Big stories

'ഇരുട്ടുമുറി' സൃഷ്ടിച്ച പ്രതിസന്ധിയും സിപിഎമ്മിന്റെ പോര്‍വിളിയും

ഇരുട്ടുമുറി സൃഷ്ടിച്ച പ്രതിസന്ധിയും സിപിഎമ്മിന്റെ പോര്‍വിളിയും
X

അബ്ദുല്ല അന്‍സാരി

മീഡിയവണ്ണിനും മാനേജിങ് എഡിറ്റര്‍ സി ദാവൂദിനും എതിരേ സിപിഎം കേന്ദ്രങ്ങള്‍ ഇത്രയധികം ആക്രമണോല്‍സുകാരാകാന്‍ കാരണങ്ങള്‍ നിരവധിയാണ്. സിപിഎം നിലപാടുകളെ ഏറ്റവുമധികം വിമര്‍ശന വിധേയമാക്കുന്നത് ദാവൂദും അയാള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ കുടുംബത്തെയുംകാള്‍ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളാണ്. എന്നിട്ടും ദാവൂദും മാധ്യമവും മാത്രം കല്ലെറിയപ്പെടുന്നു. എന്തുകൊണ്ട് ?

ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ വ്യക്തി കേന്ദ്രീകൃത നിലപാടും കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിഞ്ഞത് പാര്‍ട്ടി അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍, കാലങ്ങളായി പാര്‍ട്ടി പിന്തുടരുന്ന 'ഭൂരിപക്ഷ സവര്‍ണ പൊതുബോധത്തെ സുഖിപ്പിക്കല്‍' നയം കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി കരുതുന്നു. അതിനു സഹായിക്കുന്ന ഏറ്റവും നല്ല ടൂളുകളാണ് ദാവൂദും മീഡിയണ്ണും അദ്ദേഹം പ്രതിധാനം ചെയ്യുന്ന സംഘടനയും സമുദായവും. ഈ നാല് ടാര്‍ഗെറ്റുകളെ കൈകാര്യം ചെയ്യുക വഴി, കടുത്ത ഇസ്ലാമോഫോബിയ സൃഷ്ടിച്ച്, അതുല്പാദിപ്പിക്കുന്ന മുസ്ലിം വിദ്വേഷത്തിലൂടെ, നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി വിചാരിക്കുന്നു.

സിപിഎം നടത്തുന്ന ഇസ്ലാം-മുസ്ലിം വിരുദ്ധ പ്രചാരവേലകള്‍ കേവലം ദാവൂദിനെയും അദ്ദേഹം പ്രതിധാനം ചെയ്യുന്ന സംഘടനയെയും ലക്ഷ്യം വച്ചുള്ളതല്ല; അതിലപ്പുറമുള്ള മാനങ്ങള്‍ അതിനുണ്ടെന്ന് വിശ്വസിക്കാന്‍ ചരിത്രം നമ്മെ നിര്‍ബന്ധിക്കുന്നു. സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത പുതിയ വിഷയമല്ല. പതിറ്റാണ്ടുകളുടെ പഴമയുണ്ടതിന്. 85-86 കാലത്ത് ശരീഅത്തുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ഇസ്ലാം വിരുദ്ധ കാംപയിന്‍, മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പാര്‍ട്ടിയുടെ നിലപാടിനോടു യോജിക്കാന്‍ കഴിയാത്തവര്‍ക്ക് അന്ന് പുറത്തു പോകേണ്ടിവന്നിട്ടുണ്ട്. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നു എന്നും, 2049 ആവുമ്പോഴേക്കും കേരളം ഇസ്ലാമിക രാജ്യമാകുമെന്നും പറഞ്ഞത് സഖാവ് വിഎസ് അച്യുതാനന്ദനാണ്. മലപ്പുറം ജില്ലയില്‍ അയ്യപ്പഭക്തന്മാര്‍ ധരിക്കുന്ന കറുത്ത വസ്ത്രങ്ങള്‍ വില്‍ക്കുന്നതില്‍നിന്ന് വ്യാപാരികളെ 'മുസ്ലിം തീവ്രവാദികള്‍' തടയുന്നു എന്ന് നിയമസഭയില്‍ യാതൊരു തെളിവുകളുടെയും പിന്‍ബലാമില്ലാതെ സബ്മിഷന്‍ ഉന്നയിച്ചത് അന്ന് വണ്ടൂര്‍ എംഎല്‍എ ആയിരുന്ന എന്‍ കണ്ണനാണ്. മലപ്പുറം ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞത് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. യുഡിഫിനെ നയിക്കുന്നത് ഹസ്സന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണെന്ന ആരോപണത്തിലൂടെ സമൂഹത്തില്‍ വര്‍ഗീയത പരത്തിയതും സിപിഎം തന്നെയാണ്. ഇന്നോവ കാറില്‍ മാശാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച്, പാര്‍ട്ടി നടത്തിയ ടി പി ചന്ദ്രശേഖരന്റെ അരുംകൊലയുടെ ഉത്തരവാദിത്തം സമുദായത്തിനുനേരെ തിരിച്ചുവിടാനുള്ള ശ്രമം, കാഫിര്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് വര്‍ഗീയ ചേരിതിരിവും ഇസ്ലാം പേടിയും സൃഷ്ടിച്ച് പൊതുബോധത്തെ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനുള്ള കൗശലം; എല്ലാം നടത്തിയത് സിപിഎം തന്നെയാണ്. കേരളത്തില്‍ സാമൂഹികനീതി തകര്‍ക്കുംവിധം അധസ്ഥിത പിന്നാക്ക സംവരണം അട്ടിമറിച്ച് സവര്‍ണ സംവരണം നടപ്പിലാക്കിയത് മറ്റാരുമല്ല.

പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോഴൊക്കെ ഒരു 'തീവ്രവാദി മുസ്ലിം' അപരനെ സൃഷ്ടിച്ച്, സവര്‍ണ അധീശത്വ ഒളിഗാര്‍ക്കിയെ ഒപ്പം നിര്‍ത്തി, ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതാണ് സി പി എമ്മിന്റെ എക്കാലത്തെയും സമീപനം. പാര്‍ട്ടി ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ വര്‍ഗീയവാദികള്‍ എന്ന് മുദ്രകുത്താത്ത ഒരു മുസ്ലിം ഗ്രൂപ്പുമില്ല. അടുത്തകാലത്തായി ഒരു പടി കൂടി മുന്നോട്ടു കടന്ന്, സമുദായത്തിനുള്ളില്‍ തന്നെ ഭിന്നതയും സംഘര്‍ഷവും വര്‍ധിപ്പിച്ച്, മുതലെടുപ്പ് നടത്താനുള്ള പഴയ കുറുക്കന്റെ സാമര്‍ഥ്യവും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിറാജ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. 'യഥാര്‍ഥ മുസ്ലിംകള്‍ ജമാഅത്തെ ഇസ്ലാമിയെ എക്കാലത്തും അകറ്റി നിര്‍ത്തിയിരുന്നു' എന്ന എം സ്വരാജിന്റെ പ്രസ്താവന ഈ ഇനത്തിലെ ഏറ്റവും അവസാനത്തെ ഒളിയമ്പാണ്.

