Big stories

പെഗസസ് ചോര്‍ത്തല്‍: മാധ്യമ റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയം ഗുരുതരം; ഹരജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രിംകോടതി

കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയത്. വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രം കൂടി ഹാജരാവേണ്ടതുണ്ട്. സത്യം പുറത്തുവരണം. ആരുടെ പേരുകളൊക്കെയാണുള്ളതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഹരജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിനും കൂടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

പെഗസസ് ചോര്‍ത്തല്‍: മാധ്യമ റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയം ഗുരുതരം; ഹരജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രത്യേകസംഘത്തിന്റെ അന്വേഷണം (എസ്‌ഐടി) ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. മാധ്യമങ്ങളില്‍വന്ന റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ വിഷയമാണിതെന്ന് കോടതി കേസ് പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയത്. വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രം കൂടി ഹാജരാവേണ്ടതുണ്ട്. സത്യം പുറത്തുവരണം. ആരുടെ പേരുകളൊക്കെയാണുള്ളതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഹരജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിനും കൂടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്‍എസ്ഒ പെഗസസ് ചാരസോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണെന്ന് എന്‍ റാമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. റിപോര്‍ട്ടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം.

2019 ല്‍തന്നെ പെഗസസ് പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. എന്തുകൊണ്ടാണ് രണ്ടുവര്‍ഷത്തിന് ശേഷം ഞങ്ങളുടെ അടുത്ത് വരുന്നത്- ചീഫ് ജസ്റ്റിസ് രമണ ആരാഞ്ഞു. ചോര്‍ത്തല്‍ നടന്നെങ്കില്‍ ക്രിമിനല്‍ കേസ് എന്തുകൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചപ്പോള്‍, പെഗസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. അവര്‍ എങ്ങനെയാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നും ആരാണ് ഇതിന് പണം നല്‍കിയതെന്നും സര്‍ക്കാര്‍ ഞങ്ങളോട് പറയേണ്ടതുണ്ട്.

ഒരു റിപബ്ലിക് എന്ന നിലയില്‍ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗസസ്. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരാണ് ഹരജികള്‍ നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഇത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹരജികളിലെ വാദം. സുപ്രിംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെയും അഭിഭാഷകരുടെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ നിരീക്ഷണത്തിലാക്കിയെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it