Big stories

ഭീകരവാദിയെന്ന് മുദ്രകുത്തി അഞ്ചുവര്‍ഷം ജയിലിലടച്ചു; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് മുസ്‌ലിം യുവാവിനെ കോടതി വിട്ടയച്ചു

ത്രിപുരയിലെ അഗര്‍ത്തലയിലെ ജോഗേന്ദ്ര നഗറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഹബീബിനെ (36)യാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയത്. 2005 ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് മുഹമ്മദ് ഹബീബിനെതിരേ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങളും ആയുധനിയമങ്ങളും സ്‌ഫോടകവസ്തു നിയമങ്ങളും അടക്കം അനവധി കുറ്റങ്ങള്‍ ചുമത്തി കര്‍ണാടക പോലിസ് അറസ്റ്റുചെയ്ത് അഴിക്കുള്ളിലാക്കിയത്.

ഭീകരവാദിയെന്ന് മുദ്രകുത്തി അഞ്ചുവര്‍ഷം ജയിലിലടച്ചു; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് മുസ്‌ലിം യുവാവിനെ കോടതി വിട്ടയച്ചു
X

ന്യൂഡല്‍ഹി: ഭീകരവാദിയെന്ന് മുദ്രചാര്‍ത്തി അഞ്ചുവര്‍ഷത്തോളം ജയിലഴിക്കുള്ളില്‍ അടച്ച മുസ്‌ലിം യുവാവിന് ഒടുവില്‍ മോചനം. ത്രിപുരയിലെ അഗര്‍ത്തലയിലെ ജോഗേന്ദ്ര നഗറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഹബീബിനെ (36)യാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയത്. 2005 ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് മുഹമ്മദ് ഹബീബിനെതിരേ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങളും ആയുധനിയമങ്ങളും സ്‌ഫോടകവസ്തു നിയമങ്ങളും അടക്കം അനവധി കുറ്റങ്ങള്‍ ചുമത്തി കര്‍ണാടക പോലിസ് അറസ്റ്റുചെയ്ത് അഴിക്കുള്ളിലാക്കിയത്.

'ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാരന്‍' എന്ന് പറഞ്ഞായിരുന്നു കര്‍ണാടക പോലിസ് ഇദ്ദേഹത്തെ അന്ന് അറസ്റ്റുചെയ്തത്. എന്നാല്‍, മുഹമ്മദ് ഹബീബിനെതിരേ മതിയായ യാതൊരു തെളിവുകളോ കുറ്റം ചുമത്തിയതിന് അടിസ്ഥാനമായ എന്തെങ്കിലും അടിസ്ഥാന സാഹചര്യങ്ങളോ കോടതിയില്‍ ഹാജരാക്കാന്‍ പോലിസ് കഴിഞ്ഞിട്ടില്ല. തെളിവുകളുടെ അഭാവത്തില്‍ യുവാവിനെ കുറ്റവിമുക്തനാക്കുകയാണെന്ന് ബംഗളൂരു എന്‍ഐഎ കോടതിയിലെ പ്രത്യേക ജഡ്ജി കസനപ്പ നായിക് വ്യക്തമാക്കി. ക്രിമിനല്‍ പ്രോസിക്യൂഷന്‍ 227ലെ വ്യവസ്ഥകളുടെ ആവശ്യകതകളും മേല്‍പ്പറഞ്ഞ തീരുമാനങ്ങളില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള നിയമവും അതുപോലെ തന്നെ മുഴുവന്‍ വസ്തുക്കളും ശ്രദ്ധാപൂര്‍വം പരിശോധിക്കുമ്പോള്‍ ആരോപണവിധേയനെതിരേ നടപടിയെടുക്കാന്‍ മതിതായ കാരണങ്ങളില്ലെന്ന് വ്യക്തമായതായി വിധിപ്രസ്താവത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.

അതിനാല്‍, ആരോപണവിധേയനെ വിട്ടയക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ഹബീബിനെ കുറ്റവിമുക്തനാക്കിയ ഉത്തരവില്‍ ജഡ്ജി പറഞ്ഞു. 2005ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പേരിലാണ് ഐപിസിയുടെ 120 ബി, 121, 121എ, 122, 123, 307, 302, ഇന്ത്യന്‍ ആയുധ നിയമത്തിലെ 25, 27 വകുപ്പുകള്‍, സ്‌ഫോടകവസ്തുക്കളുടെ നിയമത്തിലെ 3, 4, 5, 6 വകുപ്പുകള്‍ 1967 ലെ യുഎപിഎ നിയമത്തിലെ 10, 13, 16, 17,18, 20 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തത്. വെടിവയ്പിലെ പ്രധാന പ്രതികളെ 'ജിഹാദിന്റെ പേരില്‍ ബംഗളൂരുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍' ഹബീബ് സഹായിച്ചതായും നിയമവിരുദ്ധമായി ബംഗ്ലാദേശ് അതിര്‍ത്തി കടക്കാന്‍ ഒരു പ്രതിയെ സഹായിച്ചതായും പോലിസ് കോടതിയില്‍ വാദിച്ചു.

എന്നാല്‍, ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കെതിരേ പോലിസ് ആരോപിക്കുന്ന കുറ്റം സ്ഥിരീകരിക്കുന്നതിന് തെളിവുകളൊന്നും ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മൊഴി മാത്രമാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ക്രിമിനല്‍ ഉദ്ദേശത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും കേസിലെ മുഖ്യപ്രതിയെ അതിര്‍ത്തി കടക്കാന്‍ ഹബീബ് സഹായിച്ചെന്ന് സ്ഥാപിക്കാന്‍ പോലിസിന് മറ്റ് തെളിവുകളൊന്നും ഹാജരാക്കാനായില്ല. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരേ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചു. കേസിലെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപണവിധേയനെതിരേ കേസ് കെട്ടിച്ചമച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാവുകയാണ്.

മറുവശത്ത് ലഭ്യമായ സാമഗ്രികളുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയനെതിരേ നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. ഹബീബിനെ വെള്ളിയാഴ്ചയാണ് ജയിലില്‍നിന്ന് മോചിപ്പിച്ചത്. അന്നുതന്നെ അദ്ദേഹം ത്രിപുരയിലെ വീട്ടിലേക്ക് പുറപ്പെട്ടു. ജംഇയ്യത്ത് ഉലമ എ ഹിന്ദിന്റെ അര്‍ഷദ് മദനി ഗ്രൂപ്പിന്റെ ശ്രമഫലമായാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്. താനൊരിക്കലും ബംഗളൂരുവില്‍ വന്നിട്ടില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ച ഹബീബ് പറഞ്ഞു. അറസ്റ്റിനുശേഷം പോലിസ് അവിടെ കൊണ്ടുവന്നപ്പോഴാണ് ആദ്യമായി ബംഗളൂരു നഗരം കാണുന്നത്. ബംഗളൂരുവിലെ ഐഐഎസ്‌സിയില്‍ നടന്ന വെടിവയ്പിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. കേസിലെ ഒരു പ്രതിയെയും തനിക്കറിയില്ലെന്നും ആരെയും സന്ദര്‍ശിച്ചിട്ടില്ലെന്നും ഹബീബ് പറഞ്ഞു. ഒരു തീവ്രവാദ കേസില്‍ കുടുക്കി മകനെ അറസ്റ്റുചെയ്തതിന്റെ വേദന സഹിക്കാന്‍ കഴിയാതെ ജീവിതം തള്ളിനീക്കുകയായിരുന്നു പിതാവും കുടുംബവും.

Next Story

RELATED STORIES

Share it