പോരാടും എന്ന് പറഞ്ഞ് എസ്ഡിപിഐയെ പോലുള്ള സംഘടനകള്‍ ഇപ്പോഴും രംഗത്തുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

Next Story

RELATED STORIES

Share it