Big stories

നുണ കൊടിയടയാളമാക്കി ഒരു ചാനലും ഒരു മാധ്യമപ്രവര്‍ത്തകനും: സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയുടെ മാധ്യമജീവിതം

മുസ്ലിംകള്‍ക്കെതിരേ ഇത്തരം ജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമല്ല. റോമിയോ ജിഹാദ് മുതല്‍ കൗജിഹാദ് വരെ അതിന് നിരവധി വകഭേദങ്ങളുണ്ട്. അതില്‍ അവസാനത്തേതാണ് യുഎപിഎ ജിഹാദും ജാമിഅ ജിഹാദും.

നുണ കൊടിയടയാളമാക്കി ഒരു ചാനലും ഒരു മാധ്യമപ്രവര്‍ത്തകനും: സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയുടെ മാധ്യമജീവിതം
X

സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചൗഹാന്‍കെ രണ്ട് ദിവസം മുമ്പ് ഒരു വാര്‍ത്ത പുറത്തുവിട്ടു. യുപിഎസ്സി പരീക്ഷയിലൂടെ രാജ്യത്തെ ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത പദവിയില്‍ മുസ്‌ലിംകള്‍ അധികമായി എത്തുന്നുവെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നും ചൗഹാന്‍കെ വാര്‍ത്തയ്ക്കു മുന്നോടിയായി പുറത്തുവിട്ട ട്രയിലറില്‍ ആരോപിച്ചു. അതിനെ 'യുപിഎസ്സി ജിഹാദ്' എന്നാണ് അയാള്‍ വിശേഷിപ്പിച്ചത്. ഇത്തവണത്തെ യുപിഎസ്സി പട്ടികയില്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അധികമായി ഇടംപിടിച്ചുവെന്നും ഇത്തരക്കാരെ ജോലിക്കെടുക്കരുതെന്നും ആരോപിച്ച ചൗഹാന്‍കെ അതിനെയും മറ്റൊരു ജിഹാദായി അവതരിപ്പിച്ചു, 'ജാമിഅ ജിഹാദ്'.

'സുദര്‍ശന്‍ ന്യൂസ്' ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍-ഇന്‍-ചീഫുമായ സുരേഷ് ചൗഹാന്‍കെയുടെ ഈ പുതിയ വിദ്വേഷ പ്രചരണത്തിനെതിരെ പോലിസ് സേനയില്‍ നിന്നുതന്നെ വലിയ പ്രതിഷേധമുയര്‍ന്നു. മഹാരാഷ്ട്ര സംസ്ഥാന പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഖൈസര്‍ ഖാലിദ് ഐ.പി.എസ് ശക്തമായ ഭാഷയില്‍ ഇതിനെ അപലപിച്ചു. ഐഎഎസ് അസോസിയേഷനും ഇതിനെതിരേ പ്രതികരിച്ചു.

സുരേഷ് ചൗഹാന്‍കെയുടെ വര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ണരൂപത്തില്‍ പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരിപാടിയുടെ പേരില്‍ ചാനലിനെതിരേ ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു കക്ഷിയായ വാര്‍ത്താവിതരണ മന്ത്രാലയവും ബോധിപ്പിച്ചു. ഇത് പരിഗണിച്ച് തല്‍ക്കാലം പരിപാടി പ്രക്ഷേപണം ചെയ്യരുതെന്ന് സുദര്‍ശന്‍ ചാനലിന് കോടതി നിര്‍ദേശം നല്‍കി.

മുസ്ലിംകള്‍ക്കെതിരേ ഇത്തരം ജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമല്ല. റോമിയോ ജിഹാദ് മുതല്‍ കൗജിഹാദ് വരെ അതിന് നിരവധി വകഭേദങ്ങളുണ്ട്. അതില്‍ അവസാനത്തേതാണ് യുഎപിഎ ജിഹാദും ജാമിഅ ജിഹാദും. ഇത്തരം ആരോപണങ്ങളും നുണകളും പ്രചരിപ്പിക്കുന്നതില്‍ സുദര്‍ശന്‍ ടിവിയ്ക്കും അതിന്റെ എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയ്ക്കുമുള്ള പങ്ക് ചെറുതല്ല. രാജ്യത്തെ ഏറ്റവും നികൃഷ്ടമായ മുസ്ലിംവിരുദ്ധ നുണഫാക്ടറിയാണ് സുദര്‍ശന്‍ ചാനലും അതിന്റെ എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയും.

നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൗഹാന്‍കെ നുണ പ്രചരിപ്പിക്കുന്നതില്‍ മാത്രമല്ല, കുറ്റകൃത്യങ്ങളിലും മുന്നിലാണ്. വഞ്ചന തുടങ്ങി കൊലപാതശ്രമങ്ങളും ബലാല്‍സംഗക്കേസുകളും ഇയാള്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുയര്‍ന്നത് സ്വന്തം ചാനലില്‍ നിന്നുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

2011ലാണ് ആ കേസിന്റെ തുടക്കം. സുദര്‍ശന്‍ ടിവിയില്‍ എച്ച്ആര്‍ഡി വിഭാഗത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഡല്‍ഹി സ്വദേശിയായ 35കാരിയെ ഇയാള്‍ പരിചയപ്പെടുന്നത്. വിവാഹമോചിതയായ ഇവര്‍ ഒരു വരുമാനത്തിനു വേണ്ടി ശ്രമിക്കുന്നതിനിടയിലായിരുന്നു ഇതെന്നതുകൊണ്ട് അവര്‍ ജോലി സ്വീകരിച്ചു. പിന്നീട് ചാനലില്‍ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് 27 ലക്ഷം രൂപ പണമായും ആഭരണങ്ങളായും കൈപ്പറ്റി. ഈ സമയത്ത് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തു. പക്ഷേ, ഇയാള്‍ വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, ഇവരെ ബലാല്‍സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു.

ഇതിന്റെ പേരില്‍ നോയിഡ പോലിസ് ഇയാളെ ബലാല്‍സംഗം, കൊലപാതശ്രമം, ബലംപ്രയോഗിച്ച് ഗര്‍ഭമലസിപ്പിക്കല്‍, സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യല്‍, വഞ്ചന തുടങ്ങിയ ഐപിസിയുടെ 11 വകുപ്പുകള്‍ ചുമത്തി 2016 നവംബറില്‍ അറസ്റ്റ് ചെയ്തു. നോയിഡയിലെ വനിതാസ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. 2013 മുതല്‍ ചൗഹാന്‍കെ ഇവരെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലത്താണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്.

കുപ്രസിദ്ധനായ ആശാറാം ബാപ്പുവിന്റെ മകന്‍ നേരെയ്ന്‍ സായും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചൗഹാന്‍കെ ഇവരെ ആശാറാം ബാപ്പുവിന്റെ കരോള്‍ ബാഗിലെ ആശ്രമത്തില്‍ മകന്‍ നരെയ്ന്‍ സായിയുടെ അടുത്തേക്കയച്ചുവെന്നും അവിടെ വച്ച് നരെയ്ന്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എന്തുകൊണ്ടാണ് സുദര്‍ശന്‍ ടിവി പോലുള്ള ഹിന്ദുത്വനുണഫാക്ടറികള്‍ ജാമിഅ മില്ലിയയ്ക്കെതിരേ ആഞ്ഞടിക്കുന്നത്? ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജാമിഅ മില്ലിയയെ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടി ഈ ആരോപണത്തിനു പിന്നിലുണ്ടെന്ന് നാം തിരിച്ചറിയണം.

ജാമിഅ മില്ലിയക്കെതിരേയുള്ള ചാനലിന്റെ ഉറഞ്ഞുതുള്ളലിനു പിന്നില്‍ സവര്‍ണതയുടെ അടിസ്ഥാന വികാരമായ അസൂയയ്ക്കും അതിന്റേതായ പങ്കുണ്ടെന്ന് നിഷേധിക്കാനാവില്ല. കഴിഞ്ഞ കുറേ വര്‍ഷമായി ജാമിഅ സര്‍വകലാശാല നേടിയ പേരും പെരുമയും തന്നെ അതിന്റെ പ്രധാന കാരണം. ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ ഈ വര്‍ഷത്തെ ഗ്രേഡിംഗില്‍ മറ്റെല്ലാ സര്‍വകലാശാലകളെയും പിന്‍തളളി ജാമിഅ മില്ലിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് അരുണാചല്‍ പ്രദേശ് രണ്ടാം സ്ഥാനവും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി നാലാം സ്ഥാനവും കരസ്ഥമാക്കി.