സിപിഎം എന്തുകൊണ്ട് സി ദാവൂദിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വാര്‍ത്താ ചാനലിനെയും സംഘടനയെയും മാത്രം തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ഉപകരണമായി തിരഞ്ഞെടുത്തു എന്ന ചോദ്യം പരിശോധനാര്‍ഹമാണ്. സമുദായത്തെ മാപ്പുസാക്ഷിയാകാന്‍ നിര്‍ബന്ധിക്കുന്ന പൊതുബോധത്തോട്, മുസ്ലിംകള്‍ നിങ്ങളുടെ സങ്കുചിത നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ഉപകരണമല്ല, എന്നദ്ദേഹം നിരന്തരം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സമുദായം നേരിടുന്ന അപരവല്‍ക്കരണത്തെയും അരികുവല്‍ക്കരണത്തെയും പ്രതിരോധിക്കാന്‍ ന്യൂനപക്ഷത്തിന്റെ മൂടുപടം വേണ്ട; ഒരു സമുദായം എന്ന നിലയില്‍ തങ്ങളുടെ സ്വയം നിര്‍ണയാവകാശവും ഇതര അവകാശങ്ങളും സംരക്ഷിക്കാനും നിലനിര്‍ത്താനും, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് പൊരുതാനും രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥ, അവര്‍ക്ക് അവകാശവും ചുമതലയും നല്‍കുന്നുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുന്നു. സമുദായത്തിന്റെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുക്കുന്ന ഒരു വല്യേട്ടനെ സമുദായത്തിന് ആവശ്യമില്ല; പകരം, സമുദായത്തിന്റെ അസ്തിത്വം അംഗീകരിക്കുന്ന സഹയാത്രികരായാല്‍ മതി, എന്ന് ഓര്‍മിപ്പിക്കുന്നു. പൊലിസിന്റെ ഇസ്ലാമോഫോബിയയെയും ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയും അതിലെ സംഘപരിവാര്‍ സ്വാധീനത്തെയും കലര്‍പ്പില്ലാതെ, തെളിവുസഹിതം ദാവൂദ് തുറന്നുകാണിക്കുന്നു. ഭരണകൂട ഭീകരത കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും പതറാതെ, നിയമ പോരാട്ടത്തിലൂടെ, മാപ്പ് പറയാതെ പ്രസ്തുത ചാനല്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മുസ്ലിംകളും ഇതര പാര്‍ശ്വവല്‍കൃതരും എക്കാലവും ഏതെങ്കിലും പാര്‍ട്ടിയുടെ അടിമകളായിരിക്കണം; ഒരുകാലത്തും സ്വന്തം കാലില്‍ നിവര്‍ന്നുനിന്ന്, സ്വയം പ്രതിരോധിച്ചു കൂടാ എന്ന തിട്ടൂരത്തെ ശക്തിയുക്തം ദാവൂദ് ഖണ്ഡിക്കുന്നു. സ്വത്വം ഉപേക്ഷിച്ചെങ്കിലേ പൊതുധാരയില്‍ ഇടം നല്‍കൂ എന്ന ഇരട്ടത്താപ്പിനെ വെല്ലുവിളിക്കുന്നു. കൂസലില്ലാതെ സിപിഎമ്മിന്റെ കപട മതേതരത്വവാദവും കാലാകാലങ്ങളില്‍ സ്വീകരിച്ചു പോന്ന മുഖംമൂടികളും വലിച്ചു കീറുന്നു. എപ്പോഴും മറുപടി പറഞ്ഞുകൊണ്ടേയിരിക്കുകയും പ്രതിരോധിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുകയെന്ന, സമുദായത്തിന് പൊതുബോധം നിര്‍ണയിച്ചുകൊടുത്ത തടവറയില്‍നിന്ന് കുതറിമാറി കൃത്യമായ അറ്റാക്ക് മോഡിലേക്ക് ദാവൂദും മീഡിയാവണ്ണും മാറുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന, സ്വയം അവരോധിത അവസരവാദ കപട മതേതര കങ്കാണിമാരുടെ ഉള്ളില്‍ കോപവും പകയും സൃഷ്ടിക്കാന്‍ ഇത്രയൊക്കെ തന്നെ ധാരാളം.

ചരിത്രപരമായി പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ നിഷേധിക്കാന്‍ കഴിയാത്ത വോട്ട് ബാങ്ക് ആയിരുന്നു ഒരുകാലത്ത് മുസ്ലിം സമുദായം. ഭൂരിപക്ഷ വര്‍ഗീയത ചൂണ്ടിക്കാണിച്ചു ഭയപ്പെടുത്തി സമുദായത്തെ കേവലം വോട്ട് ബാങ്ക് ആയി മാത്രം പരിഗണിച്ച് നേട്ടം കൊയ്യുകയും മറുഭാഗത്ത് മൃദു ഹിന്ദുത്വ നിലപാടുകളും ഭൂരിപക്ഷ പ്രീണന സമീപനങ്ങളും കൂടുതല്‍ കൂടുതല്‍ പ്രകടമാകാനും തുടങ്ങിയപ്പോള്‍, മുസ്ലിംകള്‍ അടക്കമുള്ള അധസ്ഥിത പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ്, മറ്റു ബദലുകള്‍ക്കായി അന്വേഷണം ആരംഭിച്ചു. സാര്‍വദേശീയ തലത്തില്‍ ശക്തിപ്പെട്ട ഇസ്‌ലാമോഫോബിയയും രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം പിടിമുറുക്കിയതും ഈ അന്വേഷണത്തിന് ആക്കം കൂട്ടി. കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയ പ്രബുദ്ധതയും സ്വയം നിര്‍ണയാവകാശത്തെ സംബന്ധിച്ച അവബോധവും വേറിട്ട ബദലുകള്‍ക്കായുള്ള പരീക്ഷണങ്ങളും നടന്നത് അധസ്ഥിത പിന്നാക്ക വിഭാഗങ്ങളിലാണ്. മുഖ്യധാരാ മുത്തശി പാര്‍ട്ടികള്‍ കഴിഞ്ഞ കാലത്ത് ചെയ്തുകൂട്ടിയ ജനവിരുദ്ധ നിലപാടുകളുടെയും സാമൂഹികനീതിയെ തകര്‍ക്കുംവിധം അധികാരത്തിനുവേണ്ടി നടത്തിയ അന്തംകെട്ട കുതിരക്കച്ചവടത്തിന്റെയും ഉപോല്‍പ്പന്നമാണ് നവജാത പാര്‍ട്ടികള്‍. മേല്‍ക്കോയ്മാ പാര്‍ട്ടികള്‍ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനുള്ള ഇരകളുടെ അര്‍ഥപൂര്‍ണമായ അന്വേഷണങ്ങളുടെ ഉല്‍പ്പന്നമാണ് അവ. ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം; പക്ഷേ, അവര്‍ ഉയര്‍ത്തുന്ന, അനിവാര്യമായും അഭിസംബോധന ചെയ്യേണ്ട രാഷ്ട്രീയ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അവഗണിച്ചു തള്ളാവുന്നതല്ല.

