Big stories

സൗദി-യുഎസ് ഉച്ചകോടിയുടെ പിന്നാമ്പുറങ്ങള്‍

സൗദി-യുഎസ് ഉച്ചകോടിയുടെ പിന്നാമ്പുറങ്ങള്‍
X

അബ്ദുല്ല അന്‍സാരി

ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാനും തമ്മിലെ കൂടിക്കാഴ്ച അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ച ആയിരിക്കുകയാണ്. ഇസ്രായേല്‍, ഗസ ആക്രമണം ശക്തമാക്കിയിരിക്കെ ട്രംപിന്റെ സന്ദര്‍ശനം ഏറെ ഗൗരവമുള്ളതാണ്. വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മാണ പദ്ധതിയും ചര്‍ച്ച ചെയ്യുമെന്നും ഗസയില്‍ മാനുഷിക സഹായ വിതരണ പദ്ധതി ഏറ്റെടുക്കാന്‍ അമേരിക്കക്ക് താല്പര്യമുണ്ടെന്നും പറയപ്പെടുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില യതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സൗദി സന്ദര്‍ശനത്തോടെ അമേരിക്ക-സൗദി ആണവ സഹകരണം യാഥാര്‍ഥ്യമാകുമാത്രേ. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ, ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് യുകെയിലെ അല്‍ ഖുദ്‌സ് അല്‍ അറബി പത്രത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇസ്രായേലിനെ ഒഴിവാക്കിയുള്ള ട്രംപിന്റെ പശ്ചിമേഷ്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയല്ലെന്ന് ഇസ്രായേലിലെ യുഎസ് നയതന്ത്ര പ്രതിനിധി മൈക് ഹക്കാബി പറഞ്ഞു. നേരത്തെ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്റെ പശ്ചിമേഷ്യ സന്ദര്‍ശനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നുവത്രേ. ഗസ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസ് ഇസ്രായേലിന്മേ?ല്‍ സമ്മര്‍ദം ചെലുത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസം സഖ്യകക്ഷികളെ ഒഴിവാക്കി അമേരിക്ക, യെമനില്‍ ഹൂതികളുമായി നേരിട്ട് ചര്‍ച്ച നടത്തി, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ട്രംപിന്റെ നാടകീയ നീക്കങ്ങള്‍ ഇസ്രായേലിന് ആശങ്ക സൃഷ്ടിക്കുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇസ്രായേല്‍ രാഷ്ട്രത്തെ നിരവധി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച, അബ്രഹാം കരാര്‍ വിപുലീകരിക്കുകയാണ് ട്രംപിന്റെ സന്ദര്‍ശനത്തിലെ പ്രധാന ലക്ഷ്യമെന്ന് യുഎസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യമാണ് സൗദി.

ഈ രണ്ടു വീക്ഷണങ്ങള്‍ക്കുമിടയില്‍ പ്രകടമായ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതും ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രം നിലവില്‍ വരുന്നതും നെതന്യാഹു ഒരിക്കലും അംഗീകരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അബ്രഹാം കരാര്‍ വിപുലീകരണ ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കാന്‍ സാധ്യതയില്ലെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനെ കൈയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരു നീക്കുപോക്കിനും നിലപാടിനും ട്രംപ് മുതിരുകയുമില്ല.

ഇവാഞ്ചലിസ്റ്റുകളുടെ വര്‍ദ്ധിച്ച പിന്തുണയോടെയും ആശിര്‍വാദത്തോടെയുമാണ് ഇത്തവണ ട്രംപ് വിജയിക്കുന്നത്. ഇവാഞ്ചലിസ്റ്റുകളില്‍ ചിലര്‍ക്ക്, ട്രംപ് പുതിയ കാലത്തെ മോശയും രക്ഷകനുമാണ്. 'യേശുവാണ് എന്റെ രക്ഷകന്‍, ട്രംപാണ് എന്റെ പ്രസിഡന്റ്'(Jesus is my saviour, Trump is my president) എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകളില്‍ പ്രമുഖനായ റവ. ഫ്രാങ്ക്‌ലിന്‍ ഗ്രഹാ(Rev. Franklin Graham)മിനെ സംബന്ധിച്ചിടത്തോളം ട്രംപ്, 'ലോകത്തെ രക്ഷിക്കുക' എന്ന ദൗത്യത്തിനായി ദൈവത്താല്‍ നിയുക്തനായ വ്യക്തിയാണെന്നതില്‍ സംശയമില്ല. ഇസ്രയേലിലെ പുതിയ അംബാസഡറായി മൈക്ക് ഹക്കാബിയെ തിരഞ്ഞെടുത്തത് തന്നെ, ഇനിയുള്ള കാലം മതമാണ് യുഎസിന്റെ വിദേശ നയങ്ങള്‍ക്ക് രൂപം നല്‍കുക എന്ന സൂചനയാണ്. ഇസ്രായേലിനെ തീക്ഷ്ണമായി പിന്തുണയ്ക്കുന്ന യുഎസ് ഇവാഞ്ചലിസ്റ്റുകളില്‍ ഒരാളാണ് ഹക്കാബി. പുതിയ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും കടുത്ത ഇവാഞ്ചലിസ്റ്റും ഇസ്രായേല്‍ അനുകൂലിയുമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിലേക്ക് നയിക്കുന്ന സംഭവവികാസങ്ങള്‍ വേഗത്തിലാക്കാന്‍, അധിനിവേശ വെസ്റ്റ് ബാങ്കും ഗസയും ഉള്‍പ്പെടെ, ബൈബിള്‍ പരാമര്‍ശിച്ച മൊത്തം പ്രദേശങ്ങളും യഹൂദന്മാരാല്‍ നിറയണമെന്ന് ഇവാഞ്ചലിസ്റ്റുകള്‍ വിശ്വസിക്കുന്നു.