ജാമിഅ മില്ലിയയില്‍ നിന്ന് യുപിഎസ്സി പോലുള്ള പരീക്ഷകളില്‍ ജയിക്കുന്നവര്‍ മുസ്ലിംകള്‍ മാത്രമാണെന്ന തെറ്റിദ്ധാരണകകളും ഇത്തരം ആരോപണങ്ങള്‍ക്കു പിന്നിലുണ്ട്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാഡമിയില്‍(ആര്‍സിഎ)) പരിശീലനം ലഭിച്ച് ഇത്തവണത്തെ യുപിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് ആകെ മുപ്പതു പേരാണ്. ഇവര്‍ എല്ലാവരും മുസലിംകളല്ല എന്നുമാത്രമല്ല, ഇതില്‍ പതിനാല് പേര്‍ ഹിന്ദുമത വിശ്വാസികളുമാണ്.

മൗലാനാ അബുല്‍കലാം ആസാദ്, ഹക്കീം അജ്മല്‍ ഖാന്‍, മുക്താര്‍ അഹമ്മദ് അന്‍സാരി, മൗലാനാ മുഹമ്മദ് അലി ജൗഹര്‍ തുടങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നാല് അഖിലേന്ത്യാ പ്രസിഡന്റുമാരും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. സാക്കിര്‍ ഹുസൈനും മഹ്‌മൂദ് ഹസന്‍ ദയൂബന്തി, അബ്ദുല്‍ മജീദ് ഖ്വാജാ എന്നിവരും ചേര്‍ന്ന് സ്ഥാപിച്ച ഈ സ്ഥാപനം സുദര്‍ശന്‍ ടിവി പോലുള്ളവര്‍ക്ക് കണ്ണില്‍ കരടായത് വെറുതെയല്ല.

കഴിഞ്ഞ വര്‍ഷം സുദര്‍ശന്‍ ടിവിയുടെ 14ാം വാര്‍ഷികത്തില്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചാനലിന് ഒരു അഭിനന്ദന സന്ദേശം അയച്ചു. ജനങ്ങളെ സത്യമറിയിക്കുന്നതില്‍ ചാനല്‍ വഹിക്കുന്ന പങ്കിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി അടിമുടി അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണ് സുരേഷ് ചൗഹാന്‍കെ. കഴിഞ്ഞ വര്‍ഷം ഇയാള്‍ ഹൈദരാബാദിലെ അസദുദ്ദീന്‍ ഉവൈസിയെ കുറിച്ച് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതക വാര്‍ത്ത അറിഞ്ഞ് ഉവൈസി ആനന്ദനൃത്തം ചെയ്തെന്നായിരുന്നു ആ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇതേ കുറിച്ച് ഏതാനും വര്‍ത്തകളും ഇയാളുടെ ചാനല്‍ പുറത്തുവിട്ടു. എന്നാല്‍ വാര്‍ത്ത പരിശോധിച്ച ആള്‍ട്ട് ന്യൂസ് ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഉവൈസി തന്റെ പാര്‍ട്ടി ചിഹ്നമായ പട്ടം പറത്തുന്ന വീഡിയോ ആണ് ആന്ദനനൃത്തമായി അവതരിപ്പിച്ചത്. 2019 ഒക്ടോബര്‍ 18ന് കമലേഷ് തിവാരി കൊലചെയ്യപ്പെട്ടതിനു ഒരു ദിവസം മുമ്പാണ് എഎന്‍ഐ ന്യൂസ് ഈ വീഡിയോ പുറത്തുവിട്ടത്, അതായത് 2019 ഒക്ടോബര്‍ 17ന്. ഇതാണ് ഹൗഹാന്‍കെ ദുരുപയോഗം ചെയ്തത്. എന്നാല്‍ വിമര്‍ശനം ശക്തമായപ്പോള്‍ പ്രസ്തുത ന്യൂസ് തങ്ങള്‍ക്ക് ആശയക്കുഴപ്പം മൂലം സംഭവിച്ചതാണെന്ന് പറഞ്ഞ് ചാനല്‍ ഒഴിഞ്ഞുമാറി.

ഇതുകൊണ്ടും അവസാനിക്കുന്നില്ല ഇയാളുടെ ചെയ്തികള്‍. 2019 ലെ ലോക പരിസ്ഥിതി ദിനത്തില്‍ ഇയാള്‍ ജന്ദര്‍ മന്ദിറില്‍ ഒരു പൊതുപാര്‍ലമെന്റ് സംഘടിപ്പിച്ചു. മുസ്ലിംകളുടെ ജനസംഖ്യ കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നായിരുന്നു പരിപാടിയുടെ സന്ദേശം. ഇയാള്‍ക്കൊപ്പം പരിപാടിയില്‍ ബിജെപി എംപി ഗിരിരാജ് സിങ്ങും പങ്കെടുത്തു.

