Big stories

ഫലസ്തീനു വേണ്ടി ഇറ്റലി; മാനവികതയുടെ കൂട്ടായ ശബ്ദം ഇറ്റലി തിരിച്ചുപിടിച്ചപ്പോള്‍

ഫലസ്തീനു വേണ്ടി ഇറ്റലി; മാനവികതയുടെ കൂട്ടായ ശബ്ദം ഇറ്റലി തിരിച്ചുപിടിച്ചപ്പോള്‍
X

റൊമാന റൂബിയോ

സെപ്റ്റംബര്‍ 22ന്, ഇറ്റലി അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകള്‍ ഏകദേശം 80 നഗരങ്ങളിലായി തെരുവിലിറങ്ങി. ഇസ്രായേലുമായുള്ള ഇറ്റലിയുടെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക സഹകരണത്തെ പ്രതിഷേധക്കാര്‍ അപലപിച്ചു. ഇറ്റലിയിലെ ട്രേഡ് യൂണിയന്‍ സംഘടനകളായ യുഎസ്ബി, കബ്, എസ്ജിബി തുടങ്ങിയവ ചേര്‍ന്നാണ് സെപ്റ്റംബര്‍ 22ന് 24 മണിക്കൂര്‍ പൊതു പണിമുടക്ക് ആഹ്വാനം ചെയ്തത്.

പൊതു-സ്വകാര്യ മേഖലകളിലെല്ലാം പണിമുടക്ക് വ്യാപിച്ചു. ഗതാഗത, തുറമുഖ പ്രവര്‍ത്തനങ്ങളില്‍ വലിയ തടസ്സങ്ങള്‍ നേരിട്ടു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഇസ്രായേലുമായുള്ള ഇറ്റലിയുടെ സഹകരണം അവസാനിപ്പിക്കുക, യൂറോപ്പിന്റെ രാഷ്ട്രീയ അജണ്ട പുനര്‍നിര്‍മിക്കുന്ന ആയുധ പുനര്‍സജ്ജീകരണം നിര്‍ത്തുക എന്നിവയായിരുന്നു പ്രകടനക്കാരുടെ ആവശ്യങ്ങള്‍.

റോം മുതല്‍ നേപ്പിള്‍സ് വരെയും, ബൊളോണ മുതല്‍ പലേര്‍മോ വരെയും, പ്രക്ഷോഭകര്‍ ഹൈവേകള്‍ ഉപരോധിച്ചു. തുറമുഖങ്ങള്‍ കൈവശപ്പെടുത്തി. 'പാലസ്തീന ലിബെറ' (സ്വതന്ത്ര ഫലസ്തീന്‍) എന്ന വിദ്യാര്‍ഥികളുടെ മുദ്രാവാക്യം വിളികളാല്‍ സര്‍വകലാശാലകള്‍ പ്രക്ഷുബ്ധമായി.

ഈ ദിവസത്തെ വ്യത്യസ്തമാക്കിയത് പങ്കെടുത്തവരുടെ എണ്ണം വെളിവാക്കുന്ന സംഖ്യകള്‍ കൊണ്ട് മാത്രമല്ല, അതിനെ അടയാളപ്പെടുത്തിയ ശബ്ദങ്ങളും ആംഗ്യങ്ങളും കൊണ്ട് കൂടിയായിരുന്നു: റോഡുകള്‍ തടയുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡ്രൈവര്‍മാര്‍ ഹോണ്‍ മുഴക്കി, 'രക്ഷിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം - ഗസയിലെ കുട്ടികളെ പോലും' എന്ന് ജനക്കൂട്ടത്തെ ഓര്‍മിപ്പിക്കാന്‍ റോമില്‍ ഒരു അഗ്‌നിശമന സേനാംഗം കഫിയ ധരിച്ചിരുന്നു,തൊട്ടടുത്തുള്ള താമസക്കാരെല്ലാം പ്രകടനക്കാരുടെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

വളരെക്കാലമായി നിശ്ശബ്ദമായിരുന്നെങ്കിലും, ഇറ്റലിയുടെ രാഷ്ട്രീയ, പൗരജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പാരമ്പര്യത്തിന്റെ മൂര്‍ധന്യാവസ്ഥയായിരുന്നു ഈ നിമിഷങ്ങള്‍.

