Top

85 വയസ്സുകാരിയെ വരെ ചുട്ടുകൊന്നു; ഡല്‍ഹിയില്‍ നിന്നുയരുന്നത് കരളലിയിക്കും നിലവിളികള്‍

85 വയസ്സുകാരിയെ വരെ ചുട്ടുകൊന്നു; ഡല്‍ഹിയില്‍ നിന്നുയരുന്നത് കരളലിയിക്കും നിലവിളികള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കും നേരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കത്തിയമര്‍ന്ന രാജ്യതലസ്ഥാനത്തു നിന്നുയരുന്നത് കരളലിയിക്കും നിലവിളികള്‍. രണ്ടുമാസത്തിലേറെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംഘപരിവാരത്തിന്റെ ഗൂഢപദ്ധതിയാണ് ഡല്‍ഹിയിലെ കൊലപാതകത്തിലും കൊള്ളയിലും എത്തിച്ചത്. ഏറ്റവുമൊടുവില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി പോലിസ് സ്ഥിരീകരിക്കപ്പെട്ട കലാപത്തില്‍ ഡല്‍ഹിയും പ്രാന്തപ്രദേശങ്ങളും സിഖ് കൂട്ടക്കൊലയ്ക്കു സമാനമായ സാഹചര്യത്തിലേക്കാണ് എത്തിയതെന്നു വിവരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. തെരുവുകളില്‍ നിന്നുയരുന്നത് മനുഷ്യ പച്ചമാംസങ്ങളുടെയും ജീവിതസമ്പാദ്യവും ചാമ്പലായതിന്റെ ഗന്ധമാണ്. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോള്‍ ഡോട്ട് ഇന്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ നിന്നുള്ള ചില അനുഭവങ്ങള്‍.

85കാരിയായ ഉമ്മയെ വരെ അവര്‍ ചുട്ടുകൊന്നു

ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയെന്നറിയപ്പെടുന്ന ഗുജറാത്ത് വംശഹത്യാകാലത്തേതിനു സമാനമായ ചുട്ടുകൊല്ലലുകള്‍ ഇക്കുറി ഡല്‍ഹിയിലും നടന്നതായി ഇരകളുമായി നടത്തിയ അഭിമുഖത്തിലൂടെ സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 25ന് ഉച്ചയോടെ മുഹമ്മദ് സഈദ് സല്‍മാനി വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ വേണ്ടി പോവുകയായിരുന്നു. ഈ സമയമാണ് ഇളയ മകന്റെ ഫോണ്‍. ഡല്‍ഹിയില്‍ ഖജുരി ഖാസില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെയുള്ള ഗാംറി ലൈനില്‍ നൂറോളം പേര്‍ ആയുധങ്ങളുമായി വന്നതായാണു വിളിച്ചുപറഞ്ഞത്. അവര്‍ കടകള്‍ക്കും വീടുകള്‍ക്കും വ്യാപകമായി തീയിടുകയായിരുന്നു. മുഹമ്മദ് സഈദ് സല്‍മാനിവരുടെ നാലു നിലയുള്ള വീടും കത്തിച്ചാമ്പലായി. ഈ സമയം അദ്ദേഹത്തിന്റെ കുടുംബം മേല്‍ക്കൂരയില്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ് സല്‍മാനി ഓടിയെത്തിയപ്പോള്‍ അയല്‍വാസികള്‍ അദ്ദേഹത്തെ തടഞ്ഞു. 'വീട്ടിലേക്ക് ഓടിക്കയറുന്നത് വളരെ അപകടകരമാണെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ കൊല്ലപ്പെടും. സംഭവിച്ചത് എന്തായാലും സംഭവിച്ചു. അല്‍പ്പം കാത്തിരിക്കൂ എന്നായിരുന്നു റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപന ഉടമയായ 48 കാരന്‍ സല്‍മാനിയോട് പറഞ്ഞത്. 'എന്റെ കുടുംബം മുഴുവന്‍ മരിച്ചെന്ന് കരുതി ഞാന്‍ മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു'. എന്നാല്‍,