യുപി പോലിസിനെ തുണ്ടം തുണ്ടമാക്കാന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിംകള്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് ഒരു വ്യാജവാര്‍ത്ത 2018 ജൂലൈയില്‍ ഇയാള്‍ പുറത്തുവിട്ടു. തന്റെ മകന്റെ കൊലപാതകത്തില്‍ കുറ്റവാളികളെ കണ്ടെത്താത്തതില്‍ നിരാശനായി ബാഗ്പാട്ട് പോലിസിനെതിരേ പ്രതികരിച്ച അനീസ് എന്നയാളുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ഇയാള്‍ മുസ്ലിംകള്‍ യുപി പോലിസിനെ തകര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രചരിപ്പിച്ചത്. പിന്നീട് ഈ വാദവും മാധ്യമങ്ങള്‍ പൊളിച്ചുകളഞ്ഞു. പക്ഷേ, ഈ വാര്‍ത്തയില്‍ നിന്ന് പിന്‍മാറാന്‍ അയാള്‍ തയ്യാറായില്ല.

2019 ജൂലൈ 1ന് ഇയാള്‍ ഒരു വീഡിയോ പുറത്തുവിട്ടു. വാളു വീശി ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം വിളിച്ചുനീങ്ങുന്ന ഒരു പറ്റം മുസ്ലിംകളായിരുന്നു വീഡിയോയില്‍. ഡല്‍ഹി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നടന്ന മുഹറം ഘോഷയാത്രയെ മോര്‍ഫ് ചെയ്ത് ശബ്ദം പുറത്തുനിന്നു കൂട്ടിച്ചേര്‍ത്താണ് വീഡിയോ നിര്‍മിച്ചത്.

2017 സെപ്റ്റംബറില്‍ ഇയാള്‍ ഒരു ഭിന്നശേഷിക്കാരനെ റോഹിംഗ്യന്‍ കുറ്റവാളിയായി അവതരിപ്പിച്ചു. ഇയാള്‍ പുറത്തുവിട്ട ഫോട്ടോയില്‍ ഭിന്നശേഷിക്കാരനെ പോലിസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ഇത് കുറ്റവാളിയായ ഒരു റോഹിംഗ്യന്‍ അഭിയര്‍ത്ഥിയാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ എസ്എം ഹോക്സ്ലെയര്‍ വെബ്സൈറ്റ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് തെളിഞ്ഞു. ബംഗ്ലാദേശിലെ ഗൊണൊജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനായ ഒരാളെ പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന 2014ലെ ചിത്രമാണ് ഇയാള്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥിയുടെ ചിത്രമായി അവതരിപ്പിച്ചത്. 2018 ല്‍ സുദര്‍ശന്‍ ടിവി ബവാനയിലെ നാട്ടുകാരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥിയായി ചിത്രീകരിച്ച് ഇവരുടെ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. ഇതിനെതിരേ പ്രദേശവാസികളുടെ പരാതിയില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. മാത്രമല്ല, വ്യാജവാര്‍ത്ത പ്രക്ഷേപണം ചെയ്തതിനെതിരേ ചാനലിലൂടെ പരസ്യമായി മാപ്പ് പറയാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ തബ്ലീഗ് പ്രവര്‍ത്തകരുടെ ഒത്തുചേരലിന്റെ ഭാഗമായി ഒരു പോലിസുകാരന്‍ മരിച്ചെന്നും അതുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ധാരാളം ആളുകള്‍ക്ക് ഓടിപ്പോകേണ്ടിവന്നുവെന്നും പലയിടങ്ങളിലായി കുടുങ്ങിയെന്നും ആരോപിച്ച് ചാനല്‍ ഒരു വാര്‍ത്ത പ്രക്ഷേപണം ചെയ്തു. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹര്‍ ജില്ലയില്‍ നടന്ന ഒരു സംഭവമാണെന്നും തബ്ലീഗുമായി ഒരു ബന്ധവുമില്ലെന്നും പിന്നീട് തെളിഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് പോലിസ് ഉത്തരവിടുകയും ചെയ്തു.

