ബാബരി കേസ് വിധി: നിശബ്ദത ഭേദിച്ച് നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തണം- പോപുലര്‍ ഫ്രണ്ട്

പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കുമ്പോളും വിധി ഈ അംഗീകൃത വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഫലത്തില്‍ യഥാര്‍ഥ ഉടമകളുടെ ഉടമസ്ഥാവകാശങ്ങള്‍ പൂര്‍ണമായി നിരാകരിച്ച് ബാബരി ഭൂമി കൈയേറ്റക്കാര്‍ക്കും നിയമലംഘകര്‍ക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമാംഗീകാരം നല്‍കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്.

ബാബരി കേസ് വിധി: നിശബ്ദത ഭേദിച്ച് നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തണം- പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി അന്യായവും അതിനാല്‍ അസ്വീകാര്യവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം. ന്യൂനപക്ഷങ്ങള്‍ക്ക് മതാനുഷ്ഠാനത്തിന് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തിനെതിരാണ് ഈ വിധി. എല്ലാവിധ ജനാധിപത്യതത്വങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും വിരുദ്ധവുമാണിത്. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ അവമതിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ പോലും അതിന്റെ വിശ്വാസ്യതയ്ക്കും ഔന്നത്യത്തിനും കളങ്കം വരുത്തുന്നതുമാണ്. വിധി വരുന്നതിന് മുന്നേ നിശബ്ദതയുടെയും ഭയത്തിന്റെയും അന്തരീക്ഷം പലതരത്തിലുള്ള സമ്മര്‍ദതന്ത്രങ്ങളുപയോഗിച്ച് ആര്‍എസ്എസ് സൃഷ്ടിച്ചു. ഹിന്ദു അവകാശങ്ങളുടെ കുത്തക തങ്ങളാണെന്ന് അവര്‍ സ്വയം ഉയര്‍ത്തിക്കാട്ടി. വിസമ്മതം ഒരു ജനാധിപത്യ അവകാശവും പൗരന്‍മാരുടെ ഉത്തരവാദിത്വവുമാണ്.

ജുഡീഷ്യറിയുള്‍പ്പടെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളും തെറ്റുപറ്റുമ്പേള്‍ തിരുത്തപ്പെടേണ്ടതുണ്ട്. ഈ അവസരത്തില്‍ നിശബ്ദത ഭേദിച്ച് നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്, ദേശീയ സമിതിയംഗം ഇ എം അബ്ദുറഹിമാന്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനംചെയ്തു. രാമക്ഷേത്രനിര്‍മാണത്തിനായി ബാബരി ഭൂമി പൂര്‍ണമായും വിട്ടുകൊടുക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. പകരം മറ്റൊരു ഭൂമിയില്‍ പള്ളി നിര്‍മിക്കാനാണ് മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് ഒരുക്ഷേത്രവും തകര്‍ത്തിട്ടല്ലെന്ന് കോടതി തന്നെ ഊന്നിപ്പറയുന്നുണ്ട്. പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കുമ്പോളും വിധി ഈ അംഗീകൃത വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഫലത്തില്‍ യഥാര്‍ഥ ഉടമകളുടെ ഉടമസ്ഥാവകാശങ്ങള്‍ പൂര്‍ണമായി നിരാകരിച്ച് ബാബരി ഭൂമി കൈയേറ്റക്കാര്‍ക്കും നിയമലംഘകര്‍ക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമാംഗീകാരം നല്‍കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്.

ബാബരി മസ്ജിദിനെതിരേ നടന്നുകൊണ്ടിരുന്ന സംഘടിതമായ അക്രമങ്ങള്‍ക്കും അവസാനമായി അതിന്റെ ധ്വംസനത്തിനും ലോകം സാക്ഷിയാണ്. ബാബരി മസ്ജിദ് തല്‍സ്ഥാനത്തുതന്നെ പുനര്‍നിര്‍മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഇന്നും നിറവേറ്റപ്പെട്ടിട്ടില്ല. ഇത് വെറും മസ്ജിദ്- മന്ദിര്‍ തര്‍ക്കമല്ല. രേഖകളെ അടിസ്ഥാനമാക്കുന്നതിന് പകരം ഭൂരിപക്ഷ വിശ്വാസത്തിനും മതപരമായ അവകാശവാദങ്ങള്‍ക്കുമാണ് കോടതി പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കേസിലെ യഥാര്‍ഥ കക്ഷികളുടെ ആവശ്യങ്ങള്‍ക്കുമപ്പുറമാണ് കോടതി വിധിയിലൂടെ നിറവേറ്റിയിരിക്കുന്നത്. നീതിയുടെ തത്വങ്ങള്‍ക്ക് പകരം ഭൂരിപക്ഷ താല്‍പര്യങ്ങള്‍ കൂടുതല്‍ പരിഗണിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഈ വിധിയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയല്ല, മറിച്ച് മറ്റ് ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്കുമേലുള്ള ഹിന്ദുക്ഷേത്ര അവകാശവാദങ്ങള്‍ക്ക് ശക്തിപകരുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top