Top

ബിബിഎംപി കൊവിഡ് കിടക്ക കുംഭകോണത്തില്‍ വഴിത്തിരിവ്; മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്കു പങ്ക്

സതീഷ് റെഡ്ഡിക്കെതിരേ ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഢി പോലിസില്‍ പരാതി നല്‍കി

ബിബിഎംപി കൊവിഡ് കിടക്ക കുംഭകോണത്തില്‍ വഴിത്തിരിവ്; മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്കു പങ്ക്
X

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിവാദത്തിനു കാരണമായ ബൃഹദ് ബെംഗളൂരു നഗരപാലിക(ബിബിഎംപി) കൊവിഡ് വാര്‍ റൂം കിടക്ക കുംഭകോണം വന്‍ വഴിത്തിരിവില്‍. യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയ്‌ക്കൊപ്പെ കൊവിഡ് വാര്‍ റൂമിലെ മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബൊമ്മനഹള്ളി ബിജെപി എംഎല്‍എ സതീഷ് റെഡ്ഡിക്കും കിടക്ക കുംഭകോണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. രണ്ട് ദിവസം മുമ്പ് താന്‍ ഉന്നയിച്ച കൊവിഡ് കിടക്ക ബുക്കിങ് അഴിമതിയുടെ സൂത്രധാരന്‍ സതീഷ് റെഡ്ഡിയാണെന്നും ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പോലിസില്‍ പരാതി നല്‍കി. 17 പേരുടെ മരണത്തിന് ഉത്തരവാദികള്‍ സതീഷ് റെഡ്ഡിയും അനുയായികളുമാണെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഢി ബാംഗ്ലൂര്‍ പോലിസ് കമ്മീഷണര്‍ കമല്‍ പന്തിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കുറ്റക്കാരനായ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.

Filed a police complaint asking for #ArrestBJPMLASatish for involvement in Bed allotment scam. It's not corruption it is murder !
Police must act to prove, nobody is above the law !#TejasviSuryaExposed he tried protecting the real culprits by giving the issue a communal twist ! pic.twitter.com/duggixkcCG

(ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പൃഥ്വി റെഡ്ഢി പോലിസിനു നല്‍കിയ പരാതി)

ബംഗളൂരു നഗരത്തിലെ ആശുപത്രി കിടക്കകളും ഐസിയുവുകളും ബുക്ക് ചെയ്യുന്നതില്‍ വന്‍ അഴിമതി നടന്നതായി കഴിഞ്ഞ രണ്ട് ദിവസമായി പുറത്തുവന്നിരുന്നു. സാധാരണക്കാര്‍ക്ക് ഐസിയു കിടക്കള്‍ ലഭ്യമാവുന്നില്ലെന്നും ഇതിനു പിന്നില്‍ ബിബിഎംപി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്നും കിടക്കകളുടെ ബുക്കിങിലൂടെയാണ് ഇത് സംഭവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കിടക്ക ബുക്കിങ് കുംഭകോണത്തിനു പിന്നില്‍ എംഎല്‍എ സതീഷ് റെഡ്ഡിയാണെന്ന വിജയ് കര്‍ണാടക പത്രം പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ഉദ്ധരിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. ബൊമ്മനഹള്ളിയില്‍ നിന്നുള്ള ബിജെപി നിയമസഭാംഗമായ ഇദ്ദേഹം തന്റെ ഏജന്റുമാരെ ബിബിഎംപി വാര്‍ റൂമില്‍ റിക്രൂട്ട് ചെയ്തതായി വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിജയ് കര്‍ണാടക ദിനപത്രത്തില്‍ വന്ന റിപോര്‍ട്ട്‌