തുല്യദൂരത്തില്‍ നിന്ന് വിന്യാസത്തിലേക്ക്

പതിറ്റാണ്ടുകളായി, ഫലസ്തീനുമായുള്ള ശക്തമായ ഐക്യദാര്‍ഢ്യ പാരമ്പര്യത്തിന് ഇറ്റലി പേരുകേട്ടതാണ് - വിദ്യാര്‍ഥി സമരങ്ങള്‍, യൂണിയന്‍ പ്രചാരണങ്ങള്‍, ബഹുജന റാലികള്‍ എന്നിവയിലൂടെ ഫലസ്തീന്‍ ലക്ഷ്യത്തെ രാജ്യത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയുടെ ഭാഗമാക്കി.

ഈ ഐക്യദാര്‍ഢ്യ സംസ്‌കാരം ആക്ടിവിസ്റ്റുകളില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഫലസ്തീന്‍ പ്രശ്നത്തെ അവരുടെ അന്താരാഷ്ട്ര അജണ്ടയുടെ കേന്ദ്രബിന്ദുവായി നിരന്തരം പ്രതിധ്വനിപ്പിച്ച പൊതു സംവാദങ്ങളിലും സര്‍വകലാശാലകളിലും തൊഴിലാളി പ്രസ്ഥാനത്തിന്റെ ചില വിഭാഗങ്ങളിലും ഇത് പ്രതിധ്വനിച്ചു.

ഒന്നാം റിപ്പബ്ലിക്കിന്റെ (1948-1992) വര്‍ഷങ്ങളില്‍, ഇറ്റാലിയന്‍ വിദേശനയം മിഡില്‍ ഈസ്റ്റില്‍ 'സമദൂര' നയമായിട്ടാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇസ്രായേലുമായും അറബ് ലോകവുമായും ഔപചാരികമായി സന്തുലിത ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഫലസ്തീനികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രമേയങ്ങളെ പിന്തുണച്ചുകൊണ്ടോ അല്ലെങ്കില്‍ റോമില്‍ അംഗീകൃത സാന്നിധ്യം സ്ഥാപിച്ച ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷ(പിഎല്‍ഒ)ന് രാഷ്ട്രീയ ഇടം തുറന്നുകൊടുത്തുകൊണ്ടോ ഇറ്റലി പലപ്പോഴും ഫലസ്തീനികളോട് അനുഭാവം പ്രകടിപ്പിച്ചു. ആ ദശകങ്ങളില്‍ ഐക്യദാര്‍ഢ്യ സംരംഭങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചു. ഇത് പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇറ്റലിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കി.

1990കളുടെ തുടക്കത്തില്‍ രണ്ടാം റിപബ്ലിക്കിന്റെ ആവിര്‍ഭാവത്തോടെ ആ സന്തുലിതാവസ്ഥ ക്ഷയിക്കാന്‍ തുടങ്ങി. രാഷ്ട്രീയ വര്‍ഗം ക്രമേണ അതിന്റെ മുന്‍ നിലപാട് ഉപേക്ഷിച്ച് ഇസ്രായേലുമായും അമേരിക്കയുമായും കൂടുതല്‍ അടുത്തു.

ഒരുകാലത്ത് ഇറ്റലിയുടെ രാഷ്ട്രീയ, പൗര ഭാവനയുടെ കേന്ദ്രബിന്ദുവായ ഫലസ്തീന്‍ ലക്ഷ്യം കൂടുതല്‍ കൂടുതല്‍ അരികുവല്‍ക്കരിക്കപ്പെട്ടു. ഇന്ന്, ഇറ്റലി മധ്യസ്ഥന്റെ സ്ഥാനത്തുനിന്ന് വിതരണക്കാരന്റെ സ്ഥാനത്തേക്ക് മാറിയിരിക്കുന്നു: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാഷ്ട്രമാണിത്. ഇപ്പോള്‍ ഗസയെ തകര്‍ത്തുകൊണ്ടിരിക്കുന്ന യുദ്ധയന്ത്രങ്ങളില്‍ ആ രാജ്യം നേരിട്ട് പങ്കാളിയായി മാറിയിരിക്കുന്നു.

