Big stories

ബാബരി വിധി: മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പുനപ്പരി ശോധനാ ഹരജി നല്‍കും

ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തില്‍ മൗലാനാ റബി ഹസന്‍ നദ് വി, മൗലാനാ വലി റഹ് മാനി, ഖാലിദ് സെയ്ഫുല്ലാ റഷാദി, മൗലാനാ ഉംറയ്ന്‍, സഫരിയാബ് ജീലാനി, അസദുദ്ദീന്‍ ഉവൈസി എംപി, മൗലാനാ അര്‍ഷദ് മദനി, മഹ്മൂദ് മദനി, റിട്ട. സുപ്രിംകോടതി ജഡ്ജി ഖാദരി, സാദത്തുല്ല ഹുസയ്‌നി, എസ് ക്യു ആര്‍ ഇല്ല്യാസ്, അബ്ദുല്‍ വാഹിദ് സേഠ്(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), മുഹമ്മദ് ഷഫി(എസ് ഡിപി ഐ), സിറാജ് ഇബ്രാഹീം സേഠ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി(ഐയുഎംഎല്‍), പ്രഫ. ആലിക്കുട്ടി മുസ് ല്യാര്‍, ത്വയ്യിബ് ഹുദവി(സമസ്ത) തുടങ്ങിയവര്‍ പങ്കെടുത്തു.

ബാബരി വിധി: മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പുനപ്പരി ശോധനാ ഹരജി നല്‍കും
X

ലഖ്‌നോ: ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം നിര്‍മാണത്തിനു വിട്ടുനല്‍കിയ സുപ്രിംകോടതി വിധിക്കെതിരേ പുനപരിശോധന ഹരജി നല്‍കാന്‍ ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) യോഗത്തില്‍ തീരുമാനം. ഒരുമാസത്തിനകം പുനപ്പരിശോധനാ ഹരജി നല്‍കാനാണു ലഖ്‌നോയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. മാത്രമല്ല, പള്ളി നിര്‍മാണത്തിനു വേണ്ടി അയോധ്യയില്‍തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രിംകോടതി വാഗ്ദാനം നിരാകരിക്കാനും യോഗത്തില്‍ തീരുമാനമായി. പള്ളിയുടെ ഭൂമി അല്ലാഹുവിന്റേതാണെന്നും ശരീഅത്ത് നിയമപ്രകാരം ഇത് ആര്‍ക്കും നല്‍കാനാവില്ലെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറി സഫരിയാബ് ജീലാനി പറഞ്ഞു. പള്ളിക്ക് പകരം അയോധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഇത് പള്ളിക്ക് ബദലാവില്ലെന്നും യോഗം വിലയിരുത്തി. ബാബരി വിധിയെ സ്വാഗതം ചെയ്യുന്നതായും പുനപ്പരിശോധന ഹരജി നല്‍കില്ലെന്നും യുപി സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം.

കോടതി വിധിക്കെതിരേ ഹരജി സമര്‍പ്പിക്കുമെന്ന് പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രതിനിധിയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവുമായ മൗലാന അര്‍ഷദ് മദനി പറഞ്ഞു. ക്ഷേത്രം പൊളിച്ചിട്ടല്ല പള്ളി പണിതതെന്ന് സുപ്രിംകോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ഞങ്ങള്‍ക്ക് പള്ളി ലഭിച്ചില്ല. ഇതിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കും. അത് ഞങ്ങളുടെ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുനപ്പരിശോധന ഹരജി നിരസിക്കപ്പെടുകയാണെങ്കില്‍ പോലും നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗവും യോഗത്തില്‍ അഭിപ്രായപ്പെട്ടു. അഭിഭാഷകരും വിദഗ്ധരും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് പരമോന്നത സമിതി പുനപ്പരിശോധന ഹരജി നല്‍കാന്‍ അനുമതി നല്‍കിയത്. സുപ്രിംകോടതി വിധി സംബന്ധിച്ച് അര്‍ഷദ് മദനിയുടെ അധ്യക്ഷതയിലുള്ള സംഘം വിശദമായി പരിശോധിച്ചിരുന്നതായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വിവിധ മുസ്‌ലിം സംഘടനകളുമായി പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനിയെ സന്ദര്‍ശിച്ചു വിവിധ മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. സുപ്രിംകോടതി തീരുമാനം അവ്യക്തമാണെന്നും അതിനാല്‍ പുനപരിശോധന ഹരജി നല്‍കണമെന്നും ബാബരി ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും പേഴ്‌സനല്‍ ലോ ബോര്‍ഡ് അഭിഭാഷകനുമായ സഫറിയാബ് ജിലാനി യോഗത്തില്‍ ആവശ്യപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ നവംബര്‍ 9നാണ് ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്ന് വിധി പറഞ്ഞത്. തര്‍ക്കമുണ്ടായിരുന്ന 2.77 ഏക്കര്‍ ഭൂമി മുഴുവന്‍ രാം ലല്ല ട്രസ്റ്റിനു നല്‍കണമെന്നും സുന്നി വഖ്ഫ് ബോര്‍ഡിന് പള്ളി പണിയാനായി അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം അനുവദിക്കണമെന്നുമായിരുന്നു വിധി.

അതേസമയം, നേരത്തേ പുനപ്പരിശോധന ഹരജി നല്‍കില്ലെന്ന് അറിയിച്ചിരുന്ന യുപി സുന്നി വഖ്ഫ് ബോര്‍ഡ് പ്രതിനിധികളും കേസിലെ കക്ഷിയിലൊരാളായ ഇഖ്ബാല്‍ അന്‍സാരിയും യോഗത്തിനെത്തിയില്ല. ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തില്‍ മൗലാനാ റബി ഹസന്‍ നദ്‌വി, മൗലാനാ വലി റഹ്മാനി, ഖാലിദ് സെയ്ഫുല്ലാ റഷാദി, മൗലാനാ ഉംറയ്ന്‍, സഫരിയാബ് ജീലാനി (ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍), അസദുദ്ദീന്‍ ഉവൈസി എംപി (ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍), മൗലാനാ അര്‍ഷദ് മദനി, മഹ്മൂദ് മദനി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), റിട്ട. സുപ്രിംകോടതി ജഡ്ജി ഖാദരി, സഅദത്തുല്ല ഹുസയ്‌നി (ജമാഅത്തെ ഇസ്‌ലാമി), എസ് ക്യു ആര്‍ ഇല്യാസ് (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്‍ വാഹിദ് സേഠ് (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), മുഹമ്മദ് ഷഫി (എസ്ഡിപിഐ), സിറാജ് ഇബ്രാഹിം സേഠ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി (മുസ്‌ലിം ലീഗ്), പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, ത്വയ്യിബ് ഹുദവി (സമസ്ത) തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രസ്റ്റ് രൂപീകരണശ്രമവുമായി കേന്ദ്രം

രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ച് ട്രസ്റ്റ് രൂപീകരിക്കുന്ന പ്രക്രിയ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. മൂന്നു മാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപീകരിക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

Next Story

RELATED STORIES

Share it