Big stories

ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ കാണാതായി

തിങ്കളാഴ്ച ഉച്ചയ്ക്കു 12.25ന് മേചുകയിലെ ലാന്റിങ് സ്ട്രിപ്പില്‍ എത്തിച്ചേരേണ്ട വിമാനത്തെ കുറിച്ച് ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല

ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ കാണാതായി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ കാണാതായി. അസമിലെ ജോര്‍ഹാടില്‍ നിന്നു അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ച് പോയ വ്യോമസേനാ വിമാനമാണ് കാണാതായത്. വിമാനത്തില്‍ എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു 12.25ന് മേചുകയിലെ ലാന്റിങ് സ്ട്രിപ്പില്‍ എത്തിച്ചേരേണ്ട വിമാനത്തെ കുറിച്ച് ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരു മണിക്കു ശേഷം വിമാനത്തിനു നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ആന്റനോവ് എഎന്‍-32 വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിമാനം കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

വനങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളിലൂടെയാണ് വ്യോമപാതയെന്നതിനാല്‍ മേചുകയില്‍ വിമാനങ്ങള്‍ ഇറക്കുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ഏറെ ദുഷ്‌കരമാണ്. ഇതിനു മുമ്പ് 2016 ജൂലെയില്‍ ചെന്നൈയില്‍ നിന്നു ആന്‍ഡമാനിലേക്ക് പോയ മറ്റൊരു എഎന്‍ 32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. 29 യാത്രക്കാരുമായി പോയ വിമാനം കണ്ടെത്താന്‍ വേണ്ടി ഇന്ത്യന്‍ വ്യോമസേന സാധ്യമായതെല്ലാം ചെയ്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Next Story

RELATED STORIES

Share it