ഐക്യദാര്‍ഢ്യത്തിന്റെ ഒരു ഗായകസംഘം

റോമില്‍, അരലക്ഷത്തിലധികം ആളുകള്‍ തെരുവുകളില്‍ നിറഞ്ഞുനിന്നു. അവരുടെ മാര്‍ച്ച് തലസ്ഥാനത്തെ പ്രധാന റിങ് റോഡിലേക്ക് വ്യാപിച്ചു. പ്രതിഷേധക്കാരും യാത്രക്കാരും തമ്മിലുള്ള ഒരു സാധാരണ സംഘര്‍ഷമാകുമായിരുന്ന ഒരു സംഭവം കൂട്ടായ പ്രതിഷേധത്തിന്റെ നിമിഷമായി മാറി.നിരാശയ്ക്കു പകരം, ഡ്രൈവര്‍മാര്‍ പിന്തുണ നല്‍കി പ്രതികരിച്ചു. താളത്തില്‍ ഹോണുകള്‍ മുഴങ്ങി, കാറിന്റെ ജനാലകളില്‍നിന്ന് മുഷ്ടികള്‍ ഉയര്‍ന്നു, ഉപരോധിക്കപ്പെട്ട പാതകളില്‍ 'പാലസ്തീന ലിബെറ' എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പലപ്പോഴും അസൗകര്യമോ നിസ്സംഗതയോ കൊണ്ട് വേര്‍പിരിയേണ്ടിവന്ന പ്രതിഷേധക്കാരും പൗരന്മാരും ഒരേയൊരു ആവശ്യത്തില്‍ ഒന്നിച്ചു: ഗസയ്ക്ക് സ്വാതന്ത്ര്യം എന്ന മഹത്തായ മുദ്രാവാക്യത്തില്‍.

വിദ്യാര്‍ഥികളും തൊഴിലാളികളും ഗതാഗതം സ്തംഭിപ്പിച്ച ബൊളോണയിലും പിസയിലും സമാനമായ രംഗങ്ങള്‍ അരങ്ങേറി. ഇറ്റലിയുടെ സാമ്പത്തിക ജീവനാഡികളുടെ പ്രതീകങ്ങളായ തുറമുഖങ്ങള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ച ജെനോവ, ലിവോര്‍ണോ, മാര്‍ഗേര എന്നിവിടങ്ങളിലും സമാനമായ രംഗങ്ങള്‍ അരങ്ങേറി.

പിന്നീട് റോമില്‍ മറ്റൊരു നിമിഷം കൂടി സംഭവിച്ചു. ഒരു അഗ്‌നിശമന സേനാംഗം വേദിയിലേക്ക് കയറി, മുഷ്ടിയില്‍ ഒരു കഫിയ പിടിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഷേധവും കരുതലും ജ്വലിച്ചു നിന്നത് കാഴ്ചക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു: 'ഗസയിലെ കുട്ടികളെ പോലും രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം,' അദ്ദേഹം പറഞ്ഞു. 'അഗ്‌നിശമന സേനാംഗങ്ങള്‍ വീരന്മാരല്ല. ഞങ്ങള്‍ സാധാരണ തൊഴിലാളികളാണ്, ഞങ്ങളെ ശ്വാസം മുട്ടിക്കുന്ന നയങ്ങള്‍ക്കെതിരേ, ആയുധ പുനര്‍സജ്ജീകരണത്തിനെതിരേ നാം പ്രതിഷേധിക്കണം.'

അത് ഒരു രാഷ്ട്രീയക്കാരന്റെ ശബ്ദമായിരുന്നില്ല, മറിച്ച് ജീവന്‍ രക്ഷിക്കുക എന്നത് ദൈനംദിന കടമയായ ഒരു തൊഴിലാളിയുടെ ശബ്ദമായിരുന്നു. മുദ്രാവാക്യങ്ങളില്‍ മാത്രമല്ല, തൊഴില്‍, അന്തസ്സ് എന്നിവയ്ക്കു വേണ്ടിയുള്ള യോജിച്ച പോരാട്ടങ്ങളിലാണ് ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കുന്നതെന്ന് അത് ജനക്കൂട്ടത്തെ ഓര്‍മിപ്പിച്ചു.