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഭൂരിഭാഗം തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. സല്‍മാനിയുടെ ഉമ്മ ഒഴികെ. 85കാരിയായ അക്ബരി എന്ന വയോധിക, അവരുടെ വീടിന്റെ മൂന്നാം നിലയിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടു. ആദ്യത്തെ രണ്ട് നിലകളില്‍ ടൈലറിങ് വര്‍ക്ക്‌ഷോപ്പുകള്‍ ഉള്‍പ്പെടെ കെട്ടിടം തന്നെ കത്തിനശിച്ചു. എട്ടുലക്ഷം രൂപയും മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം ഹിന്ദുത്വര്‍ കൊള്ളയടിച്ചെന്ന് സല്‍മാനി പരിതപിച്ചു. ''ഇനി എനിക്ക് ഒന്നും ബാക്കിയില്ല, ഞാന്‍ സംപൂജ്യനാണ്'-സല്‍മാനി സ്‌ക്രോള്‍.ഇനോട് പറഞ്ഞു. അക്ബരിയുടെ മൃതദേഹം ഇപ്പോള്‍ ജിടിബി ആശുപത്രിയിലാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. മീററ്റ് ജില്ലയിലെ ഗ്രാമത്തില്‍ സംസ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സല്‍മാനി പറഞ്ഞു. അജ്ഞാതരായ അക്രമികള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഉന്‍മൂലനം ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വര്‍ ലക്ഷ്യംവച്ച നിരവധി വീടുകളില്‍ ഒന്നാണ് സല്‍മാനിയുടെ നാലുനിലയുള്ള വീട്. 'എന്റെ കുടുംബം വീട് പൂട്ടിയിട്ടിരിക്കുകയാണെങ്കിലും ആള്‍ക്കൂട്ടം ഗേറ്റ് തുറന്ന് കൊള്ളയടിക്കാനും തീയിടാനും തുടങ്ങിയതായി മകന്റെ ഫോണ്‍ കോളില്‍ നിന്ന് സല്‍മാനി അറിഞ്ഞു. സല്‍മാനിയുടെ കുടുംബത്തില്‍ മാതാവ് അക്ബരി, ഭാര്യ, രണ്ട് പെണ്‍മക്കള്‍, രണ്ട് ആണ്‍മക്കള്‍ എന്നിവരാണുള്ളത്. മൂത്ത മകന്‍ ഭാര്യയോടൊപ്പം കെട്ടിടത്തിന്റെ നാലാം നിലയിലാണു താമസിച്ചിരുന്നത്. അക്രമികള്‍ തീയിട്ടപ്പോള്‍ ദമ്പതികള്‍ വീട്ടിലുണ്ടായിരുന്നില്ല. സല്‍മാനിയുടെ ഗര്‍ഭിണിയായ മരുമകള്‍ക്ക് പ്രസവവേദനയായതിനാല്‍ ആശുപത്രിയിലായിരുന്നു. 'ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ട ഒരു ദിവസത്തിനുശേഷം അവള്‍ ഇന്ന് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു'-സല്‍മാനി പറഞ്ഞു. കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകള്‍ക്ക് തീയിട്ടപ്പോള്‍, അവിടെ ജോലി ചെയ്തിരുന്ന ആറ് തൊഴിലാളികളും മുകളിലേക്ക് ഓടി. മെല്ലെ തീ മുകളിലേക്ക് പടര്‍ന്നപ്പോള്‍. വീട്ടുകാരും തൊഴിലാളികളുമെല്ലാം മേല്‍ക്കൂരയിലേക്ക് കയറി. 'എന്റെ ഉമ്മാക്ക് പ്രായമുണ്ടായിരുന്നു. ഓടാനോ തീയില്‍ നിന്ന് രക്ഷപ്പെടാനോ കഴിഞ്ഞില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഉമ്മയെ മേല്‍ക്കൂരയിലേക്ക് കയറ്റാന്‍ എനിക്കായേന. ഉമ്മ മാത്രം മരിച്ചു'-സല്‍മാനിക്ക് വിതുമ്പലടക്കാനാവുന്നില്ല. സല്‍മാനിയുടെ കുടുംബം ഒരു മണിക്കൂറോളം മേല്‍ക്കൂരയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മേല്‍ക്കൂരയില്‍ നിന്ന്, ചുറ്റുഭാഗവും കത്തിച്ചാമ്പലാവുന്ന വീഡിയോകള്‍ അവര്‍ ചിത്രീകരിച്ചു. ഇതില്‍ ഒരു വീഡിയോയില്‍, 'നോക്കൂ, ജയ് ശ്രീ റാം വാലികള്‍ തിരിച്ചെത്തി' എന്ന് പറയുന്നത് കേള്‍ക്കാം. രക്ഷപ്പെടുത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒടുവില്‍ അവരെ മേല്‍ക്കൂരയില്‍ നിന്ന് പോലിസ് താഴെയിറക്കി. ഉസ്മാന്‍പൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് സല്‍മാനിക്ക് അവരെ കാണാന്‍ കഴിഞ്ഞത്. 'അക്രമം തുടങ്ങിയ ശേഷം പോലിസ് ഞങ്ങളുടെ പ്രദേശത്തെത്താന്‍ രണ്ടര മണിക്കൂര്‍ എടുത്തുതായി ഇസ്മായില്‍ പറഞ്ഞു. 'അവര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കുറച്ചുനേരം ശ്രമിച്ചു. പക്ഷേ ആള്‍ക്കൂട്ടം അവരെ ഭയപ്പെട്ടില്ല. അവര്‍ മറ്റു വഴികളിലൂടെയെത്തി വീടുകളില്‍ ആക്രമണം തുടര്‍ന്നു'. തങ്ങളുടെ ഹിന്ദുക്കളായ അയല്‍വാസികളും സുഹൃത്തുക്കളും വിളിച്ച് വീടിനുള്ളില്‍ തന്നെ തുടരാന്‍ മുന്നറിയിപ്പ് നല്‍കിയതായി ഇസ്മായില്‍ പറഞ്ഞു.