ഒരുകാലത്ത് ഇന്ത്യ അടക്കി ഭരിച്ച കോണ്‍ഗ്രസ് തലകുത്തി വീണതിനും മൂന്നുസംസ്ഥാനങ്ങളില്‍ അധികാരം വാഴുകയും പല സംസ്ഥാനങ്ങളിലും നിര്‍ണായക സീറ്റുകള്‍ ഉണ്ടായിരുന്നതുമായ സിപിഎം കേരളത്തില്‍ മാത്രം ഒതുങ്ങിയതിനും പിന്നിലെ കാരണങ്ങള്‍ മുകളില്‍ പരാമര്‍ശിച്ചതാണ്. നവാഗത പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തിയതുകൊണ്ടോ പ്രതിശബ്ദങ്ങളെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടോ പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് സംഭവ ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ധാര്‍ഷ്ട്യം വെടിഞ്ഞ് സങ്കുചിത താല്‍പ്പര്യങ്ങളും മുന്‍ധാരണകളും മാറ്റിവച്ച് രാജ്യവും സമൂഹവും നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളെ നേരിടാന്‍ കെല്‍പ്പ് കാട്ടാന്‍ തയ്യാറായില്ലെങ്കില്‍ നഷ്ടം കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പരമ്പരാഗത പാര്‍ട്ടികള്‍ക്ക് തന്നെയായിരിക്കും.

സി ദാവൂദും അദ്ദേഹത്തിന്റെ 'ഇരുട്ടു മുറി'യും സൃഷ്ടിച്ച പ്രതിസന്ധി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. സൈബര്‍ ചാവേറുകളുടെ വിശദീകരണങ്ങളും ഗോവിന്ദന്‍, സ്വരാജ് അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളും കെടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ സിപിഎം ബുദ്ധിജീവികളുടെ കുറിപ്പുകളും അത് വ്യക്തമാക്കുന്നുണ്ട്. കൊലവിളിയും ഭീഷണിയും അതിന്റെ ഭാഗമാണ്. നിരവധി തവണ അധികാരത്തിലിരുന്ന, ഏറെ ജനകീയ അടിത്തറ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം ഏതാനും ആയിരം അംഗങ്ങള്‍ മാത്രമുള്ള ജമാഅത്തെ ഇസ്ലാമിക്കെതിരേ നിഴല്‍യുദ്ധം നടത്തുന്നത് നിരര്‍ഥകമാണ്. ഇത് ആ പാര്‍ട്ടി പിന്തുടര്‍ന്നുപോരുന്ന കാപട്യത്തിന്റെയും ആന്തരിക വൈരുധ്യങ്ങളുടെയും അനിവാര്യ പരിണതിയാണ്. ഈ പ്രതിസന്ധി സൃഷ്ടിച്ച മനോഘടനയാണ് കായബലത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും ഭാഷയില്‍ സംസാരിക്കാന്‍ ആ പാര്‍ട്ടിയെ നിര്‍ബന്ധിക്കുന്നത്. ആശയത്തെ ആശയം കൊണ്ടും നിലപാട് കൊണ്ടും നേരിടാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയുടെ അവസാനത്തെ തുറുപ്പുചീട്ടാണത്.

Next Story

RELATED STORIES

Share it