നേപ്പിള്‍സില്‍നിന്ന് മിലന്‍ വരെ: ഒരു രാജ്യവ്യാപക ഒത്തു ചേരല്‍

രാജ്യത്തുടനീളം, നേപ്പിള്‍സ്, പലേര്‍മോ, പഡോവ, ട്രീസ്റ്റെ തുടങ്ങിയ ഇടങ്ങളിലും അതിനപ്പുറമുള്ള തെരുവുകളിലും പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. നേപ്പിള്‍സില്‍, പ്രകടനക്കാര്‍ സെന്‍ട്രല്‍ സ്റ്റേഷന്റെ ട്രെയിന്‍ ട്രാക്കുകള്‍ കൈവശപ്പെടുത്തി. പിന്നീട് തുറമുഖത്തേക്ക് നീങ്ങുന്നതിനു മുമ്പ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും അയാളുടെ മറുപതിപ്പായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഫോട്ടോകള്‍ കത്തിച്ചു.മുന്‍ മേയര്‍ ലൂയിജി ഡി മജിസ്ട്രിസ് ഇതിനെ 'ഗസയ്ക്ക് വേണ്ടിയുള്ള നെപ്പോളിയന്‍ മാനവികതയുടെ മാര്‍ച്ച്' എന്നാണ് വിശേഷിപ്പിച്ചത്.

മിലാനില്‍, നൂറുകണക്കിന് ആളുകള്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി, പോലിസുമായി ഏറ്റുമുട്ടി. ആ ദിവസത്തിലെ ഏറ്റവും അക്രമാസക്തമായ എപ്പിസോഡ് ആയിരുന്നു അത്.

ഒരു രാഷ്ട്രീയ ആക്രമണം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ അത് അവസരമാക്കി. 'ഐക്യദാര്‍ഢ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അക്രമവും നശീകരണവുമാണ്' ഏറ്റുമുട്ടലുകളെന്ന് മെലോണി അപലപിച്ചു. എന്നിരുന്നാലും ആ സംഭവങ്ങള്‍ പ്രതിഷേധത്തിന്റെ വിശാലമായ ചിത്രം മറച്ചില്ല: ബഹുഭൂരിപക്ഷം പ്രതിഷേധങ്ങളും വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളുടെയും സമാധാനപരമായ ബഹുജന സമ്മേളനങ്ങളായിരുന്നു.

കൂട്ടായ ശബ്ദം

വര്‍ഷങ്ങളായി, ഇറ്റലിയിലെ രാഷ്ട്രീയ മുഖ്യധാരയും ഏറ്റവും വലിയ ട്രേഡ് യൂണിയനുകളും ഗസയെച്ചൊല്ലിയുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 22 അത് മാറ്റിമറിച്ചു. ഔദ്യോഗിക പാര്‍ട്ടി അംഗീകാരങ്ങള്‍ ഇല്ലാതിരുന്നിട്ടും, സമീപകാല ഇറ്റാലിയന്‍ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ഒരു വലിയ തോതിലുള്ള പങ്കാളിത്തം ഈ പ്രക്ഷോഭത്തില്‍ പ്രകടമായി.

ഹൈവേകളും തുറമുഖങ്ങളും ഉപരോധിക്കപ്പെട്ടു, സര്‍വകലാശാലകള്‍ കൈയടക്കപ്പെട്ടു, പതിനായിരക്കണക്കിന് ആളുകളെക്കൊണ്ട് ചത്വരങ്ങള്‍ നിറഞ്ഞു. ഐക്യദാര്‍ഢ്യ പ്രകടനത്തേക്കാള്‍, ഇറ്റലിയുടെ തെരുവുകളില്‍നിന്ന് വളരെക്കാലമായി അപ്രത്യക്ഷമായിരുന്ന ഒരു കൂട്ടായ ശബ്ദത്തിന്റെ പുനരുജ്ജീവനത്തെയാണ് ഇത് അടയാളപ്പെടുത്തിയത്.

ഗവണ്‍മെന്റ് പ്രതിഷേധങ്ങളെ അപലപിച്ചെങ്കിലും, സന്ദേശം വ്യക്തമായിരുന്നു: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യമെന്ന നിലയില്‍ തങ്ങളുടെ രാജ്യത്തിന്റെ പങ്കിനെയോ ഗസയിലെ ഇസ്രായേലി വംശഹത്യയില്‍ അതിന്റെ പങ്കാളിത്തത്തെയോ അംഗീകരിക്കാന്‍ സാധാരണ ഇറ്റാലിയന്‍ ജനത വര്‍ധിച്ച തോതില്‍ വൈമുഖ്യം കാണിക്കുന്നു എന്നതായിരുന്നു ആ സന്ദേശം.

കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍

Next Story

RELATED STORIES

Share it