ജയ് ശ്രീറാം വിളിച്ചെത്തിയവര്‍ ഖുര്‍ആന്‍ കത്തിച്ചുനോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസിനടുത്തുള്ള പ്രദേശങ്ങളിലെല്ലാം 'ജയ് ശ്രീ റാം' എന്നാക്രോശിച്ചാണ് അക്രമിസംഘമെത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി മുസ്‌ലിംകളെ കല്ലും ലാത്തിയും ഉപയോഗിച്ചും തീയിട്ടുമാണ് ആക്രമിച്ചത്. തങ്ങളുടെ പ്രദേശത്തിന് ഇതുവരെ പോലിസില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കുറഞ്ഞ ശ്രദ്ധ മാത്രമാണ് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ ഹിന്ദുത്വര്‍ കൂടുതല്‍ ആക്രമണ ഭീഷണി ഉയര്‍ത്തിയതോടെ പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങളെല്ലാം അവശ്യവസ്തുക്കള്‍ പോലും ഉപേക്ഷിച്ച് ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അഭയം തേടുകയായിരുന്നു. 'എപ്പോള്‍ തിരിച്ചുപോവാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇനി ആ പ്രദേശത്ത് തുടരാന്‍ കഴിയുമെന്ന് പോലും ഞാന്‍ കരുതുന്നില്ല,' 30 കാരനായ സുഹൈല്‍ ഇസ്മായില്‍ (പേര് മാറ്റം വരുത്തിയിട്ടുണ്ട്) പറഞ്ഞു.