തുടര്‍ന്ന് ''ക്രിസ്തു ഭൂമിയിലേക്ക് മടങ്ങിയെത്തും, അന്തിക്രിസ്തുവിനെയും അയാളുടെ സൈന്യത്തെയും കൊന്നൊടുക്കും, തന്റെ ആദ്യ വരവില്‍ വാഗ്ദാനം ചെയ്തിരുന്ന ദൈവരാജ്യം സ്ഥാപിക്കും. അവന്റെ മഹത്തായ ശക്തിപ്രകടനം പ്രത്യക്ഷത്തില്‍ ദര്‍ശിച്ച്, യഹൂദന്മാര്‍ യേശുവിനെ മിശിഹായായി അംഗീകരിച്ച് അവന്റെ അനുയായികളായി തീരും''- ഇവാഞ്ചലിസ്റ്റുകള്‍ ദൃഡമായി വിശ്വസിക്കുന്നു (Jews and the Rapture, Carl Olson, 26 O-c-t 23, Catholic Answers Magazine). ട്രംപ് അടക്കമുള്ള ലോക ഇവാഞ്ചലിസം ലക്ഷ്യം വെക്കുന്നത്, മുകളില്‍ പരാമര്‍ശിച്ച പോലെ, ക്രിസ്തുവിന്റെ രണ്ടാം വരവിന് രംഗം ഒരുക്കുകയാണ്.

സംഗതി എന്തുതന്നെയായാലും, ഏറെ നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്നതാണ് ട്രംപിന്റെ പെട്ടെന്നുള്ള കരണം മറിച്ചില്‍. എക്കാലവും അമേരിക്കയുടെ വിദേശ നയത്തിലും നയതന്ത്രജ്ഞതയിലും ഇത്തരം ഒളിയജണ്ടകള്‍ക്ക് അനിഷേധ്യമായ സ്ഥാനമുണ്ടായിരുന്നു. 'അവശേഷിക്കുന്ന 20 ലക്ഷം വരുന്ന ഫലസ്തീന്‍ ജനതയെ നാടുകടത്തി, ഗസ മുനമ്പിനെ തങ്ങളുടെ പശ്ചിമേഷ്യയിലെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റാന്‍, സേനയെ അയക്കാന്‍ ഒരുക്കമാണ്. തകര്‍ന്നടിഞ്ഞ ഗസയില്‍, തദ്ദേശീയ ജനതക്ക് ഇനിയും ജീവിതം സാധ്യമല്ല. അവര്‍ക്ക് സമാധാനവും സന്തോഷവും വേണമെന്നുള്ളവര്‍, അവരെ മറ്റെവിടെയെങ്കിലും കുടിയിരുത്തുകയാണ് വേണ്ടത്' എന്ന് രണ്ടാം തവണ അധികാരം ഏറ്റെടുത്തയുടനെ വൈറ്റ്ഹൗസില്‍ നെതന്യാഹുവിനെ സാക്ഷി നിര്‍ത്തി, നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചയാളാണ് ട്രംപ്. അതേ ട്രംപാണ് ഇപ്പോള്‍ ഓന്തിനെപ്പോലെ നിറം മാറുന്നതായി അഭിനയിക്കുന്നത്. നമ്പൂതിരി, ഒന്നും മുന്നില്‍ കാണാതെ കുളത്തില്‍ ചാടാന്‍ സാധ്യതയില്ല. പിടിച്ചതിനേക്കാള്‍ വലിയ എന്തെല്ലാമോ തമ്പ്രാന്‍ മാളത്തില്‍ കണ്ടിട്ടുണ്ടാവണം.

അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ട്രംപിന്റെ പുതിയ നിലപാട് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. സഖ്യകക്ഷികളോടു പോലും ആലോചിക്കാതെയായിരുന്നു ട്രംപ് ഹൂതികളുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ ഏറെ അനിശ്ചിതത്വവും പ്രതിസന്ധിയും സൃഷ്ടിക്കുന്നതായിരുന്നു ചരക്ക് കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം. നൂറോളം കപ്പലുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ക്കപ്പെട്ടു. ആയതിനാല്‍ സൂയസ് കനാല്‍ ഒഴിവാക്കി ആഫ്രിക്കന്‍ വന്‍കര ചുറ്റിയാണ് ചരക്കുകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇത് യുഎസ് ഉള്‍പ്പെടെയുള്ള വ്യവസായ ശക്തികള്‍ക്ക് വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്.

സന്‍അ ഉള്‍പ്പെടെ നിരവധി വിമാന താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഹൂതികളെ നിശബ്ദരാക്കാനോ അവരുടെ സൈനിക ശേഷി തകര്‍ക്കാനോ സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞില്ല. യുകെയുമായി ചേര്‍ന്ന് നടത്തിയ ട്രംപിന്റെ രണ്ട് മാസത്തെ യമന്‍ ബോംബിംങ്ങില്‍ മാത്രം ചിലവായത് 8,300 കോടി രൂപയാണ്. ആക്രമണത്തില്‍ സൗദിയുടെയും മറ്റ് അറബ് രാജ്യങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് യുഎസ് കരുതിയിരുന്നു; അതുണ്ടായതുമില്ല. ഇത് വന്‍ തിരിച്ചടിയാണ് സാമ്രാജ്യത്വ ഭീമന് ഉണ്ടാക്കിയത്. പോരാട്ടം അമേരിക്കയുടെ സൈനിക സാമ്പത്തിക ശക്തിയെ ദുര്‍ബലപ്പെടുത്തുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ തന്നെ അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

പോരാട്ടത്തിലൂടെ ഹൂതികളുടെ സൈനിക ശേഷിയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ മറ്റ് ഇസ്രായേല്‍ മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു. ഇവയാണ് പെട്ടെന്നുള്ള ഒരു നിലപാട് മാറ്റത്തിന് കാരണമായി വര്‍ത്തിച്ചത്. വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയതില്‍, അടുത്തിടെ ഇറാനുമായി നടത്തിയ ചര്‍ച്ചയും വഴിവെച്ചിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ആരോപിക്കുന്നു. ഹൂതികള്‍ക്കെതിരായ പ്രതികാര നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍, ചര്‍ച്ചയില്‍ ഉപാധി വെച്ചിരുന്നു. കരാറിനെ തുടര്‍ന്ന് ഹൂതികള്‍ തങ്ങളുടെ പോരാട്ടം ഇസ്രായേലിനും അവരുടെ കപ്പലുകള്‍ക്കെതിരെയും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ സ്വന്തം നിലയില്‍, സ്വയം സംരക്ഷിക്കും എന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് ഓര്‍ക്കണം.

സൗദി പൗരനും മുന്‍ നയതന്ത്രജ്ഞനും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ അഹമ്മദ് അല്‍ ഇബ്രാഹിമിന്റെ അഭിപ്രായത്തില്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള പ്രധാന സാമ്പത്തിക സഹകരണ കരാറാകും ഉച്ചകോടിയിലൂടെ പിറക്കാന്‍ പോകുന്നത്. 2017ലെ ഗള്‍ഫ്-യുഎസ് ഉച്ചകോടിയില്‍ അമേരിക്ക, സൗദിയുമായി 40000 കോടി ഡോളറിന്റെ വ്യാപാര കരാറുണ്ടാക്കിയിരുന്നു. കൂടാതെ, സൗദി അമേരിക്കയില്‍ 60000 കോടി ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചു. യുഎഇ ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇത്തരമൊന്നോ അതില്‍ മികച്ചതോ ആയ കരാറിന് രൂപം കൊടുക്കുന്നതിലൂടെ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ മെരുക്കിയെടുക്കുക എന്ന ലക്ഷ്യവും ട്രംപിന് ഉണ്ടായിരിക്കണം. ഏതായാലും കളി കാത്തിരുന്ന് തന്നെ കാണണം.

Next Story

RELATED STORIES

Share it