2019 നവംബര്‍ 27ന് ഹൈദരാബാദില്‍ 26 വയസ്സുള്ള വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്നതും സുദര്‍ശന്‍ ടിവി മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തി. നാല് പേര്‍ ചേര്‍ന്നാണ് ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്നത്. സിസിടിവി വഴി പോലിസ് ഇവരെ പിന്നീട് കണ്ടെത്തുകയും ചെയ്തു. ഈ നാല് പേരില്‍ ഒരാള്‍ മുസ്ലിമാണ്, പേര് മുഹമ്മദ് പാഷ. ബാക്കി മൂന്ന് പേര്‍ ഹിന്ദുക്കളും. പക്ഷേ, സുദര്‍ശന്‍ ടിവി ഈ വാര്‍ത്ത അവതരിപ്പിച്ചത് 'പിശാചായ മുഹമ്മദ് പാഷ തന്റെ സുഹൃത്തുക്കളുമായി ഗുഢാലോചന നടത്തി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊന്നു'വെന്നാണ്. മൂന്നു പേര്‍ ഹിന്ദുക്കളായ സാഹചര്യത്തിലും കുറ്റവാളിയായ മുസ്ലിമിനെ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു ഇയാള്‍.

ഇക്കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് നടന്ന ഒരു പോലിസ് ആക്ഷന്‍ സുദര്‍ശന്‍ ടിവി വര്‍ഗീയപ്രചാരണത്തിന് ഉപയോഗിച്ചു. 2020 ഏപ്രിലിലാണ് സംഭവം. ഒരു ഹിന്ദു പുരോഹിതനെ ഒരു മുസ്ലിം പോലിസുകാരന്‍ മര്‍ദിക്കുന്നുവെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഫോട്ടോയോടൊപ്പം ചേര്‍ത്ത അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ''മധ്യപ്രദേശിലെ രേവ ക്ഷേത്രത്തില്‍ ഒറ്റയ്ക്ക് ആരാധന നടത്തിയിരുന്ന പുരോഹിതനെ ക്രൂരമായി കൊലപ്പെടുത്തി. നവരാത്രിയുടെ അവസാന ദിവസമായതുകൊണ്ട് വിളക്ക് കത്തിക്കുകയായിരുന്നുവെന്നു പറഞ്ഞിട്ടും പോലിസുകാരന്‍ വിട്ടില്ല, അബിദ് ഖാനാണ് രേവ പോലിസ് എസ്പി'' ഒരു പോലിസ് ആക്ഷനെ പോലും മുസ്ലിം അതിക്രമമായി ചിത്രീകരിക്കുകയായിരുന്നു സുദര്‍ശന്‍ ടിവി.

മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഷാരൂഖാന്‍ ട്വീറ്റ് ചെയ്തതായും സുദര്‍ശന്‍ ടിവി വ്യാജപ്രചാരണം നടത്തിയിരുന്നു. വാജ്പേയി മരിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്നു തന്നെ ഇവര്‍ മരിച്ചതായി വാര്‍ത്ത നല്‍കി. ഒടുവില്‍ എയിംസ് അധികൃതര്‍ തന്നെ ഇത് വ്യാജവാര്‍ത്തയാണെന്ന് ആരോപിച്ച് രംഗത്തുവന്നു. ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കാര്യത്തില്‍ പുറത്തുവിട്ട വീഡിയോ എല്ലാതിനെയും കടത്തിവെട്ടുന്നതായിരുന്നു. റാം റഹിം സിങിന്റെ അപരനാണ് അറസ്റ്റിലായതെന്നും യഥാര്‍ത്ഥ ഗുര്‍മീത് വിദേശത്താണെന്നുമാണ് സുദര്‍ശന്‍ ടിവിയും എഡിറ്ററും അവകാശപ്പെട്ടത്.

ചരിത്രത്തെ വളച്ചൊടിച്ചും തെറ്റായി അവതരിപ്പിക്കുന്നതുമാണ് ഇയാളുടെ മറ്റൊരു രീതി. 2018 നവംബര്‍ 27 ന് ഇയാള്‍ നെഹ്രുവിനെ കുറിച്ച് ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ചു. താന്‍ അബദ്ധത്തില്‍ ഹിന്ദുവായിപ്പോയ ആളാണെന്ന് നെഹ്രു പറഞ്ഞതായാണ് ട്വീറ്റ്. അതിന് 2300 ലൈക്കും 900 റിട്വീറ്റും ലഭിച്ചു. യഥാര്‍ത്ഥത്തില്‍ നെഹ്രു അങ്ങനെ പറഞ്ഞിട്ടില്ല എന്നുമാത്രമല്ല, ഹിന്ദു മഹാസഭയുടെ നേതാവ് ബി ആര്‍ നന്ദയാണ് തന്റെ പുസ്തകത്തില്‍ നെഹ്രുവിനെ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷ്‌കാരനും സംസ്‌കാരം കൊണ്ട് മുസിലിമും ജനനംകൊണ്ട് ഹിന്ദുവുമായി വിശേഷിപ്പിച്ചത്. അതാണ് നെഹ്രു പറഞ്ഞതായി ചൗഹാന്‍കെ അവതരിപ്പിച്ചത്.