തന്റെ അനുയായികള്‍ക്ക് മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കണമെന്ന് റെഡ്ഡിയും ഏജന്റുമാരും വാര്‍ റൂമിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വിജയ് കര്‍ണാടക പത്രം റിപോര്‍ട്ട് ചെയ്തു. റെഡ്ഡിയും അദ്ദേഹത്തിന്റെ ഏജന്റുമാരും കൊവിഡ് വാര്‍ റൂമിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ദുരിതത്തിലായ രോഗികളില്‍ നിന്നു പണം നല്‍കി കിടക്കകള്‍ വില്‍ക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇത് അഴിമതിയുടെയും ജോലിയിലെ ക്രിമിനല്‍ അവഗണനയുടെയും മാത്രമല്ല, കൊലപാതകത്തിന് തുല്യമായ ജീവന്‍ നഷ്ടപ്പെടുന്ന വിഷയമാണ്. ചികില്‍സ നിഷേധിക്കുന്നത് ക്രിമിനല്‍ അവഗണനയാണെന്ന് വിവിധ ഹൈക്കോടതികളും സുപ്രിം കോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച സതീശ് റെഡ്ഡി, ബാംഗ്ലൂര്‍ സൗത്ത് എംപി തേജസ്വി സൂര്യ, ബസവനഗുഡി എംഎല്‍എ രവി സുബ്രഹ്‌മണ്യ, ചിക്കപേട്ട് എംഎല്‍എ ഉദയ് ഗരുഡാചര്‍ എന്നിവര്‍ ബിബിഎംപി കൊവിഡ് വാര്‍ റൂമിലെ മുസ് ലിം ജീവനക്കാരുടെ പേരെടുത്തു പറഞ്ഞാണ് വ്യാജ ആരോപണം ഉന്നയിച്ചത്. ബിബിഎംപി ഉദ്യോഗസ്ഥരുടെയും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെയും അവിശുദ്ധ ബന്ധം കാരണം കിടക്കകള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന രോഗലക്ഷണമില്ലാത്ത രോഗികളുടെ പേരില്‍ കിടക്കകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ഇതിനുശേഷമാണ് ബിബിഎംപി കൊവിഡ് വാര്‍ റൂമില്‍ ജോലി ചെയ്യുന്ന 17 മുസ് ലിംകളുടെ പേരുകള്‍ വായിച്ച് എംപിയും എംഎല്‍എമാരും അടങ്ങുന്ന ജനപ്രതിനിധികള്‍ കൂടിയായ ബിജെപി നേതാക്കള്‍ വിദ്വേഷപ്രസ്താവന നടത്തിയത്. ബിബിഎംപി കൊവിഡ് വാര്‍ റൂമില്‍ മുസ് ലിംകളെ റിക്രൂട്ട് ചെയ്യാന്‍ ഇത് ഹജ്ജ്ഭവനാണോ മദ്‌റസയോ ആണോ എന്നായിരുന്നു ഉദ്യോഗസ്ഥരോട് ചോദിച്ചത്. ഇതിന്റെ വീഡിയോ വൈറലാവുകയും വന്‍ വിവാദത്തിനു കാരണമാവുകയും ചെയ്തു. സൗത്ത് സോണ്‍ വാര്‍ റൂമില്‍ ആകെ 205 ജീവനക്കാരുള്ളതില്‍ 17 പേര്‍ മാത്രമാണ് മുസ് ലിംകള്‍. ഇവരുടെ പേരുകള്‍ മാത്രം വായിച്ചാണ് തേജസ്വി സൂര്യയുടെ വിദ്വേഷ പരാമര്‍ശം. 17 ജീവനക്കാരുടെ പട്ടിക വായിച്ച തേജസ്വി സൂര്യ മുസ് ലിംകളായ ഇവരെയെല്ലാം വാര്‍ റൂമിലെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനു പിന്നാലെ എല്ലാവരെയും പുറത്താക്കി.

ബിബിഎംപി കൊവിഡ് വാര്‍ റൂമിലെ മുസ് ലിം ജീവനക്കാരുടെ പേരുവച്ച് നടത്തുന്ന വിദ്വേഷ പ്രചാരണം

ഇതിനിടെ, 17 മുസ് ലിം ജീവനക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട്, ഹിന്ദുക്കളുടെ മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്ന വിധത്തിലായിരുന്നു വ്യാജപ്രചാരണം. യാതൊരു കാരണവും കാണിക്കാതെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് മുസ് ലിം ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, കൊവിഡ് കിടക്ക ബുക്കിങ് കുംഭകോണത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം സതീശ് റെഡ്ഡി എംഎല്‍എ നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞതായി ദി കോഗ്നറ്റ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, സതീശ് റെഡ്ഢി നേരത്തേ ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതിനു ബിജെപിയില്‍ നിന്ന് നടപടി നേരിട്ടിരുന്നു. 2017ല്‍ തെക്കുകിഴക്കന്‍ ബെംഗളൂരുവിലെ തന്റെ നിയോജകമണ്ഡലത്തില്‍ നടത്തിയ ടിപ്പു ജയന്തി ആഘോഷത്തിന്റ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളില്‍ സതീഷ് റെഡ്ഡിയുടെ തൊപ്പി ധരിച്ച ഫോട്ടോയാണ് നല്‍കിയിരുന്നത്. ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇന്ന് ചില എംഎല്‍എമാര്‍ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍, മുസ് ലിം തൊപ്പി ധരിച്ച ചിത്രം വിവാദമായതിനു പിന്നാലെ തന്റെ അറിവില്ലാതെയാണ് അത്തരം ചിത്രം നല്‍കിയതെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്.

2008 മുതല്‍ ബെംഗളൂരുവിലെ ബൊമ്മനഹള്ളി നിയോജകമണ്ഡലത്തിലെ എംഎല്‍എയായ സതീശ് റെഡ്ഡിക്കെതിരേ 2015 ല്‍ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. റെഡ്ഡി ജനസംഘത്തിന്റെ (ആര്‍ജെഎസ്) മാനേജ്മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെയാണ് ഉപദ്രവിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം.

BBMP Bed Booking scam: Aam Aadmi Party Files Police Complaint Against BJP MLA Satish Reddy

Next Story

RELATED STORIES

Share it