ആക്രമണം ആസൂത്രിതമാണെന്നതിന്റെ പലവിധ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഗാംറി ഒരു ഹിന്ദു ഭൂരിപക്ഷ മേഖലയാണ്. 90, 100 മുസ് ലിം വീടുകളും ഒരു അസീസിയ മസ്ജിദുമാണുള്ളത്. ഫെബ്രുവരി 24നു തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്തെ അക്രമങ്ങള്‍ തുടങ്ങിയത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം മുസ്‌ലിംകള്‍ എല്ലാ ഫെബ്രുവരിയിലും കരോള്‍ ബാഗിലെ ഒരു പള്ളിയില്‍ വാര്‍ഷിക പ്രാര്‍ഥനകളുമായി പ്രദേശത്തുകൂടി കടന്നുപോവുമ്പോഴാണ് ആക്രമണമുണ്ടായത്. 'ഇവര്‍ ലോനിയിലെ അവരുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഖജുരി യിലെത്തിയപ്പോള്‍ 100-150 ഓളം ഹിന്ദുക്കള്‍ കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇസ്മായില്‍ പറഞ്ഞു. 200 ഓളം മുസ്‌ലിംകള്‍ അസീസിയ മസ്ജിദില്‍ അഭയം തേടി. ഒരു രാത്രി മുഴുവന്‍ അവര്‍ അവിടെ താമസിച്ചു. ഫെബ്രുവരി 25ന് പുലര്‍ച്ചെ പ്രദേശത്തെ മുസ്‌ലിംകള്‍ ചെറിയ ഗ്രൂപ്പുകളായി രണ്ടും മൂന്നുപേരെയായി പുറത്തെത്തിക്കുകയായിരുന്നു. ഇതിനിടെ, രാവിലെ 10.45 ഓടെ ഒരു വലിയ ജനക്കൂട്ടം തിരിച്ചെത്തി. 'ജയ് ശ്രീ റാം' എന്നും മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ച് ജനങ്ങളെയും വീടുകളെയും കല്ലും പെട്രോള്‍ ബോംബും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ' ആക്രമണം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു. അവര്‍ ഞങ്ങളുടെ മസ്ജിദില്‍ അതിക്രമിച്ചു കയറി. അകത്തുള്ളതെല്ലാം നശിപ്പിച്ചു. ഞങ്ങളുടെ ഖുര്‍ആന്‍ കത്തിച്ചെന്നും ഇസ്മായില്‍ പറഞ്ഞു. പ്രദേശത്തെ ഒരു മെഡിക്കല്‍ സ്‌റ്റോര്‍, ബേക്കറി, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും തീയിട്ടു. 'അവര്‍ ഒരു മുസ് ലിം യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തെ പ്രദേശത്തെ ഒരു ഹിന്ദു കുടുംബമാണ് രക്ഷിച്ചത്-ഇസ്മായില്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഗാംറിയില്‍ നിന്നുള്ള ചില മുസ്‌ലിംകള്‍ പോലിസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. എന്നാല്‍, അക്രമസാധ്യത കൂടുതലയാണെന്നും നിരവധി ആളുകളുള്ളതിനാല്‍ അവരെ നേരിടാന്‍ മാത്രം പോലിസുകാരില്ലെന്നും അതിനാല്‍ സുരക്ഷയ്ക്കു വേണ്ടി ഞങ്ങളെല്ലാം പോവണമെന്നുമാണ് പോലിസ് പറഞ്ഞതെന്ന് ഇസ്മായില്‍ പറഞ്ഞു. തിരിച്ചറിയല്‍ രേഖകളും മറ്റും ബന്ധുവിന്റെ വീട്ടിലാണ്. മുസ്‌ലിംകളെല്ലാം അവിടെ നിന്ന് പോയിക്കഴിഞ്ഞു. ഞങ്ങളുടെ ഹിന്ദുക്കളായ അയല്‍വാസികളില്‍ നിന്നുള്ള വിവരമനുസരിച്ച് അക്രമിക്കൂട്ടം ഇപ്പോഴും ചുറ്റിക്കറങ്ങുന്നുവെന്നാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it