ദേശീയപതാക കീറിയെറിയുന്ന മുസ്ലിം കുട്ടിയുടെ ചിത്രമടങ്ങിയ ട്വീറ്റ് വലിയ കോലാഹലമുണ്ടാക്കി. യഥാര്‍ത്ഥത്തില്‍ പതാക കീറിയ കുട്ടി ഒരു ഹിന്ദു സമുദായക്കാരനായിരുന്നുവെന്നും വിവാദമുണ്ടാക്കാന്‍ മുസ്ലിം വേഷം ധരിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും പിന്നീട് വ്യക്തമായി.

ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ ഇയാള്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ പോലിസ് സ്റ്റേഷന്‍ വളയുകയാണെന്ന മട്ടില്‍ അവതരിപ്പിച്ചു. കൂടെ വാഹനങ്ങള്‍ കത്തിക്കുന്നതിന്റെയും തീയിടുന്നതിന്റെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

നാഗസന്യാസിയെ ഹിന്ദുവിരുദ്ധര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ പ്രധാനമന്ത്രിക്ക് 2018 സെപ്റ്റംബറില്‍ ഒരു പരാതി അയച്ചു. ഇയാള്‍ പറയുന്ന നാഗ സന്യാസി ഒരു സന്യാസിയല്ലെന്നും മറിച്ച് ഒരു യാചകനാണെന്നും ഒരു സ്്ത്രീക്കെതിരേ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ അവരുടെ കുടുംബം ഇയാളെ ആക്രമിക്കുകയായിരുന്നുവെന്നും ഡറാഡൂണ്‍ പോലിസ് പിന്നീട് വിശദീകരിച്ചു.

മുസ്ലിങ്ങള്‍ പാരിസ് റെയില്‍വേസ്റ്റേഷന്‍ കത്തിച്ചു, ഉല്‍സവ സമയത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ ഹിന്ദുക്കളെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത തെലങ്കാന സര്‍ക്കാര്‍ റമദാന്‍ ആഘോഷത്തിന് അനുമതി നല്‍കുകയും സമ്മാനം നല്‍കുകയു ചെയ്തു, മുസ്ലിം വ്യാപാരി വില്‍ക്കാന്‍ വച്ച പഴങ്ങളില്‍ മൂത്രമൊഴിച്ചു, പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലക്കു പിന്നില്‍ മുസ്ലിംകള്‍- തുടങ്ങിയവയാണ് ഇയാളുടെ മറ്റ് ചില വ്യാജപ്രചാരണങ്ങള്‍.

ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. 2017 ഏപ്രിലില്‍ യുപി പോലിസ് ഇതേ കാരണത്താല്‍ ഇയാളെ അറസ്റ്റ് ചെയ്തു. വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ ഛത്തീസ്ഗഢ് പോലിസും കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരേ കേസെടുത്തു. ഛത്തീസ്ഗഢിലെ ഒരു ഭൂമിപ്രശ്നം വര്‍ഗീയമായി അവതരിപ്പിച്ചതിനെതിരേ അവിടത്തെ ബിജെപി നേതാവിനുതന്നെ ഇയാള്‍ക്കെതിരേ കേസ് കൊടുക്കേണ്ടിവന്നു.

അതേസമയം ഇയാള്‍ പടര്‍ത്തുന്ന വ്യാജവാര്‍ത്തകളുടെ ചില മിനിയേച്ചര്‍ രൂപങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലും നമുക്ക് കാണാം എന്നിടത്താണ് സുരേഷ് ചൗഹാന്‍കെയെപ്പോലുള്ളവരുടെ അപകടം പതിയിരിക്കുന്നത്. നമ്മെ ഭയപ്പെടുത്തുന്നതും അതുതന്നെയാണ്

Next Story

RELATED STORIES

Share it